keralamഡോ. കെ.കസ്തൂരിരംഗൻ നേതൃത്വം നൽകുന്ന ബെംഗളൂരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്റർ (പി.എ.സി.) പുറത്തുവിട്ട 
2020-ലെ പൊതുകാര്യസൂചിക (പി.എ.ഐ.) പ്രകാരം ഭരണനിർവഹണത്തിൽ കേരളം ഒന്നാംസ്ഥാനത്താണ്. സൂചികയിൽ ഒന്നാമതെത്താൻ കേരളത്തിന് കരുത്തായ ഘടകങ്ങളും കൂടുതൽ ശ്രദ്ധ ആവശ്യമായ മേഖലകളെയും വിലയിരുത്തുകയാണ് പഠനത്തിന് നേതൃത്വം നൽകിയ അന്നപൂർണ രവിചന്ദറും അപർണ ശിവരാമനും. ഇരുവരുമായി മാതൃഭൂമി പ്രതിനിധി സൗമ്യ ഭൂഷൺ നടത്തിയ അഭിമുഖത്തിൽ നിന്ന്‌

സാമൂഹികവളർച്ചയിൽ ഏറെ ഉയരത്തിൽ നിൽക്കുമ്പോഴും വാണിജ്യ വ്യാവസായിക, നിക്ഷേപസൗഹൃദ കാര്യങ്ങളിൽ കേരളം പിന്നാക്കമാണ്. ഇതിന്റെ കാരണങ്ങൾ  പരിശോധിച്ചിരുന്നോ?

തീർച്ചയായും. വ്യാവസായികവളർച്ചയുടെ കാര്യത്തിൽ പ്രധാനമായും രണ്ടുഘടകങ്ങളാണ് പരിഗണിക്കുന്നത്- സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തോട്‌ നിർമാണമേഖയുടെ മൂല്യം ചേർക്കുക,  അടിസ്ഥാനസൗകര്യങ്ങൾക്ക് സർക്കാർചെലവിടുന്നതും.  ഈ രണ്ടുസൂചികകളിലും 18 സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ഏറ്റവുംതാഴെയാണ് കേരളത്തിന്റെ സ്ഥാനം. ഉത്പാദനമൂല്യത്തിന്റെ കാര്യത്തിൽ കേരളം 12-ാംസ്ഥാനത്തും അടിസ്ഥാനസൗകര്യങ്ങൾക്കുള്ള സർക്കാർ ധനവ്യയത്തിൽ 17-ാംസ്ഥാനത്തുമാണ്.

ഭരണം വിലയിരുത്തുമ്പോൾ പ്രധാന ഘടകങ്ങളാണ് അഴിമതി, കുറ്റകൃത്യങ്ങൾ, നീതിന്യായം. ഇവയിൽ കേരളം എവിടെ നിൽക്കുന്നു?

അഴിമതി, കുറ്റകൃത്യങ്ങൾ, നീതിന്യായം ഇവ മൂന്നും ഭരണം വിലയിരുത്തലിൽ പ്രധാന സൂചകങ്ങളായിത്തന്നെയാണ് പി.എ.ഐ. വിലിരുത്തുന്നത്.  സൂക്ഷ്മമായി പറഞ്ഞാൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ബലാത്സംഗം(പത്തുലക്ഷം ജനസംഖ്യയിൽ), ജില്ലാ കോടതികളിൽ തീർച്ചപ്പെടുത്താതെ കിടക്കുന്ന കേസുകൾ, രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകൾക്കനുപാതികമായി എത്ര കേസുകളിൽ വിധിവന്നു എന്നിവയാണ് പി.എ.ഐ. കാര്യമായും കാണുന്നത്‌. മനഃപൂർവമുള്ള നരഹത്യ, ഏറ്റവുംകുറഞ്ഞ സംസ്ഥാനമാണ് കേരളം, സ്ത്രീധനമരണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ രണ്ടാമതും. വിചാരണനേരിടാത്ത തടവുകാരുടെ എണ്ണത്തിൽ ഒമ്പതാംസ്ഥാനത്തു നിൽക്കുമ്പോഴും പട്ടികജാതി പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ് (18). കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 13-ാംസ്ഥാനവും, ബലാത്സംഗ (പത്തുലക്ഷം ജനസംഖ്യയിൽ)ങ്ങളുടെ കാര്യത്തിൽ 17-ാം സ്ഥാനത്തുമാണ്. അഴിമതി സംബന്ധമായ കേസുകൾ വിധിവരുന്നതിൽ 12-ാംസ്ഥാനത്തുമാണ് എന്നത് കൂടുതൽ പഠനങ്ങൾ ആവശ്യമായ കാര്യമാണ്.

