21 കൊല്ലംമുമ്പ് ഇതുപോലൊരു ജൂലായ് 26-നാണ് ‘കാർഗിൽ യുദ്ധം’ അവസാനിച്ചത്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. ആ വിജയത്തിനായി ജീവനർപ്പിച്ച സൈനികരുടെ ഓർമയ്ക്ക് അതിനുശേഷമുള്ള എല്ലാ ജൂലായ് 26-ഉം ‘കാർഗിൽ വിജയദിവസ’മായി ആചരിക്കുന്നു.

1999 മേയിലാണ് കാർഗിലിൽ യുദ്ധം തുടങ്ങിയത്. അന്ന് പാകിസ്താൻ സേനാമേധാവിയായിരുന്ന ജനറൽ പർവേസ് മുഷറഫ്, പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് യുദ്ധത്തിനു കോപ്പുകൂട്ടിയതെന്നു പറയപ്പെടുന്നു. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റത്തോടെ അത് ആരംഭിച്ചു. സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. യുദ്ധമുണ്ടായാൽ മുൻതൂക്കമുറപ്പാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നാട്ടുകാരായ ആട്ടിടയരിൽനിന്ന് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചു വിവരം ലഭിച്ച ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചു. ആ ദിനങ്ങളിലൂടെ...

 • 1999 മേയ് 4 കാർഗിൽ മലനിരകളിൽ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സേനയ്ക്കു വിവരം ലഭിച്ചു
 • മേയ് 5-15 സേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിന്. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി
 • മേയ് 25 കാർഗിൽ, ദ്രാസ്, ബതാലിക് മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണമാരംഭിച്ചു.
 • മേയ്  26 വ്യോമസേനയുടെ മിഗ് 27 തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലഫ്. കേണൽ നചികേത പാകിസ്താന്റെ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാകിസ്താൻ വെടിവെച്ചിട്ടു. സ്‌ക്വാഡ്രൺ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു. ശ്രീനഗർ വിമാനത്താവളം അടച്ചു.
 • മേയ് 28 മിഗ് 17 ഹെലിക്കോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും മരിച്ചു. വ്യോമസേന ഹെലിക്കോപ്റ്ററുകൾ പിൻവലിച്ചു
 • മേയ് 31 കാർഗിലിൽ ‘യുദ്ധസമാന സാഹചര്യ’മെന്ന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയ്
 • ജൂണ്‍ 3 ലഫ്. കേണൽ നചികേതയെ പാകിസ്താൻ ഇന്ത്യക്കു കൈമാറി
 • ജൂണ്‍ 6 കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം. 
 • ജൂണ്‍ 10 ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താൻ ഇന്ത്യക്കു കൈമാറി.
 • ജൂണ്‍ 12 പ്രശ്നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാകിസ്താൻ വിദേശകാര്യമന്ത്രി സർതാജ് അസീസും തമ്മിൽ ഡൽഹിയിൽ ചർച്ച. നുഴഞ്ഞുകയറ്റക്കാർ ഒഴിഞ്ഞുപോകുമെന്ന് അസീസ്.
 • ജൂണ്‍ 13 തോലോലിങ് കൊടുമുടി ഇന്ത്യൻ സേന പിടിച്ചെടുത്തു. യുദ്ധം വഴിത്തിരിവിൽ. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്‌പേയ് കാർഗിലിൽ.
 • ജൂണ്‍ 15 കാർഗിലിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ.
 • ജൂണ്‍ 20 പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങിൽ ഇന്ത്യക്ക് പൂർണവിജയം. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി8 രാജ്യങ്ങൾ
 • ജൂണ്‍ 23-27 യു.എസ്. ജനറൽ ആന്തണി സിന്നി പാകിസ്താനിൽ. കാർഗിലിൽനിന്നു പിൻമാറാൻ അഭ്യർഥന. യു.എസ്. പ്രസിഡന്റിന്റെ ദൂതൻ ഇന്ത്യയിൽ.
 • ജൂലായ് 4 ഇന്ത്യൻ സേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു. ഷരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിൻവലിച്ച് ചർച്ചതുടങ്ങാൻ ക്ലിന്റന്റെ നിർദേശം. 
 • ജൂലായ് 11 പാക് നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിൻമാറ്റം തുടങ്ങി. ബാടാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണ പിൻമാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു
 • ജൂലായ് 12 പിൻമാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന. വാജ്‌പേയിയുമായി ചർച്ചയ്ക്കു തയ്യാറെന്നു വാഗ്ദാനം.
 • ജൂലായ് 14 ‘ഓപ്പറേഷൻ വിജയ്’ വിജയിച്ചെന്ന് വാജ്‌പേയിയുടെ പ്രഖ്യാപനം. പാകിസ്താനുമായി ചർച്ചയ്ക്ക് ഇന്ത്യ ഉപാധികൾവെച്ചു. 
 • ജൂലായ് 16 കാർഗിൽ യുദ്ധം അവസാനിച്ചു. പാക് സൈന്യത്തെ പൂർണമായും തുരത്തിയെന്ന് ഇന്ത്യയുടെ പ്രഖ്യാപനം.

യുദ്ധത്തിലെ പോരാളികൾ

 • മിഗ് 27 
 • മിഗ് 21 
 • എംഐ 17 
 • മിറാഷ് 2000 
 • ജാഗ്വാർ  മിഗ് 25 

ഓപ്പറേഷൻ ‘സഫേദ് സാഗർ’ എന്നായിരുന്നു വ്യോമസേനാ ദൗത്യത്തിനുപേര്

കരയുദ്ധത്തിലെ ആയുധങ്ങൾ

 •  155 എംഎം എഫ്.എച്ച് 77 ബി ബൊഫോഴ്‌സ് തോക്കുകൾ
 •  105 എംഎം ഫീൽഡ് ഗൺ
 •  160 എംഎം മോർട്ടാർ
 •  122 എംഎം മോർട്ടാർ
 •   ബിഎം 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ
 1.  കാർഗിലിൽ കരസേന ഉപയോഗിച്ചത് 2,50,000 ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും
 2.  ദിവസവും 300 തോക്കുകളും പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നിറയൊഴിച്ചു
 3.  യുദ്ധത്തിന്റെ മൂർധന്യത്തിൽ 17 ദിവസം തുടർച്ചയായി ഓരോ മിനിറ്റിലും ഒരു റൗണ്ട് എന്നതോതിലായിരുന്നു ഇത്. 
 4.  വിജയത്തിന് ഇന്ത്യക്കു നൽകേണ്ടിവന്നത് 527 ജീവനുകൾ

Content Highlights: India to observe 21st anniversary of Kargil Vijay Diwas on July 26