keralaപുതിയ കേരളം എങ്ങനെയാവണമെന്നതിനെപ്പറ്റി ഒരു ഗ്രന്ഥംതന്നെ എഴുതാൻ തോന്നുന്നു. ഓരോ മലയാളിയുടെയും ആഗ്രഹമായിരിക്കുമത്‌. ആഗ്രഹങ്ങളുടെ നിരകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിലതുമാത്രം കുറിക്കുന്നു.

പരിസ്ഥിതിമാലിന്യത്തിൽ   നിന്നുള്ള  മോചനം

പരിസ്ഥിതിമാലിന്യത്തിൽനിന്ന്‌ മോചിതമായ ഒരു കേരളമാണ്‌ ഒന്നാമത്തെ ആഗ്രഹം. മലയാളികൾ വൃത്തിഹീനരല്ല. ഭരണകൂടങ്ങൾ അവരെ മാലിന്യം പുഴയിലും പാതയോരത്തും കടലിലും വലിച്ചെറിയാൻ നിർബന്ധിതരാക്കുകയാണ്‌. ആധുനികവും സംസ്കാരസമ്പന്നവുമായ  ലോകരാഷ്ട്രങ്ങളിൽ മാലിന്യസംസ്കരണത്തിന്റെ സമ്പൂർണ ഉത്തരവാദിത്വം ഭരണകൂടത്തിന്റേതാണ്‌. കേരളത്തിലെ ഭരണാധികാരികൾ ദശകങ്ങളായി അതിൽനിന്ന്‌ തന്ത്രപൂർവം ഒഴിഞ്ഞുമാറിയതിന്റെ ഫലമാണ്‌ നാം ഇന്നനുഭവിക്കുന്ന  ചീഞ്ഞുനാറിയ കേരളവും ഇവിടെ പൊട്ടിപ്പുറപ്പെടുന്ന മാരകമായ സാംക്രമികരോഗങ്ങളും. മാത്രമല്ല, വിനോദസഞ്ചാര വികസനത്തിന്റെ ഒന്നാംപ്രമാണം വൃത്തിയാണെന്ന്‌ അറിഞ്ഞുകൂടാത്തവരാണോ ഇവിടത്തെ ഭരണാധികാരികൾ? എങ്കിൽ അവർക്ക്‌ ഹാ കഷ്ടം!

സ്ത്രീകൾ സുരക്ഷിതരാവുന്ന    കേരളം

സ്ത്രീകൾ സുരക്ഷിതമായി ജീവിക്കുന്ന ഒരു കേരളം. തൊട്ടയൽപക്കത്തെ തമിഴ്‌നാട്ടിലെന്നപോലെ, രാത്രിയും പകലും ഗ്രാമത്തിലും നഗരത്തിലും സമയത്തും അസമയത്തും ഒരു സ്ത്രീക്ക്‌ അവൾക്കാവശ്യമെങ്കിൽ ഒറ്റയ്ക്ക്‌ ഇറങ്ങിനടക്കാവുന്ന ഒരു കേരളം അതിമോഹമാണെന്ന്‌ അറിയാം. പക്ഷേ, അത്‌ ഉണ്ടാവാത്തിടത്തോളം കാലം നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വീമ്പിളക്കലുകളെല്ലാം ചാരമായി മാറുന്നു. ഈ മണിമാളികകൾക്കും ആഡംബരക്കാറുകൾക്കും സമരപ്പന്തലുകൾക്കും  എന്തർഥം, അവയിലെ സ്ത്രീകൾ ശാരീരികവും മാനസികവുമായി ചങ്ങലയ്ക്കിട്ടവരാണെങ്കിൽ?

