• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

മഹാത്മജിയും മാതൃഭൂമിയും

Oct 1, 2020, 04:04 PM IST
A A A

മഹാത്മജി ഉള്ളറിഞ്ഞു മാതൃഭൂമിക്കു നൽകിയ ഉപദേശങ്ങൾ എക്കാലത്തും മാതൃഭൂമി പ്രവർത്തകർ ഉൾക്കൊണ്ടിട്ടുണ്ട്. ആ മഹാത്മാവിന്റെ പാദമുദ്രകൾ പതിഞ്ഞ സ്ഥാപനമാണിത്. തന്റെ ജീവിതം തന്നെ ഭാരതത്തിന് ബലിയർപ്പിച്ച അദ്ദേഹത്തിന്റെ ത്യാഗോജ്വലസ്മരണകൾ മാതൃഭൂമിക്ക് എക്കാലത്തും മാർഗദീപവും പ്രചോദനവുമായിരിക്കും. മഹാത്മജി വെടിയേറ്റുവീണ ബിർളാഹൗസിൽ നിന്നും ശേഖരിച്ച അദ്ദേഹത്തിന്റെ ജീവരക്തം കലർന്ന മണ്ണ് രാഷ്ട്രപിതാവിന്റെ ഓർമയ്ക്കായി മാതൃഭൂമി ഇന്നും സൂക്ഷിക്കുന്നു.

# എം.പി. വീരേന്ദ്രകുമാർ
gandhi 150
X

മാതൃഭൂമി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന മഹാത്മജിയുടെ രക്തം പുരണ്ട മണ്ണ്

gandhi 150
മാതൃഭൂമി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന
മഹാത്മജിയുടെ രക്തം പുരണ്ട മണ്ണ്

മറ്റൊരു മലയാള പത്രത്തിനോ പ്രസിദ്ധീകരണസ്ഥാപനത്തിനോ അവകാശപ്പെടാനില്ലാത്ത വളരെയടുത്ത ബന്ധമാണ് 'മാതൃഭൂമി'ക്ക് മഹാത്മജിയുമായുളളത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മലയാളികൾക്ക് വ്യക്തമായ ദിശാബോധവും പ്രചോദനവും നല്കാനാണ് 1923 മാർച്ച് 18-ാം തീയതി കോഴിക്കോട് ആസ്ഥാനമാക്കി മാതൃഭൂമി പ്രസിദ്ധീകരണമാരാംഭിച്ചത്. മാതൃഭൂമിയും ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനവും ഒന്നിൽനിന്ന് മറ്റൊന്നിനെ അടർത്തിയെടുക്കാൻ കഴിയാത്തവിധം ഏകീഭവിച്ച പ്രസ്ഥാനങ്ങളാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു നിർണായകഘട്ടത്തിലേക്ക് പ്രവേശിച്ച വേളയിൽ കേരളത്തിലെ ദേശീയഉദ്ബുദ്ധതിയിൽനിന്ന് രൂപമെടുത്ത് അതിലൂടെ വളരുകയും അതിനെ വളർത്തുകയും ചെയ്ത മാതൃഭൂമി കേരളത്തിലെയും ഒരു പരിധിവരെ ഇന്ത്യയിലെയും ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഒരു പത്രസ്ഥാപനം നടത്തുന്നതുസംബന്ധിച്ച് ഗാന്ധിജി മുന്നോട്ടുവെച്ച നിർദേശങ്ങൾ മാതൃഭൂമിയുടെ ആദ്യകാലപ്രവർത്തകർ പൂർണമായി ഉൾക്കൊണ്ടിരുന്നു. 'സേവനത്തെമാത്രം ലക്ഷ്യമാക്കിയിട്ടായിരിക്കണം ഒരു പത്രം നടത്തേണ്ടത്. അളവറ്റതാണ് പത്രങ്ങളുടെ സ്വാധീനശക്തി. നിയന്ത്രിക്കാത്ത ജലപ്രവാഹം നാട്ടിൽ വെള്ളപ്പൊക്കമുണ്ടാക്കി വിളകളെ നശിപ്പിക്കുന്നു. അതുപോലെതന്നെ വേണ്ടമട്ടിലുപയോഗിക്കാത്ത പേന നാട്ടിനുനാശം വരുത്തുന്നു. പുറമെനിന്നുളള നിർബന്ധംകൊണ്ടാണ് നിയന്ത്രണമെങ്കിൽ, അതു നിയന്ത്രണമില്ലാത്തതിനേക്കാൾ വിനാശകരമായിരിക്കും. സ്വയം നിയന്ത്രിക്കുന്നതുകൊണ്ടുമാത്രമേ ഗുണമുണ്ടാകൂ. ഉപയോഗമുളളതും ഉപയോഗമില്ലാത്തതും ഗുണദോഷങ്ങളെപ്പോലെ, ഒന്നിച്ചു കാണാം. ഏതാണ് സ്വീകരിക്കേണ്ടത് എന്ന് നിർണയിക്കേണ്ടത് അവനവൻ തന്നെയാണ്’ എന്നാണ് ഗാന്ധിജി പത്രനടത്തിപ്പിന്റെ അടിസ്ഥാനപ്രമാണമായി ചൂണ്ടിക്കാണിച്ചത്. രാഷ്ട്രപിതാവിന്റെ വാക്കുകൾ മാതൃഭൂമിയുടെ പൂർവസൂരികൾ നെഞ്ചേറ്റി. വിവരണാതീതമായ കഷ്ടപ്പാടുകളും പ്രയാസങ്ങളും തരണം ചെയ്താണ്‌ മാതൃഭൂമി ഒരു കെട്ടിടവും പ്രസ്സും സ്വന്തമാക്കിയത്‌.

