ടൻ പ്രാബല്യത്തിൽ വരുന്നതാണെന്ന ആമുഖത്തോടെയാണ് മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബിൽ തുടങ്ങുന്നത്. ബില്ലുകളും നിയമങ്ങളും ശാസനങ്ങളും ചട്ടങ്ങളും സർക്കാർ ഉത്തരവുകളുമെല്ലാം മലയാളത്തിലാക്കാനും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനും എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ബിൽ.

മലയാളം വിദ്യാലയങ്ങളിൽ നിർബന്ധമായും പഠിപ്പിക്കേണ്ട ഒന്നാം ഭാഷയാക്കുക, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ മലയാളഭാഷാ വികസന വകുപ്പാക്കുക, നിയമസഭകളിലെ ബില്ലുകളും പാസാക്കുന്ന നിയമങ്ങളും ഗവർണറുടെ ഉത്തരവുകളും മലയാളമാക്കുക, കത്തിടപാടുകൾ മലയാളത്തിലാക്കുക, ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കോടതികളിലെ ഭാഷ മലയാളമാക്കുക, പെറ്റിക്കേസുകളിൽ വിധിന്യായം, സർക്കാരിനു കീഴിലുള്ള അർധ ജുഡീഷ്യൽ സ്ഥാപനങ്ങളിലെ വിധിന്യായങ്ങൾ എന്നിവ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണം നൽകുക, പി.എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയും പ്രധാന നിർദേശങ്ങളായിരുന്നു.

സർക്കാരിനു കീഴിലുള്ള സ്വയംഭരണ-സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോർഡുകൾ, ഇവിടെയുള്ള വാഹനങ്ങളുടെ ബോർഡുകൾ എന്നിവ മലയാളത്തിലും രേഖപ്പെടുത്തണം. സംസ്ഥാനത്ത് വിൽക്കുന്നതോ നിർമിക്കുന്നതോ ആയ ഉത്പന്നങ്ങളിൽ മലയാളത്തിൽ വിവരങ്ങളുണ്ടാവണം തുടങ്ങി വേറെയും ഒട്ടേറെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയും 1969-ലെ ഔദ്യോഗിക ഭാഷാ ആക്ട് റദ്ദുചെയ്തും ഉണ്ടാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയിട്ടും നിയമമാവാതെ കിടക്കുന്നത്.

വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമായും പഠിപ്പിക്കാൻ 2017-ൽ കേരളം വേറെ നിയമം കൊണ്ടുവന്നിട്ടുണ്ട്. സർക്കാർതലത്തിൽ മലയാളം നിഷ്കർഷിക്കാൻ ഉത്തരവുകളും ഇറക്കാറുണ്ട്. എന്നാൽ, 1969-ലെ നിയമം ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഈ ഉത്തരവുകൾ നിർബന്ധിതമെന്ന്‌ നിഷ്കർഷിക്കാനാവില്ല.