Malayalamവംബർ ഒന്ന്‌ മലയാളികൾക്ക്‌  കേരളപ്പിറവിദിനം മാത്രമല്ല, ശ്രേഷ്ഠഭാഷാദിനംകൂടിയാണ്‌. ഏറെ വിവാദങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ പൊരുതിനേടിയ 
ശ്രേഷ്ഠഭാഷാപദവി നിലനിർത്താൻ നമുക്ക്‌ കഴിയുമോ? മലയാളം ഭരണഭാഷയും ബോധനഭാഷയുമാകാൻ ഇനിയും എത്രകാലം മലയാളികൾ കാത്തിരിക്കണം?

നടപ്പാക്കാൻ അനുവദിക്കുന്നില്ല

ഭാഷയുടെ കാര്യത്തിൽ വിചിത്രമായ സ്ഥിതിയാണ്‌ സംസ്ഥാനരൂപവത്‌കരണകാലംമുതൽ നാം കാണുന്നതും കേൾക്കുന്നതും. ഭരണഭാഷ പൂർണമായും മാതൃഭാഷയാകണമെന്നകാര്യത്തിൽ സമൂഹത്തിനും സർക്കാരിനും യോജിപ്പാണ്‌. ‘ഭരണഭാഷ മാതൃഭാഷ’ എന്ന്‌ സർക്കാർ ഉത്തരവുകളിലും ലെറ്റർ ഹെഡിലും പ്രസിദ്ധീകരണങ്ങളിലും ബോർഡുകളിലും എഴുതി പ്രദർശിപ്പിക്കാൻ നമുക്ക്‌ ഒരു വിരോധവുമില്ല. നിയമങ്ങളും ഉത്തരവുകളും ധാരാളമുണ്ടായിട്ടുണ്ട്‌. പക്ഷേ, ഒന്നും നടപ്പാക്കുന്നില്ല. നടപ്പാക്കാൻ അനുവദിക്കുന്നില്ല എന്നുപറയുന്നതാവും കൂടുതൽ ഉചിതം. അതിനുപിന്നിൽ പലതരം നിക്ഷിപ്ത താത്‌പര്യങ്ങളാണ്‌. അവയെ അതിജീവിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരിനുമാത്രമേ സാധിക്കൂ. അതാണ്‌ നമ്മുടെ മുന്നിലുള്ള മുഖ്യ വെല്ലുവിളിയും.

അനേകവർഷത്തെ പഠനങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിലാണ്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2015-ൽ കേരള നിയമസഭ സമഗ്രമായ ഒരു ബിൽ, ‘മലയാളഭാഷ (പരിപോഷണവും വ്യാപനവും)’ ഐകകണ്ഠ്യേന പാസാക്കിയത്‌.

കേരളസംസ്ഥാനം രൂപംകൊണ്ട്‌ 59 വർഷം കഴിഞ്ഞാണ്‌ അങ്ങനെയൊരു ബിൽ സഭ പാസാക്കുന്നത്‌. അതുതന്നെ ഏറെ നീണ്ട നടപടിക്രമത്തിലൂടെയും സമ്മർദങ്ങളിലൂടെയുമാണ്‌. തുടക്കംമുതൽ തടസ്സവാദങ്ങൾ ഏറെയുണ്ടായിരുന്നു. ഈ ലേഖകൻ ചെയർമാനായ ഓദ്യോഗികഭാഷാസമിതി വിപുലമായ കൂടിയാലോചനകളിലൂടെയും പഠനത്തിലൂടെയും തയ്യാറാക്കി അവതരിപ്പിച്ച നാലുഭാഗങ്ങളുള്ള സമഗ്രമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ 2015-ലെ ബിൽ തയ്യാറാക്കിയത്‌. ആ ബിൽ നിയമമായപ്പോൾ സഭാധ്യക്ഷവേദിയിലിരുന്ന്‌ ചർച്ച നിയന്ത്രിക്കാനും എനിക്ക്‌ അവസരംലഭിച്ചു. എന്നാൽ, പ്രതിപക്ഷാംഗങ്ങളുടെ സമ്പൂർണപിന്തുണയോടെ ഐകകണ്ഠ്യേന പാസാക്കിയ ആ ബിൽ ഇന്നെവിടെയാണ്‌ എന്നോർക്കുമ്പോൾ ദുഃഖവും നിരാശയുമുണ്ട്‌.