1923 മാർച്ച് 18-ാം തീയതി ഒരു സിലിൻഡർ പ്രസ്സിൽ കൈകൊണ്ടുതിരിച്ചാണ് മാതൃഭൂമി പത്രം ആദ്യമായി അച്ചടിച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഈ അവിസ്മരണീയ സംഭവം ഗാന്ധിജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാന്ധിജിയെ കൊളോണിയൽ ഭരണകൂടം അറസ്റ്റുചെയ്ത് ആറു വർഷത്തെ തടവിനു ശിക്ഷിച്ചുകൊണ്ട് ജയിലിലടച്ചത് 1922 മാർച്ച് 18-ാം തീയതിയായിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഈ സുപ്രധാന സംഭവത്തിന് ഒരു വർഷം തികയുന്ന അന്നുതന്നെ മാതൃഭൂമി പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹം അങ്ങനെ സഫലമായി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം 1930 ഏപ്രിൽ ആറിന് ഒരു ദിനപത്രമായി വളർന്നതും ഇവിടെ കുറിക്കട്ടെ. മഹാത്മാജി സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഉപ്പുസത്യാഗ്രഹം ആരംഭിച്ച നാളിൽ 1932 ജനുവരി 18-ാം തീയതി തിങ്കളാഴ്ച കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഭാഗമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണമാരംഭിച്ചു. മഹാത്മജി കാലുകൾ മടക്കി പിറകോട്ടുവെച്ച് ഇടതുകൈ നിലത്തൂന്നി ചിന്താമഗ്നനായിരിക്കുന്ന 'In Search of Truth എന്ന പേരിൽ വിഖ്യാതമായ ചിത്രമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആദ്യ മുഖചിത്രം.

