കെ.കരുണാകരന്‍ രാജ്യദ്രോഹിയാണെന്നാണ് അവര്‍ ഉറക്കെ അട്ടഹസിച്ചത്. രാജ്യദ്രോഹിയായ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് അവര്‍ കെ.പി.സി.സി. എക്സിക്യൂട്ടീവ് യോഗത്തില്‍ ബഹളമുണ്ടാക്കി. നിയമസഭയ്ക്കകത്തുപോലും മുഖ്യമന്ത്രി കരുണാകരനെതിരെ ഭരണപക്ഷത്തു നിന്നുതന്നെ ശബ്ദമുയര്‍ന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ പിന്താങ്ങാന്‍ പോലും ഭരണപക്ഷത്ത് ആളുണ്ടായി. കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കരുണാകരനെ അവര്‍ നിരന്തരമായി വേട്ടയാടി. അവര്‍ കോണ്‍ഗ്രസുകാര്‍, കരുണാകരന്‍ തന്നെ ഊട്ടി വളര്‍ത്തിയവര്‍. 

കേരളത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ശൂന്യതയില്‍ നിന്നു വളര്‍ത്തി വലുതാക്കി ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പെടുത്തി അതിന്റെ നേതൃപാര്‍ട്ടിയാക്കിയ കണ്ണോത്ത് കരുണാകരന്‍. എല്ലാവര്‍ക്കും ലീഡറായിരുന്ന കരുണാകരന്റെ രക്തത്തിനുവേണ്ടി ദാഹിച്ചവര്‍, അക്ഷീണം പ്രവര്‍ത്തിച്ചവര്‍, പലവഴികളിലൂടെ കരുണാകരനെ കളങ്കപ്പെടുത്തിയും കുറ്റപ്പെടുത്തിയും അവിശുദ്ധ മാര്‍ഗത്തിലൂടെ മുഖ്യമന്ത്രി കസേരയില്‍ നിന്നു വലിച്ചു താഴെയിട്ടവര്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു.

ദുര്‍ബലമായ ഐക്യജനാധിപത്യ മുന്നണിയുടെയും നിര്‍ജീവമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരോടൊപ്പം കരുണാകരന്റെ ജനശദാബ്ദിയാഘോഷിക്കുന്ന കേരളീയര്‍ അത്യാവശ്യം കണ്ടിരിക്കേണ്ട ഒരു വലിയ കാര്യമുണ്ട്.  സംസ്ഥാന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ഇടതുമുന്നണിയോടൊപ്പം ഒന്നിടവിട്ട കാലയളവില്‍ ഭരണത്തിലേറിയ ഐക്യജനാധിപത്യ മുന്നണിക്കും രൂപവും കരുത്തും ഊര്‍ജവും പകര്‍ന്നത് സാക്ഷാല്‍ കരുണാകരനായിരുന്നുവെന്ന വസ്തുത. ശക്തമായ ഗ്രൂപ്പ് വഴക്കിനെയും തനിക്കെതിരെ ഉയര്‍ന്ന കടുത്ത ആക്ഷേപങ്ങളെയും തെല്ലും വകവെയ്ക്കാതെ അദ്ദേഹം പാര്‍ട്ടിയെയും മുന്നണിയേയും വളര്‍ത്തി, ഘടകകക്ഷികളെ ഒപ്പം കൂട്ടി.

കൊമ്പു കുലുക്കി വന്ന കക്ഷികളെ കണ്ണുരുട്ടികാണിച്ചും ഭയപ്പെടുത്തിയും മെരുക്കി നിര്‍ത്തി. പാര്‍ട്ടിക്കുള്ളില്‍ സര്‍ക്കസുകളേറെ കളിച്ചു. പ്രശ്നങ്ങളെയും സംഘര്‍ഷങ്ങളെയുമൊക്കെ നേരിടാന്‍ അദ്ദേഹം അടവുകള്‍ പലതും പുറത്തെടുത്തു. പാമോലിന്‍ അഴിമതിക്കേസ് മുതല്‍ ഐ.എസ്.ആര്‍.ഓ. ചാരക്കേസ് വരെ പലതരം ആരോപണങ്ങള്‍ വരിഞ്ഞു മുറുക്കിയെങ്കിലും ഒരു കൂസലുമില്ലാതെ അദ്ദേഹം മുന്നോട്ട് തന്നെ കുതിച്ചു. 1967-ലെ ഒമ്പതംഗ നിയമസഭാകക്ഷിയെന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ്സിനെ വളര്‍ത്തി വലുതാക്കിയ കരുണാകരന്‍ എന്നും മുന്നണിയുടെ ശക്തിയറിഞ്ഞ നേതാവായിരുന്നു.

