നുഷ്യായുസ് സൂചികയായെടുക്കാമെങ്കില്‍ ആധുനിക കേരളം ഇപ്പോള്‍ മധ്യവയസ് പിന്നിട്ട് വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയിരിക്കുന്നു. പക്ഷേ ഇപ്പോഴും കേരളം പലകാര്യങ്ങളിലും ശൈശവദശ പിന്നിട്ടിട്ടില്ല എന്ന് മാത്രമല്ല ബാലാരിഷ്ടതകളില്‍ കിടന്ന് ഉഴറുകയാണ്.

63 വര്‍ഷമായി നമ്മെ ഭരിച്ചവരുടെ കെടുകാര്യസ്ഥതയ്ക്കും ദീര്‍ഘദര്‍ശിത്വമില്ലായ്മ്ക്കും നാമോരോരുത്തരും നല്‍കുന്ന വിലയാണത്. കേരളാ മോഡല്‍ എന്നത് പലകാര്യങ്ങളിലും ഇന്ന് മലയാളിയുടെ ഊതിപ്പെരുപ്പിച്ച അഭിമാന ബോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

അയല്‍ സംസ്ഥാനക്കാരുടെ വിയര്‍പ്പില്‍ അന്നമുണ്ണുന്ന മലയാളി ഊറ്റം കൊള്ളുന്നതും തലമുറകള്‍ക്ക് മുന്‍പുള്ള മഹാരഥികളുടെ മഹാമനസ്‌കതയുടെ ചെലവിലാണ്.

ആദ്യ മന്ത്രിസഭയുടെ കാലത്ത് തന്നെ പഥഭ്രംശം സംഭവിച്ച ആസൂത്രണം ഇന്നും ദിശാബോധമില്ലാതെ ഉഴറുകയാണ്. അയ്യാ വൈകുണ്ഠ സ്വാമികളും നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയുമൊക്കെ വെട്ടിത്തെളിച്ച രാജപാതയുണ്ടായിട്ടും നാം ഇന്നും തുടങ്ങിയടത്ത് തന്നെ നില്‍ക്കുന്നു.

കേരളത്തിന് എന്താണ് അനുയോജ്യം? മലയാളിക്ക് എന്താണ് വേണ്ടത്? എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഭരണവര്‍ഗ്ഗത്തിന്റെ കഴിവുകേട് അരനൂറ്റാണ്ടിനിപ്പുറവും ബാധ്യതയായി മാറിയിരിക്കുന്നു.

കേരളത്തിന്റെ ഭൂപ്രകൃതിയ്‌ക്കോ തനത് സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലത്തിനോ അനുസരിച്ച് ഭാവി കരുപ്പിടിപ്പിക്കാന്‍ നമുക്ക് സാധിച്ചില്ല. മലനാടും ഇടനാടും തീരപ്രദേശവുമായി വിഭജിക്കപ്പെട്ട ഭൂപ്രകൃതി നമുക്ക് ഏറെ അനുയോജ്യമായിരുന്നു. ഓരോ ഭൂപ്രദേശത്തിനുമനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നേറുന്നതിന് പകരം നാം എല്ലാത്തിന്റെയും പിറകേ ഓടാന്‍ തുടങ്ങി.

580 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശം, 44 നദികള്‍, പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യം, പ്രകൃതിഭംഗി, ആയൂര്‍വേദം, കഥകളി അടക്കമുള്ള തനത് കലകള്‍ തുടങ്ങി കേരളത്തിന് മാത്രമായുള്ള പ്രത്യേകതകള്‍ ഉപയോഗപ്പെടുത്തിയുള്ള വികസന മാതൃകയായിരുന്നു കേരളത്തിന് അനുയോജ്യം.

ഇതോടൊപ്പം പശുസമ്പത്ത്, കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത കാര്‍ഷിത രീതികള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും കേരളത്തിന് യോജിക്കുമായിരുന്നു. എന്നാല്‍ ഇവയൊക്കെ പിറകില്‍ ഉപേക്ഷിച്ച് കേരളം മറ്റെന്തിനേയോ എത്തിപ്പിടിക്കാന്‍ ഓടിത്തളരുകയായിരുന്നു.

coir
പ്രതീകാത്മകചിത്രം| Photo: Mathrubhumi

വന്‍കിട വ്യവസായങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്കും പ്രകൃതിക്കും യോജിക്കില്ല എന്ന് മനസിലാക്കിയുള്ള ആസൂത്രണമായിരുന്നു നമുക്ക് വേണ്ടത്. എന്നാല്‍ പരമ്പരാഗത മേഖലയെ തകര്‍ക്കാന്‍ കൂട്ടുനിന്ന ഭരണവര്‍ഗ്ഗത്തെയാണ് നമുക്ക് ഇത്രകാലവും കിട്ടിയത്.

മൂരാച്ചി സ്വഭാവവും മുതലാളിമാരോടുള്ള ശത്രുതാമനോഭാവത്തിനും ഒപ്പം വൈവിധ്യവത്കരണവും യന്ത്രവത്കരണവും അനുവദിക്കാത്ത പിന്തിരിപ്പന്‍ ചിന്തയും ഇതിന് ആക്കം കൂട്ടി.