'മാതൃഭൂമി'യുടെ ആദ്യ ലക്കത്തിൽതന്നെ പത്രത്തിന്റെ പ്രഥമ പത്രാധിപർ കെ.പി. കേശവമേനോൻ 'സ്വന്തം പ്രസ്താവന'എന്ന ശീർഷകത്തിൽ സ്ഥാപനത്തിന്റെ നിർദിഷ്ടലക്ഷ്യത്തെക്കുറിച്ച് ഇപ്രകാരം എഴുതി: ''ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, അധഃകൃതവർഗക്കാരുടെ സ്ഥിതി രാജ്യത്തിന്റെ ക്ഷേമത്തിനും അവരുടെ അഭിമാനത്തിനും രാജ്യങ്ങളുടെ ഐക്യത്തിനും വലിയ പ്രതിബന്ധമായിരിക്കകൊണ്ട്, അവരുടെ ഉദ്ധരണത്തിലും ക്ഷേമത്തിലും ഞങ്ങൾ സദാ ജാഗരൂകരായിരിക്കും''. ഈ പ്രസ്താവന പ്രസിദ്ധീകരിച്ച് ഒരുവർഷം പിന്നിട്ടശേഷം, പ്രതിജ്ഞ നിറവേറ്റുന്നതിനായി പത്രാധിപകർക്ക് അറസ്റ്റുവരിക്കയും ഏതാനും മാസങ്ങൾ പൂജപ്പുര ജയിലിൽ കഴിയേണ്ടിയും വന്നുവെന്നത് ചരിത്രനിയോഗം.

കേരളത്തെ മാറ്റിമറിച്ച ഗുരുവായൂർ സത്യാഗ്രഹം

അഞ്ചുവർഷം കഴിഞ്ഞ് 1931-ൽ 'അയിത്തജാതിക്കാ'ർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം അയിത്തത്തിനും മറ്റ് സാമൂഹിക അത്യാചാരങ്ങൾക്കുമെതിരെ മാതൃഭൂമി നടത്തിയ സന്ധിയില്ലാസമരങ്ങളുടെ തുടർച്ചയായിരുന്നു.

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ മുൻപന്തിയിൽ മാതൃഭൂമി​യുണ്ടായിരുന്നു. അയിത്തജാതിക്കാർക്ക് ഗുരുവായൂർ ക്ഷേത്രപ്രവേശനം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരത്തിന്റെ പ്രചോദനസ്രോതസ്സ് മഹാത്മജിയും.

കേളപ്പജി 1931 ജൂലായ് ആദ്യത്തിൽ ബോംബെയിലെത്തുകയും താൻ ഗുരുവായൂരിൽ ആരംഭിക്കാനിരിക്കുന്ന സമരത്തിന്റെ പ്രകൃതത്തെയും അതിന്റെ അനിവാര്യതയേയും കുറിച്ച് മഹാത്മജിയേയും കോൺഗ്രസ് നേതാക്കളേയും അറിയിക്കുകയും ചെയ്തു. മാതൃഭൂമി സാരഥികളായ കെ.മാധവൻ നായർ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പി.അച്യുതൻ എന്നിവരോടൊപ്പം എ.കെ.ഗോപാലൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭൻ തുടങ്ങിയ നിരവധിപേർ കേളപ്പജിയുടെ പിന്നിൽ അണിനിരന്നു. ക്ഷേത്രപ്രവേശനത്തിന്റെ പ്രസക്തിയെക്കുറിച്ച് മാതൃഭൂമി നിരന്തരം മുഖപ്രസംഗങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചുകൊണ്ട്‌ വരാനിരിക്കുന്ന സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വായനക്കാരെ ബോധവത്‌കരിച്ചുകൊണ്ടിരുന്നു.

