ടെക്‌സസ് സര്‍വകലാശാലയിലെ മലയാളം പുസ്തകങ്ങളുടെ ലൈബ്രറി ഒരദ്ഭുതമാണ്. കേരളത്തില്‍ ലഭിക്കാത്ത പുസ്തകങ്ങള്‍ പോലും സ്‌നേഹാദരങ്ങളോടെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

യാത്രപറഞ്ഞിറങ്ങിയപ്പോൾ തീർച്ചയായും ലൈബ്രറി സന്ദർശിക്കണമെന്ന് ഡോ. ​ഡൊണാൾഡ്‌ ഡേവിസ്‌ എന്നെ ഓർമിപ്പിച്ചിരുന്നു. വിവിധ ഭാഷകളിൽ അലയടിക്കുന്ന സംഭാഷണശകലങ്ങൾ ഒന്നായി ഒരു കടലിരമ്പം! ഒരു മരത്തിന്റെ ചുവട്ടിൽ ഏതോ ക്രിസ്തീയ മതവിഭാഗത്തിന്റെ പ്രഭാഷണം ഉച്ചഭാഷിണിയിലൂടെ ഒഴുകുന്നു. ചുറ്റും കൂടിനിൽക്കുന്ന വിദ്യാർഥികൾ. രാഷ്ട്രീയം, മതം, യുക്തിവാദം, ലൈംഗിക ആഭിമുഖ്യം, സ്വാതന്ത്ര്യം തുടങ്ങിയ നാനാവിധമായ ചിന്തകളുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ഈറ്റില്ലമാണ് അമേരിക്കൻ കാമ്പസുകൾ. ജീവിതത്തിന്റെ ഏറ്റവും നല്ലകാലം അനുഭവിക്കുന്ന വിദ്യാർഥികൾ. അവരുടെ സാമീപ്യം എനിക്കും ഊർജം പകരുന്നു.

ഞങ്ങൾ ലൈബ്രറിയുടെ മുമ്പിലെത്തി. സർവകലാശാലയിൽ ഏഴ് ലൈബ്രറികളാണുള്ളത്. ഞങ്ങൾ നിൽക്കുന്നത് പെറി കാസ്റ്റനീഡ (PCL) എന്ന ലൈബ്രറിയിലാണ്. വിവിധ ഭാഷകളിൽ പല വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. വിദ്യാർഥികൾക്ക് മാത്രമല്ല, പൊതുജനത്തിനും ഈ ലൈബ്രറി ഉപയോഗിക്കാവുന്നതാണ്. ധാരാളം വിദ്യാർഥികൾ ലൈബ്രറിയിൽ അങ്ങിങ്ങായി ഇരുന്ന് വായനയും പഠനവും ഒക്കെ നടത്തുന്നു. ഞങ്ങൾ ആറാം നിലയിൽ മലയാള പുസ്തകങ്ങളുടെ വിഭാഗത്തിലെത്തി.

കണ്ണുകൾക്ക് അവിശ്വസനീയമായ കാഴ്ച. കട്ടിയുള്ള പുറംചട്ടയണിയിച്ച്, ഇംഗ്ലീഷിൽ പേരുകൾ അടയാളപ്പെടുത്തി ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന മലയാള പുസ്തകങ്ങൾ. ഡോ. ഡേവിസ് പറഞ്ഞതുപോലെ സാഹിത്യത്തിന് പുറമേ ആയുർവേദം, മതം, ചരിത്രം, യാത്ര തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പതിനായിരക്കണക്കിനു മലയാള പുസ്തകങ്ങളുടെ അത്യപൂർവമായ ശേഖരം! ഇതുകൂടാതെ മറ്റുലൈബ്രറികളിൽ കേരളത്തെ സംബന്ധിക്കുന്ന മറ്റു ഭാഷകളിലുള്ള പുസ്തകങ്ങളുമുണ്ട്. അമേരിക്കയിൽ എന്റെ നാടായ ഓസ്റ്റിനിൽ ഒരു കൊച്ചുകേരളം. ഇതിലും വലിയ ഒരു സമ്മാനം ഒരു പ്രവാസിക്ക് ലഭിക്കാനില്ല. പ്രവാസയാത്രയിൽ ജന്മനാടിന്റെ ഓരോ അടയാളവും അമൂല്യമാണ്.

