വീന ശിലായുഗത്തിലാണ്  കേരളത്തില്‍ മനുഷ്യവാസം തുടങ്ങിയതെന്ന് കണക്കാക്കപ്പെടുന്നു. പ്രാചീന കേരളത്തിന്റെ ചരിത്രം ചികയാന്‍ നമുക്ക് ആശ്രയിക്കാനുള്ളത് ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ്.

പഴയകാലത്തെ സാഹിത്യകൃതികളും നാണയങ്ങളും ചെമ്പു പട്ടയങ്ങളും ചരിത്ര സ്മാരകങ്ങളും പുരാവസ്തുക്കളും ശിലാശാസനങ്ങളുമൊക്കെ അതത് കാലത്തെ കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.

ബി.സി. നാലാം നൂറ്റാണ്ടുമുതല്‍ സമീപകാലംവരെ ഏകദേശം അമ്പതിലധികം പ്രമുഖരായ വിദേശസഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അതത്   
കാലഘട്ടങ്ങളില്‍ അവര്‍ കണ്ട കേരളത്തെക്കുറിച്ചുള്ള അവരുടെ സഞ്ചാരക്കുറിപ്പുകള്‍ കേരളചരിത്രത്തിന്റെ ഭാഗമാണ്.

തയ്യല്‍ക്കാരനും പാദരക്ഷയും ഇല്ലാത്ത നാട്

13-ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച യൂറോപ്യന്‍ സഞ്ചാരിയായ ജോണ്‍ ഓഫ് മോന്റി കോര്‍വിനോയും വെനീസുകാരനായ മാര്‍ക്കോപ്പോളോയും കേരളക്കാരുടെ ഉടുപ്പിനെയും നടപ്പിനെയും വിലയിരുത്തുന്നത് കേള്‍ക്കുക:
ഇവിടത്തെ സ്ത്രീപുരുഷന്മാര്‍ നാമമാത്ര വസ്ത്രധാരികളും നഗ്നപാദരുമാണ്. അതിനാല്‍ ഇവിടെ തയ്യല്‍ക്കാരുടെയും ചെരിപ്പുകുത്തികളുടെയും ആവശ്യം നേരിടുന്നില്ല. എട്ടുവയസ്സുവരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും യാതൊന്നും ധരിക്കാറില്ല.കേരളം മുഴുവന്‍ തിരഞ്ഞാലും ഒരു തയ്യല്‍ക്കാരനെ കണ്ടെത്താന്‍ കഴിയുകയില്ല. ഇവിടെ തയ്യല്‍ക്കാരന്റെ ആവശ്യമില്ല. ഇവിടുള്ളവര്‍ കോട്ടോ ഷര്‍ട്ടോ ധരിക്കുന്നില്ല. ഒരു തുണിക്കഷണം അരയില്‍ തൂക്കിയിടുക മാത്രമേ ചെയ്യുന്നുള്ളൂ. രാജാവിന്റെ വസ്ത്രധാരണവും ഇതില്‍നിന്നു വിഭിന്നമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ വസ്ത്രം വിലപിടിപ്പുള്ളതായിരിക്കും. പട്ടുചരടില്‍ കോര്‍ത്ത രത്നമാല അദ്ദേഹം കഴുത്തില്‍ അണിഞ്ഞിരിക്കും. കൈകാലുകളില്‍ രത്നങ്ങള്‍ പതിച്ച കാപ്പുകള്‍ ധരിക്കും. വലിയ രത്നങ്ങള്‍ പതിച്ചിട്ടുള്ള മോതിരങ്ങള്‍ കൈവിരലുകളിലും കാല്‍വിരലുകളിലും അണിഞ്ഞിട്ടുണ്ടാവും.

രുചിയേറും ചക്കയും മാങ്ങയും

കേരളത്തിലെ  തേങ്ങ, ചക്ക, മാങ്ങ, പഴങ്ങള്‍ തുടങ്ങിയ ഭക്ഷ്യവിഭവങ്ങളെപ്പറ്റി പല വിദേശസഞ്ചാരികളും അവരുടെ സഞ്ചാരക്കുറിപ്പുകളില്‍ കൗതുകത്തോടെ വിവരിക്കുന്നുണ്ട്. ഇബ്‌നുബത്തൂത്തയുടെ ഈ വിവരണം ശ്രദ്ധിക്കൂ-''ഇവിടെ സുലഭമായി കാണുന്ന ഒരുതരം വൃക്ഷത്തിന്റെ കായയാണ് നാളികേരം. നമ്മുടെ ഈന്തപ്പനയോട് വളരെ സാമ്യമുണ്ടതിന്. നാളികേരത്തിന് മനുഷ്യന്റെ തലയിലുള്ളതുപോലെ രണ്ട് കണ്ണുകളും വായയുമുണ്ട്. പുറത്ത് തലമുടിപോലെ നാരും. ഉള്ളില്‍ തലച്ചോറും കാണും.'' തുടര്‍ന്ന് തേങ്ങയുടെയും ഇളനീരിന്റെയും മഹത്ത്വം വിവരിക്കുന്നു. നാളികേരത്തില്‍നിന്ന് എണ്ണ, പാല്‍, തേന്‍, ചക്കര എന്നിവ ഉണ്ടാക്കുന്ന പ്രക്രിയയും അദ്ദേഹം രസകരമായി വിവരിക്കുന്നു. ചക്കയുടെയും മാമ്പഴത്തിന്റെയും സ്വാദിനെക്കുറിച്ചും അതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളെപ്പറ്റിയും സൂചിപ്പിക്കുന്നു.

