വീണ്ടും ഒരു നവംബർ ഒന്ന്‌. കേരളത്തെപ്പറ്റിയും മലയാളഭാഷയെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും നാം അഭിമാനത്തോടെ ഓർക്കുന്ന ദിവസം. നമ്മെക്കാൾ നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പഠിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരിടം അമേരിക്കയിലുണ്ട്. മലയാളഭാഷയ്ക്കുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ചില മനുഷ്യരുണ്ട്. കണ്ണുകാണാഞ്ഞിട്ടുപോലും മലയാളത്തെ ഉള്ളിൽ കാത്തുസൂക്ഷിക്കുന്ന പണ്ഡിതനുണ്ട്. അതറിയുമ്പോൾ ഒരു പക്ഷേ, ഭാഷയ്ക്കുവേണ്ടി നാം ചെയ്യുന്നതെല്ലാം എത്ര നിസ്സാരമാണ് എന്നു നാം തിരിച്ചറിയും...!

തികച്ചും യാദൃച്ഛികമായാണ് ദർശനയെ പരിചയപ്പെട്ടത്. ഞാൻ താമസിക്കുന്ന ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ മലയാളം അധ്യാപികയാണ് ദർശന എന്നറിഞ്ഞപ്പോൾ അദ്‌ഭുതപ്പെട്ടുപോയി. ഇവിടെ ഒരു മലയാള പാഠ്യപദ്ധതിയുണ്ടെന്നത്‌ എനിക്ക് പുതിയ അറിവായിരുന്നു. കൂടാതെ, മലയാളപുസ്തകങ്ങളുടെ അമേരിക്കയിലെ ഏറ്റവും വലിയ ശേഖരവും സർവകലാശാലാ ലൈബ്രറിയിലുണ്ടെന്നറിഞ്ഞ് ഞാൻ ആവേശഭരിതയായി. ദർശനയുടെ ക്ഷണം സ്വീകരിച്ച് ഞാൻ സർവകലാശാല സന്ദർശിക്കാൻ ചെന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസിന്റെ കീഴിലുള്ള ഈ കലാലയം ടെക്സസിന്റെ തലസ്ഥാനനഗരിയായ ഓസ്റ്റിനിൽ സ്ഥിതിചെയ്യുന്നു. 1883-ൽ സ്ഥാപിതമായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിൻ, ലോകത്തിലെ മുൻനിരയിലുള്ള നാല്പത് സർവകലാശാലകളിലൊന്നാണ്. വിവിധ വിഭാഗങ്ങളിലായി 51,000-ത്തോളം വിദ്യാർഥികൾ, വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ. നാന്നൂറ്റി മുപ്പത്തിയേഴ് ഏക്കറിൽ വിശാലമായ കാമ്പസ്. ദർശന എന്നെ ആദ്യം കൊണ്ടുപോയത് ഏഷ്യൻസ്റ്റഡീസ് കെട്ടിടത്തിലുള്ള ദർശനയുടെ മുറിയിലേക്കാണ്. കേരളത്തിലെ ഒരു അധ്യാപികയുടെ മുറിയിലെത്തിയ പ്രതീതി. മേശപ്പുറത്ത് മലയാള പുസ്തകങ്ങൾ. മലയാളത്തിലുള്ള കുറിപ്പുകൾ. അവർ ഒരു കൈയെഴുത്തുമാസിക  എന്നെ കാണിച്ചു. മലയാള വിദ്യാർഥികളുടെ സൃഷ്ടികളാണ്‌. എല്ലാവർഷവും കുട്ടികളുടെ കൃതികളുമായി ഇങ്ങനെയൊരു കലാസൃഷ്ടി പുറത്തിറക്കുന്നു. ഞാൻ താളുകൾ മറിച്ചു. വൃത്തിയുള്ള കൈപ്പടയിൽ തെളിയുന്ന മലയാള അക്ഷരങ്ങൾ! ഇന്ത്യക്കാർ തൊട്ട് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ. ഗവേഷണത്തിലും മറ്റും കൂടുതലും അമേരിക്കൻ വിദ്യാർഥികളാണ്.

ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന്റെ കീഴിലാണ് മലയാള ഭാഷാപഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. നാലുവർഷങ്ങളിലായുള്ള മലയാളപാഠ്യപദ്ധതി, ബിരുദവിദ്യാർഥികൾ തൊട്ട് ഗവേഷണ വിദ്യാർഥികൾ വരെ പ്രയോജനപ്പെടുത്തുന്നു. ദർശന പത്തനംതിട്ട കുമ്പഴ സ്വദേശിയാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ ഡോ. എം.ജി. ശശിഭൂഷന്റെ കീഴിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്. 2014-ലാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിനിലേക്ക് നിയമിതയായത്. ‘‘ആദ്യമായി ഇവിടെയെത്തിയപ്പോൾ വേറൊരു ഗ്രഹത്തിലെത്തിപ്പെട്ടതുപോലെയാണ് തോന്നിയത്’’; -ദർശന ചിരിച്ചുകൊണ്ട് പറഞ്ഞു. ആ ചിരിയുടെ പിന്നിലെ കഥ മറ്റൊരു പ്രവാസിയായ എനിക്ക് പരിചിതമായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ഭാഷയും ഭക്ഷണരീതികളും കാലാവസ്ഥയും സംസ്കാരവുമെല്ലാം തികച്ചും അപരിചിതം തന്നെ. ഇരുകൈയും നീട്ടി സ്വീകരിച്ച സഹപ്രവർത്തകരും കൂടെനിന്ന വിദ്യാർഥികളുമാണ് വെല്ലുവിളികളെയൊക്കെ തരണംചെയ്യാനുള്ള ശക്തി നൽകിയതെന്ന് ദർശന നന്ദിയോടെ സ്മരിച്ചു. അപരിചിതർ സുഹൃത്തുക്കളും സ്വന്തക്കാരുമായി മാറി.

ധാരാളം വിദേശവിദ്യാർഥികളുള്ള കോഴ്‌സിനായി പാഠ്യക്രമം ഒരുക്കൽ, പരീക്ഷകളും ഗ്രേഡ് നിർണയവും നടത്തേണ്ട രീതികൾ തുടങ്ങിയുള്ള പരിശീലനങ്ങൾ സഹപ്രവർത്തകരിൽനിന്ന് ലഭിച്ചു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, കന്നഡ, സംസ്കൃതം തുടങ്ങിയ ഇന്ത്യൻ ഭാഷകളും ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന്റെ കീഴിലുണ്ട്. ഭാഷാപഠനത്തിനുമപ്പുറം ഭാഷയുടെ ഉറവിടമായ ഭൂമികയുടെ ചരിത്രവും സംസ്കാരവും അറിയുക എന്നത് എത്ര പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്നത് ഏഷ്യൻ സ്റ്റഡീസ് വിഭാഗം പൂർണമായി ഉൾക്കൊള്ളുന്നു. അതിന്റെ ഭാഗമായി പാഠ്യേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. മലയാളിവിദ്യാർഥികളുടെ ഒരു അസോസിയേഷൻ ഉണ്ട്. അവർ മുൻകൈയെടുത്ത് ദർശനയുടെ സഹായത്തോടെ ഓണം, വിഷു തുടങ്ങിയ കേരളീയ ഉത്സവങ്ങൾ ആഘോഷത്തോടെ കൊണ്ടാടുന്നു. പൂക്കള മത്സരവും സദ്യയുമൊക്കെയായി ഓണം ഗംഭീരമാക്കിയ ചിത്രങ്ങൾ ദർശന പങ്കുവെച്ചു.

മലയാളിസമൂഹത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള മലയാളം ക്രെഡിറ്റ് കോഴ്‌സുകൾക്കും ദർശന നേതൃത്വം വഹിക്കുന്നു.വടക്കേയമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാനയിലും ദർശനയുടെ സാന്നിധ്യമുണ്ട്. ഒരു വിദേശ രാജ്യത്ത് മലയാളത്തിന്റെ സന്ദേശവാഹകയായി വർത്തിക്കാൻ സാധിക്കുന്നതിലുള്ള ചാരിതാർഥ്യം ദർശനയുടെ മുഖത്ത് സ്ഫുരിക്കുന്നു.

