keralamഎന്റെ പേര് കേരളം. 64 വയസ്സായി എനിക്ക‌ിപ്പോൾ. ആരോഗ്യകാര്യത്തിൽ വലിയ ശ്രദ്ധ എനിക്കുണ്ടെന്ന് പണ്ടുമുതലേ ഏവരും വാഴ്ത്താറുണ്ട്. ഞാനൊരു മാതൃകയാണെന്ന് ലോകമാകെ പുകഴ്ത്തി. എന്നാൽ, നിങ്ങൾക്കറിയുമോ? എന്റെയത്രയും രോഗങ്ങളുള്ള ഒരാൾ ഈ നാട്ടിലുണ്ടാവില്ല. ചികിത്സയ്ക്കുവേണ്ടി ചെലവഴിക്കുന്ന തുകയ്ക്ക് എനിക്കുതന്നെ കണക്കില്ല. പ്രായാധിക്യവും രോഗവും ഒരുമിച്ചുവന്നാലുള്ള അവസ്ഥ ഞാൻ നിങ്ങൾക്കു പറഞ്ഞുതരേണ്ടതില്ലല്ലോ.

ഈ സഹസ്രാബ്ദം പിറക്കുന്നകാലത്ത് എന്റെ മക്കൾ ഒരോരുത്തരും വർഷം ശരാശരി ആയിരത്തോളം രൂപയാണ് ചികിത്സയ്ക്ക് ചെലവിട്ടിരുന്നത്. ഇന്നിപ്പോൾ വർഷം 15,000 രൂപയോളം ചെലവാകുന്നുണ്ടത്രേ. എന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ അഞ്ചുശതമാനം ഞാൻ മക്കളുടെ ആരോഗ്യകാര്യത്തിനായി ചെലവഴിക്കുന്നു. എങ്കിലും കുതിച്ചുയരുന്ന ചികിത്സാച്ചെലവ് അവർക്ക് താങ്ങാവുന്നതിനുമപ്പുറമാണെന്ന് എനിക്കറിയാം.

ഒരു നിവൃത്തിയുമില്ലാതെവന്നതോടെയാണ് ഞാൻ നാട്ടുകാരിൽനിന്ന് ചികിത്സാസഹായം തേടാൻ തീരുമാനിക്കുന്നത്. സാമൂഹികമാധ്യമങ്ങളൊക്കെ ജനിക്കുന്നതിനും മുന്പായിരുന്നു അത്. മറ്റുള്ളവരുടെ മുന്നിൽ പണത്തിനായി കൈനീട്ടാൻ അഭിമാനബോധം അതുവരെ എന്നെ അനുവദിച്ചിരുന്നില്ല. പക്ഷേ, ഈ അവസ്ഥയിൽ എന്തുചെയ്യാൻ? രോഗം മാറണ്ടേ...

സഹായംതേടി പത്രത്തിൽ വാർത്തകൊടുക്കാനായിരുന്നു തീരുമാനം. പിന്നെപ്പിന്നെ രോഗം പിടിമുറുക്കുമ്പോൾ മക്കളിൽ പലരും ആ വഴിതേടാൻ തുടങ്ങി. അല്ലാതെന്തു ചെയ്യും? നാട്ടുകാരൊക്കെ ചേർന്ന് ചികിത്സാസഹായസമിതി രൂപവത്കരിക്കും. പിന്നെ അവരായിരുന്നു ചികിത്സാകാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അതൊക്കെ ഒരുകാലം...