പണമുണ്ടാക്കുന്നവരും സംരഭകരും ഇല്ലാതാക്കപ്പെടേണ്ടവരാണെന്ന തലതിരിഞ്ഞ ചിന്ത നാടിന്റെ വികസന സ്വപ്നങ്ങളെയാണ് തകര്‍ത്തെറിഞ്ഞത്. പ്രകൃതി സംരക്ഷണമെന്നത് പ്രാകൃതചിന്തയാണെന്ന മനോഭാവം വളര്‍ത്തെയെടുത്തു.

മലയേയും പുഴയേയും നിലനില്‍പ്പിനായി ചൂഷണം ഉപയോഗിക്കുക എന്നത് മാറി അവ ചൂഷണം ചെയ്യപ്പെടേണ്ടതാണെന്ന് ഭരണവര്‍ഗ്ഗം തന്നെ കാണിച്ചു കൊടുത്തു.

മനുഷ്യന്‍ എന്നാല്‍ ഭൗതിക ജീവി മാത്രമാണെന്ന മാര്‍ക്‌സിയന്‍ ചിന്താഗതി ഇരുമുന്നണികളിലും രൂഢമൂലമായി. ആധ്യാത്മികത കൂടി ചേരുന്ന എന്ന സമഗ്ര മാനവവാദത്തെ പടിക്ക് പുറത്ത് നിര്‍ത്തിയതിന്റെ പരിണിത ഫലമായിരുന്നു ഇത്.

ആദ്ധ്യാത്മികതയില്‍ നിന്ന് ഉടലെടുത്ത ഉന്നതമായ ചിന്തയാണ് ഇന്നത്തെ കേരളത്തിന്റെ ഗരിമയ്ക്ക് കാരണം. അവരുടെ തോളില്‍ കയറി നാം കണ്ട കാഴ്ചകള്‍ നമ്മുടെ പൊക്കം കൊണ്ടാണെന്ന് ഇവര്‍ തെറ്റിദ്ധരിച്ചു.

ഇന്നലെകളിലെ എല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചാലേ മനുഷ്യനാകൂ എന്ന് ഇവര്‍ നമ്മെ പഠിപ്പിച്ചു. ഒടുവില്‍ ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല എന്ന നിലയിലായി കേരളം.

ഭരണാധികാരികളുടെ മനോഭാവം മാത്രമാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളി. എഴുതാനും വായിക്കാനും പഠിച്ചാല്‍ എല്ലാമായെന്ന ചിന്ത നല്‍കിയ അമിത ആത്മവിശ്വാസം ഫലത്തില്‍ കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു. സാംസ്‌കാരികമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കുറവായി തോന്നുന്ന സമൂഹത്തിന് ഇങ്ങനെയൊക്കെ ആവാനേ സാധിക്കൂ.

2018-19 വര്‍ഷത്തെ കേരളത്തിന്റെ മൊത്തം കടം രണ്ടരലക്ഷം കോടി രൂപയാണ്. ആളോഹരി കടം 72,430 രൂപ. ഇന്ത്യയുടെ ആളോഹരി കടമായ 53,796 രൂപയെക്കാള്‍ വളരെ കൂടുതലാണിത്.

ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.50 ലക്ഷം കോടി രൂപയായിരുന്നു. 2017-18 ല്‍ നമ്മുടെ റവന്യു ചെലവിന്റെ 25 ശതമാനവും ചെലവഴിച്ചത് കടം എടുത്ത വായ്പകളുടെ പലിശ അടയ്ക്കാന്‍ മാത്രമായിരുന്നു.

മുഖ്യമന്ത്രിയും ധനമന്ത്രിയും തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ ഫലമായാണ് കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി കൂട്ടിയത് എന്ന് അഭിമാനത്തോടെ പറയുന്ന ധനമന്ത്രിയാണ് നമുക്കുള്ളത്.

കിഫ്ബി വായ്പകളുടെ കൊള്ളപ്പലിശ അടച്ചുതീര്‍ക്കാന്‍ തന്നെ വേറെ കടം എടുക്കേണ്ടിവരും. കടം എടുക്കുന്നതിനെക്കുറിച്ചു അല്ലാതെ വേറെ ഒന്നിനെക്കുറിച്ചും സംസാരമില്ല.

കേരളത്തിലേക്ക് പുതിയ വ്യവസായ സ്ഥാപനങ്ങളെ കൊണ്ടുവരുന്നതിനെക്കുറിച്ചോ, ടൂറിസം പോലുള്ള മേഖലകളില്‍ വന്‍ മുതല്‍മുടക്ക് നടത്തണമെന്നോ, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നോ, നികുതി വരുമാനം വര്‍ധിപ്പിക്കണമെന്നോ ഒന്നും ആരും പറയുന്നില്ല.