മലയാളം ക്ളാസ്‌റൂം
മലയാളം ക്ളാസ്‌റൂം

***

ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തലവൻ ഡോ. ഡൊണാൾഡ് ഡേവിസ് എന്ന വ്യക്തിയുടെ മലയാളത്തോടുള്ള പ്രത്യേക പരിഗണന ഒന്നുകൊണ്ടുമാത്രമാണ് 40 വർഷത്തിലേറെ പഴക്കമുള്ള ഈ കോഴ്‌സ് ഇവിടെ നിലനിൽക്കുന്നത് എന്ന് ദർശനയിൽനിന്ന് ഞാൻ മനസ്സിലാക്കി. ‘‘അദ്ദേഹത്തെ സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം’’ ദർശന പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ മുറിയിലേക്ക് നടന്നു. ഇടനാഴിക്കിരുവശവും പല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ മുറികൾ പല രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവർ. ഏഷ്യൻ ഭൂഖണ്ഡത്തിന് കുറുകെ നടക്കുന്നതുപോലെ തോന്നി.

‘‘നമസ്കാരം ജെയിൻ, വരൂ ഇരിക്കൂ’’

ആറടിക്ക് മുകളിൽ ഉയരത്തിൽ ആജാനുബാഹുവായ അമേരിക്കൻ വംശജനായ മനുഷ്യൻ; വശ്യമായ ചിരി. സംസാരിക്കുന്നതോ ശുദ്ധമായ മലയാളത്തിൽ. അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമ്പോൾ ആംഗലേയമാണ് എന്റെ നാവിൽനിന്ന് വരുന്നത്. മറുപടി മലയാളത്തിലും! പിന്നെയുള്ള ഞങ്ങളുടെ സംഭാഷണം പൂർണമായും മലയാളത്തിലായിരുന്നു. കേരളത്തിൽ രണ്ടരവർഷത്തോളം താമസിച്ച് ഭാഷ പഠിക്കുകയും സംസ്കാരത്തെ തൊട്ടറിയുകയും ചെയ്ത ഒരു വ്യക്തിയുടെ മുമ്പിലാണ് ഞാനിരിക്കുന്നതെന്ന അറിവ് എന്നെ വിനയാന്വിതയാക്കി.

ഹാർവാഡ് സർവകലാശാലയിൽനിന്ന്‌ ബിരുദമെടുത്തതിനുശേഷം ബിരുദാനന്തര പഠനത്തിനായാണ് വിദ്യാർഥിയായ ഡേവിസ്‌ 1992-ൽ ഓസ്റ്റിനിലെത്തിയത്. ഡോ. റോഡ്‌നി മോഗിന്റെ കീഴിൽ മലയാളം പഠിച്ചപ്പോൾ കേരളചരിത്രത്തിലും മലയാള സാഹിത്യത്തിലും അദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടായി. കേരളത്തെ അടുത്തറിയണമെന്ന ആഗ്രഹവുമായി 1993-ൽ അദ്ദേഹം കേരളത്തിലെത്തി. തിരുവനന്തപുരത്ത് ഡോ. പ്രബോധചന്ദ്രൻ നായരുടെ കീഴിൽ മലയാളപഠനം തുടർന്നു. പിന്നീട് കോഴിക്കോട്ടെത്തിയ അദ്ദേഹം ഡോ. എം.ജി.എസ്. നാരായണന്റെ കീഴിൽ കേരളചരിത്രം ഒന്നരവർഷം പഠിച്ചു. ഡോ. കേശവൻ വെളുത്താട്ട്‌, ഡോ. എം.ആർ. രാഘവവാരിയർ, ഡോ. എം.എൻ. കാരശ്ശേരി എന്നിവരുടെ സഹായത്തോടെ കേരളത്തെ അടുത്തറിഞ്ഞു.

