ഗാന്ധിജിയെപ്പോലെ അങ്ങേയറ്റം സങ്കീർണമായൊരു വ്യക്തിയെ പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷം വിലയിരുത്തുന്നത് ഏറെ ക്ലേശകരമാണ്. പോരെങ്കിൽ, കാലവും കാര്യവും സമൂഹവും മാറിയിരിക്കുന്നു. അവകാശങ്ങൾ അവകാശങ്ങൾ അല്ലാതാവുകയും മനുഷ്യർ ആട്ടിൻപറ്റങ്ങളാവുകയും കലപ്പകൾ വാളുകളായി മാറുകയും ചെയ്തിരിക്കുന്നു. ജോൺ മിൽട്ടൺ പറഞ്ഞതുപോലെ, ‘വെളിച്ചമല്ല, തമസ്സാണ് ദൃഷ്ടിപഥത്തിൽ എവിടെയും’. ആശയദാരിദ്ര്യം കലശലായുള്ള നമ്മുടെ രാഷ്ട്രീയത്തിന് അധികാരാരാധനയാണ് പുതിയ മതം. ഫലമോ, അധികാരത്തിനുവേണ്ടി ഏതറ്റംവരെ പോകാനും രാഷ്ട്രീയസമൂഹം തയ്യാറാവുന്നു. ഇന്ത്യാവിഭജനം 1947-ൽ കഴിഞ്ഞെങ്കിലും ഇന്ത്യക്കാർ വീണ്ടുംവീണ്ടും വിഭജിക്കപ്പെടുന്നത് ഇതുമൂലമാണ്.
വിമതസാന്നിധ്യം
ഇത്തരമൊരവസ്ഥയിൽ ഗാന്ധിജിയെപ്പോലെ ഒരാൾ വിമതസാന്നിധ്യമാവുന്നത് തികച്ചും സ്വാഭാവികമാണ്. സത്യാന്വേഷണ പരീക്ഷണങ്ങളല്ലല്ലോ ഇപ്പോൾ നാം നടത്തുന്നത്. അസത്യാന്വേഷണ പരീക്ഷണങ്ങളാണല്ലോ. പ്രശസ്ത പണ്ഡിതൻ സുനിൽ ഖിൽനാനിക്ക് ഉണ്ടായൊരനുഭവം നമ്മേ കണ്ണുതുറപ്പിക്കാൻ പോരുന്നതാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽവെച്ച് ‘ഗാന്ധി’സിനിമ കണ്ടതുമായി ബന്ധപ്പെട്ടൊരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം വിവരിക്കുന്നത്. സിനിമയുടെ ഒടുവിൽ, ഗാന്ധിജിക്കുനേരെ ഗോഡ്‌സെ വെടിയുതിർക്കുന്ന രംഗം എത്തിയപ്പോൾ കാണികൾ ഹർഷാരവത്തോടെ അതിനെ വരവേറ്റു എന്നാണ് അദ്ദേഹം രേഖപ്പെടുത്തുന്നത് !
സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടിനിടയിൽ നാം എത്രത്തോളം ഗാന്ധിജിയിൽനിന്ന് അകലുകയും ഗോഡ്‌സെയോട് അടുക്കുകയും ചെയ്തു എന്നതിന്റെ സാക്ഷിപത്രമാണിത്. ഇവിടെ ഒരു വൈരുധ്യവും ദർശിക്കാനാവും. ഗാന്ധിജിയെ തള്ളിപ്പറയുന്ന അതേ ശ്വാസത്തിൽത്തന്നെ നാം അദ്ദേഹത്തിന്റെ പ്രതിമകളിൽ ഹാരാർപ്പണം നടത്തുകയും കറൻസിനോട്ടുകളിലും പോസ്റ്റൽ സ്റ്റാമ്പുകളിലും അദ്ദേഹത്തിന്റെ ചിത്രം ആലേഖനം നടത്തുകയും ചെയ്യുന്നു. ഗാന്ധിജിയെ അദ്ദേഹത്തിന്റെ ശത്രുക്കളിൽ നിന്നുമാത്രമല്ല, ഇത്തരത്തിലുള്ള പ്രതിനിധാനങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഇതിന് അദ്ദേഹത്തെ ശരിയായി വിലയിരുത്തേണ്ടതുണ്ട്. വീഴ്ചകളുടെയും ദൗർബല്യങ്ങളുടെയും വെളിച്ചത്തിൽ അല്ല, അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിനും സമൂഹത്തിനും നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ.
പുതിയ ഇന്ത്യക്കാരൻ, പുതിയ രാഷ്ട്രീയം
ഉപ്പും നീലവും (ഇൻഡിഗോ) പരുത്തിത്തുണിയും ചർക്കയും പേനയും (മാധ്യമ പ്രവർത്തകന്റെ ആയുധം) കണ്ണടയും ഊന്നുവടിയും മെതിയടിയും പോക്കറ്റ് വാച്ചുമായിരുന്നല്ലോ മതനിഷ്ഠഗാന്ധിജിയുടെ മതനിരപേക്ഷ ചിഹ്നങ്ങൾ. 1922-ൽ വിദേശവസ്തുക്കളുടെ ബഹിഷ്കരണം ആരംഭിച്ചതുമുതൽത്തന്നെ, അദ്ദേഹം തുന്നിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന പതിവ് അവസാനിപ്പിച്ചിരുന്നു. അവിടന്ന് ഇങ്ങോട്ട് ഉടുമുണ്ടും മേൽമുണ്ടും മാത്രമായി അദ്ദേഹത്തിന്റെ വേഷം.