K KARUNAKARAN

കേരളം മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന കാലം ഓര്‍ക്കുക. 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആദ്യ  കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, എ.ആര്‍. മേനോന്‍ എന്നിങ്ങനെ സ്വതന്ത്രരെയും കൂട്ടിയായിരുന്നു ഇ.എം.എസ്സിന്റെ ഭരണം. 1967-ല്‍ ഒമ്പതംഗ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവാകുമ്പോള്‍ കരുണാകരനു നന്നായറിയാമായിരുന്നു ശക്തമായ ഒരു മുന്നണിയുണ്ടാക്കാതെ കോണ്‍ഗ്രസ്സിന് കേരളത്തില്‍ അടിത്തറയുണ്ടാക്കാനാവില്ലെന്ന്.

ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് കേരളം. അതും ജവഹര്‍ലാല്‍ നെഹ്‌റു ലോകരാഷ്ട്രീയത്തില്‍ തന്നെ ഒരു മിന്നും താരമായി പരിലസിക്കുന്ന കാലഘട്ടത്തില്‍. മഹാത്മാഗാന്ധിയെപ്പോലെ, സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെ പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ ഊട്ടി വളര്‍ത്തിയെടുത്ത പശ്ചാത്തലത്തില്‍ 1960-ല്‍ മുസ്ലീം ലീഗ്, പി.എസ്.പി. എന്നീ കക്ഷികളുമായി ചേര്‍ന്നാണ്  കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നല്ല ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചടുക്കിയെങ്കിലും പി.എസ്.പി.യിലെ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 1969-ലും 70ലും സി.പി.ഐ.ക്കായിരുന്നു മുഖ്യമന്ത്രിസ്ഥാനം. മുഖ്യമന്ത്രി. സി.അച്ച്യുതന്റെ ഭരണകാലം നീണ്ടത് എട്ടുവര്‍ഷക്കാലം. 1978-ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വീണ്ടും സി.പി.ഐയ്ക്ക് ഇത്തവണ ഊഴം പി.കെ.വാസുദേവന്‍ നായര്‍ക്കായിരുന്നു. 1980-ല്‍ കെ.കരുണാകരന്‍ ഐക്യജനാധിപത്യ മുന്നണി രൂപീകരിച്ചു. 1982-ലും 91ലും 2001ലും 2011ലും മുഖ്യമന്ത്രിസ്ഥാനം കിട്ടിയത് കോണ്‍ഗ്രസ്സിന്. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തവിധം കോണ്‍ഗ്രസ്സ് കരുത്താര്‍ജിച്ചു കഴിഞ്ഞിരുന്നു. മുന്നണി ബന്ധങ്ങളും സമവായങ്ങളും സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടുതന്നെയാണ് കോണ്‍ഗ്രസ്സിന് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃപാര്‍ട്ടിയായി തുടരാനായത്. കരുണാകരന് ശേഷം മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിയ്ക്കുമേ ഈ കരുത്തുണ്ടായിരുന്നുള്ളു. പാര്‍ട്ടിക്കും മുന്നണിയ്ക്കും കരുത്തുപകരാനും അവര്‍ക്കു കഴിഞ്ഞു.

കേരളത്തില്‍ 1957-ല്‍തന്നെ കോണ്‍ഗ്രസ്സ് പരാജയത്തിന്റെ രുചിയറിഞ്ഞെങ്കിലും ദേശീയ തലത്തില്‍ നോക്കുമ്പോള്‍ ഭരണം പിടിച്ചടക്കാന്‍ ശേഷിയുള്ള ഒരു മുന്നണിയുടെ തലപ്പത്താണു കോണ്‍ഗ്രസ്സ് നില്‍ക്കുന്നതെന്നു കാണാം.

