റുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോഴും കേരളത്തിന്റെ ഔദ്യോഗിക ഭാഷയാവാതെ മലയാളം. 2015-ൽ ഇതിനായി മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി രാഷ്ട്രപതി ഒപ്പിടാനായി അയച്ചെങ്കിലും ആറുവർഷമായി ഇത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കെട്ടിക്കിടക്കുകയാണ്. ബില്ലിലെ കുറവുകൾ പരിഹരിക്കാനും തുടർനടപടി സ്വീകരിക്കാനും കേരളം സമ്മർദം ചെലുത്താത്തതാണ് കാരണമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നിയമസഭ പാസാക്കുന്ന കൺകറന്റ് ലിസ്റ്റിൽപ്പെട്ട (സംസ്ഥാനത്തിനും കേന്ദ്രത്തിനും പങ്കാളിത്തമുള്ള) ബില്ലുകൾ ഗവർണർ ഒപ്പിട്ട് രാഷ്ട്രപതിക്ക് അംഗീകാരത്തിന് നൽകുകയാണ് പതിവ്. ബില്ലിൽ സംശയങ്ങൾ ഉണ്ടെങ്കിൽ സ്റ്റേറ്റ് ലെജിസ്‌ലേറ്റീവ് കൗൺസിലിന് കൈമാറണം. എന്നാൽ, ഈ ബിൽ നിയമവകുപ്പിൽ വരാതെ ആഭ്യന്തര മന്ത്രാലയത്തിൽ കിടക്കുകയാണെന്നും ഗവർണർ ഒപ്പിടാത്തതാണ് കാരണമെന്നുമാണ് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ പറയുന്നത്. അതേസമയം, സംസ്ഥാന പട്ടികയിൽപ്പെട്ട ബിൽ ഗവർണർക്ക് അയക്കാതെ ചില ഉദ്യോഗസ്ഥർ നേരെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് കരടുബിൽ തയ്യാറാക്കിയ നിയമസഭയുടെ മുൻ ഔദ്യോഗിക ഭാഷാകമ്മിറ്റി ചെയർമാനും മുൻ ഡെപ്യൂട്ടിസ്പീക്കറുമായ പാലോട് രവി മാതൃഭൂമിയോട് പറഞ്ഞു. രാഷ്ട്രപതിക്ക് അയക്കേണ്ടിയിരുന്ന ബില്ലല്ല ഇതെന്നും ഗവർണർ ഒപ്പിട്ടാൽ മതിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ നിയമമന്ത്രാലയുമായി ബന്ധപ്പെട്ടവരും ബിൽ ഇനിയും നിയമമായില്ലെന്ന് വ്യക്തമാക്കി.

1969 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ആണ്. സർക്കാർ-കോടതി പ്രവർത്തനങ്ങളിലും വിദ്യാലയങ്ങളിലും മലയാളം നിർബന്ധമല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ബിൽ കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ച ഭേദഗതികളെല്ലാം അംഗീകരിച്ച് സഭ ഐകകണ്ഠ്യേനയാണത് പാസാക്കിയത്.