ഗാന്ധിസ്മരണകളിൽ അധികം ചർച്ചചെയ്യപ്പെടാതെ പോകുന്ന ഒരു കാര്യം, അദ്ദേഹം തന്റെ രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കംമുതൽ ഒടുക്കംവരെ ഒരു മാധ്യമ പ്രവർത്തകനുമായിരുന്നു എന്നതാണ്. ഇന്ന് മാധ്യമ സ്വാതന്ത്ര്യവും മാധ്യമ ധർമവും ഏറെ ചർച്ചചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ജനതയുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നിരന്തരം നടത്തിയ തന്ത്രപരമായ മാധ്യമ ഇടപെടലുകൾ വളരെ പ്രസക്തമാണ്.
ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’, ‘ഹരിജൻ’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും രേഖകളായി ഇന്നും പരാമർശിക്കപ്പെടാറുണ്ട്. പക്ഷേ, 1903-ൽ സൗത്ത് ആഫ്രിക്കയിൽവെച്ചുതന്നെ ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ജയിലിൽ പോകുമ്പോഴുള്ള അവസരങ്ങളിലൊഴികെ ഇന്ത്യയിൽ തിരികെ എത്തുന്നതുവരെ നിരന്തരം അത് തന്റെയും സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ വംശജരുടെയും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഒരു പ്രധാന ഉപകരണമായി നിലനിർത്തിയിരുന്നു എന്നത് നാം അധികം ഓർക്കാറില്ല. പിന്നീട് ഇന്ത്യയിൽ ‘യങ് ഇന്ത്യ’, ‘നവ്ജീവൻ’, ‘ഹരിജൻ’, ‘ഹരിജൻബന്ധു’, ‘ഹരിജനസേവക്’ എന്നീ പ്രസിദ്ധീകരണങ്ങൾ സ്ഥാപിക്കുകയും അവയിൽ നിരന്തരം എഴുതുകയും ചെയ്തു.
പത്രപ്രവർത്തകന്റെ ധാർമിക മൂല്യം
ഗാന്ധിജി എന്ന പത്രപ്രവർത്തകന്റെ ധാർമിക മൂല്യം, അത് പണസമ്പാദനത്തിനുള്ള മാർഗമല്ലെന്നും മറിച്ച് സാമൂഹിക-രാഷ്ട്രീയ പരിവർത്തനത്തിനും ജനങ്ങൾക്ക് അറിവ് പകരാനും അവരുടെ വീക്ഷണങ്ങൾ ഏകോപിപ്പിക്കാനുമുള്ള ഒഴിവാക്കാനാവാത്ത ഒരു ഉപാധിയാണ് എന്നുമുള്ള അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു. അതു കൊണ്ടുതന്നെ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ വളരെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. ‘ഒരു രാജ്യത്തിനും ഒഴിവാക്കാനാവാത്ത അമൂല്യമായ ഒരു വിശേഷാവകാശമാണ് മാധ്യമ സ്വാതന്ത്ര്യം’ എന്നാണ് അദ്ദേഹം എഴുതിയത്.
ധനസമ്പാദനത്തിനുള്ള ഒരു തൊഴിൽ അല്ല എന്ന ഉറച്ച വിശ്വാസത്തിൽ, ഗാന്ധിജി തന്റെ പ്രസിദ്ധീകരണങ്ങളിൽ പരസ്യങ്ങൾ സ്വീകരിക്കുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ ഉപാധിയില്ലാത്ത മാധ്യമ സ്വാതന്ത്ര്യ സങ്കല്പം സത്യസന്ധവുമായിരുന്നു. വർത്തമാനകാല മാധ്യമങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധി ഈ സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മയാണ്. അതുകൊണ്ടുതന്നെ കോർപ്പറേറ്റുകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സ്വകാര്യ താത്‌പര്യങ്ങളുടെ പിടിയിൽനിന്ന് മുക്തിനേടാൻ നമ്മുടെ മാധ്യമങ്ങൾക്കു സാധിക്കാതെപോകുന്നു. എങ്കിലും ഗാന്ധിയൻ ഉത്തമ ലോകത്ത്, അദ്ദേഹം വെച്ചുപുലർത്തിയിരുന്ന സങ്കല്പങ്ങൾ ഇന്നും സ്വതന്ത്ര, നിർഭയ മാധ്യമപ്രവർത്തനത്തിന്റെ ആധാരശിലയായി കരുതാം. ഉദാഹരണത്തിന് എല്ലാ വശവും പരിശോധിക്കാൻ കഴിയാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കരുത് എന്ന തത്ത്വം. അതുപോലെ മാധ്യമങ്ങളിൽ വരുന്ന വൈദ്യശാസ്ത്ര സംബന്ധിയായ പരസ്യങ്ങളുടെ അപകടത്തെക്കുറിച്ചും അക്കാലത്തുതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻ
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന രാഷ്ട്രീയ-സാംസ്കാരിക വിപത്താണ് വ്യാജവാർത്തകൾ. മനുഷ്യവംശത്തിനെതിരായ അപരാധമായിട്ടാണ് ഗാന്ധിജി അവയെക്കണ്ടിരുന്നത്. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കിലോ? അതുപോലെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം, മാധ്യമസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നത് നമ്മൾ തന്നെയാണെന്നാണ്. ‘ഒരു മനുഷ്യനും സ്വന്തം ദൗർബല്യത്തിലൂടെയല്ലാതെ തന്റെ അഭിപ്രായസ്വാതന്ത്ര്യം നഷ്ടപ്പെടുത്താനാവില്ല’-അദ്ദേഹം എഴുതി. അതുകൊണ്ടുതന്നെയാവണം അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരിന് കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന് 1922-ൽ ബ്രിട്ടീഷ് സർക്കാർ ദേശദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തിന്റെ പത്രധർമം തടയാൻ ശ്രമിച്ചപ്പോൾ, താൻ ചെയ്തത് ദേശദ്രോഹമാണെങ്കിൽ അതറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്ന് സധൈര്യം അദ്ദേഹം പറഞ്ഞത്. അപ്പോൾ വിജയിച്ചത് എല്ലാ ഭാരതീയരുടെയും അഭിപ്രായ സ്വാതന്ത്ര്യമാണ്.
ഒരുപക്ഷേ, അതുതന്നെയാണ് ആധുനിക കാലത്തും അപകടകരമായ രീതിയിൽ മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോൾ ജനാധിപത്യവിശ്വാസികളായ മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. ചെറുത്തുനിൽപ്പിനു പ്രധാനമായും വേണ്ടത് സ്വന്തം ദൗർബല്യങ്ങളെ പരാജയപ്പെടുത്തുകയാണ്. സത്യാഗ്രഹത്തിലും അഹിംസയിലും ധാർമികതയിലും അധിഷ്ഠിതമായ ഗാന്ധിസമരങ്ങളുടെ ആധാരശില അദ്ദേഹത്തിന്റെ നിർഭയത്വമായിരുന്നു. തന്റെ മാധ്യമപ്രവർത്തനത്തിലും അദ്ദേഹം സ്വീകരിച്ചത് അതുതന്നെയാണ്. അതുകൊണ്ടാവണം അദ്ദേഹത്തിന്റെ വായടയ്ക്കാൻ ആർക്കും ഒരിക്കലും സാധിക്കാഞ്ഞതും. അതാവണം നമുക്കുള്ള പാഠവും.
(യു.എൻ.ഡി.പി.യുടെ ഏഷ്യ, പെസഫിക് ഉദ്യോഗസ്ഥനും കോളമിസ്റ്റുമാണ് ലേഖകൻ)
Content Highlights: Journalist in Mahatma Gandhi