അപ്രതീക്ഷിതമായി മുന്നില്‍വന്ന കോവിഡ് എന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് 2020 കടന്നുപോകുന്നത്. കാലം നമുക്കുമുന്നില്‍ കാത്തുവെച്ച ഭീഷണിക്ക് മുന്നില്‍ പതറാതെ നാട് ഒറ്റക്കെട്ടായി പ്രതിരോധത്തിന്റെ പാതയില്‍ അണിനിരന്നു. ആ പോരാട്ടത്തെ നയിക്കുന്നവര്‍ക്ക് ഒരു ബിഗ് സല്യൂട്ട് നല്‍കാതെ ഈ വര്‍ഷത്തോട് നമുക്ക് വിട പറയാനാകില്ല. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കോവിഡ് പ്രതിരോധവാക്‌സിന്റെ ശുഭസൂചനകള്‍ ലോകത്തിന് വലിയപ്രതീക്ഷ നല്‍കുന്നുണ്ട്. അതിനാല്‍ത്തന്നെ 2021ല്‍ നമുക്ക് ഈ മഹാമാരിയെ മറികടക്കാനാകുമെന്ന് വിശ്വസിക്കുന്നു. 2020 പഠിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാ തൊഴില്‍മേഖലയിലും വലിയരീതിയിലുള്ള പ്രതിസന്ധികളുണ്ടായി.
സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥ നേരിട്ട് അഭിമുഖീകരിക്കേണ്ടിവന്നു. ഈ പോരാട്ടത്തില്‍ മനുഷ്യരെല്ലാം സ്വയം നവീകരിക്കപ്പെട്ടിട്ടുണ്ട്. നമ്മളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ഉള്‍പ്രേരണയുണ്ടാക്കിയിട്ടുണ്ട്. ജോലി ചെയ്യാന്‍വേണ്ടി മാത്രം ജീവിക്കുന്നവരെ ജീവിക്കാന്‍വേണ്ടി ജോലി ചെയ്യാന്‍ ബോധവാന്മാരാക്കിയിട്ടുണ്ട്. എല്ലാതരത്തിലും നമ്മള്‍ നാളേക്കുവേണ്ടി കരുതും. ആ അനുഭവങ്ങള്‍ തന്നെയാണ് വരുംകാലത്തെ അതിജീവിക്കാനുള്ള മുതല്‍ക്കൂട്ട്. ഇന്ന് വലിയൊരു ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ കാണുമ്പോള്‍ അനുഭവിക്കുന്ന സന്തോഷമേറെയാണ്.
Content Highlights: actor jayasurya about 2020 and new year hopes