നിർദിഷ്ട സത്യാഗ്രഹത്തിന്റെയും ജനമുന്നേറ്റത്തിന്റെയും ശക്തി ബോധ്യപ്പെട്ട ക്ഷേത്രാധികാരികളും ഉയർന്ന ജാതിക്കാരും എന്തുവിലകൊടുത്തും ഈ പ്രക്ഷോഭത്തെ തകർക്കാൻ പദ്ധതികളാവിഷ്‌കരിച്ചു. 1931 നവംബർ ഒന്നാംതീയതി സത്യാഗ്രഹം ആരംഭിക്കാനിരിക്കെ 'വാതിലുകൾ തുറക്കുമോ' എന്ന ശീർഷകത്തിൽ മാതൃഭൂമി ശക്തമായൊരു മുഖപ്രസംഗമെഴുതി. 'ഗുരുവായൂരപ്പനെ അടച്ചുപൂട്ടി പൊതിഞ്ഞുവെച്ച വാതിലുകൾ തുറക്കുമോ?' - ഇങ്ങനെയാണ് പ്രസ്തുത മുഖപ്രസംഗം അവസാനിച്ചത്.

തുടർന്ന് 'സത്യശക്തിയുടെ ഗീതം' എന്ന പേരിൽ മാതൃഭൂമി ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. 'ഗുരുവായൂരമ്പലത്തേയും ഗുരുവായൂരപ്പനേയും ചുറ്റിപ്പിണഞ്ഞിരിക്കുന്ന മുള്ളുവേലി മാത്രമല്ല, കേരളത്തിലിന്ന് പല സ്ഥലത്തും കാടുകെട്ടി ഇരുട്ടുനിറഞ്ഞുകിടക്കുന്ന അക്രമമായ യാഥാസ്ഥിതിക മൂടുപടങ്ങളെല്ലാം ദഹിപ്പിക്കാൻ പോരുന്ന സത്യാഗ്രഹവഹ്നിയാണ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നവംബർ ഒന്നാം തീയതി കൊളുത്തുവാൻ പോകുന്നതെന്ന് ഇവരറിയുന്നില്ല...'. ശക്തമായ നിലപാടുകൾ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് മാതൃഭൂമിയുടെ ചടുലമായ വാക്കുകൾ ഉത്പതിഷ്ണുക്കളെ ആവേശം കൊള്ളിച്ചു.

സമരത്തിന്റെ 21-ാം ദിവസം കേളപ്പജി തന്നെ സത്യാഗ്രഹത്തിനിറങ്ങി. 28-ാം തീയതി വളണ്ടിയർ ക്യാപ്റ്റൻ എ.കെ.ഗോപാലനെ സമരവിരോധികൾ അതിക്രൂരമായി മർദിക്കുകയും തുടർന്ന് അദ്ദേഹം ബോധരഹിതനായി നിലത്തുവീഴുകയും ചെയ്തു. ഗാന്ധിജി ഉപദേശിച്ച അഹിംസാമന്ത്രം ജപിച്ച് എ.കെ.ജി. എല്ലാം സഹിച്ചുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. അതിക്രമങ്ങൾക്കെതിരെ മാതൃഭൂമി ശക്തമായൊരു മുഖപ്രസംഗമെഴുതി. സത്യാഗ്രഹം സംബന്ധിച്ചുള്ള ഗാന്ധിജിയുടെ അഭിപ്രായങ്ങളും പത്രം വിശദമായി റിപ്പോർട്ട് ചെയ്തു. അതിനിടെയാണ് അധികൃതർ കോൺഗ്രസ് കമ്മിറ്റിയെ നിയമവിരുദ്ധമാക്കിയതും ഗാന്ധിജിയെ അറസ്റ്റുചെയ്തതും.

സത്യാഗ്രഹമാരംഭിച്ച് ഒരുവർഷം തികയുന്ന 1932 നവംബർ ഒന്നാം തീയതി മുതൽ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതുവരെ ക്ഷേത്രനടയിൽ നിരാഹാരസത്യാഗ്രഹം തുടങ്ങുമെന്ന് കേളപ്പജി പ്രഖ്യാപിച്ചു. 1932 നവംബർ 22-ാം തീയതി രാവിലെ മുതൽ മരണംവരെയുള്ള നിരാഹാരസത്യാഗ്രഹം കേളപ്പജി ആരംഭിച്ചു.

