കേരളത്തിലെ സാമൂഹികചരിത്രത്തിൽ വൈക്കം സത്യാഗ്രഹത്തിനുള്ള പ്രാധാന്യം വലുതാണ്. ഈ സമരത്തിൽ ഊർജം പകരാനായിരുന്നു 1925 മാർച്ച് എട്ടുമുതൽ പത്തൊൻപതുവരെ ഗാന്ധിജിയുടെ രണ്ടാം കേരളസന്ദർശനം. ഈ സമയത്താണ് ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതും ശിവഗിരിമഠത്തിൽ തങ്ങിയതും. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിക്കുന്ന വിവരം അറിഞ്ഞപ്പോൾത്തന്നെ, അദ്ദേഹത്തിനുവേണ്ടി ആശ്രമത്തിനടുത്തുള്ള എം.കെ. ഗോവിന്ദദാസ് എന്നൊരു ഭക്തന്റെ വീട് ഗുരു ഏർപ്പാടുചെയ്തിരുന്നു. അവിടെ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയശേഷം ഗുരു ഗാന്ധിജിയെ സ്വീകരിക്കാൻ അവിടെയെത്തി.

വർക്കല കൊട്ടാരത്തിൽവെച്ച് അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് റാണി സേതുലക്ഷ്മീബായിയുമായി സംഭാഷണത്തിനുശേഷമാണ് ഗാന്ധിജി ശ്രീനാരായണഗുരുവുമായി സംഭാഷണത്തിന് എത്തിയത്. ഗാന്ധിജിയെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. വിശേഷതരം പുൽപായകളിൽ ഖദർവിരിച്ചാണ് ഗുരുവിനും ഗാന്ധിജിക്കും ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നത്. ഗാന്ധിജി എത്തിയ ഉടൻ അദ്ദേഹത്തെ സ്വീകരിച്ച് ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഗുരുശിഷ്യന്മാർ ഗാന്ധിജിക്ക് അതിഥിപൂജയും സാഷ്ടാംഗനമസ്കാരവും നടത്തി. ഇതിനുശേഷമാണ് ഗുരുവും ഗാന്ധിജിയും തമ്മിൽ ദീർഘനേരം സംഭാഷണം നടത്തിയത്. കോട്ടയം ജഡ്ജി ആയിരുന്ന എൻ. കുമാരനായിരുന്നു സംഭാഷണങ്ങൾ തർജമചെയ്തത്.

ഒരുവിഭാഗം ഹിന്ദുക്കൾക്ക് പൊതുനിരത്തുകളും കുളങ്ങളും കിണറുകളും ഉപയോഗിക്കാൻ കഴിയാത്ത കേരളത്തിലെ സ്ഥിതി ഗുരു, ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുത്തി. അവരുടെ കുട്ടികൾക്ക് എല്ലാ സ്കൂളുകളിലും പ്രവേശനം അനുവദിക്കണമെന്നും മറ്റു ജാതിക്കാർക്ക് നൽകുന്ന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഗുരു പറഞ്ഞു. വൈക്കത്ത് നടക്കുന്ന  സമരത്തിൽ തനിക്ക് ഭിന്നാഭിപ്രായമില്ലെന്ന് ഗുരു ഗാന്ധിജിയെ അറിയിച്ചു. ഗാന്ധിജിക്ക് ശിവഗിരിമഠത്തിൽ തങ്ങണമെന്നായിരുന്നു മോഹം. അതിനുവേണ്ടി മഠത്തിൽ ഒരുക്കങ്ങൾ നടന്നു. ഒരു മഹായോഗി ആശ്രമത്തിൽ തങ്ങുന്ന പ്രതീതിയായിരുന്നു ശിഷ്യന്മാർക്ക്. അവർ ആശ്രമകാര്യങ്ങൾ ഗാന്ധിജിക്ക് വിവരിച്ചുകൊടുത്തു. അവിടെ പാടിയ പ്രാർഥനാശ്ലോകങ്ങൾ ഗുരു രചിച്ചതാണെന്ന് ശിഷ്യന്മാർ പറഞ്ഞപ്പോൾ ഗാന്ധിജി ആഹ്ലാദം രേഖപ്പെടുത്തി. ആശ്രമത്തിലെ പൂജകളെപ്പറ്റി ഗാന്ധിജി ചോദിച്ചറിഞ്ഞു. അടുത്തദിവസം കാലത്തായിരുന്നു പൊതുയോഗം. ഗാന്ധിജിയും ഗുരുവും വേദിയിൽ പ്രത്യക്ഷപ്പെട്ടു. ഗാന്ധിജിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അനുസരിക്കണമെന്ന് ഗുരു ശിഷ്യന്മാരോട് നിർദേശിച്ചു. ആശ്രമത്തിൽനിന്നും ഗാന്ധിജിയെ യാത്രയാക്കാൻ ഗുരുവും സന്നിഹിതനായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി പൊതുയോഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘‘ശ്രീനാരായണഗുരുവിനെ കാണുന്നതിനുള്ള സന്ദർഭം എനിക്ക് ലഭിച്ചു. അദ്ദേഹത്തിനുപോലും വൈക്കത്തെ റോഡുകളിൽക്കൂടി സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ലെന്ന് ഓർത്തപ്പോൾ എനിക്ക് ലജ്ജതോന്നി. ഞാൻ അദ്ദേഹത്തിന്റെ അതിഥിയായിരുന്നു. ശിവഗിരിമഠം മഹത്ത്വമുള്ളതാണ്, സുന്ദരമാണ്. അവിടത്തെ ശുചീകരണത്തിനുള്ള ഏർപ്പാടുകളും എനിക്കിഷ്ടമായി. അവിടെ ചില പുലയ കുട്ടികൾ സംസ്കൃതം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. ചുരുക്കം സംസ്കൃതപണ്ഡിതന്മാർക്കു മാത്രമേ അത്ര ഭംഗിയായി പാരായണംചെയ്യാൻ കഴിയൂ. അവിടെവെച്ച് ചില സമുന്നതരായ ഈഴവസഹോദരങ്ങളെ കാണാനും എനിക്കുകഴിഞ്ഞു. അവർ ഈ നാട്ടിലെ ഏറ്റവും സമുന്നതരായ വ്യക്തികളെപ്പോലെത്തന്നെ കഴിവുള്ളവരും  വൃത്തിയുള്ളവരുമാണ്. അവർക്ക് വൈക്കത്തെ റോഡുകളിൽക്കൂടി സഞ്ചരിക്കാൻ  സ്വാതന്ത്ര്യമില്ലെന്ന വസ്തുത എന്റെ മതബോധത്തെയും ദേശീയബോധത്തെയും  മനുഷ്യത്വത്തെയും വ്രണപ്പെടുത്തുന്നു...’’

Content Highlights: Meeting between Mahatma Gandhi and Sree Narayana Guru