കെ.കരുണാകരന്റെ ആശ്രിതവാത്സല്യം വിഖ്യാതമാണ്. പഴികേട്ടും പലതും ത്യജിച്ചും ഒപ്പം നില്‍ക്കുന്നവരെ കരുണാകരന്‍ സംരക്ഷിക്കും.
വാത്സല്യാതിരേകത്താല്‍ ആശ്രിതരെ ഞെട്ടിച്ച സംഭവങ്ങളും കരുണാകരന്റെ ജീവിതത്തില്‍ ഒട്ടനവധി. കൊച്ചിയില്‍ വരുമ്പോഴൊക്കെ അദ്ദേഹത്തിന് മാങ്ങയും ആപ്പിളും പൈനാപ്പിളുമൊക്കെ കുട്ടയില്‍ കൊണ്ടുചെല്ലുന്ന ഒരു കച്ചവടക്കാരനുണ്ട് ; ഫ്രൂട്ട് തോമ. ഒരിക്കല്‍ മുഖ്യമന്ത്രിയായ കരുണാകരനോട് ഫ്രൂട്ട് തോമ ഒരാഗ്രഹം പറഞ്ഞു. താന്‍ പുതുക്കിപ്പണിത പഴക്കട ലീഡര്‍ ഉദ്ഘാടനം ചെയ്യണം. കരുണാകരന്‍ റെഡി. സ്വയം പഞ്ചാംഗം നോക്കി അദ്ദേഹം തന്നെ തീയതിയും സമയവും നിശ്ചയിച്ചു. കൃത്യദിവസം പെരുമാനൂര്‍ ജങ്ഷനിലെ പഴക്കട ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുകയും ചെയ്തു.

കരുണാകരന്റെ സെക്യൂരിറ്റി ഓഫീസറായിരുന്ന രാമചന്ദ്രന്‍ നായരുടെ മകനും കരുണാകരന്റെ വിശ്വസ്തനായ കെ.വി.തോമസിന്റെ മകനും കര്‍ണാടകത്തില്‍ എം.ബി.ബി.എസ് പ്രവേശനം നേടാന്‍ ശ്രമിച്ചു. എന്നാല്‍ ലീഡര്‍ സഹായിച്ചത് രാമചന്ദ്രന്‍ നായരുടെ മകനെയാണ്. അതില്‍ കെ.വി.തോമസ് പരിഭവം പറഞ്ഞു. '' തോമസേ, പരിഭവിക്കേണ്ട, താന്‍ എം.പിയാണ്. താന്‍ ശ്രമിച്ചാല്‍ മകന് എവിടെയും അഡ്മിഷന്‍ കിട്ടും. രാമചന്ദ്രന്‍ നായര്‍ വെറുമൊരു എസ്.ഐ ആണ്'' ഇതായിരുന്നു ലീഡറുടെ മറുപടിയെന്ന് ലീഡറെക്കുറിച്ചുള്ള പുസ്തകത്തില്‍ കെ.വി.തോമസ് ഓര്‍ക്കുന്നു

മിടുക്കന്‍മാരെന്ന് തോന്നിയാല്‍ പോലീസ് ഉദ്യോഗസ്ഥരോട് കരുണാകരന് പ്രത്യേക മമതയുണ്ട്. പാലക്കാട് വെടിവെയ്പില്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന് ഉത്തരവാദിയെന്നാരോപിച്ച് ഡി.ഐ.ജി രമണ്‍ ശ്രീവാസ്തവയെ പുറത്താക്കണമെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുണാകരനോട് വാശിപിടിച്ചു. ശ്രീവാസ്തവ 'ഷൂട്ട് ടു കില്‍' എന്ന് ഉത്തരവിട്ടത് തങ്ങളുടെ കാറിലെ വയര്‍ലെസ് സെറ്റിലൂടെ കേട്ടെന്നും മന്ത്രിമാര്‍ പറഞ്ഞു. ശ്രീവാസ്തവയെ കരുണാകരന് ഇഷ്ടമാണ്. അദ്ദേഹം ശ്രീവാസ്തവയെ വിളിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് താന്‍ ഉത്തരവിട്ടതെന്ന് ശ്രീവാസ്തവ ബോധിപ്പിച്ചു. തന്നെയുമല്ല, മന്ത്രിമാരുടെ കാറില്‍ പോലീസിന്റ വയര്‍ലെസ് സെറ്റ് ഉള്ളത് പലപ്പോഴും തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് വിഘാതമാകുമെന്നും ശ്രീവാസ്തവ പറഞ്ഞു. അതോടെ കേരളത്തില്‍ മന്ത്രിമാരുടെ കാറില്‍ പോലീസ് വയര്‍ലെസ് സെറ്റ് ഇല്ലാതായി. ശ്രീവാസ്തവ ശിക്ഷിക്കപ്പെട്ടുമില്ല. ഏറെ വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അവസാന നിമിഷം വരെ ശ്രീവാസ്തവയെ സംരക്ഷിച്ചതിനും കരുണാകരന്‍ കേട്ട പഴികള്‍ക്ക് കണക്കില്ല.

വാക്കുകള്‍ മറിച്ചുചൊല്ലാനും ഇഷ്ടക്കാര്‍ക്ക് ഇരട്ടപ്പേരിടാനും ലീഡര്‍ മിടുക്കനാണ്. യുവനേതാവായ കല്ലാറിനെ സ്റ്റോണ്‍ റിവര്‍ എന്നാവും അദ്ദേഹം വിളിക്കുക. വളരെ വര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത കണ്ണപ്പനെ, ഐസപ്പനെന്നും അദ്ദേഹം വിളിക്കും. ജോസഫ് പൊടിപ്പാറയെ ഒരിക്കല്‍ പൗഡര്‍ റോക്കെന്നും കരുണാകരന്‍ വിശേഷിപ്പിച്ചു.

തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ സ്വന്തം ഗ്രൂപ്പുകാരനോട് ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞ സിദ്ധാന്തം ഇങ്ങനെ : ''വിഷമിക്കേണ്ട. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ അറിയുന്നത് തന്നെയാണ്. തന്നെ അറിയുന്നവര്‍ എതിരാളിക്ക് വോട്ട് ചെയ്യും. എതിരാളിയെ അറിയുന്നവര്‍ തനിക്കും വോട്ടുചെയ്യും. അപ്പോള്‍ താന്‍ തോറ്റിട്ടില്ല. ധൈരമായിട്ട് പോകൂ....'

2010 ഡിസംബർ 24ന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചത്

കെ.കരുണാകരന്റെ ആത്മകഥ 'പതറാതെ മുന്നോട്ട് 'വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക