ണ്ണോത്ത്‌ കരുണാകരൻ കേരള രാഷ്ട്രീയത്തിലെ ഒരു നിത്യവിസ്മയമാണ്‌. സ്നേഹോഷ്മളമായ പുഞ്ചിരി, കുസൃതിയോടെയുള്ള കണ്ണിറുക്കൽ, പ്രസാദാത്മകമായ  പെരുമാറ്റം, വാക്കുകളിലെ നിശ്ചയദാർഢ്യം, തീപ്പൊരി പാറുന്ന പ്രസംഗം. ഓർമകളിൽ എത്രയെത്ര മിഴിവുറ്റ ചിത്രങ്ങൾ. സഹജീവികളോടുള്ള കരുണയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.  സഹായത്തിനെത്തുന്ന ആരെയും ഉപേക്ഷിച്ചില്ല. കാണാനെത്തുന്നവരെല്ലൊം നവോന്മേഷത്തോടെ മടങ്ങി. അവർക്കെല്ലാം കരുണാകരൻ സ്നേഹനിധിയായിരുന്നു. ജനങ്ങളുടെ സാന്നിധ്യം  എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.

ഹൃദയം കീഴടക്കുന്ന ആതിഥേയൻ
മറ്റുള്ളവർക്ക്‌ എന്തെങ്കിലും കൊടുക്കുന്നതിലായിരുന്നു കരുണാകരൻ ആനന്ദം കണ്ടെത്തിയിരുന്നത്‌. വീട്ടിലെത്തുന്ന സന്ദർശകരെ തീൻമേശയിലേക്ക്‌ ആനയിക്കാൻ അദ്ദേഹം മടിച്ചിരുന്നില്ല.  ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നതിൽ പത്നി കല്യാണിക്കുട്ടിയമ്മ കാട്ടിയിരുന്ന ഔത്സുക്യം കരുണാകരൻ എന്ന ആതിഥേയന്‌ അനുഗ്രഹമായിരുന്നു. സഹപ്രവർത്തകർക്ക്‌ ഭക്ഷണം നൽകുന്നതിൽ ഈ സൽക്കാരപ്രിയൻ ഒരു പിശുക്കും കാട്ടിയിരുന്നില്ല.  അടുപ്പിലെ തീ പകലന്തിയോളം അണഞ്ഞിരുന്നില്ല. തന്റെ വീട്ടിലെത്തുന്നവരുടെ ഭക്ഷണ അഭിരുചികൾ ലീഡർ നേരത്തേ മനസ്സിലാക്കും.  ഓരോരുത്തർക്കും നൽകേണ്ട ഭക്ഷണവസ്തുക്കളെപ്പറ്റി പാചകക്കാരന്‌ നേരിട്ട്‌ നിർദേശം നൽകുമായിരുന്നു. മദ്യമൊഴികെ ഏതു ഭക്ഷണവും അതിഥികൾക്ക്‌ ലഭ്യമാക്കിയിരുന്നു. കാർ യാത്രയിൽ വിവിധ ടിന്നുകൾ തുറന്ന്‌ കശുവണ്ടി, ഉപ്പേരി, കുഴലപ്പം തുടങ്ങിയ വിഭവങ്ങൾ സഹയാത്രികർക്ക്‌ വിതരണം ചെയ്തുകൊണ്ടിരിക്കും.

ചിട്ടകൾ രീതികൾ
ഭക്ഷണകാര്യത്തിൽ ലീഡർ പുലർത്തിയിരുന്ന ചിട്ട മാതൃകാപരമാണ്‌. പ്രാതലിന്‌ ഇഡ്ഡലിയോ ദോശയോ അപ്പമോ ഏതെങ്കിലും ഉണ്ടാകും. കൂടിയാൽ രണ്ടെണ്ണം കഴിക്കും. കൂട്ടത്തിൽ സാമ്പാറോ കറിയോ ഉണ്ടാകും. ഉച്ചയ്ക്ക്‌ ഒരു പിടി ചോറും സസ്യക്കറികളും മാത്രം. വൈകുന്നേരം ആവിയിൽ പുഴുങ്ങിയ പലഹാരം. രാത്രി മരുന്നുകഞ്ഞി.  ഇന്ദിരാഗാന്ധിയുടെ മരണശേഷം അവർക്ക്‌  പ്രിയപ്പെട്ട കദളിപ്പഴം കഴിച്ചിട്ടില്ല. ഭാര്യയുടെ മരണശേഷം മത്സ്യമാംസാദികളും ഉപേക്ഷിച്ചു.  ചായയോ കാപ്പിയോ കുടിക്കാറില്ല.

