ലോകം മുഴുവൻ ഗ്രസിച്ചിരിക്കുന്ന കൊറോണയും പടിവാതിലിൽ എത്തിനിൽക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളും രാഷ്ട്രീയപ്പാർട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ് ഐക്യകേരളത്തിന്റെ 64-ാം പിറന്നാൾ ആഘോഷിക്കുന്നത്. രണ്ട് പ്രളയങ്ങളും നിപ്പയുമെല്ലാം അതിലംഘിച്ച കേരളം, ഇപ്പോൾ കോവിഡിന്റെ കരാള ഹസ്തങ്ങളിൽ അമർന്നിരിക്കുകയാണെങ്കിലും പ്രതീക്ഷയോടും പ്രത്യാശയോടുമാണ് മുന്നേറുന്നത്.

നിപ്പയെപ്പോലെ ധീരമായിട്ടാണ് ആദ്യകാലത്ത് കൊറോണയെ തടഞ്ഞുനിർത്താൻ കേരളം നടപടി തുടങ്ങിയത്. എന്നാൽ, ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും രോഗം വ്യാപിച്ചതോടെ, അവിടെയുള്ള ലക്ഷക്കണക്കിനു മലയാളികൾ ജന്മനാട്ടിലേക്ക് ഓടിയെത്താൻ തുടങ്ങിയത് സ്വാഭാവികം. ഇതോടെ ഇവിടത്തെ രോഗം കൂടാൻ തുടങ്ങി. എന്നാൽ, രോഗികളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ ഇവിടെ നടന്നു. ഈ കാര്യത്തിൽ ജനങ്ങളുടെ ഒത്തൊരുമയും സ്നേഹവും സൗഹൃദവും പ്രധാന ഘടകമായി. അതിവേഗത്തിൽ നമ്മുടെ നാടും കോവിഡിൽനിന്ന് മുക്തിനേടി പൂർവസ്ഥിതിയിലേക്കു നീങ്ങുമെന്ന പ്രതീക്ഷയിലാണ് കേരളം.

ഐക്യകേരളം മലയാളികളുടെ ചിരകാല സ്വപ്നം

മഹാരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷുകാർ കളക്ടർ എന്ന ഉദ്യോഗസ്ഥൻ വഴി ഭരിച്ചിരുന്ന മലബാർ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഐക്യകേരളം രൂപവത്‌കരിക്കുക എന്നത് മലയാളികളുടെ ചിരകാല സ്വപ്നമായിരുന്നു. സ്വാതന്ത്ര്യ സമരം ശക്തിപ്പെടുന്നതിനു മുമ്പുതന്നെ ഇതിനുള്ള ശബ്ദം ഉയർന്നിരുന്നു. തിരുവിതാംകൂറിൽ നിന്നു പത്രപ്രവർത്തനത്തിന്റെ പേരിൽ രാജകീയ ഭരണകൂടം നാടുകടത്തിയ സ്വദേശാഭിമാനി പത്രാധിപർ രാമകൃഷ്ണപിള്ളയാണ് ഈ മൂന്നു ഭൂവിഭാഗങ്ങളും ഒന്നിച്ച് ഐക്യ കേരളം രൂപീകൃതമാകുമെന്നും അതിന്റെ തലസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും ആദ്യമായി എഴുതിയത്. 1928-ൽ എറണാകുളത്തുനടന്ന നാട്ടുരാജ്യ പ്രജാസമ്മേളനമാണ് ഐക്യകേരളത്തിന് ആദ്യത്തെ പ്രമേയം പാസാക്കിയത്.

അതിനുമുമ്പ് മലബാറിൽ ആരംഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഘടനയിൽ മാറ്റംവരുത്തി മൂന്നു പ്രദേശങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി എന്നാക്കിയിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പംതന്നെ ഐക്യകേരള വാദവും ശക്തിപ്പെട്ടുകൊണ്ടിരുന്നു. 1938-ൽ ഹരിപുരയിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം, നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണത്തിനുവേണ്ടി സമരം ചെയ്യാൻ പ്രത്യേക കോൺഗ്രസ് രൂപവത്‌കരിക്കാൻ നിർദേശം നൽകി. അതു പ്രകാരം തിരുവിതാംകൂറിൽ 'സ്റ്റേറ്റ് കോൺഗ്രസും' കൊച്ചിയിൽ 'പ്രജാമണ്ഡല'വും ഉണ്ടായി. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണത്തിനുവേണ്ടി നടത്തിയ സമരങ്ങളെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ അടിച്ചമർത്താൻ തുടങ്ങി.