കഴിഞ്ഞ അഞ്ചുവർഷത്തിൽ സംസ്ഥാനത്തെ വളർച്ചനിരക്ക് നിശ്ചലമാണ് എന്ന വിലയിരുത്തലിനാധാരം?

വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ പ്രകടനമികവിന്റെ വളർച്ചയുടെ തോതിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ പ്രകടമായ മാറ്റമില്ല. ഇക്കാര്യത്തിൽ കേരളം ഏറ്റവുംപിന്നിലാണ്. അതേസമയം, പൊതുസൂചികയിൽ വളരെ പിന്നിലുള്ള സംസ്ഥാനങ്ങളായ ബിഹാറും ഒഡിഷയും പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ കാര്യത്തിൽ വളരെ മുന്നിലുമാണ്. ഒന്നുകിൽ കേരളം ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് എന്നതുകൊണ്ട് വളർച്ചനിരക്ക് കുറവായതാവാം അല്ലെങ്കിൽ, സംസ്ഥാനത്തിന്റെ വളർച്ച നിശ്ചലമായതുമാവാം. ഇതും കൂടുതൽ പഠനം ആവശ്യമായ കാര്യമാണ്.

ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളിലേക്കും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള ഉൾക്കാഴ്ച തുറന്നുതരുന്നതാണ് പി.എ.ഐ. 2020.  
-ഡോ.കെ.കസ്തൂരിരംഗൻ

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലും വളർച്ചയ്ക്കൊപ്പം വളരുന്നതാണ് സ്ത്രീ-പുരുഷ അസമത്വം എന്നാണ് പി.എ.ഐ. ഒരു വിലയിരുത്തൽ. വിദ്യാഭ്യാസത്തിൽ സ്ത്രീകൾ ഏറെ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ അവസ്ഥയെന്താണ്?

ഭരണമികവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെല്ലാം ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് എന്നതാണ് വസ്തുത. ഇവ അളക്കാനായി പി.എ.ഐ. കണക്കിലെടുത്ത ഘടകങ്ങൾ നിയമസഭ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിലെ സ്ത്രീപങ്കാളിത്തം, നിർഭയ ഫണ്ടിന്റെ വിനിയോഗം, ലിംഗസമത്വം, സ്ത്രീധനമരണങ്ങൾ, ബലാത്സംഗം, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം തുടങ്ങിയവയാണ് ലിംഗവിഷയത്തിൽ കാര്യമായി പരിഗണിച്ചത്. സ്ത്രീധനമരണം, നിർഭയാഫണ്ടിന്റെ വിനിയോഗം എന്നിവയിൽ മുന്നിൽനിൽക്കുമ്പോഴും നിയമസഭ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സ്ത്രീകളുടെ എണ്ണത്തിൽ (10), അടിസ്ഥാനതലങ്ങളിലെ ലിംഗസമത്വം (10) ബലാത്സംഗം (17) സ്ത്രീകളുടെ തൊഴിൽ ജനസംഖ്യാനിരക്ക് (9) എന്നിവയിൽ കേരളം മോശം പ്രകടനമാണ്. ലിംഗ
സമത്വത്തിൽ സംസ്ഥാനത്തിന് ബഹുദൂരം സഞ്ചരിക്കാനിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.

content highlights: keralapiravi day