ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി -ലൂയി ഫിഷർ
അമേരിക്കൻ മാധ്യമപ്രവർത്തകനായ ലൂയി ഫിഷർ എഴുതിയ മഹാത്മാഗാന്ധിയുടെ ജീവചരിത്രമാണ് ‘ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി’. റിച്ചാർഡ് അറ്റൻബറോയുടെ ‘ഗാന്ധി’ എന്ന സിനിമയ്ക്ക് ആധാരവും ഫിഷറിന്റെ ഈ പുസ്തകമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിലേക്കുള്ള ഗാന്ധിജിയുടെ ഐതിഹാസികയാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ഷിഷർ പുസ്തകത്തിൽ പറയുന്നു. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി സ്വീകരിച്ച നിലപാടുകൾ, ലോകത്തിന് മുഴുവൻ മാതൃകയായി ഗാന്ധിജി മാറിയതെങ്ങനെ തുടങ്ങിയ വസ്തുതകൾ പുസ്തകത്തിൽ എഴുത്തുകാരൻ വിശദീകരിക്കുന്നു.
മഹാത്മാഗാന്ധി-റൊമൈൻ റോളണ്ട്
‘ഇരുണ്ട കണ്ണുകളും മെലിഞ്ഞ മുഖവും ശോഷിച്ച ശരീരവുമുള്ള ശിരസ്സിൽ ചെറിയ വെള്ളത്തലപ്പാവ് ധരിച്ച, വെളുത്ത പരുത്തി വസ്ത്രം ധരിച്ച, ധാന്യങ്ങളും പഴങ്ങളും ശുദ്ധജലവും മാത്രം ഭക്ഷണമാക്കുന്ന, വെറും നിലത്തുറങ്ങുന്ന നഗ്നപാദനായ ഒരു മനുഷ്യൻ. വളരെക്കുറച്ചുമാത്രം ഉറങ്ങുകയും അധികനേരവും ഇടതടവില്ലാതെ തന്റെ ജോലികളിൽ മുഴുകുകയും ചെയ്യുന്ന ആ മനുഷ്യനിൽ അനന്തമായ ക്ഷമയും സ്നേഹവുമല്ലാതെ അസാധാരണമായൊന്നും പറയാനാവില്ല. ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ കാണുമ്പോൾ ഡബ്ല്യു.ഡബ്ല്യു. പിയേഴ്സണ് ഫ്രാൻസിസ് പുണ്യാളനെ ഓർമ വന്നുവെന്ന് പറഞ്ഞിരുന്നു.’
-വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ റൊമൈൻ റോളണ്ട് ഗാന്ധിജിയെക്കുറിച്ചെഴുതിയ ‘മഹാത്മാഗാന്ധി’ എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്.
പുസ്തകമെഴുതാനായി റോളണ്ട് ഇന്ത്യയിലെത്തി ഗാന്ധിജിയെ കണ്ടിരുന്നു. ഫ്രഞ്ച് ഭാഷയിലുള്ള പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് കാതറിൻ ഡി. ഗ്രോത്താണ്.
പ്രസിദ്ധീകരിച്ച വർഷം-1924
ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ -ജോസഫ് ലെലിവെൽഡ്
ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമുള്ള ഗാന്ധി നടത്തിയ പോരാട്ടത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിന്റെ എക്സിക്യുട്ടീവ് എഡിറ്ററും പുലിറ്റ്സർ ജേതാവുമായിരുന്ന ജോസഫ് ലെലിവെൽഡ് എഴുതിയ പുസ്തകം. ഗാന്ധിജിയുടെ സമരപാതയിലെ നേട്ടങ്ങളെയും തിരിച്ചടികളെയും കുറിച്ച് 2011-ൽ പുറത്തിറങ്ങിയ പുസ്തകം പറയുന്നു.
മഹാത്മാഗാന്ധി; ഹിസ് ലൈഫ് ആൻഡ് ഐഡിയാസ്, -ചാൾസ് എഫ്. ആൻഡ്രൂസ്
ഇംഗ്ലീഷ് പുരോഹിതനായ ചാൾസ് ആൻഡ്രൂസും ഗാന്ധിജിയുടെ പൗത്രൻ അരുൺ ഗാന്ധിയും ചേർന്നെഴുതിയ മഹാത്മാഗാന്ധി: ഹിസ് ലൈഫ് ആൻഡ് ഐഡിയാസ് 1929-ൽ പ്രസിദ്ധീകരിച്ചു.
ഗാന്ധി: പ്രിസണർ ഓഫ് ഹോപ്പ് -ജുഡിത് എം.ബ്രൗൺ
വ്യക്തിയെന്ന നിലയിൽ ഗാന്ധിജിയെ കൂടുതൽ വിലയിരുത്തുന്ന ബ്രിട്ടീഷ് ചരിത്രകാരി ജുഡിത് എം. ബ്രൗണിന്റെ പുസ്തകമാണ് ഗാന്ധി: എ പ്രിസണർ ഓഫ് ഹോപ്പ്. 1893 മുതൽ 1914 വരെ ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായിരുന്ന കാലത്തെയും വർണവിവേചനത്തിനെതിരേയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെയും ആഴത്തിൽ പുസ്തകം കൈകാര്യം ചെയ്തിരിക്കുന്നു.
പ്രസിദ്ധീകരിച്ച വർഷം-1989
മഹാത്മാഗാന്ധി ദി ഫാദർ ഓഫ് ദ നേഷൻ -സുഭദ്ര സെൻ ഗുപ്ത
സത്യത്തിനും സമാധാനത്തിനും വേണ്ടി സമർപ്പിച്ച ഗാന്ധിജിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ആഴത്തിൽ പറയുന്നു പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച സുഭദ്ര സെൻ ഗുപ്തയുടെ ‘മഹാത്മാഗാന്ധി ദി ഫാദർ ഓഫ് ദ നേഷൻ’ എന്ന പുസ്തകം. 2010-ലാണ് പുസ്തകം പുറത്തിറങ്ങുന്നത്.
ഗാന്ധി: ദി ഇയേഴ്സ് ദാറ്റ് ചെയ്ഞ്ച്ഡ് ദ വേൾഡ്, 1914-1948-രാമചന്ദ്രഗുഹ
ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ 1914 മുതൽ അദ്ദേഹം വധിക്കപ്പെടുന്ന 1948 വരെയുള്ള മൂന്ന് പതിറ്റാണ്ടുകാലത്തെ ഗാന്ധിജിയുടെ ജീവിതം പറയുന്ന പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹയെഴുതിയ പുസ്തകം. പ്രസിദ്ധീകരിച്ച വർഷം-2018
Content Highlight: mahathma gandhi and books