കേളപ്പജിയുടെ ഉപവാസം

മഹാത്മജിയുടെ അനുമതിപോലും തേടാതെയാണ് പ്രശ്‌നത്തിന്റെ ഗൗരവസ്വഭാവം മുൻനിർത്തി കേളപ്പജി മരണംവരെയുള്ള ഉപവാസമാരംഭിച്ചത്. അതിനിടെ ഉപവാസത്തെ എതിർക്കുന്നവർ കേളപ്പന്റെ ധൃതിപിടിച്ച നടപടിക്കെതിരേ ഗാന്ധിജിക്ക് കത്തുകളയച്ചു. എന്നാൽ കേളപ്പനെ അലട്ടുവാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നവരെ അറിയിക്കുകയാണ് ഗാന്ധിജി ചെയ്തത്. അതേസമയം കേളപ്പജിക്ക്‌ അയച്ച ഒരു ടെലിഗ്രാം സന്ദേശത്തിൽ അദ്ദേഹം നടത്തുന്നത് തന്റെ ഉപവാസത്തിന്റെ അനുകരണമാണെന്നും അതിനാൽ ഉടൻ അതവസാനിപ്പിക്കണമെന്നും മഹാത്മജി ആവശ്യപ്പെട്ടു. കേളപ്പൻ പക്ഷേ, സവിനയം ഗാന്ധിജിയുടെ നിർദേശത്തിൽ നിന്നൊഴിഞ്ഞുമാറി.

ഗാന്ധിജിയുടെ ഒരു കത്തിനുള്ള മറുപടിയിൽ കേളപ്പൻ ഇതേക്കുറിച്ചെഴുതി: ''കാര്യങ്ങളെല്ലാമ റിഞ്ഞിട്ടും ബാപ്പുജിയെന്നോട് ഉപവാസം നിർത്തിെവക്കാൻ കല്പിക്കുകയാണെങ്കിൽ, അതിനെ അനാദരിക്കാൻ ഞാൻ ധൈര്യപ്പെടില്ല. എന്നാൽ അതിനുശേഷം കേരളത്തിലെ ക്ഷേത്രങ്ങൾ അധഃകൃതർക്ക് തുറന്നുകിട്ടുന്നതിനുള്ള എല്ലാ ഭാരവും ഞാൻ ബാപ്പുജിയിൽ ചുമത്തുന്നു''. കേളപ്പജിയുടെ ഉറച്ച നിലപാടിനു പിന്നിലുണ്ടായിരുന്ന ഉദ്ദേശശുദ്ധിയെ മാനിച്ച് മാതൃഭൂമി അദ്ദേഹത്തെ അനുകൂലിച്ചു.

അതിനിടെ കേളപ്പൻ നിരാഹാരസമരം അവസാനിപ്പിക്കുകയാണെങ്കിൽ മൂന്നു മാസത്തിനകം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് സാമൂതിരി അറിയിച്ചു. ഇക്കാര്യം ശിഷ്യന്റെ മുന്നിൽ വെച്ച ഗുരുനാഥനോട് തന്റെ വ്യവസ്ഥകൾ കേളപ്പജി വീണ്ടും പുതുക്കി. അവസാനം താൻ ഇക്കാര്യത്തിൽ ഇടപെട്ട് ലക്ഷ്യം നേടിത്തരാമെന്ന് ഗാന്ധിജി വാക്കുകൊടുത്തു. അതേത്തുടർന്നാണ് 1932 ഒക്ടോബർ 1-ാം തീയതി, പത്തുദിവസം നീണ്ടുനിന്ന നിരാഹാരസത്യാഗ്രഹം കേളപ്പജി അവസാനിപ്പിച്ചത്. സാമൂതിരി വാഗ്ദാനം ചെയ്ത മൂന്നു മാസത്തെ അവധിയിലായിരുന്നു എല്ലാവർക്കും പ്രതീക്ഷ. ''മൂന്നു മാസത്തിനുള്ളിൽ കേരളത്തിലെ ക്ഷേത്രങ്ങൾ അധഃകൃതർക്ക് തുറന്നു കൊടുത്തില്ലെങ്കിൽ പൊതുജന പ്രക്ഷോഭം ഒതുക്കാൻ സാധ്യമാവില്ല. ഈ വസ്തുത ഊരാളന്മാരെ ഞങ്ങൾ ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു,'' എന്ന മുന്നറിയിപ്പോടെയാണ ്ഈ വിഷയത്തിൽ മാതൃഭൂമിയുടെ മുഖപ്രസംഗം അവസാനിച്ചത്.