വേഷവിധാനത്തിലെ ഈ ലാളിത്യത്തിന് ഇന്ത്യൻ സാഹചര്യത്തിൽ മറ്റൊരർഥംകൂടിയുണ്ട്. വസ്ത്രധാരണത്തിലെ ജാതി-മത-പ്രാദേശിക വേർതിരിവിന്റെ നിരാസം. ഒരുതരം സാമൂഹിക-സാംസ്കാരിക നിഷ്പക്ഷത. അഥവാ സോഷ്യോ-കൾച്ചറൽ ന്യൂട്രാലിറ്റി. വേഷം, ജാതി-മത-പ്രാദേശിക സ്വത്വങ്ങളുടെ അടയാളമായി പരിഗണിക്കുന്ന നമ്മുടെ നാട്ടിൽ പാരമ്പര്യ വസ്ത്രധാരണ രീതിയെ പരിത്യജിച്ചുകൊണ്ട് ഒരു പുത്തൻ ഇന്ത്യക്കാരന്റെ വാർപ്പുമാതൃക അദ്ദേഹം സൃഷ്ടിച്ചു.
ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ തുടക്കവും ആയിരുന്നു. വസ്ത്രംകൊണ്ട് സാധാരണക്കാരിൽ ഒരുവനായി മാറിയ അദ്ദേഹം ജാതി-മത-പ്രാദേശിക ഭേദമെന്യേ അവരുടെ ഐക്യത്തിന്റെ ചിഹ്നമായി മാറുകയും അതുവഴി ജനകീയരാഷ്ട്രീയത്തിന്റെ ബീജാവാപം നിർവഹിക്കുകയും ചെയ്തു. ഗാന്ധിജിയുടെ വരവിനുമുമ്പുവരെ, വിദൂരസ്ഥവും കേവലം അധികാരപ്രയോഗത്തിന്റെ വിനിമയവുമായിരുന്ന രാഷ്ട്രീയത്തെ അദ്ദേഹം പൊതുജനമധ്യത്തിൽ പ്രതിഷ്ഠിക്കുകയും അധികാരത്തെ വെല്ലുവിളിക്കുന്ന ഉപകരണമാക്കി മാറ്റുകയും ചെയ്തു എന്നുസാരം.
മാത്രമല്ല, സംഘടിതരാഷ്ട്രീയത്തിന്റെയോ വിശാലമായ സാമൂഹിക മുന്നേറ്റത്തിന്റെയോ ചരിത്രമില്ലാത്ത നാട്ടിൽ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ച് വിയോജിപ്പിന്റെയും സമാധാനപരമായി പ്രതിരോധത്തിന്റെയും രാഷ്ട്രീയത്തിലേക്ക് മെല്ലെ കൈപിടിച്ച് ആനയിച്ചു. അധികാരത്തിന്റെയും സമ്പത്തിന്റെയും കവചകുണ്ഡലങ്ങൾ ഇല്ലാത്ത സാധാരണ ജനങ്ങളുടെ കൂട്ടായ്മയ്ക്കു മുന്നിൽ ഏതു ചൂഷണവ്യവസ്ഥിതിയും സ്വേച്ഛാധിപത്യ ഭരണവും മുട്ടുമടക്കുമെന്നാണ് ഇതിലൂടെ അദ്ദേഹം തെളിയിച്ചത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ലോകത്തെ പരിവർത്തനപ്പെടുത്താനുള്ള ഊർജം സാമാന്യ മനുഷ്യരുടെ സംഘശക്തിയിൽ നിന്നാണ് നുരഞ്ഞുപൊന്തുന്നത് എന്നദ്ദേഹം തെളിയിച്ചു.
അതേസമയം, ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴും ഗാന്ധിജി സംവാദത്തിന്റെയും സമവായത്തിന്റെയും വാതിലുകൾ കൊട്ടിയടച്ചതുമില്ല. ഒരുവേള, പ്രക്ഷോഭത്തെയും ചർച്ചയെയും സമവായത്തെയും സമന്വയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. സംഘർഷങ്ങൾക്കും വംശഹത്യകൾക്കും യുദ്ധക്കെടുതികൾക്കും-ബോർ യുദ്ധംമുതൽ രണ്ട് ലോകയുദ്ധങ്ങളും ഇന്ത്യാവിഭജനം വരെ-സാക്ഷ്യം വഹിച്ചതുകൊണ്ടാവാം സമാധാനത്തിനും സംവാദത്തിനും അദ്ദേഹം പ്രാധാന്യം കല്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതംതന്നെ സംവാദങ്ങളുടെ നിരമുറിയാ നിരയായിരുന്നല്ലോ.