'ന്തൊരു വര്‍ഷമായിരുന്നു... 
ഹോ! തീര്‍ന്നു കിട്ടി...!!'
കഴിഞ്ഞ ദിവസം പച്ചക്കറി മേടിക്കാന്‍ പോയപ്പോള്‍ കടയിലെ വല്യമ്മ പറഞ്ഞതാണ്.. പോയിടങ്ങളിലെല്ലാം ഇതേ വാചകം പലസ്വരത്തില്‍, പല രീതിയില്‍ പറഞ്ഞു കേട്ടു. കുറ്റം പറയാന്‍ പറ്റില്ല!! ബുദ്ധിമുട്ടുകളുടെ വര്‍ഷമായിരുന്നു.പക്ഷെ ഒന്നു ചോദിക്കട്ടെ? തിരിച്ചറിവുകളുടെ, ഒരുമയുടെ വര്‍ഷം കൂടിയായിരുന്നില്ലേ 2020? 

ഏറെ പ്രതീക്ഷകളോടെ ,അതിലേറെ കൗതുകത്തോടെയായിരുന്നു 2020 ന്റെ തുടക്കം.ഈ ഫാന്‍സി വര്‍ഷത്തെ ഉന്നം വച്ചു  പണ്ടു മുതലേ പ്രവചനങ്ങളുടെ  ഒരു  ഘോഷയാത്രയായിരുന്നല്ലോ!

ഫെബ്രുവരി വരെ ശാന്തമായി ഒഴുകിയ വര്‍ഷം , മാര്‍ച്ച് മാസമായപ്പോഴേക്കും രൂപം മാറി, ഭാവം മാറി..
കൊറോണ വൈറസ് (SARS Cov 2) മൂലമുണ്ടാകുന്ന കോവിഡ് എന്ന രോഗം, ആദ്യം വെറുമൊരു പകര്‍ച്ചവ്യാധിയായും പിന്നീട് മഹമാരിയായും മാറിയപ്പോള്‍ , അതിനു മുന്നില്‍ നമ്മളൊന്നു പകച്ചു. ആദ്യത്തെ പകപ്പ് മാറിയപ്പോള്‍ ,ലോകം മുഴുവനുമുള്ള മനുഷ്യരൊന്നിച്ച് ഒറ്റക്കെട്ടായി ഈ മഹമാരിയ്‌ക്കെതിരെ പൊരുതാനാരംഭിച്ചു.ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിയമപാലകരും മുന്‍നിരയില്‍ നിന്നപ്പോള്‍ നമ്മളോരോരുത്തരും ആവും വിധം അവര്‍ക്ക് പിന്നില്‍ നിരന്നു. 

ഇതിനിടയില്‍ പ്രളയം മാറി നിന്നില്ലായിരുന്നുവെങ്കില്‍, ഇടയ്ക്കിടെ വന്നു ഭയപ്പെടുത്തിയ കൊടുംങ്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും നമ്മോടല്പം കരുണ കാണിച്ചിരുന്നില്ലെങ്കില്‍ നഷ്ടങ്ങളുടെയും ദുരിടങ്ങളുടെയും കണക്കുകള്‍ ഇതിലുമധികമാവുമായിരുന്നല്ലോ! 

മനുഷ്യകുലത്തിന്റെ പരിണാമവും അതിജിവനത്തിനായുള്ള പോരാട്ടവും വായിച്ചു മാത്രമറിഞ്ഞിരുന്ന ഒരു തലമുറ ,ആ അതിജീവനത്തിന്റെ ഭാഗമാകുന്ന അത്ഭുതകാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടത്.പോളിയോയെയും, വസൂരിയെയും തരണം ചെയ്ത മനുഷ്യരാശി, മെല്ലെ ഈ വ്യാധിയെയയും മറികടന്നു തുടങ്ങുന്നു. അത് തന്നെയാണ് ആദ്യത്തെ തിരിച്ചറിവ്. തരണം ചെയ്യാനാവാത്ത പ്രതിസന്ധികളൊന്നും  നമുക്ക് മുന്നിലെത്തില്ല എന്ന പ്രപഞ്ചസത്യം.

ലോക്ഡൗണ്‍ എന്നത് നമുക്കേറെ പുതിയതായിരുന്നു.. ചുവരുകള്‍ക്കപ്പുറം കാണാനാവാതെ മാനസികമായി തളര്‍ന്നെങ്കില്‍ കൂടി, ഒരുപരിധിവരെ ആത്മപരിശോധനയ്ക്ക് മുതിര്‍ന്നു പലരും. കുടുംബത്തെ ഇന്ന് വരെ അടുത്തു കാണാത്ത, സ്വന്തം കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഒരു പടവ് പോലും ആസ്വദിക്കാത്ത, അപ്പനുമമ്മയ്ക്കുമൊപ്പം ഒരിക്കല്‍ പോലും കൈ പിടിച്ചിരുന്നിട്ടില്ലാത്ത പലരും, തങ്ങള്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാണെന്നറിഞ്ഞു. അവരില്ലാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നറിഞ്ഞു.. പരസ്പരം ഒന്നു കേള്‍ക്കാന്‍, ചെവി കൊടുക്കാന്‍ നമ്മള്‍ പഠിക്കുക തന്നെ ചെയ്തു. സമയമില്ല എന്നു നിരന്തരം പരാതി പറയുന്ന  നമുക്ക് സമയമധികമായപ്പോള്‍ അതായി പരാതി! 