ലൈംഗികമനോരോഗമില്ലാത്ത    കേരളം

ലൈംഗികതയെക്കുറിച്ച്‌ ബോധജ്ഞാനംനേടിയ കേരളം. ഒന്നിച്ചുപോകുന്ന, അല്ലെങ്കിൽ ഒന്നിച്ചിരിക്കുന്ന ആണിനെയും പെണ്ണിനെയും വളഞ്ഞ്‌, അപമാനിച്ച്‌, മർദിച്ച്‌, വസ്ത്രാക്ഷേപം നടത്തി നിർവൃതികൊള്ളുന്ന മലയാളികളെ നമ്മുടെ കുടുംബങ്ങളും ജാതി-മതങ്ങളും വിദ്യാഭ്യാസവ്യവസ്ഥയും ജനിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്‌. വീണ്ടും സംസ്കാരസമ്പന്നതയെക്കുറിച്ചുള്ള നമ്മുടെ വീരവാദങ്ങൾ ഈ ബീഭത്സതയ്ക്കുമുമ്പിൽ നിഴലുകളായി മാറുന്നു. പ്രാഥമികവിദ്യാഭ്യാസ പദ്ധതിയിൽ ആസൂത്രിതവും ധീരവുമായ മാറ്റംവരുത്തിയെങ്കിലേ ഒരു തലമുറയ്ക്കപ്പുറത്തെങ്കിലും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ സ്വകാര്യതയെയും പവിത്രതയെയും പറ്റി അവബോധമുള്ള, ലൈംഗിക മനോരോഗിയല്ലാത്ത ഒരു മലയാളി തലമുറ ഉണ്ടായിവരികയുള്ളൂ.

മതം ഭ്രാന്താവാത്ത കേരളം

മതവിശ്വാസത്തെ ഭ്രാന്തും അഹങ്കാരവും അക്രമാസക്തിയുമാക്കാൻ വിസമ്മതിക്കുന്ന മലയാളികൾക്ക് ഭൂരിപക്ഷമുള്ള ഒരു കേരളം. ഒരു പക്ഷേ, ഇന്നും ആ ഭൂരിപക്ഷമുണ്ട്‌. പക്ഷേ, അവർക്ക്‌ ശബ്ദമില്ല. ഉണ്ടെങ്കിലത്‌ ഉയർന്നുകേൾക്കുന്നില്ല. അവർ പ്രതിനിധാനം ചെയ്യുന്ന മാനവികതയുടെ സംസ്കാരം വളരുകയും ഭരണകൂടം അതിനൊത്ത്‌ ഉയരുകയും ചെയ്യുമ്പോൾ കേരളം ആത്മീയപരിഷ്കൃതിപ്രാപിച്ച ഒരു സമൂഹമായി മാറും. ഇന്നത്തെ പ്രാകൃതാത്മീയത ഒരു ദുഃസ്വപ്നംപോലെ തോന്നും.

ഉദ്യോഗസ്ഥർ പൗരരാകുന്ന കേരളം

മലയാളികളുടെ ജനാധിപത്യം നിയമിച്ച ജോലിക്കാരായ സർക്കാരുദ്യോഗസ്ഥർ അവർ ആരാണെന്ന്‌ മനസ്സിലാക്കി മലയാളികൾക്കൊപ്പം അണിനിരക്കുന്ന കേരളം. ഇന്നവർ ധരിച്ചുെവച്ചിരിക്കുന്നത്‌ അവർ മലയാളികളുടെ മേലാളന്മാരാണ്‌ എന്നാണ്‌. അവർ മേലാളരുമല്ല, കീഴാളരുമല്ല. തുല്യപൗരന്മാരാണ്‌. അവരുടെ ജോലിയും ശമ്പളവും നൽകുന്നത്‌ സാധാരണ പൗരനാണെന്നുമാത്രം. ആ  പൗരനോട്‌ സത്യസന്ധത പുലർത്താൻ അവർ തയ്യാറാകണം. എന്നാൽ, പൗരന്മാരെ യാചകരായി കാണാനാണ്‌ അവർക്കിഷ്ടം. സർക്കാരുദ്യോഗസ്ഥർ ജോലിയോട്‌ കൂറുകാണിക്കുകയും കൈക്കൂലി അവസാനിപ്പിക്കുകയും ചെയ്താൽത്തന്നെ കേരളം ഒരു നവകേരളമായി മാറും.

