ഞാൻ ആദ്യം കാണുമ്പോൾ ആരും അദ്ദേഹത്തെ ലീഡർ എന്ന് വിളിച്ചിരുന്നില്ല; ആൾ അന്നേ ലീഡർ ആയിരുന്നെങ്കിലും. പെരുമ്പാവൂരിന്റെ കിഴക്കേ കവലയായ കുറുപ്പംപടി എന്ന പ്രദേശം. ഹൈസ്കൂൾവളപ്പിൽ യോഗം. അധ്യക്ഷവേദിയിൽ- കൂട്ടത്തിൽ ഉയർന്ന ഭൂമി എന്നർഥം-പെട്രോമാക്സ് വെളിച്ചം പകർന്ന സന്ധ്യ. പെട്രോമാക്സിൽ ആകൃഷ്ടരായ പ്രാണികൾ പ്രഭാഷകന്റെ ജുബ്ബയ്ക്കുള്ളിൽ പിക്കറ്റിങ്ങും ധർണയും. ഇടതുകൈ കൊണ്ട് അവയെ വേട്ടയാടുമ്പോൾ പ്രഭാഷകന്റെ വലതുകൈ മൈക്കിന്റെ തണ്ടിൽ. വേട്ടയ്ക്ക് വലതുകൈ പ്രയോഗിക്കുമ്പോൾ വലതിന്റെ സ്ഥാനത്ത് ഇടത്. അനിയനും ഞാനും ചരൽ നിറഞ്ഞ മണ്ണിൽ ചമ്രം പടിഞ്ഞിരുന്നു. ലീഡറായിരുന്നു പ്രഭാഷകൻ 

ആ പരിചയം
അൻപതുകളുടെ ആദ്യകാലം. ലീഡർ തൃശ്ശൂർ ജില്ലയിലെ ഒരു ഇടത്തരം നേതാവ്. അന്ന് എറണാകുളം ജില്ല രൂപവത്‌കരിച്ചിട്ടില്ല; ഞങ്ങൾ തൃശ്ശൂർ ജില്ലയിലായിരുന്നു. പനമ്പള്ളിയിൽ കുറഞ്ഞ ഒരു നേതാവിനും അന്ന് കാറിന് ‘ എലിജിബിലിറ്റി’യില്ല. ബസിൽ വരും. പ്രസംഗം കഴിഞ്ഞ് നാട്ടിൻപുറത്ത് ഏതെങ്കിലും വീട്ടിൽ അന്തിയുറങ്ങും. അവസാനവണ്ടിയൊക്കെ എപ്പോഴേ പോയിരിക്കും! അക്കാലത്ത് നാട്ടിൽ വരുമ്പോഴൊക്കെ ലീഡർക്ക് ഞങ്ങളുടെ വീട്ടിലായിരുന്നു താമസമൊരുക്കിയിരുന്നത്.

പിന്നെ ലീഡറെ കാണുന്നത് അദ്ദേഹം പ്രതിപക്ഷനേതാവായിരിക്കെയാണ്. 1970 ജനുവരിയിലോ മറ്റോ അദ്ദേഹം അധ്യക്ഷത വഹിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മീറ്റിങ്ങിൽ പി.കെ. അബ്ദുള്ളയോടൊപ്പം പങ്കെടുത്തപ്പോൾ.  

കളക്ടറായിരുന്ന കാലം ലീഡർക്ക് അല്പം ഈർഷ്യയുണ്ടാകാമായിരുന്നെങ്കിലും അച്ഛനുമായി ഉണ്ടായിരുന്ന പരിചയം അതിന് തടയണ ചമച്ചു. അന്നത്തെ ഡി.സി.സി. പ്രസിഡന്റ്‌ ജോസ് കുറ്റിയാനി എന്നൊരാളായിരുന്നു. ഞങ്ങൾ തമ്മിൽ രസക്കേടിന് കാര്യങ്ങൾ പലതുമുണ്ടായി. അന്ന് ജോസും കോട്ടയത്തെ പി.എസ്. ജോണുമൊക്കെ ലീഡറുടെ ഉപഗ്രഹങ്ങളാണ്. എങ്കിലും എന്നോടുള്ള വാത്സല്യം ലീഡർ ഒരിക്കലും മറന്നില്ല. 

