കെ കരുണാകരന്‍ എക്കാലവും എനിക്കൊരു അത്ഭുതമാണ്. തന്ത്രങ്ങള്‍ പിഴച്ചുപോയ ഒരു സര്‍വ്വസൈന്യാധിപന്റെ അവസ്ഥയില്‍ കഴിഞ്ഞു കൂടുമ്പോഴും അദ്ദേഹം 'ലീഡര്‍' തന്നെയായിരുന്നു. കോണ്‍ഗ്രസ് നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹത്തെ ഞാന്‍ അടുത്തു നിന്നു കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ഒരു കാര്യം വ്യക്തമായിട്ടുണ്ട്. വിജയത്തിലും തോല്‍വിയിലും കരുണാകരന്റെ മുഖത്ത് കാണുക പ്രസരിപ്പു മാത്രമാണ്. തളര്‍ന്നു പോയ ഒരു കരുണാകരനെ എനിക്ക് കാണാനേ കഴിഞ്ഞിട്ടില്ല. ആ തലയെടുപ്പ് തന്നെയാണ് കെ കരുണാകരന്റെ കൈമുതല്‍. അദ്ദേഹം എല്ലായ്‌പ്പോഴും ശക്തിയുടെ സൗന്ദര്യമായിരുന്നു.

ഒമ്പതു പേര്‍ മാത്രമുള്ള കോണ്‍ഗ്രസ് കക്ഷിയുടെ നേതാവായി നിയമസഭയില്‍ വന്ന കാലം മുതല്‍, ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍, എനിക്ക് അദ്ദേഹത്തെ അറിയാം. കാലം കഴിയുന്തോറും ഞങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢതരമായി വന്നു. പല രഹസ്യങ്ങളും പില്‍ക്കാലത്ത് അദ്ദേഹം എന്നോട് പങ്കുവെച്ചിരുന്നു. എന്റെ കുടുംബത്തില്‍ നടന്ന ചില ചടങ്ങുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിട്ടുണ്ട്.

എന്റെ ഓര്‍മ്മയില്‍ വരുന്ന ചില കാര്യങ്ങള്‍ കുറിച്ചോട്ടെ. എന്‍. എസ്. എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍. ഡി. പി. യിലെ ആര്‍. രാമചന്ദ്രന്‍ നായര്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. മന്ത്രിയും പരിവാരങ്ങളും പേഴ്‌സണല്‍ സ്റ്റാഫിലെ ചിലരും ചേര്‍ന്ന് നടത്തിയ അഴിമതികള്‍ അക്കാലത്ത് വലിയ വിവാദമായി. ആരോഗ്യവകുപ്പില്‍ അതിന് മുമ്പോ അതിന് ശേഷമോ അത്ര അഴിമതികള്‍ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. മാതൃഭൂമി പത്രാധിപരുടെ നിര്‍ദ്ദേശപ്രകാരം ഞാനൊരു ലേഖന പരമ്പര തയ്യാറാക്കി. മന്ത്രി നേരിട്ട് പണം വാങ്ങിയതുള്‍പ്പെടെയുള്ള അഴിമതികള്‍ അക്കമിട്ട് ആ ലേഖനങ്ങളില്‍ നിരത്തി. 'പ്രാണവായു തേടുന്ന ആരോഗ്യ രംഗം' എന്ന തലക്കെട്ടില്‍ ഏഴ് ദിവസങ്ങളിലായി പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. 

ഏഴാം ദിവസം ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ രാമചന്ദ്രന്‍ നായര്‍ വിളിച്ചു. നാലു മണിക്ക് മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. സെക്രട്ടറിയേറ്റിലെത്തുമ്പോള്‍ കാണുന്നത് അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഞാന്‍ എഴുതിയ ലേഖനങ്ങള്‍ നിരത്തി വെച്ചിരിക്കുന്നതാണ്.  ചില ഭാഗങ്ങള്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നെ കണ്ടപാടെ അദ്ദേഹം അടുത്തേക്ക് വിളിച്ചു. ഈ ലേഖനങ്ങള്‍ താനല്ലേ എഴുതിയത് എന്നു ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോള്‍ 'ഞാനീ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങള്‍ ശരിയാണല്ലോ, നൂറു ശതമാനം?' എന്നദ്ദേഹം ചോദിച്ചു. ശരിയാണെന്നു മാത്രമല്ല രേഖകളും കയ്യിലുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ഒന്നു കൂടി അദ്ദേഹം പത്രങ്ങളില്‍ കണ്ണോടിച്ചു. 'ശരി എങ്കില്‍ താന്‍ പൊയ്‌ക്കോളൂ'.. കണ്ണിറുക്കി ഒരു ചിരിയോടെ എന്നെ അദ്ദേഹം യാത്രയാക്കി. 