ഹർത്താലുകൾ താഴിടാത്ത    കേരളം

രാഷ്ട്രീയപ്പാർട്ടികളും അവരുടെ പ്രസ്ഥാനങ്ങളും മലയാളികളുടെ മേൽ അടിച്ചേല്പിക്കുന്ന ബന്ദുകളും ഹർത്താലുകളും അപ്രത്യക്ഷമായ  ഒരു കേരളം. മലയാളികളുടെ ജീവിതസ്വപ്നങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും മേലുള്ള ഭരണഘടനാവിരുദ്ധവും പ്രാകൃതവുമായ കൈയേറ്റങ്ങളാണ്‌ രാഷ്ട്രീയപ്പാർട്ടികൾ അവരുടെ ഒരു ദിവസത്തെ മുഖംമിനുക്കലിനുവേണ്ടി നമ്മുടെ ചെറുജീവിതങ്ങളിലേക്ക്‌ കഠാരപോലെ തിരുകുന്ന ഹർത്താൽ-ബന്ദുകൾ. ലോകത്തിലൊരിടത്തും ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു ജനതയുടെ ജീവിതസ്വാതന്ത്ര്യം ഇത്തരത്തിൽ ബലാത്സംഗം ചെയ്യപ്പെടുന്നില്ല. രാഷ്ട്രീയമായി നാം ഏതോ ജുറാസിക്‌ യുഗത്തിലാണ്‌ കഴിഞ്ഞുകൂടുന്നത്‌ എന്നാണ്‌ ഹർത്താൽ-ബന്ദുകൾ തെളിയിക്കുന്നത്‌.

സ്വതന്ത്രചിന്തയുടെ  നിർഭയകേരളം

നിർഭയമായും സ്വതന്ത്രമായും ചിന്തിക്കുന്ന പൗരന്മാർക്ക്‌ ഭൂരിപക്ഷമുള്ള ഒരു കേരളം. നാം ഓരോരുത്തരുടെമേലും പ്രത്യക്ഷമായും പരോക്ഷമായും ചെലുത്തപ്പെടുന്ന  രാഷ്ട്രീയവും മതപരവും ജാതിപരവും മാധ്യമപരവും വിപണിപരവുമായ ദുഃസ്വാധീനങ്ങൾ ഭീമവും ശക്തിയേറിയവയും ലാഭേച്ഛകൾ അടക്കിഭരിക്കുന്നവയുമാണ്‌. അവയിൽനിന്ന്‌ വിട്ടുനിൽക്കാൻ ഒരു പൗരനും സാധ്യമല്ല. എന്നാൽ, അവയുടെ യഥാർഥസ്വഭാവം മനസ്സിലാക്കി അവയെ കൈകാര്യംചെയ്യാൻ പഠിക്കുന്ന പൗരൻ സ്വതന്ത്രനായി. ആ സ്വതന്ത്രചിന്തയുടെ പരിശീലനം ലഭിക്കേണ്ടത്‌ കുടുംബത്തിലും വിദ്യാഭ്യാസ സംവിധാനത്തിലുമാണ്‌. വിദ്യാഭ്യാസവ്യവസ്ഥ സ്വതന്ത്രമായി ചിന്തിക്കുന്ന പൗരന്മാരെ സൃഷ്ടിച്ചുനൽകുന്ന ഒരു  കേരളം ഒരു അദ്‌ഭുതസ്വപ്നമാണ്‌. പക്ഷേ, സംഭവിച്ചുകൂടെന്നില്ല. അതായിരിക്കും നമ്മുടെ ബോധജ്ഞാനത്തിന്റെ യുഗം.

രാഷ്ട്രീയനവോത്ഥാനം    നടക്കുന്ന കേരളം

ഈ വാക്കുകൾ ചിലരെ അസ്വസ്ഥരാക്കിയേക്കാം. എന്റെ സ്വപ്നത്തിലുള്ള കേരളത്തിൽ മലയാളികൾ വോട്ടുചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികളുടെ കൂറ് മലയാളികളോടാണ്. ആ രാഷ്ട്രീയപ്പാർട്ടികളുടെ ലക്ഷ്യം മലയാളികളുടെ സാംസ്കാരികവും ഭൗതികവുമായ ഉന്നതിയും സ്വസ്ഥജീവിതവും ഐശ്വര്യപൂർണമായ ഭാവിയുമായിരിക്കും. ഇന്നത്തെ അവസ്ഥയിൽ രാഷ്ട്രീയപ്പാർട്ടികളുടെ ഒന്നാംകൂറ് അവരോടുതന്നെയാണ്. അവരുടെ അധികാരവ്യവസ്ഥിതിയുടെ ഉപകരണങ്ങൾമാത്രമാണ് മലയാളികൾ. ഇങ്ങനെ സംഭവിക്കുന്ന സമൂഹത്തിന്റെ ഭാവി ഇരുളടഞ്ഞതാണ്. കേരള രാഷ്ട്രീയത്തിൽ മലയാളികളുടെ പക്ഷത്ത്‌ ഉറച്ചുനിൽക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അതായിരിക്കും കേരളത്തിന്റെ പുതിയ രാഷ്ട്രീയനവോത്ഥാനം.