അതിനിടെ യർവാദാ ജയിലിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ, വിജയം മുന്നിൽ തെളിഞ്ഞു കണ്ടിട്ടും കേളപ്പൻ തന്റെ ഉപദേശം സ്വീകരിച്ച് ഉപവാസം അവസാനിപ്പിച്ചതിനെ മഹാത്മജി പ്രശംസിച്ചു. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലേക്ക് 'അയിത്തജാതിക്കാരുടെ' പ്രവേശനം തന്റെ കൂടി ഉത്തരവാദിത്തമാണെന്നും ഗാന്ധിജി പ്രസ്താവിച്ചു. സാമൂതിരിയടക്കമുള്ള അധികൃതർക്ക് മഹാത്മജി ബുദ്ധിയുപദേശിച്ചു. രബീന്ദ്രനാഥ് ടാഗോറി​നെയും മറ്റും രംഗത്തിറക്കാനും അദ്ദേഹത്തിനു സാധിച്ചു. മാതൃഭൂമി സാരഥികൾ തുടങ്ങിവെച്ച ഒരു പ്രസ്ഥാനത്തിൽ ഗാന്ധിജി പൂർണമായും ഭാഗഭാക്കായി. തുടർന്ന്‌ ഗുരുവായൂർ ക്ഷേത്രകവാടം അയിത്ത ജാതിക്കാർക്ക്‌ തുറന്നുകൊടുക്കപ്പെട്ടു.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മജി ദണ്ഡിയിൽ നിന്നാരംഭിച്ച നിയമലംഘനപ്രസ്ഥാനത്തിന്റെ വിജയത്തിനായി മാതൃഭൂമി അനവതരം പ്രയത്‌നിച്ചു. 1930 ഏപ്രിൽ 13-ാം തീയതി കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് നിയമം ലംഘിച്ച് ഉപ്പുകുറുക്കാൻ പോയ സംഘത്തിന്റെ നേതാവ് കേളപ്പജിയായിരുന്നു. ഉപ്പുസത്യാഗ്രഹമെന്നറിയപ്പെട്ട പ്രക്ഷോഭത്തിൽ മാതൃഭൂമി പ്രവർത്തകരായ കെ. മാധവൻനായരടക്കം നൂറുകണക്കിനാളുകൾ ആവേശപൂർവം പങ്കെടുത്തു. നിയമലംഘനം നടത്തിയ ഗാന്ധിജിയും കേളപ്പജിയും മാധവൻ നായരുമടക്കം ആയിരക്കണക്കിനു സമരഭടന്മാർ ദേശവ്യാപകമായി അറസ്റ്റു വരിച്ചു. ആ കാലയളവിൽ മാതൃഭൂമി ആവേശോജ്ജ്വലമായ മുഖപ്രസംഗങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചുകൊണ്ട് പ്രക്ഷോഭത്തിനു ശക്തമായ പിന്തുണ നൽകി.