നിശ്ശബ്ദം സർക്കാർ

ബില്ലിന്റെ കരടുരൂപം സെക്രട്ടേറിയറ്റിലെ ആറേഴ്‌ വകുപ്പുകളിൽക്കൂടി കയറിയിറങ്ങിവന്നത്‌ ഒരസ്ഥികൂടമായാണ്‌. വീണ്ടും മജ്ജയും മാംസവും ചേർത്താണ്‌ രാപകൽനീണ്ട ചർച്ചയിലൂടെ ആ ബിൽ സഭയിൽ പാസാക്കിയത്‌. അത്‌ അംഗീകാരത്തിനായി രാഷ്ട്രപതിക്ക്‌ അയച്ചു. പിന്നീടുവന്ന സർക്കാർ അതിന്റെ ഗതിയെന്താണെന്ന്‌ അന്വേഷിച്ചിട്ടില്ല. പ്രതീക്ഷയുണർത്തിയ മറ്റൊരു നിയമം ഈ സർക്കാർ അധികാരമേറ്റശേഷം പാസാക്കിയ 2017-ലെ ‘മലയാളഭാഷാപഠനനിയമം’ ആണ്‌. മലയാളഭാഷ നിർബന്ധിതമായി പഠിപ്പിക്കുന്നതിന്‌ വ്യവസ്ഥചെയ്യുന്നതാണ്‌ നിയമം. അതനുസരിച്ചു ചട്ടങ്ങളുമുണ്ടാക്കി. കുറെ ഉത്തരവുകളിറക്കി. എന്നാൽ, അവ നടപ്പാക്കുന്ന കാര്യത്തിൽ ആവേശവും ശുഷ്കാന്തിയും കാണുന്നില്ല.

മുടന്തൻ ന്യായങ്ങൾ

പി.എസ്‌.സി.യുടെ കാര്യമാണ്‌ അതിലും പരിതാപകരം. 2019-ലെ ഓണക്കാലത്ത്‌ പി.എസ്‌.സി. ഓഫീസിനുമുന്നിൽ സുഗതകുമാരിയും അടൂർ ഗോപാലകൃഷ്ണനും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന ഉപവാസസമരം ഇനിയും മറക്കാറായിട്ടില്ല. സമരം അവസാനിപ്പിച്ചുകിട്ടാൻ ചില ധാരണകൾ ഉണ്ടാക്കിയെങ്കിലും പിന്നീട്‌ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും എന്തൊക്കെയെന്ന്‌ നമുക്കറിയാം. മുടന്തൻന്യായങ്ങൾ പറഞ്ഞ്‌ എങ്ങനെ മലയാളം ഒഴിവാക്കാമെന്ന ഗവേഷണത്തിലാണ്‌ പി.എസ്‌.സി. പ്രൈമറി വിദ്യാർഥികളെ പഠിപ്പിക്കാൻ നിയുക്തരാക്കുന്ന അധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ ഉദ്യോഗാർഥികളുടെ മലയാളപരിജ്ഞാനം പരിശോധിക്കണമെന്ന ആവശ്യത്തോടുപോലും നിഷേധാത്മകനിലപാടാണ്‌ പി.എസ്‌.സി. സ്വീകരിച്ചത്‌.  

എന്നുനടപ്പാവും?

