കോവിഡ് മഹാമാരി സമഗ്രാധിപത്യം പുലര്‍ത്തിയ 2020ന് ശേഷം 21 പുലരുമ്പോള്‍ ചില പ്രതീക്ഷകള്‍ നമുക്കും വെച്ചുപുലര്‍ത്താം. മനുഷ്യരാശിയുടെ രക്ഷയും പ്രതീക്ഷയും ശാസ്ത്രത്തിലാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു. ലോകത്തെ മുഴുവന്‍ ഗ്രസിക്കുന്ന മഹാമാരികളെക്കുറിച്ച് വായിച്ചും കേട്ടുമുള്ള അറിവുകളേ ഇന്നലെവരെ നമുക്കുണ്ടായിരുന്നുള്ളൂ. കോവിഡ് ഉയര്‍ത്തിയ ഭീഷണിയെ അതിജീവിച്ച് നമ്മള്‍ മിക്കവാറും വിജയത്തോടടുക്കുകയാണ്.

വിവിധ സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള സഹകരണത്തിന്റെ വിലയും അനിവാര്യതയും ബോധ്യപ്പെടുത്തിയ നാളുകള്‍ കൂടിയാണ് കോവിഡ് കാലം. യുദ്ധങ്ങളും വംശീയ കലാപങ്ങളും പൊതുവേ കുറവായിരുന്നു. മനുഷ്യരെ വിഭജിക്കുന്ന, പരസ്പരം പോരടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ മുന്നറിയിപ്പും കോവിഡ് കാലം നല്‍കി. തീവ്രദേശീയതയിലും വംശീയതയിലും ഊന്നിയ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും മുന്നോട്ടുവെച്ച ഡൊണാള്‍ഡ് ട്രംപ് യു. എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ഒരു സൂചനയാണ്. മനുഷ്യത്വരഹിതവും നിഷേധാത്മകവുമായ പ്രത്യയ ശാസ്ത്രത്തിന് അമേരിക്കന്‍ ജനത വലിയ തിരിച്ചടി നല്‍കി.

മനുഷ്യരാശിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന പ്രശ്‌നമാണ് കാലാവസ്ഥ വ്യതിയാനം. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച മനുഷ്യര്‍പോലും ഇന്ന് ഇത്തരം വിപത്തുകളെക്കുറിച്ച് ബോധവാന്‍മാരാണെന്നതാണ് പ്രത്യാശ നല്‍കുന്ന ഘടകം. ഗ്രെറ്റ ത്യുന്‍ബേര്‍ഗിനെ പ്പോലുള്ള കുഞ്ഞുഅംബാസഡര്‍മാര്‍ ഇനിയുംവരും. അവരിലാണ് നമ്മുടെ പ്രതീക്ഷ. ഹോമോസാപ്പിയന്‍സ് എന്ന് അറിയപ്പെടുന്ന മനുഷ്യവര്‍ഗം ഭൂമിയില്‍ ഉടലെടുത്തിട്ട് ഏകദേശം രണ്ടുലക്ഷം വര്‍ഷമായി. ഇനിയെത്ര കാലംകൂടി നമ്മള്‍ നിലനില്‍ക്കും. തീരുമാനിക്കേണ്ടത് നമ്മള്‍ കൂടിയാണ്.

Content Highlights: corona and 2020