പരിരക്ഷയെന്ന പ്രതീക്ഷ

ഇതിനിടെ ആരോഗ്യ ഇൻഷുറൻസിന്റെ കാലമത്തെി. ഞാനും എന്റെ മക്കളും ഇൻഷുറൻസ് എടുക്കാൻ തുടങ്ങി. അതുവരെ അപകടമരണ ഇൻഷുറൻസിനെക്കുറിച്ച് മാത്രമായിരുന്നു എനിക്ക് കേട്ടുകേൾവി. 2008-ൽ ആണെന്നാണ് എന്റെ ഓർമ. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഞാൻ ചേർന്നു. ദാരിദ്ര്യരേഖയ്ക്ക് താെഴയുള്ളവർക്കുമാത്രമേ അതിൽ അംഗങ്ങളാകാൻ പാടുണ്ടായിരുന്നുള്ളൂ. കുടുംബത്തിലെ പരമാവധി അഞ്ചംഗങ്ങൾക്ക് വർഷം 30,000 രൂപവരെ കിടത്തിച്ചികിത്സകിട്ടുന്ന പദ്ധതിയായിരുന്നു ഇത്. ഇപ്പോളതിന് ആയുഷ്മാൻ ഭാരത് എന്നാണ് പേര്. സർക്കാരിന്റെ മാത്രമല്ല, മിക്ക ബാങ്കുകളും സ്വകാര്യകന്പനികളും ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്റെ കുറെ മക്കൾ അതിൽ അംഗങ്ങളാണ്. പക്ഷേ, അതുകൊണ്ടും കാര്യമില്ലെന്നാണ് അവസ്ഥ. അവയവമാറ്റമുൾപ്പെടെയുള്ളവ നടക്കണമെങ്കിൽ ഇൻഷുറൻസ് പരിരക്ഷ മതിയാവില്ല. ഒന്നും രണ്ടുമല്ല, 30 ലക്ഷം രൂപവരെയാണ് കരൾ മാറ്റിവെക്കാനൊക്കെയാകുക. ആരുടെയെങ്കിലും സഹായമില്ലാതെ എന്തുചെയ്യും. അവരെ മരണത്തിന് വിട്ടുകൊടുക്കാനാകുമോ?

വറ്റാതിരിക്കട്ടെ കാരുണ്യം

എന്റെ ഒട്ടേറെ മക്കൾ അവയവമാറ്റത്തിന് വിധേയമായിട്ടുണ്ട്. പണമെല്ലാം വന്നത് ഇത്തിരിപ്പോന്ന ഈ മൊബൈൽ ഫോണിലൂടെയാണ്. ഫെയ്‌സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയുമാണ് ചികിത്സാസഹായം തേടുന്നത്. കടൽകടന്നും പോകുന്ന സന്ദേശങ്ങൾ. രണ്ടുമൂന്നു ദിവസംകൊണ്ട് ലക്ഷങ്ങൾ കിട്ടും. ആദ്യകാലത്തൊക്കെ ബാങ്കിലെ അക്കൗണ്ട് നന്പർ കൊടുത്ത്, ആ അക്കൗണ്ടിലേക്കായിരുന്നു പണം വന്നിരുന്നത്. അക്കാലം മാറി. ഇപ്പോൾ മൊബൈൽ ഫോൺ തന്നെ ബാങ്കായി. ഗൂഗിൾ പേ വഴിയാണ് ചികിത്സാസഹായം കൂടുതലും വരുന്നത്. ക്രൗഡ് ഫണ്ടിങ് എന്നാണത്രേ ഇതിനുപേര്. മുന്പ് വ്യക്തികളും കൂട്ടായ്മകളും സംഘടനകളുമൊക്കെയാണ് ഇങ്ങനെ ധനസമാഹരണം നടത്തിയിരുന്നത്. ഇപ്പോൾ സ്വകാര്യകന്പനികൾവരെ രംഗത്തുണ്ട്. കമ്മിഷൻ െകാടുത്താൽമതി. ചികിത്സാസഹായത്തിനുള്ള പ്ലാറ്റ് ഫോം അവരൊരുക്കിത്തരും.

തിരക്കുപിടിച്ച കാലമാണെങ്കിലും മലയാളി അത്ര സ്വർഥരൊന്നുമായിട്ടില്ലെന്നാണ് എന്റെ അനുഭവം. കാരുണ്യംവറ്റാത്ത നല്ല മനസ്സുകൾ നമ്മുടെ നാട്ടിലുണ്ട്. കാരുണ്യം കച്ചവടമാക്കുന്നവർ വെറെയും. ചുറ്റിലും രോഗമുണ്ടെന്ന തിരിച്ചറിവിൽതന്നെയാണ് ഞാനും എന്റെ വലിയ കുടുംബവും ഇപ്പോഴും ജീവിക്കുന്നത്. പത്രത്തിലെ തലവാചകമായും സാമൂഹികമാധ്യമങ്ങളിലെ സന്ദേശമായും എന്റെ അബോധമനസ്സിൽ എപ്പോഴുമുണ്ട് ആ വാചകം -‘ചികിത്സാസഹായം തേടുന്നു...’