പക്ഷേ, സമരം ശക്തമായി മുന്നോട്ടുപോയി. എന്നാൽ, കൊച്ചി മഹാരാജാവ് ഐക്യകേരളത്തിന്‌ അനുകൂലമായ നിലപാട് എടുത്തു. ഇതേത്തുടർന്ന് ഐക്യകേരളത്തിനുവേണ്ടി പ്രവർത്തിക്കാൻ 1946-ൽ കെ.പി.കേശവമേനോന്റെ അധ്യക്ഷതയിൽ തൃശ്ശൂരിലെ ചെറുതുരുത്തിയിൽ സമ്മേളനം നടന്നു. ഇന്ത്യ സ്വതന്ത്രയാകുമെന്ന് ഉറപ്പായതോടെ തിരുവിതാംകൂർ ദിവാൻ പുതിയ തന്ത്രവുമായി എത്തി. ബ്രിട്ടീഷുകാർ പോകുമ്പോൾ തിരുവിതാംകൂർ ലോക ഭൂപടത്തിൽ ഒരു പുതിയ രാജ്യമായി നിലനിൽക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 1947 ജൂലായ്‌ 25-ന് തൈക്കാട്ടുള്ള സ്വാതിതിരുനാൾ സംഗീത കോളേജിലെ ഒരു ചടങ്ങിൽ പങ്കെടുത്ത സി.പി.ക്ക് വെട്ടേറ്റതോടെ, സ്വതന്ത്ര തിരുവിതാംകൂർ വാദം അവസാനിച്ചു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ, തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തുകൊണ്ട് ശ്രീചിത്തിരതിരുനാൾ വിളംബരം പുറപ്പെടുവിച്ചു. അതിനുമുമ്പുതന്നെ കൊച്ചിയും ഇന്ത്യൻ യൂണിയനിൽ ചേർന്നിരുന്നു.

തിരുവിതാംകൂർ-കൊച്ചി ലയനവും ഐക്യ കേരളവും

സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് തിരുവിതാംകൂർ മഹാരാജാവ് ആദ്യം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിന്നാലെ കൊച്ചിയിലും തിരഞ്ഞെടുപ്പ് നടന്നു. സ്റ്റേറ്റ് കോൺഗ്രസിന് തിരുവിതാംകൂറിലും പ്രജാമണ്ഡലത്തിന് കൊച്ചിയിലും ഭൂരിപക്ഷം കിട്ടിയതിനെത്തുടർന്ന് ജനകീയ സർക്കാരുകൾ അധികാരത്തിൽ വന്നു. അപ്പോഴും ഐക്യകേരളത്തിനുവേണ്ടിയുള്ള മുറവിളി തുടർന്നുകൊണ്ടിരുന്നു. ഇതിനു മുന്നോടിയായി തിരുവിതാംകൂറിനെയും കൊച്ചിയെയും ലയിപ്പിച്ച് ഒരു സംസ്ഥാനമാക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. അതു പ്രകാരം 1949 ജൂലായ്‌ ഒന്നിന് തിരു-കൊച്ചി സംസ്ഥാനം നിലവിൽവന്നു. തിരുവിതാംകൂർ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ ഗവർണർക്കു തുല്യമായ ‘രാജപ്രമുഖൻ' ആയി. കൊച്ചി മഹാരാജാവ് പരീക്ഷിത്ത് തമ്പുരാൻ സ്ഥാനം ഒന്നും ഇല്ലാതെ പെൻഷൻ വാങ്ങി സദാ പൗരനായി ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.

പിന്നീട് തിരുകൊച്ചിയിൽ പറവൂർ ടി.കെ. നാരായണപിള്ള, സി.കേശവൻ, എ.ജെ.ജോൺ, പട്ടം താണുപിള്ള, പനമ്പള്ളി ഗോവിന്ദമേനോൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിസഭകളുണ്ടായി. ഈ സമയത്താണ് സംസ്ഥാന പുനഃക്രമീകരണത്തിനുള്ള കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നത്. അങ്ങനെ ഐക്യകേരള രൂപവത്‌കരണത്തിനുള്ള നടപടികളാരംഭിച്ചു. തിരു-കൊച്ചിയോട്, മലബാറും തെക്കൻ കാനറയിലെ കാസർകോടും ചെങ്കോട്ടയുടെ ഒരു ഭാഗവും ചേർത്തും, തെക്കൻ തിരു-കൊച്ചിയിലെ തോവാള, അഗസ്തിശ്വരം കൽക്കുളം വിളവൻകോട് എന്നീ താലൂക്കുകളും ചെങ്കോട്ടയുടെ ഒരുഭാഗവും മദ്രാസിനോടു ചേർത്തുമാണ് ഐക്യകേരളം രൂപവത്‌കരിച്ചത്. 1956 നവംബർ ഒന്നിനായിരുന്നു ഐക്യകേരളത്തിന്റെ ഉദ്ഘാടനം. പി.എസ്.റാവു ആയിരുന്നു ഐക്യകേരളത്തിലെ ആദ്യത്തെ ആക്ടിങ്‌ ഗവർണർ. അധികം താമസിയാതെ ഡോ. ബി.രാമകൃഷ്ണറാവു ഗവർണറായെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലൂടെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യ കേരള മന്ത്രിസഭ 1957-ൽ അധികാരമേറ്റു.