കേരളപ്പിറവി എന്ന ചരിത്രനിമിഷം റേഡിയോയിലൂടെ മലയാളി അറിഞ്ഞത് ഒരു സ്ത്രീശബ്ദത്തിലൂടെ ആയിരുന്നു. പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും പറവൂര്‍ സിസ്റ്റേഴ്‌സിലെ മൂത്തയാളുമായ കെ. ശാരദാമണിയുടെ ശബ്ദത്തിലൂടെയാണ് കേരളപ്പിറവി വാര്‍ത്ത മലയാളികള്‍ അറിഞ്ഞത്.

മലയാള റേഡിയോ ചരിത്രത്തിലെ ആദ്യ ശബ്ദങ്ങളിലൊരാളാണ് ശാരദാമണി. കേരളത്തിന്റെയും ഇന്ത്യയുടെയും പല ചരിത്രനിമിഷങ്ങള്‍ക്കും സാക്ഷിയായ ബഹുമുഖപ്രതിഭ. ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ (ഇന്നത്തെ ആകാശവാണി) ആദ്യത്തെ അനൗണ്‍സറായിരുന്നു അവര്‍. കേരളപ്പിറവി മാത്രമല്ല, തിരു-കൊച്ചി സംയോജനം തുടങ്ങിയ ചരിത്രനിമിഷങ്ങളൊക്കെ ശാരദാമണിയുടെ ശബ്ദത്തിലൂടെ കേരളം കേട്ടു.

പരേതരായ പറവൂര്‍ ടി.എന്‍. കുമാരപിള്ളയുടെയും കൊച്ചുകുട്ടിയമ്മയുടെയും മകളായ ശാരദാമണി 2016 നവംബര്‍ 17ന് 94-ാമത്തെ വയസ്സിലാണ് അന്തരിച്ചത്. അവിവാഹിത ആയിരുന്ന ശാരദമണി വഴുതക്കാട് ഫോറസ്റ്റ് ലെയ്‌നിലെ 'പറവൂര്‍ ഹൗസി'ലായിരുന്നു താമസം. ശാരദാമണിയും സഹോദരി കെ രാധാമണിയുമാണ് 'പറവൂര്‍ സിസ്റ്റേഴ്‌സ്' എന്ന പേരില്‍ പ്രശസ്തരായിരുന്നത്.

saradamani
പറവൂര്‍ സിസ്റ്റേഴ്സ്... സഹോദരി കെ.രാധാമണിക്കൊപ്പം(ഇടത്ത്) കെ.ശാരദാമണി.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ത്ത ദുഃഖം കാരണം റേഡിയോയില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന അനുഭവവും ശാരദാമണിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ എം.എല്‍.എ. ക്വാര്‍ട്ടേഴ്സിനകത്തുള്ള ബാന്‍ഡ് മാസ്റ്റര്‍ കെട്ടിടത്തിലാണ് അന്ന് തിരുവിതാംകൂര്‍ റേഡിയോ നിലയം പ്രവര്‍ത്തിച്ചിരുന്നത്.

അന്ന് ആളുകള്‍ക്ക് സ്വന്തമായി റേഡിയോ അധികമില്ല. റേഡിയോ നിലയത്തില്‍നിന്നുള്ള പ്രക്ഷേപണങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വരെ കേള്‍ക്കാം. അവിടെയിരുന്ന് ആളുകള്‍ പരിപാടികള്‍ ശ്രദ്ധിക്കുകയും ചെയ്യും. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച വാര്‍ത്ത വൈകുന്നേരമായതോടെ ജനങ്ങള്‍ അറിഞ്ഞു. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ റേഡിയോ നിലയത്തില്‍നിന്ന് പ്രക്ഷേപണം ചെയ്തിരുന്നില്ല.

ജനങ്ങള്‍ ഇതോടെ നിലയത്തിലെത്തി വാര്‍ത്തയെക്കുറിച്ചു തിരക്കി ബഹളമാരംഭിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ തുടര്‍ന്ന് ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടു. അദ്ദേഹം ഔദ്യോഗികമായി മരണവാര്‍ത്ത ഇംഗ്ലീഷില്‍ ദൂതന്‍ വശം കൊടുത്തയച്ചു. ഭാസ്‌കരന്‍ എന്ന പ്രൊഡ്യൂസര്‍ ഇതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി ശാരദാമണിയെ അനൗണ്‍സ് ചെയ്യാന്‍ ഏല്പിച്ചു.

പേപ്പര്‍ കഷണം കൈയിലെടുത്ത ശാരദാമണിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ചുണ്ടുകള്‍ വിതുമ്പി. ദുഃഖം കാരണം അവര്‍ക്ക് ഒരു വരിപോലും വായിക്കാനായില്ല. തുടര്‍ന്ന് പ്രൊഡ്യൂസര്‍തന്നെ വാങ്ങി വായിക്കുകയായിരുന്നു. 'മാതൃഭൂമി' മുന്‍ ന്യൂസ് എഡിറ്ററായ മലയന്‍കീഴ് ഗോപാലകൃഷ്ണനു നല്‍കിയ അഭിമുഖത്തില്‍ ശാരദാമണി, ഗാന്ധിജിയുടെ മരണദിനത്തിലെ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. കേരളത്തിലെ ശബ്ദപ്രക്ഷേപണത്തിന്റെ ചരിത്രംകൂടിയാണ് ശാരദാമണിയുടെ ജീവിതം.

ഗുരു ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ സഹായികളായി തിരുവനന്തപുരം സംഗീത അക്കാദമിയില്‍ ശാരദാമണിയും സഹോദരി കെ.രാധാമണിയും കച്ചേരി അവതരിപ്പിക്കുന്നതിനിടെയാണ് ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്ക് വെട്ടേല്‍ക്കുന്നത്. തിരുവതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമ വര്‍മയും റസിഡന്റും സി.പി.യും കച്ചേരി കേള്‍ക്കാന്‍ മുന്‍നിരയിലുണ്ട്.

കച്ചേരിക്കിടെ രാജാവും റെസിഡന്റും എഴുന്നേറ്റു പുറത്തുപോയി. വൈകാതെ സി.പി.യും പോകാന്‍ എഴുന്നേറ്റു നടന്നു. അപ്പോഴേക്കും വൈദ്യുതി നിലച്ചു. പെട്ടെന്ന് പരിഭ്രാന്ത്രിയോടെയുള്ള ബഹളങ്ങളും ശബ്ദവും കേട്ടു. പിന്നീടാണ് ദിവാനാണ് വെട്ടേറ്റതെന്ന് അറിയുന്നത്. അന്നത്തെ സംഭവങ്ങള്‍ വലിയമ്മ പറഞ്ഞത് പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ ഓര്‍ക്കുന്നു. കെ.ശാരദാമണിയുടെ അനുജത്തിയും തിരുവനന്തപുരം വിമന്‍സ് കോളേജിലെ സംഗീതവിഭാഗം മുന്‍ മേധാവിയുമായിരുന്ന കെ.സരോജത്തിന്റെ മകനാണ് വേണുഗോപാല്‍.

(പുനഃപ്രസിദ്ധീകരണം)

 

content highlights: k saradamani who announced keralaporavi in radio