മലയാളത്തിനുപുറമേ സംസ്കൃതവും പഠിച്ചു. തന്റെ പിഎച്ച്.ഡി. ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിലെ പഴയകാല നിയമവ്യവസ്ഥയെക്കുറിച്ച് പ്രബന്ധമെഴുതി. ഡോ. ഡേവിസ് ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സ് അദ്ദേഹത്തോടൊപ്പം ആ കാലഘട്ടത്തിലെ കേരളത്തിലൂടെ സഞ്ചരിച്ചു. ഞാനും വിദ്യാർഥിയായിരുന്ന സമയമാണ്. അറിവിനുവേണ്ടി ഒരു വിദ്യാർഥി നടത്തിയ തീർഥാടനം എന്നെ അദ്‌ഭുതപ്പെടുത്തി. വിദ്യയാണ് ഏറ്റവും വലിയ ധനം എന്ന് നിരന്തരം ഓർമിപ്പിച്ചിരുന്ന അധ്യാപകമാതാപിതാക്കളുടെ മകളാണ് ഞാൻ.

ഡോ. ഡേവിസ് എന്റെനേരെ ഒരു പുസ്തകം നീട്ടി. ‘The Train that had wings’ എന്നാണ് പുസ്തകത്തിന്റെ പേര്. എം. മുകുന്ദന്റെ പതിനഞ്ച് ചെറുകഥകളുടെ ഇംഗ്ലീഷിലേക്കുള്ള വിവർത്തനം. 2005-ൽ ഡേവിസ്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം. മുകുന്ദന്റെ കഥകളിലെ ആധുനികതയാണ് ഡേവിസിനെ ആകർഷിച്ചത്. ആ കാലഘട്ടത്തിലെ മറ്റു രചനകളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന്റെ പുറത്തുള്ള ഭൂമികയിലേക്ക് വായനക്കാരനെ കൊണ്ടുപോയ കഥകളാണിവ. മുകുന്ദന്റെ എല്ലാ സഹായവും ഇതിനായി തനിക്ക് ലഭിച്ചു എന്ന് സ്നേഹത്തോടെ അദ്ദേഹം സ്മരിച്ചു.

കേരളത്തിൽ താമസിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളിലേക്ക് ഞങ്ങളുടെ സംഭാഷണം കടന്നു. ഭക്ഷണം ആദ്യം ഒരു പ്രശ്നമായിരുന്നു. പരിചയമില്ലാത്ത രുചികൾ; എരിവ് കൂടുതലും. സാവധാനം ഓരോരുചിയും നാവിന് പരിചയമായിത്തുടങ്ങി; ഭാഷപോലെ! തന്നോട് ഇംഗ്ലീഷിൽ സംസാരിക്കുന്നവരോടൊക്കെ ഡേവിസ് ‘‘ഞാൻ മലയാളം പഠിക്കാനാണ് കേരളത്തിൽ എത്തിയത്, എന്നോട് മലയാളത്തിൽ മാത്രം സംസാരിച്ചാൽ മതി’’ എന്ന് ആവശ്യപ്പെടുമായിരുന്നത്രേ! കോഴിക്കോട്ട്‌ ചെലവഴിച്ച കാലത്ത് താമസിച്ചിരുന്ന ശ്രീനിവാസ ലോഡ്ജിലെ കുറച്ച് ജീവനക്കാരുമായി അദ്ദേഹം അടുത്തു. ഇംഗ്ലീഷ് അറിയാത്ത ഭരതൻ, മുകുന്ദൻ, രാമചന്ദ്രൻ, മണിച്ചേട്ടൻ എന്നീ നാലു സ്നേഹിതരാണ് തന്റെ യഥാർഥ മലയാള അധ്യാപകരെന്ന് പറയുമ്പോൾ ആ കണ്ണുകൾ സ്നേഹത്താൽ നിറഞ്ഞിരുന്നു. ശ്രീനിവാസ ലോഡ്ജിൽ ധാരാളം സിനിമാ പ്രവർത്തകർ താമസിച്ചിരുന്നതായി അദ്ദേഹം ഓർക്കുന്നു. അങ്ങനെയാണ് മലയാള സിനിമകൾ കാണാൻ തുടങ്ങിയത്. അവരിലൊരാളിൽനിന്ന്‌ തന്റെ പ്രിയപ്പെട്ട നടൻ മോഹൻലാൽ തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്നറിഞ്ഞ് ഡേവിസ്‌ അതിരാവിലെ എട്ടുമണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തന്നെ കാണാൻവന്ന വിദേശിയായ ആരാധകനോട്, വീടിന് മുൻവശത്തിറങ്ങിവന്ന് തലേയാഴ്ചത്തെ പത്രത്തിൽ അദ്ദേഹത്തെക്കുറിച്ചുവന്ന വാർത്തയെപ്പറ്റി മോഹൻലാൽ സംസാരിച്ചു. വളരെ മധുരമുള്ള ഒരു ഓർമയായി ഇപ്പോഴും അത് അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