14-ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ജോര്‍ഡാന്യസ് എന്ന കത്തോലിക്കാ പാതിരി കേരളത്തിലെ ചക്കയോളം സ്വാദും മധുരവുമുള്ള ഒരു പഴം താന്‍ ഇതിനു മുന്‍പ് കഴിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. കട്ടിയുള്ള തോലിനുപുറത്ത് നിറയെ മുള്ളുകളുള്ള ചക്കയ്ക്കകത്തെ മധുരമുള്ള പഴച്ചുളകളെപ്പറ്റിയും അദ്ദേഹം വിവരിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍തന്നെ കേരളത്തിലെത്തിയ ജോണ്‍ സി മാറിഗ്‌നെല്ലി എന്ന വിദേശ സഞ്ചാരി വാഴയിലയുടെ നീളംകണ്ട് അദ്ഭുതം കൂറുന്നു. ഇത്രയും നീളവും വീതിയുമുള്ള ഇല താനിതുവരെ കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തീന്‍മേശയുടെ പുറം മുഴുവന്‍ മറയ്ക്കാന്‍കഴിയുമെങ്കിലും ഒരു ഇലയില്‍ ഒരാള്‍ മാത്രം ഭക്ഷണം കഴിക്കുന്നതില്‍ അദ്ദേഹം അദ്ഭുതപ്പെടുന്നു. ചക്കയുടെയും മാങ്ങയുടെയും വാഴപ്പഴത്തിന്റെയും മാധുര്യം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി.

കറുത്ത പൊന്നിന്റെ കരുത്ത്

കേരളത്തിന്റെ വികസനത്തിന്   കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകും മറ്റ് സുഗന്ധദ്രവ്യങ്ങളും വഹിച്ച പങ്ക് അദ്ഭുതാവഹമാണ്. ബി,സി. 3000ത്തിനു മുന്‍പു മുതല്‍ തന്നെ അന്നത്തെ ലോകരാജ്യങ്ങളില്‍ ഒരു അമൂല്യ വസ്തുവായിക്കഴിഞ്ഞിരുന്നു കുരുമുളക്. എഡി ഒന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്ലീനി മുതല്‍ ഒട്ടേറെ വിദേശസഞ്ചാരികള്‍ തങ്ങളുടെ വിവരങ്ങളില്‍ കുരുമുളകിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യൂറോപ്യന്മാര്‍ വേനല്‍ക്കാലത്ത് കന്നുകാലികളെ കൊന്ന് ഇറച്ചിയില്‍ കുരുമുളക് പുരട്ടി ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിച്ച് ശൈത്യകാലത്ത് ഉപയോഗിച്ചിരുന്നു. ഈജിപ്തിലെ രാജ്ഞികള്‍ ബി.സി. 1500 മുതല്‍തന്നെ  കേരളത്തില്‍നിന്നെത്തിയ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. സംസ്‌കൃതത്തില്‍ ഗ്രന്ഥകാരന്മാര്‍ കുരുമുളകിന് യവനപ്രിയ (യവനന്മാര്‍ക്ക് പ്രിയപ്പെട്ടത്) എന്നാണ് പേരിട്ടിരിക്കുന്നത്. ഗ്രീക്കുകാര്‍, റോമക്കാര്‍, പേര്‍ഷ്യക്കാര്‍, അറബികള്‍ തുടങ്ങിയവരെ യവനന്മാര്‍ എന്നു വിശേഷിപ്പിക്കുന്നു. അവര്‍ക്ക് സ്വര്‍ണവും വെള്ളിയും പോലെ പ്രിയപ്പെട്ടതായിരുന്നു കുരുമുളകും. 13-ാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ചൈനയുമായുള്ള കുരുമുളകുവ്യാപാരത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ചൈനക്കാര്‍ ദിവസവും കുരുമുളക് കേരളത്തില്‍നിന്ന് ശേഖരിക്കുന്നുണ്ടെന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്.

കള്ളന്‍മാരില്ലാത്ത മലബാര്‍

''മുലൈബാറി (മലബാര്‍) നെപ്പോലെ ഇത്രയും നിര്‍ഭയമായി സഞ്ചരിക്കാവുന്ന പാതകള്‍ ലോകത്ത് ഒരിടത്തും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഇത്രയും കടുത്ത ശിക്ഷകള്‍ നല്‍കുന്ന രാജ്യവും വിരളമാണ്. ഒരു നാളികേരം എടുത്താല്‍ മതി, അയാള്‍ക്ക് വധശിക്ഷ ലഭിക്കുകയായി. നാളികേരമോ പഴമോ വീണു കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥന്‍ കാണുന്നതുവരെ അത് അവിടെത്തന്നെ കിടക്കും. മറ്റാരും എടുക്കുകയില്ല. ആരെങ്കിലും എടുത്തതായി അറിയുകയാണെങ്കില്‍ കടുത്തതും മാതൃകാപരവുമായ ശിക്ഷ നല്‍കാന്‍ രാജാവ് ഒരിക്കലും അമാന്തിച്ചിരുന്നില്ല.'' ഇബ്‌നുബത്തൂത്ത 14-ാം നൂറ്റാണ്ടില്‍ മലബാറിനെക്കുറിച്ച് എഴുതിയിരിക്കുന്നതാണിത്.