അതേസമയം ചൈനയില്‍ നിന്നും നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നത് ഇന്ത്യയിലെ തൊഴിലാളികളെ ചൂഷണം ചെയ്യാനാണെന്ന് സഖാക്കള്‍ കണ്ടെത്തിക്കഴിഞ്ഞു.

കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ 80 ശതമാനവും ഇപ്പോള്‍ ചിലവഴിക്കുന്നത് ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ്. അതായത് സര്‍ക്കാരിന്റെ 80% നികുതി വരുമാനത്തിന്റെ ഗുണഭോക്താക്കള്‍ പത്തര ലക്ഷത്തോളം വരുന്ന -അതായത് സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരുന്ന- സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ്.

ബാക്കി 20% നികുതി വരുമാനം മാത്രമാണ് വികസനത്തിനും പൊതുകടം വീട്ടുന്നതിനും അവശേഷിക്കുന്നത്. ചുരുക്കത്തില്‍ മുഖ്യമായും ഒരു ശമ്പള-പെന്‍ഷന്‍ വിതരണ ഏജന്‍സി ആയിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തെ 'മണിഓര്‍ഡര്‍ ഇക്കോണമി' എന്ന് സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ഇതിന്റെ അര്‍ത്ഥം മറുനാടന്‍
മലയാളികള്‍ അധ്വാനിച്ചു മാസാമാസം അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത് എന്നാണ്. അവരുടെ പണം വരവ് നിലച്ചാല്‍ കേരളത്തിലെ പല കുടുംബങ്ങളും സാമ്പത്തികമായി തകരും.

പ്രവാസി മലയാളികളുടെ നിക്ഷേപം കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനമാണ്. 2017-18 ല്‍ സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയില്‍നിന്നുള്ള വരുമാനം 11,024 കോടി രൂപയായിരുന്നുവെങ്കില്‍ 2018-19 ആയപ്പോള്‍ അത് 14,508 കോടി രൂപയായി ഉയര്‍ന്നു. അതായത് ഒരു വര്‍ഷം 3,484 കോടി രൂപയുടെ അധികം മദ്യമാണ് കേരളം കുടിച്ചത്.

പാല്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണം, വസ്ത്ര നിര്‍മാണം, ഐ.ടി., ആയുര്‍വേദം തുടങ്ങി കയറ്റുമതി അധിഷ്ഠിതമായ വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക മാത്രമാണ് കേരളം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

കാര്‍ഷിക വികസനമാണ് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട മറ്റൊരു മേഖല. കേരളത്തെ അപേക്ഷിച്ച് ജലസമ്പത്ത് കുറവാണെങ്കിലും ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ഒരു കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തമിഴ്‌നാട്.

farmer
പ്രതീകാത്മകചിത്രം| Photo: Mathrubhumi

എന്നാല്‍ അനുകൂല കാലാവസ്ഥയും ജലസമ്പത്തും ഉണ്ടെങ്കിലും കേരളത്തില്‍ തരിശു ഭൂമിയുടെ അളവ് കൂടുതലാണ്. തൊഴിലാളികളുടെ അമിതമായ കൂലി, വൈദഗ്ധ്യമുള്ളവരുടെ അഭാവം, നിക്ഷേപ അനുകൂലമായ അന്തരീക്ഷത്തിന്റെ അഭാവം, ഇവയൊക്കെയാണ് ഇതിനു പ്രധാന കാരണം.

വ്യവസായികമായോ കാര്‍ഷികമായോ ഉള്ള അടിത്തറ വികസിപ്പിക്കാതെ ജീവിത നിലവാരത്തില്‍ കേരളം കൈവരിച്ച അഭിവൃദ്ധി പുറംപൂച്ച് മാത്രമാണ്. പ്രവാസിമലയാളിയുടെ നിക്ഷേപമായിരുന്നു ഈ താല്‍ക്കാലിക അഭിവൃദ്ധിക്കു പിന്നില്‍. അല്ലാതെ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമോ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വൈദഗ്ദ്ധ്യമോ അല്ല.

കേരളം ഇന്ന് പ്രതിശീര്‍ഷ മദ്യപാനം, കുറ്റകൃത്യങ്ങള്‍, വിവാഹമോചനം, ആളോഹരി കടം, തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. പണമല്ല മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ദൂരക്കാഴ്ചയുടെയും അഭാവമാണ് കേരളത്തിന്റെ പ്രശ്നം.

രാഷ്ട്രീയ- ഭരണ നേതൃത്വം ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. നമ്മുടെ മാതൃക നാം തന്നെയാണ്. തനത് കേരളത്തെ വീണ്ടെടുക്കാന്‍ ഭരണാധികാരികളുടെ മനോഭാവമാണ് മാറേണ്ടത്. അതിന് ജനശക്തി ഉണരണം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തൂത്തെറിഞ്ഞ ലോകരാഷ്ട്രങ്ങളുടെ അനുഭവത്തില്‍നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്.

(പുനഃപ്രസിദ്ധീകരണം)

 

content highlights: political willpower and foresight is the issue, not the money-mt ramesh