പിഎച്ച്.ഡി. ലഭിച്ചതിനുശേഷം ഡോ. ഡേവിസ് അമേരിക്കയിൽ വിവിധ സർവകലാശാലകളിൽ ഇന്ത്യൻ ചരിത്രം, കേരള ചരിത്രം, ഇന്ത്യയിലെ മതങ്ങൾ, സംസ്കൃതം എന്നീ വിഷയങ്ങൾ പഠിപ്പിച്ചു. 2013-ൽ തന്റെ ജന്മനാടായ ടെക്സസിൽ മാതൃവിദ്യാലയത്തിൽ അധ്യാപകനായി തിരികെയെത്തി. ഇപ്പോൾ ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന്റെ ചെയർ ആണ്. ഭാരതീയ സംസ്കൃതിയെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ മുൻപന്തിയിലാണ് ഈ വിഭാഗം. അമേരിക്കയിലെ ഏറ്റവും വലിയ മലയാള ഭാഷാ പാഠ്യപദ്ധതിയും ഏറ്റവും വലിയ മലയാള ഗ്രന്ഥശാലയും ഇവിടെയാണുള്ളതെന്നത്‌ ഈ ഭാഷാസ്നേഹിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ദൃഷ്ടാന്തമാണ്.

***

ഡോ. റോഡ്‌നി മോഗിനെ സന്ദർശിച്ചാലേ ഈ കഥ പൂർണമാവുകയുള്ളൂ. മുൻകൂട്ടി അറിയിച്ച് ദർശനയോടൊപ്പമാണ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. യൂണിവേഴ്സിറ്റിയുടെ വളരെ അടുത്താണ് വീട്. പല നിറങ്ങളിൽ പൂക്കൾവിടർന്നുനിൽക്കുന്ന ചെടികളാൽ മനോഹരമായ മുറ്റം. ടെക്സൻ റാഞ്ച് മാതൃകയിലുള്ള ഒരുനിലവീട്. വീടിന്റെ മുൻവശത്ത് മുറ്റത്ത്‌ വളരെ ഉയരത്തിൽ ഒരു ആന്റിന. കോളിങ്‌ ബെല്ലടിച്ച്‌ ഏതാനും നിമിഷങ്ങളിൽ വാതിൽ തുറന്നു. ‘‘ജെയിൻ എന്റെ വീട്ടിലേക്ക്‌ സ്വാഗതം’’ -ശുദ്ധമലയാള സംസാരത്തോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. വെള്ളഷർട്ടും സസ്പെൻഡേഴ്‌സ്‌ ഘടിപ്പിച്ച കറുത്തപാന്റ്‌സുമാണ്‌ വേഷം. പ്രസരിപ്പാർന്ന മുഖം. വീടിന്റെയകത്തുള്ള വസ്തുക്കളിൽ എന്റെ കണ്ണുകളുടക്കി. പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ, മേശപ്പുറത്ത്‌ അടുക്കിവെച്ചിരിക്കുന്ന സി.ഡി.കൾ, സംഗീത ഉപകരണങ്ങൾ, ഒരുവശത്ത്‌ റേഡിയോ റെക്കോഡിങ്‌ സ്റ്റേഷന്റെ പ്രതീതിയുണർത്തുന്ന സജ്ജീകരണങ്ങൾ. എല്ലാറ്റിനും അതിന്റേതായ സ്ഥാനമുണ്ടെന്ന്‌ മനസ്സിലാവും. അന്ധതയുടെ ഇരുട്ട്‌ കടന്നിട്ടില്ലാത്ത നിറഞ്ഞ വെളിച്ചമുള്ള വീട്‌. കാഴ്ചയില്ലെങ്കിലും വടിയില്ലാതെയാണ്‌ വീടിനുള്ളിലൂടെയുള്ള നടപ്പ്‌. വീട്‌ അദ്ദേഹം വ്യക്തമായി അറിയുന്നു. അലമാരയിൽനിന്ന്‌ മലയാള ഭാഷാപഠനത്തിനായി ഇപ്പോൾ സർവകലാശാലയിൽ ഉപയോഗിക്കുന്ന അദ്ദേഹം രചിച്ച പുസ്തകം എടുത്തുകൊണ്ടുവന്നു. ഞാൻ ആ പുസ്തകം കൈയിലെടുത്തു. ഒരു വിദേശ സർവകലാശാലയിൽ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ ഭാഷ എത്തിച്ചേർന്നതിന്റെ അത്യപൂർവമായ ചരിതത്തിന്റെ ചുരുളുകളഴിഞ്ഞുതുടങ്ങുന്നു.