നായര്‍ പടയാളികള്‍

കേരളത്തിലെ നായര്‍പടയാളികളെപ്പറ്റി ഒട്ടുമിക്ക വിദേശ സഞ്ചാരികളും അവരുടെ വിവരണക്കുറിപ്പുകളില്‍ വാചാലരാവുന്നുണ്ട് ഏഴോ എട്ടോ വയസ്സാകുമ്പോള്‍മുതല്‍തന്നെ അസ്ത്രവിദ്യയും ആയോധന കലകളും അവര്‍ അഭ്യസിക്കാന്‍ തുടങ്ങുന്നു. അസ്ത്രപ്രയോഗത്തില്‍ അവര്‍ അതിസമര്‍ഥരാണ്. ''തുടര്‍ച്ചയായി വിടുന്ന അസ്ത്രങ്ങളുടെ ഗതിവേഗംകൊണ്ട് ഒന്ന് മറ്റതിനെ ഖണ്ഡിച്ചുകളയുമോ എന്നുകൂടി സംശയിക്കും.'' വാളും കുന്തവും പ്രയോഗിക്കുന്നതിലും അവര്‍ അതിനിപുണരാണ്. വളരെ ലളിതമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. ചെറിയ മണ്‍കൂരകളിലോ ഓലപ്പുരകളിലോ ആണ് താമസം. പരിമിതമായ ഗൃഹോപകരണങ്ങളേ ഉപയോഗിക്കാറുള്ളൂ. പുറത്തിറങ്ങി നടക്കുമ്പോഴെല്ലാം വാളുംകൊണ്ടാണ് നടക്കുക തുടങ്ങിയ വിവരണങ്ങളും സഞ്ചാരികള്‍ നല്‍കുന്നു.

സാമൂതിരിയുടെ വെറ്റിലമുറുക്ക്

വാസ്‌കോ ഡ ഗാമയുടെ പ്രഥമ ദര്‍ശനവേളയില്‍ വെറ്റില മുറുക്കി തുപ്പിക്കൊണ്ടിരിക്കുന്ന സാമൂതിരിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കൂ. ''ഒരു സേവകന്‍ വായവട്ടമുള്ള സ്വര്‍ണചഷകം (കോളാമ്പി) കൈയിലേന്തി രാജാവിന്റെ അരികില്‍ നില്ക്കുന്നു. ആ ചഷകത്തിലാണ് രാജാവ് തുപ്പുന്നത്. വായ കഴുകാന്‍ അരികിലെ സ്വര്‍ണക്കിണ്ടിയില്‍ വെള്ളം വെച്ചിട്ടുണ്ട്. കട്ടിലിനരികെ സ്വര്‍ണപ്പീഠത്തിന്മേല്‍ കൊത്തുപണികളോടുകൂടിയ സ്വര്‍ണത്താമ്പാളം വെച്ചിട്ടുണ്ട്. അതില്‍നിന്ന് ചില പച്ചിലകള്‍ എടുത്ത് ഉള്ളില്‍ എന്തോ ചില സാധനങ്ങളും വെച്ച് ചുരുട്ടി ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊടുക്കുകയും അദ്ദേഹം അത് വാങ്ങിച്ച് ചവച്ച് സ്വര്‍ണച്ചഷകത്തില്‍ തുപ്പുകയും ചെയ്യുന്നു. ബ്രാഹ്മണന്‍ ചുരുട്ടിക്കൊടുക്കുന്ന ഇല നാരകത്തിന്റെ ഇലയോളം വലുപ്പമുള്ളതാണ്. സാമൂതിരി എപ്പോഴും അത് ചവച്ചുകൊണ്ടിരിക്കും. ഒരു ചുരുള്‍ വാങ്ങി ചവച്ച് തുപ്പിയാല്‍ മറ്റൊരു ചുരുള്‍ വാങ്ങുകയായി. ഇതിന്റെ നീര് മാത്രമേ അദ്ദേഹം ആസ്വദിക്കുന്നുള്ളൂ. ഈ ഇല വെറ്റിലയും അതില്‍ ചേര്‍ക്കുന്നത് ചുണ്ണാമ്പും അടയ്ക്കയും മറ്റുമാണത്രേ! ഇവയെല്ലാംകൂടി ചവച്ചാല്‍ വായും പല്ലും ചുവക്കും. ശ്വാസോച്ഛ്വാസം സുഖമായിരിക്കുകയും ചെയ്യും''

(പുനഃപ്രസിദ്ധീകരണം)

content highlights: travellers observations about kerala