പകുതി ശമ്പളം കൊണ്ട് ജീവിക്കാനും പറമ്പില്‍ സ്വന്തമായി നട്ടുവളര്‍ത്തി വിളവെടുക്കാനും തുടങ്ങിയപ്പോള്‍ അല്‍പമൊക്കെ മിച്ചം പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനും നമ്മള്‍ പഠിക്കുകയായിരുന്നു.. ബീവറേജും മദ്യവുമില്ലെങ്കിലും മലയാളി ജീവിക്കുമെന്ന് തെളിയിച്ചില്ലേ? 

തമ്മില്‍ കാണാതെ പ്രണയിക്കാനും ക്ലാസ്സ്മുറിയില്ലാതെ പഠിക്കാനും തീയറ്ററില്ലാതെ സിനിമ കാണാനും ആര്‍ഭാടങ്ങളില്ലാതെ ചടങ്ങുകള്‍ നടത്താനും നമുക്കിപ്പോഴറിയാം. 

ഇതിനിടയില്‍ തകര്‍ന്നു പോയ ചില സ്വപ്നങ്ങളുണ്ട്. നഷ്ടപ്പെട്ട  മനുഷ്യജീവനുകളുണ്ട്. വിലപ്പെട്ട ജീവനകേളേറെയാണ് 2020 ന്റെ നഷ്ടമായത്.. സൗമിത്ര ജെയിന്‍ മുതല്‍ സുശാന്ത് സിങ്ങ് രാജ്പുത് വരെ, മറഡോണ മുതല്‍ ഋഷി കപൂര്‍ വരെ,  എസ് പി ബാലസുബ്രമണ്യം, ഋഷി കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, സച്ചി, സുഗതകുമാരി, ഷാനവാസ്, അനില്‍ നെടുമങ്ങാട്... അങ്ങനെ വിലമതിക്കാനാവാത്ത ഒരുപാടു വ്യക്തിത്വങ്ങള്‍ നമ്മെ വിട്ടു പിരിഞ്ഞു. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വന്തമെന്നത് മറന്ന് നമുക്കായി ജീവിക്കുകയായിരുന്നു ഈ കാലയളവിലെന്ന് നന്ദിയോടെയോര്‍ക്കുന്നു.

************

2021 വീണ്ടുമൊരു പ്രതീക്ഷയാണ്.. ഒരുപാട് അധ്വാനത്തിനും പ്ലാനിങ്ങിനും ശേഷം കഴിഞ്ഞു പോയ വര്‍ഷം തുടക്കമിടാനാവാതെ പോയ പലരുടെയും സ്വപ്നപ്രോജക്റ്റുകള്‍, സംരംഭങ്ങള്‍, മുടങ്ങി പോയ യാത്രകള്‍..ഇക്കൊല്ലമവയെല്ലാം അതിലേറെ ഭംഗിയായി നടത്താന്‍ കഴിയട്ടെ എന്നതാണ് , 2021 ലേക്ക് ഉറ്റുനോക്കുമ്പോഴുള്ള ആദ്യത്തെ ശുഭപ്രതീക്ഷയും പ്രാര്‍ത്ഥനയും..

ലോകം കോവിഡ് വിമുക്തമാവാന്‍ ഇനിയുമൊരു രണ്ടു കൊല്ലമെങ്കിലുമെടുക്കുമെന്നാണ് WHO കണക്കുകള്‍ സൂചിപ്പിക്കുന്നത്.  വരുന്ന വര്‍ഷം മഹമാരിയുടെ തീവ്രത കുറയട്ടെ എന്നും, പ്രിയപ്പെട്ട ജീവനുകള്‍ കവര്‍ന്നെടുക്കാതിരിക്കട്ടെയെന്നും ആഗ്രഹിക്കാന്‍ മാത്രമേ അതിനാല്‍ നമുക്കാവൂ..2021 ന്റെ ഏറ്റവും വലിയ പ്രതീക്ഷയായ 'കോവിഡ് വാക്‌സിന്‍' വിജയകരമാവട്ടെ.

തകര്‍ച്ചയിലായ ടൂറിസം /കല സാംസ്‌കാരിക മേഖലകള്‍ക്ക് ജീവശ്വാസം ലഭിക്കുമെന്നു പ്രത്യാശിക്കാം. iffk , Binnale , ബുക്ക് ഫെസ്റ്റിവലുകള്‍ തുടങ്ങിയവ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പുനരാരംഭിക്കാന്‍ കഴിയട്ടെ. 

ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നതെന്തും ഏത് സമയത്തും കടന്നു വന്നേക്കാമെന്നതാണ് ഈ കാലഘട്ടം നല്‍കിയ ഏറ്റവും വലിയ തിരിച്ചറിവ്. ഇത്തരമൊരു പ്രതിസന്ധി ഇനിയുമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാത്തക്ക വിധം ഇപ്പോഴുള്ള ചില ശീലങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്...

1.ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നത് തുടരാം. മാസ്‌കും സാനിറ്റെസ്‌റും സാമൂഹിക അകലവും 2021 ന്റെയും ഭാഗമാവട്ടെ.

2. റെഗുലര്‍ ക്ലാസ്സുകള്‍ തുടങ്ങിയാലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിലനില്‍ക്കട്ടെ.. അതുപയോഗിച്ചുള്ള ചെറിയ പഠനങ്ങള്‍ ക്ലാസ്സ്മുറിയിലെ പഠനത്തോടൊപ്പം കുട്ടികള്‍ ശീലമാക്കട്ടെ.

3. കണക്കുകള്‍ പ്രകാരം കേരളത്തില്‍ 85 ശതമാനമാളുകളും ഓണ്‍ലൈനായി മാത്രം പണം കൈകാര്യം ചെയ്തു തുടങ്ങിയ വര്‍ഷമാണ് 2020. പ്രത്യേകിച്ചു മൊബൈല്‍ ഫോണ്‍ എന്നതിനെ ഒരാര്‍ഭടമായി മാത്രം കണ്ടിരുന്ന മുതിര്‍ന്ന തലമുറ അതിനെ അവശ്യവസ്തുവായി കണ്ട് , അതിലൂടെ ബാങ്കിങ് നടത്താന്‍ പഠിച്ചെടുത്തു എന്നത് ശ്രദ്ധേയമാണ്....അവരത് തുടരട്ടെ!

4. മലയാളിയുടെ ആശുപത്രി സന്ദര്‍ശനത്തില്‍ വന്ന വ്യത്യാസം അത്ഭുതകരമാണ്.. ഒന്നു തുമ്മിയാല്‍ ആശുപത്രിയിലേക്ക് ഓടിയിരുന്നവര്‍, ഇപ്പോള്‍ കഴിവതും  വീടുകളില്‍ സ്വയമൊന്നു കരുതാനും , ടെലി മെഡിസിന്‍, ടെലി കണ്‌സല്‍റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാനും പഠിച്ചു. അത്തരം സേവനങ്ങള്‍ ഉറപ്പായും ഈ ഒരു പ്രതിസന്ധിക്ക് ശേഷവും തുടര്‍ന്ന് പോകേണ്ടതാണ്. 

5. ഒരു പ്രസവം നടന്നാല്‍  സന്ദര്‍ശനം എന്ന പേരില്‍ കുടുംബമടച്ച് കൊച്ചുകുട്ടികളെയടക്കം വാരിക്കെട്ടി ആശുപത്രിമുറിയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് കാണുമ്പോള്‍ , ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്ത്  അത്രമേല്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരുന്നു. ഈ അടുത്ത് നിങ്ങള്‍  ആശുപത്രികളില്‍ പോയിട്ടുണ്ടോ? ശാന്തമാണ് അവിടം.. രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായി മാത്രം ആ ഇടമിപ്പോള്‍ സ്വസ്ഥമാണ്. അതങ്ങനെ തുടരട്ടെ!

6. 'ഓഹോ! കല്യാണമൊക്കെ ഇങ്ങനെയും നടത്താം ല്ലേ!'കോവിഡ് കാലത്തെ കല്യാണങ്ങള്‍  കണ്ടപ്പോള്‍ നമ്മളില്‍ പലരും പരസ്പരം പറഞ്ഞില്ലേ ഈ വാചകം? സത്യത്തില്‍ ഇത്രയും പോരെ ആര്‍ഭാടം? അത്രമേല്‍ അടുത്തു നില്‍ക്കുന്നവരുടെ സാന്നിധ്യവും അനുഗ്രഹവും പോരെ ആ വധൂവരന്മാരുടെ ജീവിതം ഐശ്വര്യമാക്കാന്‍? .. തുടരട്ടെ ഈ സംസ്‌കാരം.

ലോകനന്മയ്ക്കായുള്ള  പ്രാര്‍ത്ഥനയും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആര്‍ജ്ജവവും,  ശുഭാപ്തി വിശ്വാസവുമായാവട്ടെ  2021 ന്റെ തുടക്കം...രോഗം വരുത്തിവച്ച അകലങ്ങളെ, ഹൃദയത്തിന്റെ നൂലിഴകള്‍ കൊണ്ടില്ലാതെയാക്കാന്‍ നമുക്ക് കഴിയട്ടെ... ഏവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേരുന്നു..

Content Highlights: coronavirus 2020 2021 hopes and wishes