തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങുപോട്ടെ എന്നുവിചാരിക്കുന്നവര്‍ തുമ്മാന്‍പോലും മടിച്ചവര്‍ഷമായിരുന്നു 2020. ആദ്യഘട്ടത്തില്‍ കോവിഡിനെ ചെറുത്ത കേരളത്തിലേക്ക് അന്താരാഷ്ട്രശ്രദ്ധയെത്തി. പതുക്കെ രോഗികള്‍കൂടിയെങ്കിലും മലയാളി അധികം പതറിയില്ല. തങ്ങളുടെ ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും ഒരുപോലെ ആളുകള്‍ ശ്രദ്ധകൊടുത്ത വര്‍ഷത്തില്‍നിന്ന് 2021ലേക്ക് പോവുമ്പോള്‍ കൂടെകൊണ്ടുപോകുന്ന കുറെ ശീലങ്ങളുണ്ട്.

കോവിഡ് ആളുകളെ വീട്ടിലിരുത്തിയപ്പോള്‍ മലയാളിയെന്ന വ്യക്തിയും സമൂഹവും അധികം തോറ്റില്ല. ചക്കക്കുരു ഷേക്ക്, ഡല്‍ഗോണ കോഫി ഓട്ടമില്ലാത്ത ബസ് വിറ്റ് പോത്ത് കച്ചവടം, സൂം ആപ്പ്... അതിജീവനത്തിന്റെ വഴികള്‍ തേടിക്കൊണ്ടേയിരുന്നു. ഹോട്ടലില്‍മാത്രം അധികം കണ്ടിരുന്ന പൊറോട്ട ലോക് ഡൗണില്‍ പരീക്ഷണമായി വീടുകളിലെത്തി. ചിലയിടത്ത് പൊറോട്ടയടിച്ചപ്പോള്‍ പലപ്പോഴും മൈദ ഊത്തപ്പമായാണ് ഉണ്ടായിവന്നതെങ്കിലും സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റോടെ ആസ്വദിച്ചുകഴിച്ചു. ഗ്രില്‍ഡ് ചിക്കന്‍ ഉണ്ടാക്കാനുള്ള ഗ്രില്ലുകള്‍ കിട്ടാതായി. ലൂഡോ ബോര്‍ഡ് മുതല്‍ കാരംബോര്‍!ഡുവരെ കടകളില്‍ വിറ്റുതീര്‍ന്നു. കത്രികകളും ട്രിമ്മറുംകൊണ്ട് വീടുകളില്‍ കൊച്ചുസലൂണ്‍ ഒരുങ്ങി. കുടുംബത്തോടെ കൃഷിയും ഉദ്യാനമൊരുക്കലും സാധാരണമായി. ബോട്ടില്‍ ആര്‍ട്ട് ഉള്‍പ്പെടെ പഴയസാധനങ്ങള്‍ കരകൗശലവസ്തുക്കളായി. തൂക്കുചെടിച്ചട്ടികള്‍ സാധാരണമായി. റോഡരികില്‍ ബിരിയാണി വാഹനങ്ങളും തട്ടുകടകളും നിറഞ്ഞു. കണ്ണാടിക്കുടങ്ങളില്‍ അലങ്കാരമത്സ്യങ്ങള്‍ കാത്തുനിന്നു. എന്തിനും ഏതിനും മരുന്ന് വാങ്ങിത്തിന്നുന്ന ശീലവും മലയാളി കുറച്ചു. അമ്പതുപേരെവെച്ചും ഓണ്‍ലൈനില്‍ പങ്കുചേര്‍ന്നും വിവാഹവും നടത്തിക്കാണിച്ചു മലയാളി.

ആരും പട്ടിണികിടക്കുന്നില്ലെന്ന് കൂട്ടായ്മകളിലൂടെയും കിറ്റുകളിലൂടെയും ഉറപ്പാക്കി. പലചരക്ക്, പച്ചക്കറി സഞ്ചികളുമായി പോലീസ് പടിവാതിലിലെത്തി. മുന്നില്‍നിന്ന് നയിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കക്ഷിരാഷ്ട്രീയജാതിമത ഭേദമന്യേ എല്ലാവരുംകൂടി. പേടികൊണ്ടാണെങ്കിലും കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുന്ന ചില സംഭവങ്ങളും ശവസംസ്‌കാരം തടയലും ഉണ്ടായെങ്കിലും അതെല്ലാം ഉടന്‍ തിരുത്തി. കോവിഡ് കാലത്തെ ശീലങ്ങളും പാഠങ്ങളുമായാണ് കേരളം 2021ലേക്ക് നീങ്ങുന്നത്. ജനാധിപത്യത്തിലെ ആഘോഷമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മലയാളി കരുതലോടെ പങ്കാളിയായി. 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം പോവുന്നതും കോവിഡ് ഭീതി അകലാതെത്തന്നെയാണ്.

ലോകം തിരഞ്ഞത്

കൊറോണ വൈറസ്, കൊറോണ ലക്ഷണങ്ങള്‍, സൂം ആപ്പ്, ജോ ബൈഡന്‍, ഗൂഗിള്‍ ക്ലാസ് റൂം... കോവിഡില്‍ ജീവിച്ചുതീര്‍ത്ത വര്‍ഷം ആളുകള്‍ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞതും കോവിഡ് അനുബന്ധവാക്കുകള്‍ തന്നെ. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രെയാനാണ് കൂടുതല്‍ പേര്‍ തിരഞ്ഞ മറ്റൊരു പേര്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം, ഐ.പി.എല്‍, ഇന്ത്യ- ന്യൂസിലന്‍ഡ് എന്നിവയും ലോകം ഏറ്റവുമധികം തിരഞ്ഞ വാക്കുകളില്‍ ആദ്യപത്തില്‍ സ്ഥാനംപിടിച്ചവയാണ്. 

അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ് ഏറ്റവുമധിരം പേര്‍ തിരഞ്ഞ വ്യക്തി. ഉത്തരകൊറിയന്‍ പരമോന്നതനേതാവ് കിം ജോങ് ഉന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ തൊട്ടടുത്തായുണ്ട്. അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം, ലെബനനില്‍ സ്‌ഫോടനം നടന്ന ബെയ്‌റുത്ത്, ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം, ഹന്റാവൈറസ് എന്നിവ കൊറോണയ്ക്കു പിന്നാലെ വാര്‍ത്ത ഇനത്തില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞു എന്നാണ് ഗൂഗിളിന്റെ കണക്ക്. ഏറ്റവുമധികം തിരഞ്ഞ സിനിമാതാരങ്ങളില്‍ ഹോളിവുഡ് താരം ടോം ഹാങ്‌സ് ഒന്നാമതും അമിതാഭ് ബച്ചന്‍ മൂന്നാംസ്ഥാനത്തുമാണ്. 

Content Highlights: 2020 A year to remember