ന്ദിരാഗാന്ധിയുടെ നിഴലില്‍ വളര്‍ന്ന നേതാവാണ് കരുണാകരന്‍.  കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഇന്ദിര വളര്‍ത്തിയ നേതാവ്. കരുണാകരനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസ് എന്നു പറഞ്ഞാല്‍ ഹൈക്കമാന്റ് ആയിരുന്നു. ഹൈക്കമാന്റ് എന്നു പറഞ്ഞാല്‍ ഇന്ദിരയും. ഇടക്കാലത്ത് ഇന്ദിരയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിയും ഈ ഹൈക്കമാന്റിന്റെ ഭാഗമായി. അടിയന്തരാവസ്ഥ നിലവില്‍ വന്നപ്പോള്‍ കരുണാകരന്‍ സര്‍വ്വാത്മനാ അതുള്‍ക്കൊണ്ടു. അന്ന് സഞ്ജയുമായുള്ള അടുപ്പമാണ് കരുണാകരന് കേരളത്തില്‍ ശക്തിപകര്‍ന്നത്. സഞ്ജയിന്റെയും ഇന്ദിരയുടെയും അകാല മരണങ്ങള്‍ കരുണാകരനെ ദുര്‍ബ്ബലനാക്കി.  കരുണാകരന്റെ ഹൃദയം  അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദിരയുടെ കൂടാരത്തിലായിരുന്നു. 

നെഹ്രുവിന്റെ സോഷ്യലിസ്റ്റ് വഴിയിലൂടെയല്ല കരുണാകരന്‍ നടന്നത്. മതം ഒരിക്കലും പൊതുജീവിതത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്ന് നെഹ്രു ഉറച്ചു വിശ്വസിച്ചു. പക്‌ഷേ, കരുണാകരന്റെ സെക്കുലറിസം ഗുരുവായൂരപ്പനുമായി സദാ ഇഴചേര്‍ന്നു നിന്നു. ആ ബന്ധം പൊതുവേദിയില്‍ പരസ്യമായി തന്നെ കരുണാകരന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നെഹ്രുവിയന്‍ സോഷ്യലിസ്റ്റായിരുന്നിട്ടും പി എന്‍ ഹക്‌സര്‍ ഇന്ദിരയ്‌ക്കൊപ്പമുണ്ടായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപഴ്‌സ് നിര്‍ത്തലാക്കലുമുള്‍പ്പെടെയുള്ള ഇന്ദിരയുടെ എക്കാലത്തെയും വന്‍ നീക്കങ്ങളില്‍ ഹക്‌സറുടെ കൈയ്യൊപ്പ് വ്യക്തമായി പതിയുകയും ചെയ്തു. പക്‌ഷേ, അടിയന്തരാവസ്ഥയില്‍ ഹക്‌സര്‍ തന്റെ വിയോജിപ്പ് കൃത്യമായി രേഖപ്പെടുത്തി. ചന്ദ്രശേഖറും മോഹന്‍ധാരിയയും കുമാരമംഗലവുമൊക്കെ ഇന്ദിരയുമായി ഇടഞ്ഞപ്പോള്‍ ആ തിരുത്തല്‍ ശക്തികളെ അവഗണിക്കരുതന്ന് ഇന്ദിരയോട് പറയാന്‍ ധൈര്യം കാട്ടിയ ഒരാള്‍ ഹക്‌സറായിരുന്നു. കരുണാകരന് ഒരിക്കലും ഒരു ഹക്‌സറോ, ചന്ദ്രശേഖറോ ആവാനാവുമായിരുന്നില്ല. കലാപത്തിന്റെയും കലഹത്തിന്റെയും യൗവ്വനം കരുണാകരന് അന്യമായിരുന്നു. 