ക്വിറ്റ് ഇന്ത്യാ സമരകാലം

മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും മാതൃഭൂമി പങ്കാളിയായി. ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യസമ്പാദനത്തിന്, ആവശ്യമെങ്കിൽ, ജീവൻ വെടിയണമെന്നുവരെ മഹാത്മജി ഉദ്‌ബോധിപ്പിച്ചു. ‘പത്രങ്ങൾ അവയുടെ ചുമതല സ്വതന്ത്രമായും നിർഭയമായും നിറവേറ്റണമെന്നും മഹാത്മജി നിർദേശിച്ചു. തുടർന്ന് 1942 ഓഗസ്റ്റ്‌ ഒൻപതാം തീയതി അതിരാവിലെ ഗാന്ധിജി, ജവാഹർലാൽ നെഹ്‌റു, മൗലാനാ അബുൾ കലാം ആസാദ്, സർദാർ വല്ലഭ്‌ഭായി പട്ടേൽ, സരോജിനി നായ്ഡു തുടങ്ങിയവർ അറസ്റ്റു ചെയ്യപ്പെട്ടു. അന്നുതന്നെ മാതൃഭൂമിയുടെ പത്രാധിപർ കെ.എ. ദാമോദരമേനോനും അറസ്റ്റിലായി. പത്രാധിപക്കസേരയിൽ വെച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. പത്രമാരണനിയമങ്ങൾകൊണ്ടാണ് കൊളോണിയൽ ഗവണ്മെന്റ് മാധ്യമങ്ങളെ നേരിട്ടത്. ഹിന്ദുസ്ഥാൻ ടൈംസ്, അമൃത്ബസാർ പത്രിക, ആനന്ദബസാർ പത്രിക തുടങ്ങിയ പ്രമുഖ പത്രങ്ങൾക്കെല്ലാം പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. ഗവണ്മെന്റു നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് 1942 ഓഗസ്റ്റ്‌ 23-ാം തീയതി മാതൃഭൂമി പ്രസിദ്ധീകരണം നിർത്തി. നിയന്ത്രണങ്ങളിൽ അയവു വന്നതിനെത്തുടർന്ന് 1942 സെപ്‌റ്റംബർ 2-ാം തീയതി മാതൃഭൂമി വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. മഹാത്മജിയുടെ ആഹ്വാനങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ അവസാനംവരെ മാതൃഭൂമി ഉറച്ചുനിന്നു.

മാധവൻനായരും ഗാന്ധിജിയും

1933 സെപ്‌റ്റംബർ 29-ന് മാതൃഭൂമിയുടെ പ്രഥമ മാനേജിങ് ഡയറക്ടറും പിൽക്കാലത്ത് മാനേജരുമായിരുന്ന കെ. മാധവൻനായർ അന്തരിച്ചു. കേരളത്തിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഉന്നത നേതാവായിരുന്ന മാധവൻനായർക്ക് മഹാത്മജിയടക്കമുള്ള ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാധവൻനായരുടെ ചരമം രാജ്യത്തിനു വലിയൊരു നഷ്ടമാണെന്ന് വാർത്തയറിഞ്ഞ ഉടൻ ഗാന്ധിജി, മാതൃഭൂമിയിലൂടെ അയച്ചൊരു അനുശോചനസന്ദേശത്തിൽ പറഞ്ഞു. അടുത്ത വർഷം, 1934 ജനവരി 13-ന് മഹാത്മജി മലബാറിൽ സന്ദർശനത്തിനെത്തിയപ്പോൾ കോഴിക്കോട്ടു വരികയും ടൗൺഹാളിലും മാതൃഭൂമി ഓഫീസിലും മാധവൻനായരുടെ രണ്ട് ഛായാപടങ്ങൾ അനാച്ഛാദനം ചെയ്യുകയുമുണ്ടായി. ടൗൺഹാളിലെ നിറഞ്ഞ സദസ്സിനുമുന്നിൽ മഹാത്മജി മാധവൻനായരുടെ ഗുണവിശേഷങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. യർവാദ ജയിലിൽ മാധവൻ നായരോടൊപ്പം കഴിഞ്ഞകാലം ഗാന്ധിജി അനുസ്മരിച്ചു. ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിലും അയിത്തോച്ചാടനത്തിലും മറ്റും അദ്ദേഹം വഹിച്ച നിസ്തുലമായ പങ്ക് മഹാത്മജി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. മാധവൻനായരുടെ വിനയത്തെയും നിഷ്‌കളങ്കതയേയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. മാതൃഭൂമിയിലെത്തിയ ഗാന്ധിജിക്ക് സ്‌നേഹോഷ്മളമായൊരു സ്വീകരണമാണ് കേളപ്പജിയടക്കമുള്ള സാരഥികളുടെയും മാതൃഭൂമി പ്രവർത്തകരുടെ നേതൃത്വത്തിൽ നൽകപ്പെട്ടത്‌. മാധവൻനായരുടെ ഒരു ഛായാപടം മാതൃഭൂമി ഓഫീസിൽ അനാച്ഛാദനം ചെയ്ത ശേഷം സ്ഥാപനം കൈവരിച്ച നേട്ടങ്ങളിൽ മഹാത്മജി അഭിനന്ദനമറിയിച്ചു. ഇന്ത്യയിലെ പത്രങ്ങൾക്കിടയ്ക്ക് മാതൃഭൂമിക്ക് നിസ്തുലമായൊരു സ്ഥാനമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