ഏകദേശം അഞ്ചുവർഷമാണ് ഞാൻ കളക്ടറായി ജോലിചെയ്തത്. മത്സരപ്പരീക്ഷ വഴി ഐ.എ. എസിൽ എത്തിയവരിൽ കൃഷ്ണകുമാറും ഞാനുമായിരുന്നു നാലുവർഷത്തിനപ്പുറത്തേക്ക് കടന്നത് എന്ന് തോന്നുന്നു. അതിന്റെ രണ്ടാം ഭാഗമായിരുന്നു ദീർഘതരം; ഏകദേശം നാല് കൊല്ലം. അക്കാലത്തെ കരുത്തനായ ആഭ്യന്തരമന്ത്രിയും ഇടയ്ക്കിടെ അച്യുതമേനോൻ റഷ്യയിലും മറ്റും ചികിത്സയ്ക്കു പോകുമ്പോൾ ആക്ടിങ്‌ മുഖ്യമന്ത്രിയും ആയിരുന്നു ലീഡർ. എന്നിരിക്കിലും അധികം ഇടപെടേണ്ടിവന്നില്ല, ഔദ്യോഗികമായി. 

പോലീസുമായി നല്ല ബന്ധം പുലർത്തിയ കളക്ടർ എന്ന നിലയ്ക്ക് ആഭ്യന്തരമന്ത്രിയുമായി ഉരസാൻ സന്ദർഭം കുറവായിരുന്നു. എന്നാൽ, 1975 ഓഗസ്റ്റിൽ സ്ഥലം മാറിയതിന് ഒരു ചെറിയ പോലീസ് ബന്ധമുണ്ടായിരുന്നുതാനും. കളക്ടറുദ്യോഗം മടുത്തിരുന്നു. അച്യുതമേനോനും എമ്മെനും ഇടുക്കിയിൽനിന്ന് വിടുകയില്ല. ഒടുവിൽ കുളമാവ് പ്രശ്നം കൂടെ അന്തിമമായി പരിഹരിച്ചതോടെ എമ്മെന് അരമനസ്സായി. എന്നിട്ടും കാര്യം നടന്നില്ല. അങ്ങനെയിരിക്കെയാണ് മിസ(അന്നത്തെ പോട്ട) അനുസരിച്ച് അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പോലീസ് സമർപ്പിച്ചത്. നേരത്തേ സൂചിപ്പിച്ചിട്ടുള്ളതുപോലെ രണ്ടാമത്തെ പട്ടികകൊണ്ടുവന്നപ്പോൾ ഞാൻ ഉടക്കി. ആർ.എസ്‌.എസ്. നിരോധിക്കപ്പെട്ട ശേഷം ഈ ആളുകൾ വല്ലതും ചെയ്തോ? പണ്ട് ഡ്രില്ലിന് പോയതിന് ഇപ്പോഴെന്തിന് തടവ്? വല്ല നിയമനവും കാത്തിരിക്കുന്നവർ ഇക്കൂട്ടത്തിലുണ്ടോ? എന്നൊക്കെ ചോദിച്ചു. പിന്നെ ഒരിക്കൽകൂടി ചോദിക്കേണ്ടിവന്നില്ല! കാത്തിരുന്ന സ്ഥലംമാറ്റം ഉടൻ വന്നു. അത് നന്നായി. ജില്ലയിൽ തുടർന്നിരുന്നുവെങ്കിൽ എന്റെ സ്ഥിതി അച്യുതമേനോന്റേതിനെക്കാൾ കഷ്ടമായേനെ! 

1977. ലീഡർ മുഖ്യമന്ത്രി. മൻമോഹനിൽ തന്നെ താമസം. അന്ന് ടൈറ്റാനിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം (നാല്പതു ശതമാനം) ഞാൻ ലീഡർക്കാണ് കൈമാറിയത്. രണ്ടംഗ മന്ത്രിസഭാക്കാലത്ത് വ്യവസായ വകുപ്പിന്റെ ചുമതല കാരണവർക്കായിരുന്നു.

ആ തീരുമാനങ്ങൾ 
ഭരണാധികാരിയായ ലീഡറെ തിരിച്ചറിയാൻ ഉതകുന്ന ചില സംഗതികൾ പറയാം. ലീഡർ ഇടുക്കിയിൽ കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാൽ, കുളമാവിലെ അണക്കെട്ട്‌ കോൺക്രീറ്റായി മാറ്റാൻ ലീഡറുടെ സഹായം ഉണ്ടായി. 

