ടശ്ശേരി ഗോവിന്ദൻനായരുടെ വരികളാണിത്. കണ്ണീരാകുന്ന ഉപ്പുരസത്തിന്റെ ജലരാശി പൊടിയുന്നത് സങ്കടങ്ങളുടെ ഉറവയിൽനിന്നു മാത്രമല്ല, അപരനോടുള്ള കരുണയിൽ നിന്നുകൂടിയാണ്. നവരസങ്ങളിൽ, മനുഷ്യത്വം എന്ന ഒരുവന്റെ സ്വത്വത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നത് കരുണമാണ്.

 
 

കഴിഞ്ഞ ഇരുപതുവർഷം ഇന്റർനെറ്റും സോഷ്യൽ മീഡിയയും മനുഷ്യനെക്കാൾ വേഗത്തിൽ വളർന്നപ്പോൾ പരിക്കുപറ്റിയത് അവന്റെയുള്ളിലെ ഏറ്റവും നിർമലമായ ഈ ഒരു ഭാവത്തിനായിരുന്നു. ‘Sharing is caring’ എന്നൊരു സ്റ്റിക്കർ ലേബൽ പഠിക്കുന്ന കാലത്ത് സൈക്കിളിൽ ഒട്ടിച്ചത് ഓർത്തുപോകുന്നു, സോഷ്യൽ മീഡിയയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ എത്രയോപേരാണ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ‘ഫെയ്‌സ്ബുക്ക് ഷെയറിങ്ങിലൂടെ’ രക്ഷപ്പെട്ടുപോയത്! കഴിവുകൾ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവർ, ചികിത്സയ്ക്കുള്ള ഭീമമായ തുക ഒരിക്കലും ലഭിക്കില്ല എന്ന ഉറപ്പോടെ മരണത്തിലേക്ക് സ്വയം നടന്നുതുടങ്ങിയവർ, കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരപോലുമില്ലാത്തവർ... അങ്ങനെ പലവിധത്തിൽ കഷ്ടതകൾ അനുഭവിച്ച മനുഷ്യരെ ഒരൊറ്റ ക്ലിക്കിലൂടെ നമ്മൾ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് ഉയർത്തി.

പക്ഷേ, ഇന്ന് കാര്യങ്ങൾ നേരെ തിരിഞ്ഞു, എത്രയോ പേരുടെ ജീവിതങ്ങളാണ് നമ്മൾ ‘ഷെയർ’ ചെയ്ത് നശിപ്പിച്ചത്? കേട്ടതെല്ലാം ശരിയാണെന്ന മിഥ്യാധാരണയോടെ എന്തെല്ലാം നുണകളാണ് നമ്മൾ പ്രചരിപ്പിച്ചത്. നമ്മുടെ വിരൽത്തുമ്പിലൂടെ എത്രയോപേരാണ് ഡിപ്രഷനിലേക്ക് വീണുപോയത്. ‘സോഷ്യൽ മീഡിയ ആക്രമണം’ എന്ന പ്രയോഗം രൂപംകൊണ്ടത് കഴിഞ്ഞ അഞ്ചുവർഷങ്ങളിലാണ്. എത്രപെട്ടെന്നാണ് കരുണയുടെ സാധ്യതകളുടെക്കൂടി വിളനിലമായിരുന്ന ഒരിടം ഭയാനകവും ഭീഭത്സവും രൗദ്രവും കൊണ്ട് നിറഞ്ഞിരിക്കുന്നത

കഴിയുമെങ്കിൽ ‘The Shallows: How the Internet Is Changing the Way We Think, Read and Remember’ എന്ന പുസ്തകം ഇന്നുതന്നെ ഓർഡർ ചെയ്ത് വായിക്കണം. ‘ഒടുവിൽ മനുഷ്യൻ എന്നുപറഞ്ഞാൽ ലൈംഗിക അവയവമുള്ള ഒരു യന്ത്രം’ എന്ന് നിർവചിക്കപ്പെടുന്ന ഒരുകാലം വിദൂരമല്ല എന്നാണ് ഈ പുസ്തകം പറഞ്ഞുവെക്കുന്നത്.

എല്ലാവരും ഓട്ടമത്സരത്തിലെന്നപോലെ കൂടെ നിൽക്കുന്നവനെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ കുതിക്കുമ്പോൾ ‘മനുഷ്യത്വം’ എന്ന വിലപിടിപ്പുള്ള ഒന്ന് തിരിച്ചുകിട്ടാനാവാത്തവിധം നമ്മുടെ ഉള്ളിൽനിന്ന്‌ തെറിച്ചുപോകുന്നുണ്ട്.വൈകാതെ മനുഷ്യരാശിതന്നെ ഇല്ലാതാകും എന്നൊക്കെ കേൾക്കുമ്പോൾപോലും ഭയം തോന്നുന്നില്ല പക്ഷേ, താമസിക്കാതെ മനുഷ്യത്വം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മുന്നിൽ കൈകാലുകൾ വിറയ്ക്കുന്നു. ഇനി ഒരൊറ്റ വഴിയേ നമുക്കുമുന്നിൽ ഉള്ളൂ, അത് ഉള്ളിലെ കരുണയുടെ നീർച്ചാലുകളെ വറ്റാതെ കാക്കുക എന്നതാണ്.

[എഴുത്തുകാരനും പ്രാസംഗികനുമാണ്‌ ലേഖകന്‍ ]

(പുനഃപ്രസിദ്ധീകരണം)