1965-ൽ വിസ്‌കോൺസിൻ സർവകലാശാലയിൽ ഭാഷാശാസ്ത്ര വിദ്യാർഥിയായിരുന്ന കാലഘട്ടത്തിലാണ്‌ ഡോ. മോഗിന്റെ അധ്യാപകൻ മലയാളം എന്ന ഭാഷയെക്കുറിച്ചും അതിലുള്ള സാധ്യതകളെക്കുറിച്ചും സംസാരിച്ചത്‌. സർവകലാശാലയിൽ ഉണ്ടായിരുന്ന രണ്ട്‌ മലയാളി വിദ്യാർഥികളിൽനിന്ന്‌ അദ്ദേഹം മലയാളത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങി.

ഈ കാലഘട്ടത്തിലാണ്‌ ജോൺ എഫ്‌. കെന്നഡി ആരംഭിച്ച പീസ്‌കോർ എന്ന സംഘടനയ്ക്ക്‌ ഒരു ഭാഷാ പരിശീലകനെ ആവശ്യമുണ്ടെന്ന്‌ ഡോ. ​മോഗ്‌ കേട്ടത്‌. ലോകത്തെവിടെയും ആവശ്യമർഹിക്കുന്നയിടങ്ങളിൽ സേവനങ്ങളെത്തിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സന്നദ്ധസേവകരുടെ കൂട്ടായ്മയാണ്‌ പീസ്‌ കോർ. പീസ്‌ കോറിനുവേണ്ടി അദ്ദേഹം മലയാളം പഠിപ്പിക്കാൻ തുടങ്ങി.

ഒരു വിദേശഭാഷയോട്‌ തോന്നിയ സ്നേഹം, ആ നാടിനെ അടുത്തറിയണമെന്ന ആഗ്രഹം. ഇതൊക്കെയാണ്‌ 1966-ൽ അദ്ദേഹത്തെ കേരളത്തിലെത്തിച്ചത്‌. കേരളം താൻ സന്ദർശിച്ച മറ്റു പല സ്ഥലങ്ങളെക്കാളും വ്യത്യസ്തമായി അദ്ദേഹത്തിനനുഭവപ്പെട്ടു. ‘‘കേരളം എനിക്ക്‌ വളരെ പ്രിയപ്പെട്ട സ്ഥലമാണ്‌’‌’ -എന്നു പറയുമ്പോൾ മുഖത്ത്‌ പടരുന്ന ചിരി; ഓർമയുടെ പുസ്തകത്താളുകൾ പിന്നിലേക്ക്‌ മറിയുന്നു. തിരുവനന്തപുരത്ത്‌ ഡോ. പ്രബോധചന്ദ്രൻ നായരുടെ കീഴിൽ മലയാള വ്യാകരണം പഠിച്ചു. ഭാഷയെയും സംസ്കാരത്തെയും അടുത്തറിഞ്ഞു. തിരുവനന്തപുരത്തെ അന്ധവിദ്യാലയം സന്ദർശിക്കുകയും കുട്ടികളുമായി സമയം ചെലവഴിക്കുകയും ചെയ്തിരുന്നത്‌ അദ്ദേഹം ഓർക്കുന്നു. മലയാള അക്ഷരങ്ങൾ ബ്രെയിലുപയോഗിച്ചുള്ള അനുരൂപവത്‌കരണങ്ങൾ ആദ്യം ബുദ്ധിമുട്ടായിത്തോന്നിയിരുന്നു. പിന്നെ അതും കൈപ്പിടിയിലൊതുങ്ങി.