മുടന്തിയും ഇഴഞ്ഞും നീങ്ങിയ പണി. ഇടുക്കിയിലും ചെറുതോണിയിലും പണി തീർന്നാലും കുളമാവ്‌ തീരാതെ വെള്ളം സംഭരിക്കാനാവുകയില്ല. അതുകൊണ്ട്‌ കുളമാവിലെ പണി യന്ത്രവത്‌കരിക്കാനും ഇടുക്കി ഡാം പണിയുന്ന കമ്പനിയെ ഏല്പിക്കാനും നിശ്ചയിച്ചു. അതിനുമുമ്പ്‌ മൂവായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടണം. ആ കഥ മലയാളത്തിലെ ആദ്യത്തെ സർവീസ്‌ സ്റ്റോറി ആയ ‘ഗിരിപർവ’ത്തിലും ഇപ്പോൾ എട്ടാംപതിപ്പിൽ എത്തിനിൽക്കുന്ന ‘കഥ ഇതുവരെ’യിലും പറഞ്ഞിട്ടുള്ളത്‌ ആവർത്തിക്കുന്നില്ല.

എന്നാൽ, പ്രധാനമായും മാർക്സിസ്റ്റ്‌-നക്സൽ യൂണിയനുകളിൽപ്പെട്ടവരായിരുന്നു തൊഴിലാളികൾ എന്നതിനാൽ പോലീസിന്റെ കാര്യക്ഷമത പ്രധാനമായിരുന്നു. അപ്പോഴാണ്‌ ഇടതുനേതാക്കൾ കോൺഗ്രസിന്റെ ആൾബലമില്ലാത്ത സംഘടനയുടെ നേതാവിനെ കരുണാകരന്റെയടുത്ത്‌ അയക്കാൻ ഒരുങ്ങുന്നതായി മലനാടൻ കാറ്റ്‌ എന്നെ അറിയിച്ചത്‌. ഞാൻ എം.എൻ. ഗോവിന്ദൻ നായരെ അറിയിച്ചു. അദ്ദേഹം ലീഡറെ നേരിൽക്കണ്ട്‌ സംഗതി വിശദീകരിച്ചു. സംഗതി ലീഡർക്ക്‌ ബോധ്യമായി. നേതാവ്‌ തിരുവനന്തപുരത്തെത്തിയപ്പോൾ ‘വിവരം അറിഞ്ഞു’. അന്ന്‌ ലീഡർ മറിച്ചൊരു തീരുമാനം എടുത്തിരുന്നുവെങ്കിൽ ഇടുക്കിയിലെ ട്രയൽ റൺ 1975-ൽ നടക്കുമായിരുന്നില്ല.

അപൂർവ സഹോദരന്മാരായ ജോസഫ്‌ തോമസും (ഐ.പി.എസ്‌.) വി.ജെ. കുര്യനും (ഐ.എ.എസ്‌.) വഴി മധ്യകേരളത്തിന്‌ കിട്ടിയ നേട്ടങ്ങളാണല്ലോ കലൂർ സ്റ്റേഡിയവും നെടുമ്പാശ്ശേരി വിമാനത്താവളവും. സംഗതി ബോധ്യപ്പെട്ടാൽ ലീഡർ കൂടെ നിൽക്കും എന്നതിന്‌ തെളിവാണ്‌ രണ്ടും. അറിയാവുന്ന കഥ പറയേണ്ടതില്ലല്ലോ. ലീഡർ ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ഇപ്പറഞ്ഞ രണ്ടു പദ്ധതികളും  പാളിപ്പോയെനെ.

1985-ൽ ആണ്‌ വല്ലാർപ്പാടത്തെ ഐ.സി.ടി.ടി.ക്ക്‌ ഞാൻ നിർദേശംവെച്ചത്‌. അത്‌ ലീഡറെ ബോധ്യപ്പെടുത്താൻ എനിക്ക്‌ കഴിഞ്ഞില്ല. ലീഡറെ അറിയിക്കുന്നതിന്‌ മുമ്പ്‌ കേന്ദ്രത്തിൽ സമർപ്പിച്ചതും അദ്ദേഹത്തിന്‌ ചൊറിച്ചിലുണ്ടാക്കിയിരിക്കണം. പോരെങ്കിൽ ചൊറിയാൻ ചില ചൊറിയന്മാർ ഒപ്പം ഉണ്ടായിരുന്ന കാലവും. ഫലമോ? ഇരുപതു കൊല്ലം കഴിഞ്ഞ്‌ മലയാളികളായ മൂന്ന്‌ ഐ.എ.എസുകാർ (പ്രധാനമന്ത്രിയുടെ സെക്രട്ടറി ടി.കെ.എ. നായർ, കാബിനറ്റ്‌ സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, ഷിപ്പിങ്‌ സെക്രട്ടറി കെ. മോഹൻദാസ്‌) കേന്ദ്രത്തിൽ ഒത്തുവന്നപ്പോഴാണ്‌ പണി തുടങ്ങാനായത്‌. ആ കാലവിളംബം സൃഷ്ടിച്ച പങ്കപ്പാടുകളിൽനിന്ന്‌ വല്ലാർപാടം കരകയറി വരുന്നതേയുള്ളൂ.