നവതലമുറയെ    വാർത്തെടുക്കുന്ന കേരളം

കുഞ്ഞുങ്ങളുടെ ഭൗതികവിജയത്തിനൊപ്പം പ്രധാനമാണ് അവരുടെ സാംസ്കാരികവും ആന്തരികവുമായ വികാസമെന്ന് തിരിച്ചറിയുന്ന ഒരു കേരളം. ഇത് ദുഷ്കരമാണ്. പക്ഷേ, ഇതിനുവേണ്ടി പരിശ്രമിച്ചില്ലെങ്കിൽ സാമൂഹികമര്യാദകൾ പാലിക്കുന്നവരും മനുഷ്യസ്നേഹത്തിന് പ്രാപ്തിയുള്ളവരും നീതിയും സത്യവും പുലർത്തുന്നവരുമായ മലയാളികൾ അപ്രത്യക്ഷരായേക്കാം. അതേസമയം, കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മക്കളുടെ മനുഷ്യത്വം ബലികഴിച്ചും അവരെ സാംസ്കാരികമായി ഇരുളടഞ്ഞ ജീവിതപന്ഥാവുകളിലേക്ക് തള്ളിവിടാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. മാനവികമൂല്യങ്ങളെ സ്പർശിക്കാത്ത ഒരു വിദ്യാഭ്യാസവ്യവസ്ഥ അതിന് കൂട്ടുനിൽക്കുന്നു. ഭീതിയിൽനിന്നും അരക്ഷിതാവസ്ഥയിൽനിന്നും ജനിച്ച ഈ വിദ്യാഭ്യാസവ്യവസ്ഥ ഇന്നത്തെ കേരളത്തിന്റെ ശാപമാണ്.

സമാധാനം പുലരുന്ന കേരളം

സംഘട്ടനാത്മകതയുടെയും അക്രമാസക്തിയുടെയും തെരുവുസമരങ്ങളുടെയും ഭീകരാന്തരീക്ഷം അവസാനിച്ച ഒരു കേരളം. പൗരന്മാരുടെ ദൈനംദിന ജീവിതങ്ങൾ ഇത്ര വ്യാപകവും ക്രൂരവുമായ തോതിൽ തകർക്കപ്പെടുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനമില്ല (കശ്മീർ ഒഴിച്ചാൽ. അവിടെ കാരണങ്ങൾ വ്യത്യസ്തമാണ്). രാഷ്ട്രീയപ്പാർട്ടികൾ നിർമിക്കുന്ന രാക്ഷസീയമായ അരാജകത്വം പൗരന്മാരുടെ സ്വസ്ഥജീവിതം അസാധ്യമാക്കി. ശാരീരികസംഘട്ടനങ്ങൾപോലെത്തന്നെ ബീഭത്സമാണ് വാക്കുകളുപയോഗിച്ചുള്ള ആക്രമണങ്ങൾ. ഈ യുദ്ധക്കളത്തിന്റെ മധ്യത്തിൽ വളരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ തലമുറകൾ അവരറിയാതെ, നാം അറിയാതെയും-Brutalisation- എന്ന ക്രൂരമായ പ്രക്രിയയ്ക്ക് ഇരയാകുകയാണ്. അവരുടെ ഹൃദയങ്ങളും മനസ്സുകളും തലച്ചോറും കല്ലിക്കുന്നു. മനുഷ്യത്വവും സഹാനുഭൂതിയും വരണ്ടുണങ്ങുന്നു.

** ** **

പക്ഷേ, ഞാൻ ശുഭാപ്തിവിശ്വാസിയാണ്. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട നമ്മുടെ ലോകവ്യാപാരങ്ങളിലൂടെ, നാമറിയാതെ, സവിശേഷമായ ഒരു മനസ്സ് നാം സമ്പാദിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ ഒരടിത്തറയുണ്ട്. അതുകൊണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന ഒരു പുതിയ കേരളം ജനിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

(പുനഃപ്രസിദ്ധീകരണം)