തിരുവനന്തപുരംതൊട്ട് കണ്ണൂർവരെ യാത്രചെയ്തു. ട്രെയിനിലായിരുന്നു കൂടുതലും യാത്ര. പല ഗ്രാമ്യ ഭാഷാഭേദങ്ങളും പഠിച്ചു. വ്യത്യസ്തമായ ഭക്ഷണങ്ങളിലൂടെ പുതിയ രുചികൾ അറിഞ്ഞു. കാഴ്ചയ്ക്കുമപ്പുറം പലതും അനുഭവിച്ചറിഞ്ഞു. കേരളത്തിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ സംഭാഷണശൈലികളെക്കുറിച്ചുള്ള താരതമ്യപഠനമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം. കേരളത്തിൽനിന്ന് തിരിച്ചുവന്നശേഷം പല സർവകലാശാലയിൽ അധ്യാപകനായി ജോലി ചെയ്തു. 1981-ൽ ഓസ്റ്റിൻ സർവകലാശാലയിൽ മലയാളം സമ്മർ കോഴ്‌സ് പഠിപ്പിച്ചു. 1988-ൽ അധ്യാപകനായി നിയമനം ലഭിച്ചു. മലയാള ഭാഷപാഠ്യപദ്ധതി വിപുലീകരിക്കുകയും മലയാളത്തിന്റെ സന്ദേശവാഹകനായി അമേരിക്കയിലുടനീളം യാത്ര ചെയ്യുകയും ചെയ്തു. ഡോ. മോഗ് രചിച്ച മലയാളഭാഷപഠന പുസ്തകമാണ് പഠനങ്ങൾക്കായി ഓസ്റ്റിനിലും മറ്റ് സർവകലാശാലകളിലും ഉപയോഗിക്കുന്നത്. 2008-ലാണ് ഡോ. മോഗ്‌ ഒടുവിൽ കേരളം സന്ദർശിച്ചത്.

സംഗീതംപോലെ ഡോ. മോഗിന് പ്രിയപ്പെട്ടതാണ് ഹാം റോഡിയോ. ഇന്റർനെറ്റ് ലോകത്തെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുമുമ്പുള്ള വിനിമയ മാധ്യമമായിരുന്നു ഹാം റേഡിയോ. വളരെ ചെറുപ്പത്തിൽത്തന്നെ ഹാം റേഡിയോയെക്കുറിച്ച് പഠിക്കുകയും അതിന്റെ ലൈസൻസെടുക്കുകയും ചെയ്തു. ഹാം റേഡിയോ വഴി അദ്ദേഹത്തിന് പുറംലോകത്തേക്കുള്ള വാതിൽ തുറന്നു. അന്ധതയുടെ പരിമിതികൾക്കപ്പുറം സഞ്ചരിക്കാനും ലോകം അറിയാനും അതുവഴി സാധിച്ചു. കേരളത്തിലും ഹാം റേഡിയോവഴി സുഹൃത്തുക്കളെ ലഭിച്ചു. ഡോ. ഉമാദത്തനുമായുള്ള സൗഹൃദം ഹാം റേഡിയോ വഴിയായിരുന്നു. പിന്നീട് കൊച്ചിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു. ഇന്നും ദിവസവും ഹാം റേഡിയോ ഗ്രൂപ്പുകളിൽ സംസാരിക്കുന്നത് ഡോ. മോഗിന് ഏറെ സന്തോഷം നൽകുന്നു. മുൻവശത്തുകണ്ട ആന്റിന എന്തിനുള്ളതാണെന്ന് ഇപ്പോൾ എനിക്ക് വ്യക്തമായി.

(ഓസ്റ്റിനിൽ താമസിക്കുന്ന ലേഖിക പാലാ പ്ളാശനാൽ സ്വദേശിയാണ്‌)