ഇതുകൂടെ പറയണം. ഗോശ്രീപാലങ്ങൾ എത്ര കാലമായി പറഞ്ഞുനടന്നതാണ്‌. തോമസ്‌ മാത്യു എറണാകുളത്ത്‌ കളക്ടർ ആയപ്പോൾ ലീഡറെ കാര്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തി. ലീഡർക്ക്‌  ബോധ്യമായി. സംഗതി നടന്നു. പിണറായിക്ക്‌ വരാപ്പുഴ ഒഴിവാക്കി വൈപ്പിനിൽ പോകാൻ വഴി തുറന്നു.മറ്റൊരു പ്രധാന കാര്യം പട്ടികജാതി-വർഗ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ഒരേയൊരു മുഖ്യമന്ത്രി ആയിരുന്നു ലീഡർ എന്നതാണ്‌. മറ്റൊരു മുഖ്യമന്ത്രിക്കും ഇത്‌ കത്തുന്നില്ല ഇന്നും. പട്ടികജാതി-വർഗ വിഭാഗങ്ങളെ സഹായിക്കണമെങ്കിൽ അത്‌ മുഖ്യമന്ത്രിയുടെ വകുപ്പ്‌ ആയിരിക്കണം. ഞാൻ കരുണാകരന്റെ ഫിനാൻസ്‌ സെക്രട്ടറി ആയിരുന്നു. അന്ന്‌ പട്ടികജാതി-വർഗ വകുപ്പ്‌ ധനകാര്യ വകുപ്പിൽ പൂണൂൽ ഇട്ട വകുപ്പായിട്ടാണ്‌ പരിഗണിക്കപ്പെട്ടത്‌.

ലീഡർ ആശ്രിതവത്സലൻ ആയിരുന്നു. അതിന്റെ ഗുണം നല്ല കാലത്ത്‌ എനിക്കും കിട്ടിയിട്ടുണ്ട്‌. അന്നത്തെ ചീഫ്‌ സെക്രട്ടറിയും ഞാനും തമ്മിൽ രസമായിരുന്നില്ല. മൂന്ന്‌ കാര്യങ്ങളിൽ ചീഫ്‌ എന്നെ തളയ്ക്കാൻ ശ്രമിച്ചു. മൂന്നിലും ലീഡർ എന്നെ വാത്സല്യത്തോടെ സഹായിച്ചു.

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആശ്രിതവാത്സല്യം ഉണ്ടായിരുന്നെങ്കിലും വൈരനിര്യാതനം അത്രയ്ക്കുണ്ടായിരുന്നില്ല. അത്‌ ആ ഹൃദയത്തിന്റെ മൗലികനന്മകൊണ്ട്‌ ആയിരുന്നിരിക്കണം. എന്നോട്‌ പിണങ്ങിയിരുന്ന കാലത്തും ഞാൻ അത്‌ കണ്ടു. കാണുമ്പോൾ കണ്ട ഭാവം നടിക്കയില്ല അതാണ്‌ ശിക്ഷ. ഇനി ലീഡറെപ്പോലെ ഒരാൾ കോൺഗ്രസിൽനിന്ന്‌ മുഖ്യമന്ത്രി ആകണമെങ്കിൽ ആര്‌ ആ കസേരയിൽ ഇരിക്കണം എന്ന്‌ പറയാത്തത്‌ അറിയാഞ്ഞിട്ടല്ല. അത്‌ ഞാൻ പറഞ്ഞാൽ ആ ആൾ ഒഴികെ എല്ലാ നേതാക്കളും പിണങ്ങും എന്നതിനാൽ പേര്‌ പറയുന്നില്ല. ബൈബിൾ പറയുമ്പോലെ ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ലേഖകൻ എഴുത്തുകാരനും പ്രഭാഷകനുമാണ്