മഹാത്മജി ഉള്ളറിഞ്ഞു മാതൃഭൂമിക്കു നൽകിയ ഉപദേശങ്ങൾ എക്കാലത്തും മാതൃഭൂമി പ്രവർത്തകർ ഉൾക്കൊണ്ടിട്ടുണ്ട്. ആ മഹാത്മാവിന്റെ പാദമുദ്രകൾ പതിഞ്ഞ സ്ഥാപനമാണിത്. തന്റെ ജീവിതം തന്നെ ഭാരതത്തിന് ബലിയർപ്പിച്ച അദ്ദേഹത്തിന്റെ ത്യാഗോജ്വലസ്മരണകൾ മാതൃഭൂമിക്ക് എക്കാലത്തും മാർഗദീപവും പ്രചോദനവുമായിരിക്കും. മഹാത്മജി വെടിയേറ്റുവീണ ബിർളാഹൗസിൽ നിന്നും ശേഖരിച്ച അദ്ദേഹത്തിന്റെ ജീവരക്തം കലർന്ന മണ്ണ് രാഷ്ട്രപിതാവിന്റെ ഓർമയ്ക്കായി മാതൃഭൂമി ഇന്നും സൂക്ഷിക്കുന്നു.

(പുനപ്രസിദ്ധീകരണം)

Content Highlight: Relationship with mahatma gandhi and mathrubhumi

PRINT
EMAIL
COMMENT

 

Related Articles

ഗാന്ധിമാർഗം
Features |
Features |
ദക്ഷിണാഫ്രിക്കയിലെ ആദ്യ സത്യാഗ്രഹവും ഗാന്ധിയുടെ അറസ്റ്റും
Features |
ഗാന്ധിജിയുടെ ഒരു ദിവസം
Features |
പാവങ്ങളുടെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ഒട്ടിയ വയറും വേദനിപ്പിച്ചു, ഗാന്ധിജി അർധനഗ്നനായ ഫക്കീറായി
 
  • Tags :
    • Gandhi Jayanthi
More from this section
Mahatma Gandhi
മഹാത്മജിയും മാതൃഭൂമിയും
Mahatma Gandhi
ഗാന്ധിജിയും മാധ്യമ പ്രവർത്തനവും
Mahatma Gandhi and Sree Narayana Guru
ആ കണ്ടുമുട്ടൽ!
Mahatma Gandhi
കേരളത്തെ പിടിച്ചുലച്ച സ്‌പർശങ്ങൾ
Mahatma Gandhi
സത്യാഗ്രഹത്തിന്റെ തിരുപ്പിറവി
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.