ഇന്ദിരയുടെ മൂത്ത മകന്‍ രാജീവുമായിട്ടോ രാജീവിന്റെ പ്രിയതമ സോണിയയുമായിട്ടോ കരുണാകരന് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. രാജീവ് പോയതോടെ കരുണാകരന് ഹൈക്കമാന്റ് തീര്‍ത്തും അന്യമായി. അഹമ്മദ് പട്ടേലും വിന്‍സന്റ് ജോര്‍ജും അര്‍ജുന്‍സിങ്ങുമൊക്കെ അടങ്ങിയ സോണിയയുടെ കിച്ചന്‍ കാബിനറ്റില്‍ കരുണാകരന് ഇടമുണ്ടായിരുന്നില്ല. 1991 ല്‍ അധികാരത്തിലേറിയ നരസിംഹറാവു നെഹ്രുകുടുംബവുമായി ഇടഞ്ഞപ്പോള്‍ കരുണാകരന്‍ വെറും പ്രേക്ഷകനായിരുന്നു. സോണിയയ്ക്ക് അപ്പോള്‍ കാണികളെ ആവശ്യമുണ്ടായിരുന്നില്ല. ഇന്ദിരയെയല്ലാതെ മറ്റൊരു നേതാവിനെ കരുണാകരന് കോണ്‍ഗ്രസ്സില്‍ ആലോചിക്കാനാവുമായിരുന്നില്ല. അതുകൊണ്ടുതന്നെ കരുണാകരന്‍ റാവുവിന്റെ ക്യാമ്പിലുമെത്തിയില്ല. 1995 ല്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നപ്പോള്‍ രക്ഷയ്ക്കായി കരുണാകരന്‍ ഡല്‍ഹിയിലേക്ക് നോക്കിയില്ല. അവിടെ നിന്നി തനിക്കായി രക്ഷയുടെ കൈകള്‍ നീണ്ടുവരാനില്ലെന്ന് കരുണാകരനറിയാമായിരുന്നു.

karunakaran sonia rajiv

 2004 ല്‍ സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കരുണാകരനായില്ല. ബീഹാറില്‍ ലാലുപ്രസാദ് യാദവും തമിഴകത്ത്  കരുണാനിധിയും മാത്രമാണ് സോണിയയുടെ വരവ് കാലേക്കൂട്ടി ഗണിച്ചെടുത്തത്. അന്ന് സോണിയയ്‌ക്കൊപ്പം നിലയുറപ്പിച്ചതിനുള്ള കൂലി ഇവര്‍ക്ക് പിന്നീട് യഥേഷ്ടം കിട്ടുകയും ചെയ്തു. സോണിയയുമായി ഇടഞ്ഞ് കരുണാകരന്‍ കൈകോര്‍ത്ത് ശരദ്പവാറുമായിട്ടായിരുന്നുവെന്നത് യാദൃശ്ചികമായിരുന്നില്ല. സോണിയയുടെ വിദേശ ഉത്പത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നതിന് പരിസരമൊരുക്കിയ ആദ്യ നേതാക്കളില്‍ ഒരാള്‍ പവാറായിരുന്നു. പവാറിന്റെ ക്യാമ്പില്‍ നിന്ന് തിരിച്ചെത്തിയ കരുണാകരന് ഒരിക്കലും സോണിയയുടെ നല്ല പുസ്തകത്തില്‍ ഇടം പിടിക്കാനായില്ല.

ഇന്ദിരയുടെ ഏറ്റവും വലിയ സവിശേഷതയായി ഹക്‌സര്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയത് ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള കഴിവാണ്. നെഹ്രുവിന്റെ ധിഷണ ഇന്ദിരയ്ക്കുണ്ടായിരുന്നില്ല, പക്‌ഷേ ജനങ്ങളുമായി ഇടപഴകുന്നതിന് ഇന്ദിരയ്ക്കുള്ള കഴിവ് അനിതരസാധാരണമായിരുന്നു. അടിയന്തരവാസ്ഥയുടെ ഇരുണ്ട നാളുകള്‍ക്ക് ശേഷവും ഇന്ദിര അധികാരത്തിലേക്ക് തിരിച്ചെത്തിയതില്‍ ഈ സ്വഭാവ സവിശേഷതയ്ക്കുള്ള പങ്ക് കാണാതിരിക്കാനാവില്ല. ഇന്ദിരയുടെ ഈ കഴിവ് കരുണാകരനുമുണ്ടായിരുന്നു. അനുയായികളുമായി കരുണാകരനുണ്ടായിരുന്ന കെമിസ്ട്രി കേരള രാഷ്ട്രീയത്തില്‍ അധികം നേതാക്കള്‍ക്കവകാശപ്പെടാനാവില്ല. അടുപ്പമുള്ളവര്‍ക്കായി ഇന്ദിരയെപ്പോലെ തന്നെ കരുണാകരനും വഴിവിട്ട് സഞ്ചരിച്ചു. കൂറും വിധേയത്വവമുായിരുന്നു ഇന്ദിരയെപ്പോലെ തന്നെ കരുണാകരനും പ്രധാനം. ഒന്നുകില്‍ തന്റെ കൂടെ , അല്ലെങ്കില്‍ തനിക്കെതിരെ എന്ന നിലപാടാണ് കരുണാകരനെ നയിച്ചത്. 