കാറപകടത്തെ തുടർന്ന്‌ ആരോഗ്യം തകർന്നെങ്കിലും ചിട്ടയായ ജീവിതചര്യയിലൂടെയാണ്‌ ആരോഗ്യം വീണ്ടെടുത്തത്‌. ബ്രാഹ്മമുഹൂർത്തത്തിൽ ഉറക്കമുണരുന്ന  കരുണാകരൻ രാവിലെ അരമണിക്കൂർ വീട്ടുമുറ്റത്ത്‌ കൈവീശി വേഗത്തിൽ നടക്കും. ദിനചര്യകൾക്കും പത്രപാരായണത്തിനും ശേഷം പൂജാമുറിയിൽ ധ്യാനനിരതനാവും. വ്യായാമവും ധ്യാനവുമാണ്‌ ശരീരവും മനസ്സും ഊർജസ്വലമാക്കിയത്‌.
ലളിതമായ ജീവിതനിഷ്ഠയാണ്‌ വൈതരണികളും വൈഷമ്യങ്ങളും അതിജീവിക്കാൻ ലീഡർക്ക്‌ കരുത്തുപകർന്നത്‌. ഭക്ഷണക്രമത്തിലെ വൈകല്യം മൂലമുണ്ടായ അൾസറും കടുത്ത പുകവലിമൂലമുണ്ടായ ശ്വാസതടസ്സവും മധ്യവയസ്സിലെ ആരോഗ്യപ്രശ്നങ്ങളായിരുന്നു. തെറ്റായ ജീവിതശൈലി മാറ്റിയതോടെയാണ്‌ അവയിൽനിന്ന്‌ പൂർണമോചനം നേടിയത്‌. പോഷകപ്രദമായ ഭക്ഷണത്തെയാണ്‌ അദ്ദേഹം മരുന്നാക്കി മാറ്റിയത്‌. ലീഡർ പതിവായി തങ്കഭസ്മം കഴിക്കുന്നുണ്ടെന്ന്‌ ചിലർ കള്ളപ്രചാരണം നടത്തിയിരുന്നു.

രാഷ്ട്രീയത്തിൽ മുഴുവൻ സമയവും വ്യാപൃതനായിരുന്നപ്പോഴും കുടുംബത്തോടുള്ള കരുതൽ കൃത്യമായി നിർവഹിച്ചിരുന്നു.  യാത്രകൾ കഴിഞ്ഞ്‌ മടങ്ങി വരുമ്പോൾ പേരക്കിടാങ്ങൾക്ക്‌ വസ്ത്രങ്ങളും മധുരപലഹാരപ്പൊതിയും വാങ്ങിക്കൊണ്ടുവരും. പേരക്കിടാങ്ങൾ എന്തുപറഞ്ഞാലും അനുസരിക്കും. കാറപകടം ലീഡറിന്റെ  ശരീരമാണ്‌ തകർത്തതെങ്കിൽ, മനസ്സ്‌ തകർത്തത്‌ കല്യാണിക്കുട്ടിയമ്മയുടെ അകാല മരണമാണ്‌. എല്ലാ ദിവസവും പൂജാമുറിയിൽ നിന്നും ഇറങ്ങിയാലുടനെ ധർമപത്നിയുടെ ചിത്രത്തിന്‌ മുമ്പിൽ ഒരു മിനിറ്റ്‌ നേരം കൈകൂപ്പി  നിൽക്കും. അപ്പോൾ കണ്ണുകൾ നിറയും. ആരുമറിയാതെ മേൽമുണ്ടുകൊണ്ട്‌ കണ്ണീരൊപ്പും. ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ഭാര്യയെ ഓർമിച്ച്‌ ഒരു ഉരുള ചോറ്‌് പാത്രത്തിന്റെ കോണിൽ മാറ്റിവെച്ച ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കൂവെന്ന നിർബന്ധം മരണം വരെയും പുലർത്തിയിരുന്നു.

ആശ്രിത വത്സലൻ
അതിരറ്റ ആശ്രിതവാത്സല്യമായിരുന്നു ലീഡറിന്റെ ഗുണവും ദോഷവും. അടുത്തു കൂടിയ ചില ഉപജാപകർ അദ്ദേഹത്തിന്റെ കനിവിനെ ദുരുപയോഗപ്പെടുത്തി. രാഷ്ട്രീയത്തിൽ മക്കൾക്കുവേണ്ടി നിലകൊണ്ടുവെന്ന ആക്ഷേപം പേറിയ കരുണാകരൻ രാഷ്ട്രീയരംഗത്ത്‌  ഒട്ടേറെ വളർത്തുമക്കളെ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിൽ ഒരു യുവനിരയെ വളർത്തിയെടുത്തത്‌ കരുണാകരനാണ്‌. അർഹതയില്ലാത്തവരെയും വളർത്തിയെന്നതാണ്‌ അദ്ദേഹം ചെയ്ത അപരാധം.