1967 മുതലങ്ങോട്ടു കോണ്‍ഗ്രസ്സ് ക്ഷയിച്ചുവന്ന തമിഴ്നാട്, ഒറീസ, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലാവട്ടെ ഇന്ന് കോണ്‍ഗ്രസ് തീരെ ദുര്‍ബലമാവുകയും ചെയ്തിരിക്കുന്നു. ഈ സംസ്ഥാനങ്ങളിലൊന്നും കെട്ടുറപ്പോടെ മുന്നണി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനായില്ല. കേരളത്തിലാവട്ടെ 57 ല്‍ തന്നെ തോറ്റെങ്കിലും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷത്തെയും വളര്‍ന്നു വരുന്ന ബി.ജെ.പിയെയും നേരിട്ടുകൊണ്ടുതന്നെ പിടിച്ചു നില്‍ക്കുന്നു. മുന്നണി കെട്ടിപടുക്കേണ്ടതിന്റെയും  മുന്നണി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെയും  നല്ല പാഠങ്ങള്‍ കോണ്‍ഗ്രസുകാരെ പഠിപ്പിച്ചത് കരുണാകരന്‍ തന്നെ. 

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്നണിക്ക് ബലമേകാന്‍ പല നീക്കങ്ങളും അദ്ദേഹം നടത്തി. 1980 ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ ചേര്‍ന്ന ആന്റണി പക്ഷത്തെ തിരികെ കൊണ്ടുവരാന്‍  കരുണാകരന് ഒരു മടിയുണ്ടായിരുന്നു. അങ്ങനെ 1982 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായി. ആ ഭരണകാലത്താണ് എം.വി. രാഘവന്‍ സി.പി.എമ്മില്‍ നിന്നു വിട്ടകന്നത്. നിയമസഭയ്ക്കകത്തും പുറത്തും ബദ്ധശത്രുവായിരുന്ന രാഘവനെ കൂടെ കൂട്ടാന്‍ ഒട്ടും അമാന്തിച്ചില്ല കരുണാകരന്‍. രാഘവനെ നിയമസഭയിലെത്തിച്ചു മന്ത്രിയാക്കുക വഴി സ്വന്തം  മുന്നണിക്ക് പുതിയ കരുത്തു നല്‍കുക മാത്രമായിരുന്നില്ല, മറിച്ച്  ഇടതുപക്ഷത്തിനും ശക്തമായ പ്രഹരം ഏല്‍പിക്കുകയും ചെയ്ത കരുണാകരന്‍ ഇടതുപക്ഷത്തോട്ടു മല്ലിടാനുള്ള കര്‍മം എം.വി.ആറിന് വിട്ട് വേറെ വഴിക്ക് തിരിഞ്ഞു.  1991 വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍  പിന്നെയും സി.പി.എമ്മിനെതിരെ ആഞ്ഞടിക്കാന്‍ കരുണാകരന് അവസരം കിട്ടി.  