എന്തോ ഒരു വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന അന്തരീക്ഷമാണ് ഞാനെത്തും മുമ്പ് അവിടെ ഉണ്ടായിരുന്നതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. പേഴ്‌സണല്‍ സ്റ്റാഫിലെ നിരവധി പേര്‍ ആസമയത്ത് മുഖ്യമന്ത്രിയുടെ മുറിയില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം അവരെല്ലാം കേട്ടതുമാണ്. അടുത്ത ദിവസം പത്രക്കാര്‍ കേട്ടത് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ആരോഗ്യമന്ത്രി ആര്‍ രാമചന്ദ്രന്‍ നായര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതാണ്. അതോടെ ഞാന്‍ എന്‍എസ്എസ് ന്റെ ശത്രുവുമായി. തന്റെ മന്ത്രിസഭയിലെ ഒരംഗം അഴിമതി നടത്തിയതായി തെളിഞ്ഞപ്പോള്‍ രാജിക്കത്ത് എഴുതി വാങ്ങിയ മുഖ്യമന്ത്രി കെ കരുണാകരനല്ലാതെ കേരളത്തില്‍ മറ്റാരും ഉണ്ടായിട്ടില്ല. 

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമാകുമ്പോഴെല്ലാം കൗതുകത്തോടെ അതിനെ നേരിടാനുള്ള കഴിവ് കരുണാകരനില്‍ കണ്ടിട്ടുണ്ട്. എ.കെ.ആന്റണി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാലം. വയലാര്‍ രവിയെ കരുണാകരന്‍ ആന്റണിക്കെതിരേ മത്സരിപ്പിക്കുന്നു. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ വയലാര്‍ രവി വിജയിക്കുന്നു. തുടര്‍ന്ന് വയലാര്‍ രവിയെ അനുമോദിക്കാന്‍ യോഗം ചേരുന്നു. ആന്റണിയുടെ അടുത്ത കസേരയില്‍ കെ കരുണാകരന്‍ പോയി ഇരിക്കുന്നു. ഇത്തരം സൗഹൃദങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ് ആന്റണി  മറ്റൊരു കസേരയിലേക്ക് മാറിയിരിക്കുന്നു. യോഗത്തിനു ശേഷം കരുണാകരന്‍ ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറില്‍ സെക്രട്ടേറിയറ്റിലേക്കും ആന്റണി ഓട്ടോറിക്ഷയില്‍ വീട്ടിലേക്കും പോവുന്നു. മുഖ്യമന്ത്രിക്കു പിറകെ ഞങ്ങള്‍ കുറെ പത്രലേഖകര്‍ സെക്രട്ടറിയേറ്റിലേക്കു ചെന്നു. ഫയലുകള്‍ നോക്കുന്നതിനിടെ ഞങ്ങളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു കൊണ്ടിരുന്നു. അര മണിക്കൂറോളമായിട്ടും കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രം ഒരക്ഷരം പറയുന്നില്ല. അങ്ങിനെയൊരു സംഭവം നടന്നത് അറിഞ്ഞ മട്ടേ കാണിക്കുന്നില്ല. അപ്പോഴാണ് ഒരു കുസൃതി ചോദ്യം ചോദിക്കാന്‍ ഞാന്‍ ശ്രമിച്ചത്. 'സര്‍, എ.കെ. ആന്റണി അങ്ങയുടെ അടുത്ത സുഹൃത്താണല്ലോ. അദ്ദേഹം കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അങ്ങയുടെ മുഖത്ത് ഒരു മാറ്റവും കാണുന്നില്ലല്ലോ'..? ഫയല്‍ നോക്കിക്കൊണ്ടിരുന്ന കരുണാകരന്‍ പെട്ടെന്ന് മുഖമുയര്‍ത്തി ഗണ്‍മാനോട് പറഞ്ഞു. 'രാമചന്ദ്രാ, ഒരു ഉള്ളിയെടുക്കൂ.. ഞാനൊന്ന് കരയട്ടെ..' കരുണാകരന്‍ ഒഴികെ ആ മുറിയിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചുപോയി. അതാണ് കരുണാകരന്‍.

K karunakaran and padmaja hospital

ഞങ്ങള്‍ തമ്മിലുള്ള നടക്കാതെ പോയ ഒരു കൂടിക്കാഴ്ചയും ഓര്‍മയിലുണ്ട്. നന്തന്‍കോട്ടുള്ള പത്മജയുടെ വീട്ടില്‍ വിശ്രമിക്കുന്ന, അവസാന കാലം. ഇടയ്ക്കിടെ അദ്ദേഹം വിളിപ്പിക്കും. ധാരാളം സംസാരിക്കും. ചില കോണ്‍ഗ്രസ് നേതാക്കളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും അദ്ദേഹത്തിന് കിട്ടുമായിരുന്നു. അത് വിശ്വസ്തരായ ആരോടെങ്കിലും പങ്കുവെക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഒരിക്കല്‍ മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. പോകാന്‍ നേരത്ത് എന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗംഗാധരന്‍ പറഞ്ഞതനുസരിച്ച് പിറ്റേന്നു തന്നെ ഞാന്‍ പത്മജയെ വിളിച്ചു. ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അടുത്ത ദിവസം കാണാമെന്നും പത്മജ അറിയിച്ചു. പക്ഷേ അന്നു രാത്രി അദ്ദേഹത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്നു. പിന്നീടദ്ദേഹത്തിന് ജീവനോടെ വീട്ടില്‍ തിരിച്ചെത്താനായില്ല. ആ കൂടിക്കാഴ്ച അങ്ങിനെ നടക്കാതെ പോയി. എന്തിനാണ് എന്നെ അത്യാവശ്യമായി കാണണമെന്ന് അദ്ദേഹം പറഞ്ഞതെന്ന് എനിക്കിന്നും അറിയില്ല. 

(ദീര്‍ഘകാലം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു ലേഖകന്‍)