വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ തന്നെ എനിക്ക് കെ. കരുണാകരനുമായി അടുത്ത് ഇടപഴകാന്‍ അവസരം ഉണ്ടായിട്ടുണ്ട്. എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ നിരവധി തവണ അദ്ദേഹത്തെ കാണുകയുണ്ടായി. എന്നാല്‍ 1982 ല്‍ ഞാന്‍ നിയമസഭാ സാമാജികനായതോടെയാണ് ഭരണാധികാരിയായ കരുണാകരനെ ആ നിലയില്‍ അടുത്തറിയാന്‍ സാധിച്ചത്. അന്ന് അദ്ദേഹം കേരളാ മുഖ്യമന്ത്രിയാണ്. നിയമസഭയെ, മുഖ്യമന്ത്രിയുടെ ഒട്ടേറെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള വേദിയാക്കി ഞാന്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളില്‍പ്പോലും വ്യക്തിപരമായി അടുപ്പം നിലനിര്‍ത്താന്‍ കഴിയുംവിധം സൗഹാര്‍ദ്ദപരമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. ശത്രുവിനെപ്പോലും സ്‌നേഹിതനാക്കാനുള്ള ആ കഴിവ് വളരെ പ്രത്യേകതയുള്ളതായിരുന്നു.

നിയമസഭയില്‍ നടന്ന ഒരു സംഭവം ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. കേന്ദ്രം കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ അടിയന്തര പ്രമേയത്തിന് സ്​പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം വമ്പിച്ച പ്രതിഷേധം അഴിച്ചു വിട്ടു. ഞങ്ങളില്‍ ചിലര്‍ സ്​പീക്കറുടെ വേദിയിലേക്ക് കടന്നു കയറി. ഇതേത്തുടര്‍ന്ന് എം.വി. രാഘവനും കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കുമൊപ്പം എന്നെയും സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കരുണാകരന്‍ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ഞാന്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരുണാകരന്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന സസ്‌പെന്‍ഷന്‍ പ്രമേയം ഞങ്ങളില്‍ ചിലരുടെ കൈകളിലേക്കെത്തി. എന്നാല്‍ ആ സമയത്തും അക്ഷോഭ്യനായി നിന്നു കൊണ്ട് പ്രമേയത്തിനകത്തുള്ള വാചകം മനസ്സില്‍ നിന്ന് പറഞ്ഞ് പൂര്‍ത്തീകരിച്ച് പ്രമേയം അംഗീകരിപ്പിച്ച രംഗം അപൂര്‍വതയുള്ളതായിരുന്നു. പക്ഷേ ആ സംഭവത്തിന് ശേഷം പിന്നീട് കാണുമ്പോള്‍ വിദ്വേഷത്തിന്റെ യാതൊരു ലാഞ്ഛനയും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.

ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നു കരുണാകരന്‍. പട്ടം താണുപിള്ളയും കെ. കേളപ്പനും സി. കേശവനും പോലും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കോണ്‍ഗ്രസില്‍ ഉറച്ചു നിന്ന അദ്ദേഹം ഡി.ഐ.സി രൂപവത്കരണ ഘട്ടത്തിലാണ് കോണ്‍ഗ്രസ്സില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയം സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ പലപ്പോഴും കരുണാകരനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞു കൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കരുണാകരനില്‍ വന്ന ഈ മാറ്റം ആ കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ചുകൊണ്ട് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട വസ്തുതയാണ്.
 

വളരെയധികം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. 1982 - 87 കാലഘട്ടത്തില്‍ തലശ്ശേരി - മാഹി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപവത്കരിച്ച ഒരു സര്‍വകക്ഷി കര്‍മ്മ സമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ട എന്നോട് അദ്ദേഹം പറഞ്ഞ ഒരു കാര്യം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ''ഈ 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എം.എല്‍.എ ആയ ബാലകൃഷ്ണന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ 45 മീറ്റര്‍ പോലും പോരാതെ വരും'' -അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ഈ പ്രത്യേകതയും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒരു തീരുമാനം കൈക്കൊണ്ടാല്‍ അത് നടപ്പാക്കുന്നതില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടായാലും അതില്‍ ഉറച്ച് നില്‍ക്കും. ഇതാണ് കെ. കരുണാകരനെ വ്യത്യസ്തനായ ഒരു രാഷ്ട്രീയ നേതാവാക്കി മാറ്റിയത്.

ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരുണാകരന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പലതും ഭരണപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. കരുണാകരന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങളില്‍ പല കടുത്ത നിലപാടുകളും സ്വീകരിച്ചുകൊണ്ട് വിമര്‍ശന ശരങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അത്തരം വിയോജിപ്പുള്ള വിഷയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ നിന്നും ഭരണ രംഗത്തുള്ളവര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. ഏത് സന്ദര്‍ഭത്തിലും അദ്ദേഹം പതറിയിരുന്നില്ല. ഇന്ത്യയിലെ വിവിധ പാര്‍ട്ടികളിലെ ലീഡര്‍മാരെക്കൊണ്ട്, തന്നെ ലീഡര്‍ എന്ന് വിളിപ്പിച്ച ഒരപൂര്‍വ ലീഡറാണ് കരുണാകരന്‍.
പക്ഷേ തന്റെ പാര്‍ട്ടിയില്‍ ഈ ലീഡര്‍ പല തവണ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. വിമോചന സമരത്തിന് ശേഷം 1960 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു.

പില്‍ക്കാലത്ത് ഡി.ഐ.സി രൂപവത്കരിച്ചുകൊണ്ട് കരുണാകരന്‍ പുറത്തുവരേണ്ട സാഹചര്യവും ഉണ്ടായി. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഇന്ദിരാഭക്തി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നിലപാടെടുത്തയാളാണ് അദ്ദേഹം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്ട്രീയ ചുവടുവെയ്പുകളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ അദ്ദേഹം അമ്പരപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സി.കെ. ഗോവിന്ദന്‍ നായരും പനമ്പിള്ളി ഗോവിന്ദ മേനോനും മത്സരിച്ചപ്പോള്‍ തന്റെ രാഷ്ട്രീയ ഗുരുവായ പനമ്പിള്ളിയെയല്ല കരുണാകരന്‍പിന്തുണച്ചത്. പിന്നീട് പല ഘട്ടങ്ങളിലും നിയമസഭയ്ക്കകത്തും പുറത്തും കരുണാകരന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ കേരളം വിസ്മയത്തോടെ കണ്ടു നിന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച പരിചയ സമ്പന്നനും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ളതുമായ ഒരു നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിട്ടുള്ളത്.

2010 ഡിസംബർ 24ലെ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്