K karunakaran sabarimala

ആളുകളെ കൈയ്യിലെടുക്കുന്നതില്‍ കരുണാകരനുള്ള സാമര്‍ത്ഥ്യം നേരിട്ടനുഭവിച്ചിട്ടുണ്ട്. 1991 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരിക്കെ കൊച്ചിയില്‍ നിന്നുള്ള കേരള ടൈംസ് പത്രത്തിനുവേണ്ടി  അഭിമുഖത്തിനായി സഹപാഠിയും സുഹൃത്തുമായ ആര്‍ കെ രാധാകൃഷ്ണനൊപ്പം  തിരുവനന്തപുരത്ത് പോയപ്പോഴാണ് ഈ മാജിക് നേരിട്ടു കണ്ടത്. പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് ചര്‍ച്ചയ്ക്കിടയില്‍ നിന്നാണ് കരുണാകരന്‍ അന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വന്നത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് കരുണാകരന്‍ പ്രശസ്തമായ ആ കോണ്ടസ്സാ കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ഇന്റര്‍വ്യൂവിന്റെ കാര്യം പറഞ്ഞത്. കേരളടൈംസിനു വേണ്ടി തന്നെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന രണ്ടു പയ്യന്മാരോട് ഇപ്പോള്‍ സമയമില്ല എന്ന് പറയാന്‍ കരുണാകരന് തെല്ലുപോലും പ്രയാസപ്പെടേണ്ടതായുണ്ടായിരുന്നില്ല. പക്‌ഷേ, കരുണാകരന്‍ ആലോചിച്ചത് എങ്ങിനെ സമയം കണ്ടെത്തനാവുമെന്നാണ്. പെട്ടെന്ന് കാറ് ചൂണ്ടിക്കാട്ടിയിട്ട് ഞങ്ങള്‍ രണ്ടുപേരോടും കാറിലേക്ക് കയറാന്‍ പറഞ്ഞു.  '' ഞാന്‍ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് പോവുകയാണ്. നമുക്ക് കാറിലിരുന്ന് സംസാരിക്കാം. '' കൂടെ കയറാന്‍ തയ്യാറായി വന്ന കെ വി തോമസിനോട് കരുണാകരന്‍ മറ്റൊരു കാറില്‍ വരാന്‍ പറഞ്ഞു. അന്ന് രണ്ടു വിദ്യാര്‍ത്ഥികളോട് കരുണാകരന്‍ കാട്ടിയ സൗമനസ്യം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു. ആളുകളെ കൈകാര്യം ചെയ്യാന്‍ കരുണാകരനോളം വൈഭവമുള്ള മറ്റൊരാള്‍ പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ വന്നെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയായിരുന്നു.

ഒരു ഗ്രൂപ്പിന്റെ നേതാവായി ചുരുങ്ങിപ്പോയി എന്നതാണ് കരുണാകരന്‍ നേരിട്ട പ്രതിസന്ധി. ഗ്രൂപ്പ് ഒരേസമയം സുരക്ഷയും കെണിയുമാണ്. ഗ്രൂപ്പിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കരുണാകരനായില്ല. കേരളം കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താക്കളിലൊരാളെന്ന് പേരെടുത്തപ്പോഴും കരുണാകരന്‍ ഒരു ഗ്രൂപ്പിന്റെ നേതാവ് മാത്രമായിരുന്നു. കരുണാകരന്റെ ശിരസ്സിലെ തൊപ്പിയില്‍  ഒട്ടേറെ നേട്ടങ്ങളുടെ തൂവലുകളുണ്ട്. പക്‌ഷേ,   എ കെ ജിയുടെയോ , ഇ എം എസ്സിന്റെയോ കേളപ്പന്റെയോ  മുഹമ്മദ്  അബ്ദുള്‍റഹ്മാന്റെയോ തലത്തിലേക്ക് ഉയരാന്‍ കരുണാകാരനായില്ല. ഇന്ദിരയോടുള്ള വിധേയത്വത്തിനും അനുയായികളോടുള്ള വാത്സല്ല്യത്തിനുമിടയില്‍ കരുണാകരന് നഷ്ടപ്പെട്ടത് യഥാര്‍ത്ഥ ലീഡറുടെ പൊന്‍കിരീടമായിരുന്നു.

കെ.കരുണാകരന്റെ ആത്മകഥ പതറാതെ മുന്നോട്ട് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക