ഇന്ന് നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചവരിൽ പ്രമുഖ സ്ഥാനമാണ് ലീഡർക്കുള്ളത്.  ചരിത്രം സൃഷ്ടിക്കാനും സ്വയം ചരിത്രമാകാനും അപൂർവം ചില മനുഷ്യർക്കേ സാധിക്കൂ.  അതിലൊരാളായിരുന്നു അദ്ദേഹം.  

നെഹ്രുകുടുംബത്തിലെ മൂന്ന് തലമുറയ്ക്കൊപ്പം പ്രവർത്തിച്ച നേതാവ്, കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ മാർഗവും ഗതിയും നിർണയിച്ച  ഐക്യജനാധിപത്യമുന്നണിക്ക്  അസ്ഥിവാരമിട്ട കരുത്തൻ, ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ  ആരാധകരെയും  എതിരാളികളെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യൻ... 

നിശ്ചയദാർഢ്യം മനുഷ്യരൂപമെടുത്താൽ അത്‌ കെ. കരുണാകരനാകുമെന്ന്‌ എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.  ഒരു തീരുമാനമെടുത്താൽ  അതിൽനിന്ന് അദ്ദേഹത്തെ    പിന്തിരിപ്പിക്കാൻ ലോകത്ത്‌ ഒരു ശക്തിക്കും സാധ്യമല്ലായിരുന്നു.  രാഷ്ട്രീയരംഗത്തെ അതിസാഹസികൻ എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല.  ചെറുപ്പക്കാരെ  മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എന്നും അതിതാത്‌പര്യം പ്രകടിപ്പിച്ചയാളായിരുന്നു ലീഡർ. എന്റെ മാർഗദർശിയും കരുത്തും പ്രേരണയും എന്നും അദ്ദേഹമായിരുന്നു. 1986-ൽ എന്റെ 28-ാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ എന്നെ ഉൾപ്പെടുത്തുന്നത്. എന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവമെന്താണെന്ന് ചോദിച്ചാൽ ലീഡറുടെ മന്ത്രിസഭയിലിരുന്ന കാലമെന്ന് ഞാൻ പറയും.  

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്നണിരാഷ്ട്രീയത്തിന്റെ  തലതൊട്ടപ്പൻ എന്ന്‌ അദ്ദേഹത്തെ പലരും വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയപരീക്ഷണങ്ങൾ പിൽക്കാലത്ത് ഇന്ത്യയ്ക്കുതന്നെ മാതൃകയായി. ആ അർഥത്തിൽ ഇന്ത്യൻ  രാഷ്ട്രീയത്തിന്  പുത്തൻ ദിശാബോധം നൽകിയ നേതാവ് എന്ന്‌ അദ്ദേഹത്തെക്കുറിച്ച് പറയുന്നതിൽ  അപാകമൊന്നുമില്ല.  ഒരു ഭരണകർത്താവ് എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഇതാ, ഇങ്ങനെയായിരിക്കണം എന്ന്   ചൂണ്ടിക്കാണിക്കാൻ  മലയാളിക്കുമുമ്പിൽ ഒരാളേയുള്ളു.

പ്രതിപക്ഷ നേതാവാണ് ലേഖകൻ