ഒരു യുഗമായിരുന്നു ലീഡര്‍ കെ. കരുണാകരന്‍.   ആധുനികകേരളത്തിന്റെ സ്രഷ്ടാക്കളില്‍ പ്രമുഖന്‍.   നെഹ്രുകുടുംബത്തിലെ മൂന്ന് തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച്  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ തലയുയര്‍ത്തിനിന്ന വ്യക്തിത്വം,    കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കിയ ഐക്യജനാധിപത്യമുന്നണിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖന്‍.   അദ്ഭുതപ്പെടുത്തുന്ന രാഷ്ട്രീയനീക്കങ്ങളിലൂടെ രാഷ്ട്രീയ എതിരാളികളെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യന്‍,    ലീഡറെക്കുറിച്ച്  പറയാന്‍ തുടങ്ങിയാല്‍ അത്  ഹിമാലയത്തെക്കുറിച്ചോ ഇന്ത്യാസമുദ്രത്തെക്കുറിച്ചോ  വിവരിക്കുന്നതുപോലെയാകും.

എന്റെ രാഷ്ട്രീയഗുരുവും വഴികാട്ടിയും ആശ്രയകേന്ദ്രവുമായിരുന്നു അദ്ദേഹം. എത്രയോ  യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണനയും പിന്തുണയും നല്‍കാനും അവരെ  പൊതുപ്രവര്‍ത്തനത്തില്‍  കൈപിടിച്ചുയര്‍ത്താനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.   എന്നെയും ജി. കാര്‍ത്തികേയനെയും പന്തളം സുധാകരനെയും ആദ്യം നിയമസഭയിലെത്തിച്ചത് ലീഡറുടെ ഈ ഉറച്ച ബോധ്യംകൊണ്ടുമാത്രമായിരുന്നു. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ  നയിക്കുന്ന പല പ്രമുഖ നേതാക്കളും അവരുടെ പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍  ലീഡറുടെ സ്‌നേഹവായ്പുകളും പിന്തുണയും മാര്‍ഗനിര്‍ദേശവും ആവോളം ലഭിച്ചവരാണ്.

ഇച്ഛാശക്തിയും കഴിവും ദീര്‍ഘവീക്ഷണവും ഒത്തുചേര്‍ന്ന ഭരണകര്‍ത്താക്കള്‍ ഇന്ത്യയുടെ ചരിത്രത്തില്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. കെ. കരുണാകരന്‍ അത്തരത്തില്‍പ്പെട്ട ഒരു നേതാവായിരുന്നു.  

1986ല്‍ എന്റെ 29ാമത്തെ  വയസ്സിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്.   അദ്ദേഹത്തിനുകീഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു.    

രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം എന്നും ഒരു സര്‍വകലാശാലയായിരുന്നു.   ഇത്രയും കാര്യക്ഷമമായി മുന്നണിമന്ത്രിസഭകളെ നയിച്ച അപൂര്‍വം നേതാക്കളേ  ഇന്ത്യയിലുണ്ടായിട്ടുള്ളൂ. രാജ്യംമുഴുവന്‍  കരുണാകരന്‍ രൂപം നല്‍കിയ മുന്നണിരാഷ്ട്രീയത്തെ പിന്നീട് അനുകരിക്കുകയായിരുന്നു. ഇന്ത്യയിലെ മുന്നണി  രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും തെറ്റില്ല. ഒരു ഭരണകര്‍ത്താവ് എങ്ങനെയായിരിക്കണമെന്ന  ചോദ്യം പലതലങ്ങളില്‍ പലപ്പോഴായി അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. തീരുമാനങ്ങളെടുക്കുന്നതിലും അവ നടപ്പാക്കുന്നതിലും കാലതാമസമില്ലാതിരിക്കുകയും  ജനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗുണംചെയ്യുന്നതുമായിരിക്കണമെന്ന ദീര്‍ഘവീക്ഷണത്തോടെ അത്തരം തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നവരാണ് നല്ല ഭരണകര്‍ത്താക്കള്‍. അങ്ങനെ  വിലയിരുത്തുമ്പോള്‍ കെ. കരുണാകരന്‍ ഇന്ത്യകണ്ട മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളാണെന്ന് നിസ്സംശയം പറയാം.   പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതത്തില്‍ ഏറ്റവുമധികം മാറ്റങ്ങളുണ്ടാക്കാന്‍  കഴിഞ്ഞത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ്.  അദ്ദേഹത്തിന്റെ കാലത്താണ്  സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളിലൂടെ ഏറ്റവുമധികം പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ കയറിയത്.