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കാറപകടം വരെ കരുണാകരൻ സഞ്ചരിക്കുന്ന ഒരു ഊർജപ്രസരണിയായിരുന്നു. പറക്കുന്ന കാറിൽ വന്നിറങ്ങുന്ന കരുണാകരൻ ഓടിയും ചാടിയുമാണ്‌ സ്റ്റേജിലേക്ക്‌ കയറിയിരുന്നത്‌. നടുവുയർത്തി ശിരസ്സുയർത്തി നടന്നിരുന്ന അദ്ദേഹം അവസാന നാളുകളിൽ കൂനിക്കൂനി നടക്കുന്നത്‌ കണ്ടപ്പോൾ എന്നെപ്പോലുള്ളവർക്ക്‌ കടുത്തവിഷമം തോന്നിയിരുന്നു.  

തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയക്കാരൻ
ഗുരുവായൂരപ്പന്റെ ഭക്തനായിരുന്നെങ്കിലും കരുണാകരൻ ഒരിക്കലും വർഗീയ വാദിയായിരുന്നില്ല. പി.പി. ജോർജ്‌, ഡേവിസ്‌ ചേരെപ്പാടൻ, അബൂബക്കർ  സാഹിബ്‌ എന്നിവരായിരുന്നു തൃശ്ശൂരിലെ ഉറ്റചങ്ങാതികൾ. റഹ്‌മാനും ജോസഫുമായിരുന്നു ആദ്യകാല പേഴ്‌സണൽ അസിസ്റ്റന്റുമാർ. ഓണവും വിഷുവും എന്നപോലെ ക്രിസ്‌മസും റംസാനുമെല്ലാം കരുണാകരനും കുടുംബവും മറ്റുള്ളവരെ ക്ഷണിച്ചുവരുത്തി ആഘോഷിച്ചിരുന്നു.  ഓണത്തിന്‌ ഓണക്കോടിയും വിഷുവിന്‌ വിഷുക്കൈനീട്ടവും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകും.

കേരളത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയവ്യക്തിത്വമാണ്‌ ലീഡർ. കൊലപാതകം മുതൽ രാജ്യദ്രോഹം വരെയുള്ള കുറ്റകൃത്യങ്ങൾ തലയിൽ കെട്ടിവെക്കപ്പെട്ടപ്പോഴും അദ്ദേഹം ഒട്ടും പതറിയില്ല. തട്ടിൽ കേസ്‌, രാജൻ കേസ്‌, ചാരക്കേസ്‌ എന്നിവയിൽ തനിക്ക്‌ ഒരു പങ്കും ഉണ്ടായിരുന്നില്ലെങ്കിലും അതിനുത്തരവാദികളായവരെ ആരെയും തള്ളിപ്പറഞ്ഞില്ല.  സ്ഥാനനഷ്ടം, മാനഹാനി എന്നീ ഭവിഷ്യത്തുകൾ സ്വയം പേറുകയാണ്‌ ചെയ്തത്‌.

തന്നെ കൊലയാളിയായും കരിങ്കാലിയായും ചിത്രീകരിച്ച രാഷ്ട്രീയ പ്രതിയോഗികളെ ഒരിക്കലും ശത്രുക്കളായി കണ്ടില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച മാധ്യമങ്ങളോട്‌ വൈരനിര്യാതന ബുദ്ധി കാട്ടിയില്ല. ലീഡറെ നിരന്തരം വേട്ടയാടിയ മാധ്യമ പ്രവർത്തകർക്ക്‌ ഈ ജന്മശതാബ്ദി വേളയിൽ കുറ്റബോധത്താൽ പ്രായശ്ചിത്തം ചെയ്യേണ്ടിവരും. സ്വാതന്ത്ര്യസമര യോദ്ധാവായിരുന്ന തന്നെ രാജ്യദ്രോഹിയാക്കി ചിലർ മുദ്രയടിച്ചതാണ്‌ ലീഡറുടെ മനസ്സിനെ വ്രണിതമാക്കിയ ഏറ്റവും വലിയ ദുഃഖം.

സംസ്ഥാന നവകേരള മിഷൻ കോ-ഓർഡിനേറ്ററാണ് ലേഖകൻ