K KARUNAKARAN

കെ.ആര്‍.ഗൗരിയമ്മയ്ക്കെതിരെ  സി.പി.എമ്മില്‍ പടയൊരുക്കും നടക്കുന്ന കാലം , സി.ഐ.ടി.യു പക്ഷം ഗൗരിയമ്മയ്ക്കെതിരെ കരുക്കളൊന്നൊന്നായി  ഒരുക്കൂട്ടുകയായിരുന്നു. സി.പി.എമ്മില്‍  ഗൗരിയമ്മയുടെ പേരില്‍ വളര്‍ന്നു വന്ന കുരുക്കള്‍ മുറുക്കാനും കരുണാകരന്‍ എം.വി.ആറിനെത്തന്നെ ആയുധമാക്കി. തുറമുഖവകുപ്പുമന്ത്രിയായിരുന്ന രാഘവന്‍ ഗൗരിയമ്മയെ ആലപ്പുഴ തുറമുഖ വികസനപദ്ധതി അധ്യക്ഷയായി ക്ഷണിച്ചുകൊണ്ടു കത്തെഴുതി. രാഘവന്റെ ഉറ്റ അനുയായിയായിരുന്ന സി.പി.ജോണ്‍ കത്തുമായി നേരിട്ട് ഗൗരിയമ്മയുടെ വീട്ടിലെത്തി രാഘവന്റെ കത്തുകണ്ട് രോമാഞ്ചം കൊള്ളാനൊന്നും ഗൗരിയമ്മ തയ്യാറായില്ല. രാഘവന്‍ പാര്‍ട്ടിയിലുണ്ടായിരുന്നപ്പോഴും അദ്ദേഹത്തോട് ഗൗരിയമ്മയ്ക്കും ഗൗരിയമ്മയോട് രാഘവനും അത്ര അടുപ്പമുണ്ടായിരുന്നില്ല. കരുണാകരന്‍ പറയട്ടെ എന്നായി ഗൗരിയമ്മ. കരുണാകരനു നേരിട്ട് കത്തെഴുതി അവര്‍ ജോണിനെ ഏല്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിനെ അടിയന്തരമായി കാണാന്‍ ഡല്‍ഹിയിലായിരുന്ന കരുണാകരനെ കത്തേല്‍പിക്കാല്‍ സി.പി.ജോണ്‍ ഡല്‍ഹിക്കു വിട്ടു. 1993 സെപ്തംബറിലായിരുന്നു ഇത്. ഡല്‍ഹിയില്‍ കേരളാ ഹൗസിലിരുന്ന കത്തുവായിച്ച കരുണാകരന്‍ ഉടന്‍ തന്നെ മറുപടിയെഴുതി . ആലപ്പുഴ തുറമുഖ വികസന സമിതി അദ്ധ്യക്ഷയാവുന്ന ഗൗരിയമ്മയ്്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ട് ഇംഗ്ലീഷിലുള്ള കത്തിന് കരുണാകരന്‍ ഇംഗ്ലീഷില്‍ തന്നെ എഴുതിയ മറുപടി  തിരികെ ഗൗരിയമ്മയ്ക്ക് എത്തിച്ച് കൊടുത്തതും സി.പി.ജോണ്‍തന്നെ. കരുണാകരന്റെ ഈ നീക്കം സി.പി.എമ്മില്‍ ഉരുള്‍പൊട്ടലുണ്ടാക്കി. ഗൗരിയമ്മയ്ക്കെതിരായ നീക്കങ്ങള്‍ക്ക് വേഗതയേറി. 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ സി.പി.എം പുറത്താക്കി. പിന്നീട് ഗൗരിയമ്മ ജെ.എസ്.എസ് ഉണ്ടാക്കിയതും ഐക്യജനാധിപത്യമുന്നണി സര്‍ക്കാരില്‍ മന്ത്രിയായതും പില്‍ക്കാലത്ത് യു.ഡി.എഫ് വിട്ടതുമെല്ലാം  സമീപകാലത്തെ രാഷ്ട്രീയ ചരിത്രം. 

ഐക്യമുന്നണി കെട്ടിപ്പടുത്ത് കോണ്‍ഗ്രസിന്റെ കരുത്തും പ്രസക്തിയും ഊട്ടിയുറപ്പിക്കാന്‍  പെടാപാടുപെട്ട  കരുണാകരനോട് പക്ഷെ തങ്ങള്‍ നീതികാട്ടിയില്ലെന്നു കോണ്‍ഗ്രസുകാര്‍ തന്നെ ഇന്നു സമ്മതിക്കുന്നു.

1994 ന്റെ അവസാനമായപ്പോഴേക്ക് കരുണാകരന്റെ ചുറ്റിലും കുരുക്കുകള്‍ മുറുകി. അതും സ്വന്തം പാര്‍ട്ടിയില്‍. വിഷയം ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. ചാരക്കേസില്‍ കരുണാകരനു പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥനായ ഐ.ജി. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. 1994 ഡിസംബര്‍ ഒന്നാം തീയതി ഐ.ബി.യുടെ തിരുവനന്തപുരത്തെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണും ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാറും കേരളാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡി.ജി.പി. ടി.പി. മധുസൂദനന്റെ മുറിയിലെത്തി. ചാരക്കേസ് അന്വേഷണോദ്യോഗസ്ഥരായിരുന്ന സിബി മാത്യുവും ബാബുരാജും അവിടെയുണ്ടായിരുന്നു. ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഐ.ബി. ഉദ്യോഗസ്ഥരുടെ ആവശ്യം. തെളിവൊന്നും കൈയിലില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു സിബി മാത്യുവിന്റെ നിലപാട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡിജിപിയും ഉറച്ച നിലപാടെടുത്തു. അന്നു വൈകീട്ട് തന്നെ ഐ.ബി. ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രി കരുണാകരനെ കണ്ടു. ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോടും അവര്‍ ആവശ്യപ്പെട്ടു. കരുണാകരന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് 1994 ഡിസംബര്‍ രണ്ടാം തീയതി, കരുണാകരന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയെ ഫോണില്‍ വിളിച്ച് ചാരക്കേസ് സി.ബി.ഐ.ക്കു വിടണമെന്നു നിര്‍ദേശിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ എം.എല്‍. ശര്‍മ, പി.എം. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിയ സി.ബി.ഐ. സംഘം വിശദമായി നടത്തിയ അന്വേഷണത്തില്‍ കേരളാ പോലീസും ഐ.ബി.യും കെട്ടിച്ചമച്ച കള്ളക്കേസാണ് ചാരക്കേസെന്നും തെളിയിച്ചു. 1996 ഏപ്രില്‍ 30 -ാം തീയതി കേസ് തള്ളണമെന്നാവശ്യപ്പെട്ട് 104 പുറമുള്ള വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐ. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതോടെ കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിനു സമാപനമായി.

 പക്ഷേ അതിനും മുമ്പുതന്നെ കരുണാകരന്റെ വിധി കോണ്‍ഗ്രസുകാര്‍ എഴുതിയിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് മൂത്തപ്പോള്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. മുഖ്യമന്ത്രിയാവാന്‍ ഡല്‍ഹിയില്‍ എ.കെ. ആന്റണി അക്ഷമനായി കാത്തിരിക്കുകയായിരുന്നു. 1995 മാര്‍ച്ച് 16ന് കരുണാകരന്‍ രാജിവെച്ചു. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പറന്നെത്തിയ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു, മാര്‍ച്ച് 22ന്.

 വിശ്വസ്തനായിരുന്നു രമണ്‍ ശ്രീവാസ്തവയെ തള്ളിപ്പറയാന്‍ തയ്യാറായിരുന്നുവെങ്കില്‍ കരുണാകരന് സ്വയം രക്ഷിക്കാനാവുമായിരുന്നില്ലേ എന്ന് ചോദ്യമുയരാം. അതിനു കരുണാകരന്‍ ഒരിക്കലും തയ്യാറാവുമായിരുന്നില്ല. അതാണ് കരുണാകരന്‍. കൂടെയുള്ള ഘടകകക്ഷി നേതാക്കളെ പിടിച്ചു നിര്‍ത്താനും അദ്ദേഹം ശ്രമിച്ചില്ല. എന്തിന്, നിയമസഭാകക്ഷിയിലെ സ്വന്തം അംഗങ്ങള്‍ പോലും കൂറുമാറി മറുപക്ഷത്തു ചേര്‍ന്നു. എല്ലാത്തിനും രഹസ്യമായി ചരടുവലിച്ചത് ഉമ്മന്‍ചാണ്ടി. 1980 ല്‍ കരുണാകരന്‍ കെട്ടിപ്പടുത്ത മുന്നണിയില്‍ ഉമ്മന്‍ചാണ്ടി വിള്ളലുണ്ടാക്കി. കെ.എം. മാണിയേയും പി.കെ. കുഞ്ഞാലിക്കുട്ടിയേയും കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടി ഐക്യജനാധിപത്യ മുന്നണിയുടെ അലകും പിടിയും മാറ്റി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ആ മുന്നണിയിലും വിള്ളലുണ്ടായി. ദുര്‍ബലമായ മുന്നണിയുടെ  നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസും സംഘടനാപരമായി ക്ഷീണിച്ചിരിക്കുന്നു. 

 വര്‍ഷങ്ങളിലൂടെ പലകളികളും കളിച്ച് മുന്നണിയിലെ സമവാക്യം കാത്തുസൂക്ഷിച്ച കെ.കരുണാകരന് കോണ്‍ഗ്രസില്‍ ഇന്നും ഏറെ പ്രസക്തിയുണ്ട്,കരുണാകരന്‍ കോണ്‍ഗ്രസുകാരെ പഠിപ്പിച്ച പാഠങ്ങള്‍ക്കും.

കൂടുതൽ വാർത്തകൾക്ക് ഒരേയൊരു ലീഡർ @100