 കേരളംകണ്ട കരുത്തനായ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം.  70കളില്‍ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നക്‌സലിസവും മാവോയിസവും  ജനങ്ങളുടെ സ്വൈരജീവിതത്തെ തകര്‍ത്തപ്പോള്‍ അവയ്‌ക്കെതിരെ കേരളത്തില്‍ ശക്തമായ നിലപാടെടുക്കുകയും കേരളത്തെ അത്തരം ആഭ്യന്തരഭീഷണികളില്‍നിന്ന് രക്ഷപ്പെടുത്തി നിര്‍ത്തുകയുംചെയ്തത് കരുണാകരന്‍ എന്ന ശക്തനായ  ആഭ്യന്തരമന്ത്രിയായിരുന്നു.  അതിന് അദ്ദേഹം ഏറെ പഴികേട്ടുവെന്നത് സത്യം. പക്ഷേ, കേരളം ഇന്ന് ഛത്തീസ്ഗഢ് പോലെയോ ജാര്‍ഖണ്ഡ് പോലെയോ ആകാതിരുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ലീഡര്‍ക്ക് അവകാശപ്പെട്ടതാണ്.    

മികച്ച ഉദ്യോഗസ്ഥര്‍ക്ക് എല്ലാ പിന്തുണയും നല്‍കി അവരുടെ കഴിവുകള്‍  ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു  അദ്ദേഹം. 23 വര്‍ഷംമുമ്പ് ജനങ്ങളില്‍നിന്ന് പണംപിരിച്ച് ഒരു വിമാനത്താവളം നിര്‍മിക്കുകയെന്നത് ഭ്രാന്തന്‍ ആശയമായിരുന്ന കാലഘട്ടത്തിലാണ്  നെടുമ്പാശ്ശേരി വിമാനത്താവളം അദ്ദേഹം വിഭാവനംചെയ്യുന്നത്. അന്നതിനെ പരിഹസിച്ചവര്‍, വിമാനം ഇറങ്ങില്ലെന്ന് കളിയാക്കിയവര്‍, ഇറങ്ങുകയാണെങ്കില്‍ തങ്ങളുടെ നെഞ്ചത്തുകൂടിയേ ഇറക്കൂവെന്ന് ഭീഷണിപ്പെടുത്തിയവര്‍, അതിനെതിരെ പ്രക്ഷോഭം നയിച്ചവര്‍ എല്ലാം പിന്നീട് അതിന്റെ ഡയറക്ടര്‍  ബോര്‍ഡിലും മറ്റുമൊക്കെ കയറിപ്പറ്റാന്‍ തള്ളിക്കയറിയ കഥ നമുക്കറിയാം. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ കരുണാകരന്‍ യത്‌നിച്ചപ്പോഴും അതിനെ എതിര്‍ത്തവരുണ്ടായിരുന്നു. എന്നാല്‍, തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍, അവ ജനങ്ങള്‍ക്ക് ഉപയുക്തമാകുമെന്ന് വിശ്വാസമുണ്ടെങ്കില്‍ അതിനുവേണ്ടി ഏതറ്റംവരെയും പോകാനുള്ള സന്നദ്ധത അദ്ദേഹത്തിനുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കും അപവാദപ്രചാരണങ്ങള്‍ക്കും എതിര്‍ശബ്ദങ്ങള്‍ക്കും അദ്ദേഹത്തെ തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.  

ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഹൃദയത്തുടിപ്പ് കൃത്യമായി അളക്കാനും അവരുടെ ആശയാഭിലാഷങ്ങള്‍ എന്താണെന്ന്  മനസ്സിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.  

കേരളത്തിന്റെ മഹാനായ പുത്രന്റെ ജ്വലിക്കുന്ന  ഓര്‍മകള്‍ക്കുമുമ്പില്‍ പ്രണാമം. 

2017 ജൂലൈ 5ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ദീകരിച്ചത്