ഈ പശ്ചാത്തലത്തിലാണ്‌ ഞാൻ 2016-ലെ ഇടതുമുന്നണി പ്രകടനപത്രികയിൽ മലയാളഭാഷയെക്കുറിച്ചുള്ള വാഗ്ദാനം തിരഞ്ഞത്‌. ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ ഈർജിതപ്പെടുത്തുമെന്ന്‌ പ്രകടനപത്രിക ഉറപ്പുനൽകുന്നു. ഇ-ഗവേണൻസ്‌ മലയാളത്തിൽത്തന്നെ നടപ്പാക്കുമെന്നും ഭാഷാന്യൂനപക്ഷങ്ങളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കുമെന്നും നരേന്ദ്രൻ കമ്മിറ്റിയുടെ നിർദേശം മുൻനിർത്തി കോടതിഭാഷ മലയാളമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ്‌ വാഗ്ദാനം. കേരളത്തിലെ തൊഴിൽപരീക്ഷകൾ, മെഡിക്കൽ, എൻജിനിയറിങ്‌ പ്രവേശനപരീക്ഷകൾ എന്നിവ മലയാളത്തിൽ എഴുതാൻ അവസരമുണ്ടാക്കുമെന്നും ബിരുദതലംവരെ മലയാളപഠനം നിർബന്ധമാക്കുമെന്നും മലയാളമാധ്യമത്തിലുള്ള പഠനത്തിന്‌ പ്രോത്സാഹനം നൽകുമെന്നും പ്രൈമറിക്ലാസുമുതൽതന്നെ മലയാളം കംപ്യൂട്ടിങ്‌ പഠനഭാഗമാക്കുമെന്നും അതിൽ പറയുന്നു. അവ നടപ്പാക്കുന്നതിൽ ഒരിഞ്ചുപോലും മുന്നോട്ടുപോകാനായിട്ടില്ലെന്ന്‌ സർക്കാർതന്നെ ഇതിനകം പ്രസിദ്ധീകരിച്ച പ്രോഗ്രസ്‌ റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസ്സിലാവും.

ഇവിടെയാണ്‌ അടിസ്ഥാനപരമായ പ്രശ്നം. 2015-ലെ നിയമത്തിന്‍റെ പ്രാധാന്യവും. ഭരണഭാഷയായും വ്യവഹാരഭാഷയായും ഇംഗ്ലീഷും മലയാളവും ഉപയോഗിക്കാൻ അധികാരം നൽകുന്ന 1969-ലെയും 1973-ലെയും നിയമങ്ങൾ നിലവിലിരിക്കുമ്പോൾ കോടതിയിലും വിദ്യാലയങ്ങളിലും എങ്ങനെയാണ്‌ മലയാളം നിർബന്ധിതഭാഷയാക്കാൻ കഴിയുക? 2015-ലെ നിയമം അംഗീകരിച്ചു കിട്ടുകയോ പകരം സമാനമായ പുതിയ നിയമം പാസാക്കുകയോ ചെയ്യാതെ മേൽപ്പറഞ്ഞ ഒരു നിയമവും ഉത്തരവുകളും നടപ്പാക്കാൻ കഴിയില്ല എന്ന കാര്യം സ്പഷ്ടമാണ്‌.

സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ഭരണഘടനാസ്ഥാപനങ്ങൾപോലും നിഷേധാത്മകനിലപാടുകൾ കൈക്കൊള്ളുന്ന ഈ സാഹചര്യത്തിലെങ്കിലും 2015-ലെ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം നടപ്പാക്കുന്നതിന്‌ നിലവിലുള്ള തടസ്സങ്ങൾ ചർച്ചചെയ്ത്‌ പരിഹാരം കാണുന്നതിന്‌ നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കളെയും ഭാഷ-സാംസ്കാരിക സംഘടനാ പ്രതിനിധികളെയും വിളിച്ചുചേർത്ത്‌ സമഗ്രമായ ഒരു കർമപരിപാടി തയ്യാറാക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.

നിയമമുണ്ടായാൽമാത്രമേ ഭാഷയെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും കഴിയൂ എന്ന അവസ്ഥ ഒരു പ്രബുദ്ധസമൂഹത്തിന്‌ ഭൂഷണമല്ല.  

(നിയമസഭയുടെ ഔദ്യോഗികഭാഷാസമിതി മുൻചെയർമാനും മുൻ ഡെപ്യൂട്ടിസ്പീക്കറുമാണ്‌ ലേഖകൻ)