പുസ്തകങ്ങളെ തലോടി കൈയിലെടുത്ത് നെഞ്ചോടുചേർത്ത് സാഹിത്യവിഭാഗത്തിലാണ് ഞാൻ കൂടുതൽ സമയംചെലവഴിച്ചത്. എന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെ വായിച്ചതും വായിക്കാനേറെ ആഗ്രഹിക്കുന്നതുമായ കൃതികൾ. തകഴി, ബഷീർ, പൊറ്റെക്കാട്ട്, എം.ടി., ടി.പത്മനാഭൻ, ഒ.വി. വിജയൻ, സേതു, സക്കറിയ, മുകുന്ദൻ, പത്മരാജൻ, മാധവിക്കുട്ടി, സരസ്വതിയമ്മ എന്നിങ്ങനെ പുതുതലമുറയിലെ എഴുത്തുകാർ വരെയുള്ളവരുടെ കൃതികളുടെ സമ്പൂർണശേഖരം. ലീലാതിലകം, മണിപ്രവാളകൃതികൾ, ചെമ്പൂർ കാവ്യങ്ങൾ തുടങ്ങിയ പഴയകൃതികളും ദർശന ചൂണ്ടിക്കാണിച്ചു. രാമകഥപ്പാട്ട് കൈയിലെടുത്തപ്പോൾ പഴമയുടെ തലോടൽ .... ഇതൊക്കെ ഒരു വിദേശരാജ്യത്താണെന്നുള്ളത് ചരിത്രം സംരക്ഷിക്കുന്നതിൽ പുസ്തകങ്ങളുടെ സംരക്ഷണം എത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന് ഇവർ മനസ്സിലാക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.

കണ്ണുകൾ ആർത്തിയോടെ ആത്മാവിന്റെ ഭക്ഷണം ആസ്വദിച്ചു. ഇവിടെയുള്ള പുസ്തകങ്ങളുടെ ഒരു ചരിത്രം പിന്നീട് ഞാൻ പ്രിയപ്പെട്ട എഴുത്തുകാരൻ സേതുവിന് അയച്ചുകൊടുത്തപ്പോൾ തന്റെ കൈയിൽനിന്ന് നഷ്ടമായ ആദ്യനോവൽ ‘നനഞ്ഞ മണ്ണ്’ ചിത്രത്തിൽക്കണ്ട് അദ്ദേഹം വികാരാധീനനായി. 2018-ലെ പ്രളയത്തിലാണ് അദ്ദേഹത്തിന്റെ കൈയിൽ ബാക്കിയായിരുന്ന അവസാന ഫയൽ കോപ്പിയും നഷ്ടമായത്. ആ നോവലിനായി നമ്പൂതിരി വരച്ചിരുന്ന ചിത്രങ്ങൾ നഷ്ടപ്പെട്ടതിൽ ഏറെ വിഷമിച്ചിരുന്ന അദ്ദേഹത്തിന് തികഞ്ഞ ആശ്വാസമായി ഓസ്റ്റിനിലെ ‘നനഞ്ഞ മണ്ണി’ന്റെ സാന്നിധ്യം.

ലൈബ്രറിയിലെ ഗ്രന്ഥസൂചകന്റെ സഹായത്തോടെ കേരളത്തിൽനിന്ന് നൂറോളം പുസ്തകങ്ങൾ തിരഞ്ഞെടുത്ത് പ്രതിമാസം ഇവിടെയെത്തിക്കുന്നു. ആവശ്യമനുസരിച്ച് മറ്റ് ലൈബ്രറികളിൽനിന്ന്‌ വേണ്ട പുസ്തകങ്ങളും ലഭ്യമാക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ മലയാള പുസ്തകശേഖരമാണിത്.

ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ദർശനയ്ക്ക് ക്ലാസിന് സമയമായിരുന്നു. ക്ലാസിലേക്ക് വരൂ, കുട്ടികളെ പരിചയപ്പെടാം എന്ന സ്നേഹപൂർവമായ ക്ഷണം എനിക്ക് നിരസിക്കാനായില്ല. പുതിയ ഒരുഭാഷ അറിയുക. അതുവഴി ആ നാടിനെ മനസ്സിലാക്കുക എന്നതൊക്കെയാണ്‌ മറ്റ്‌ ഐച്ഛികവിഷയങ്ങളിൽ ബരുദപഠനം നടത്തുന്ന വിദ്യാർഥികളുടെ ഭാഷാ പഠനത്തിന്റെ ഉദ്ദേശ്യം. ബരുദാനന്തര ബിരുദപഠനവും പിഎച്ച്.ഡി.യും ചെയ്യുന്ന വിദ്യാർഥികൾ കേരളത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലുള്ള ആഴമേറിയ പഠനത്തിന്റെ ഭാഗമായാണ് ഭാഷ പഠിക്കുന്നത്. വലിയൊരു പങ്ക് അമേരിക്കയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ്. അമേരിക്കയിൽ ജനിച്ചുവളർന്ന ഇന്ത്യൻ വിദ്യാർഥികളിൽ മലയാളികളുമുണ്ട്. അവരിൽ ചിലർ മലയാളം സംസാരിക്കുന്നവരാണ്.

ക്ലാസിലേക്ക് കുട്ടികളെത്തിത്തുടങ്ങുന്നു. അധ്യാപികയും വിദ്യാർഥികളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത് എന്ന് ഒരു സ്നേഹിതയോടെന്നപോലെയുള്ള അവരുടെ പെരുമാറ്റത്തിൽനിന്ന് മനസ്സിലാവും. ചുവരിലെ വലിയ എഴുത്തുപലകയിൽ തെളിയുന്ന മലയാള അക്ഷരങ്ങൾ. വ്യാകരണമാണ് ഇന്നത്തെ ക്ലാസ് അവരോടൊപ്പം ഞാനുമൊരു വിദ്യാർഥിയായി.

രണ്ടാംതലമുറയെ മാതൃഭാഷ പഠിപ്പിക്കുക അത്ര എളുപ്പമല്ല എന്ന് എന്റെ അനുഭവത്തിൽ നിന്നെനിക്കറിയാം. അവർ ജീവിക്കുന്ന ഇടങ്ങളിൽ ഇടപെടുന്ന ആൾക്കാരിൽ ഒന്നും മലയാളം സംസാരിക്കുന്നവർ തീരെ ഇല്ല. പ്രവാസത്തിന്റെ പരീക്ഷണങ്ങളിൽ മക്കളെ മലയാളം പഠിപ്പിക്കുക എന്നത് പലരുടെയും മുൻഗണനപ്പട്ടികയിൽ വളരെ താഴ്ന്നുപോകുന്നു. അവിടെയാണ് ഇങ്ങനെയുള്ള പാഠ്യപദ്ധതികളുടെ പ്രസക്തി.

കുട്ടികൾ എഴുത്തുപലകയിൽ മനോഹരമായ അക്ഷരങ്ങളിൽ എഴുതുന്ന മലയാളം കണ്ണുകൾക്ക് ആനന്ദകരമായ ദൃശ്യമായി.

ക്ലാസ് കഴിഞ്ഞ് ചില വിദ്യാർഥികളെ ഞാൻ പരിചയപ്പെട്ടു. മൈക്കിളിന്റെ അമ്മ സ്പെയിൻകാരിയും അച്ഛൻ മലയാളിയുമാണ്. മലയാളം പഠിക്കാനുള്ള മൈക്കിളിന്റെ ആഗ്രഹം ദർശനയിലൂടെ നിറവേറുന്നു. ഷെറീന നാലാംവർഷ ജേണലിസം വിദ്യാർഥിനിയാണ്; മലയാളം മൂന്നാംവർഷവും. വീട്ടിൽ പരിചയിച്ചതുകൊണ്ട് സംസാരിക്കാനറിയാമായിരുന്നു. എഴുതാനും വായിക്കാനും കേരളത്തെക്കുറിച്ച് കൂടുതലറിയാനും മൂന്നു വർഷത്തെ മലയാളപഠനം തന്നെ സഹായിച്ചു എന്നു പറയുമ്പോൾ ഷെറീനയുടെ മുഖത്ത് നിറഞ്ഞ സന്തോഷം ഞാൻ ശ്രദ്ധിച്ചു. ഷെറീന സർവകലാശാലയിലെ വിദേശഭാഷാ ഫെലോഷിപ്പിന്റെ ഭാഗമായി മലയാളത്തിൽ ഫെലോഷിപ്പും ചെയ്യുന്നു. കേരളത്തിൽപ്പോയി ഭാഷാപഠനം നടത്താനും കേരളീയ സംസ്കാരം മനസ്സിലാക്കാനുമുള്ള സൗകര്യങ്ങൾ സർവകലാശാല ചെയ്തുകൊടുക്കുന്നു. അതിന്റെ ചെലവും വഹിക്കുന്നു.

മൈക്കിൾ ഫൈഡൽ പിഎച്ച്.ഡി. വിദ്യാർഥിയാണ്. മൈക്കിളിന്റെ ഗവേഷണ വിഷയം ‘പ്രാദേശിക മതങ്ങളിലധിഷ്ഠിതമായ സംസ്കൃത ഗൃഹ്യസൂത്രങ്ങൾ’ എന്നതാണ്.

വേദങ്ങളിലുള്ള അവയുടെ വേരുകളും ആധുനിക പശ്ചാത്തലത്തിലെ ഉപയോഗങ്ങളും ആണ് താൻ മനസ്സിലാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി. വളരെ ഗഹനമായ ഒരു വിഷയം, മലയാളവും സംസ്കൃതവും പഠിച്ച് ഗവേഷണം ചെയ്യുന്ന ഒരു അമേരിക്കൻ വംശജൻ. ദർശനയ്ക്കുമുമ്പ് ഇവിടെ പഠിപ്പിച്ചിരുന്നത് ഡോ. ഉണ്ണിത്താൻ ആയിരുന്നു. ഡോ. മോഗ് വിരമിച്ചപ്പോഴാണ് കേരളത്തിൽനിന്ന് അദ്ദേഹത്തെ കൊണ്ടുവന്നത്. 2014 വരെ അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചു. ആ ലൈബ്രറിയോടും ക്ളാസ്‌ മുറികളോടും വിടപറയുമ്പോൾ മനസ്സ്‌ പറഞ്ഞു: എന്റെ മലയാളം ഇവിടെ സുരക്ഷിതം.

‘‘ചേട്ടാ എന്നു വിളിച്ച് ഡേവിസ് ’’ -എം. മുകുന്ദൻ

ചേട്ടാ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഫോൺ വിളിയിലൂടെയാണ് അമേരിക്കക്കാരനായ പ്രൊഫസർ ഡോണാൾഡ് ഡേവിസിനെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹം എന്റെ പതിനഞ്ച് ചെറുകഥകൾ ഇംഗ്ലീഷിലേക്ക് അതിമനോഹരമായി വിവർത്തനംചെയ്തു. മിഷിഗൺ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഈ പുസ്തകം എന്റെ എഴുത്തുജീവിതത്തിൽ ഒരു ബഹുമതിയായി ഞാൻ കാണുന്നു. പിന്നീടൊരിക്കൽ മാഹി കോളേജിൽ എന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തി. ശുദ്ധമായ മലയാളത്തിൽ മലയാളം വിഭാഗത്തിലെ അധ്യാപകരോടും വിദ്യാർഥികളുമായി ഒരു അമേരിക്കൻ പ്രൊഫസർ നടത്തിയ സംഭാഷണം അവർക്കും ഹൃദ്യമായ ഒരനുഭവമായിരുന്നു.