1940 ഡിസംബര്‍ 24ന് എഴുതിയ കത്ത്
പ്രിയപ്പെട്ട സുഹൃത്തേ,
താങ്കളെ ഞാന്‍ സുഹൃത്തേ എന്ന് അഭിസംബോധനം ചെയ്യുന്നത് കേവലം ഉപചാരത്തിനുവേണ്ടിയല്ല. എനിക്ക് ശത്രുക്കളേയില്ല. വംശത്തിന്റെയോ വര്‍ണത്തിന്റെയോ വിശ്വാസത്തിന്റെയോ വ്യത്യാസം പരിഗണിക്കാതെ മനുഷ്യവംശത്തിന്റെ മുഴുവന്‍ സൗഹാര്‍ദം നേടുകയാണ് കഴിഞ്ഞ 36 കൊല്ലത്തെ എന്റെ ജീവിതദൗത്യം.
മനുഷ്യരില്‍ വിശ്വസാഹോദര്യത്തിന്റെ ആശയമുള്‍ക്കൊള്ളുന്ന ഒരു വലിയ വിഭാഗം താങ്കളുടെ നടപടികളെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്നറിയാനുള്ള സമയവും ആഗ്രഹവും താങ്കള്‍ക്കുണ്ടാകുമെന്ന് ഞാനാശിക്കുന്നു. താങ്കളുടെ ധീരോദാത്തതയിലും പിതൃരാജ്യത്തോടുള്ള കൂറിലും ഞങ്ങള്‍ക്കു സംശയമില്ല. എതിരാളികള്‍ വിശേഷിപ്പിക്കുന്ന തരത്തിലുള്ള ഒരു രാക്ഷസനാണ് താങ്കളെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, താങ്കളുടെയും സുഹൃത്തുക്കളുടെയും ആരാധകന്മാരുടെയും ലേഖനങ്ങളും പ്രഖ്യാപനങ്ങളും താങ്കളുടെ ചെയ്തികളിലധികവും രാക്ഷസീയവും മനുഷ്യന്റെ അന്തസ്സിന് യോജിക്കാത്തതുമാണെന്ന കാര്യത്തില്‍ പ്രത്യേകിച്ച് എന്നെപ്പോലെ വിശ്വസാഹോദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സംശയത്തിനിട നല്കുന്നില്ല. ചെക്കോസ്ലോവാക്യയെ ചവിട്ടിത്താഴ്ത്തിയതും പോളണ്ടിനെ ബലാല്‍ക്കാരം ചെയ്തതും ഡെന്മാര്‍ക്കിനെ വിഴുങ്ങിയതുമൊക്കെ അത്തരത്തിലുള്ളതുതന്നെ. താങ്കളുടെ ജീവിത വീക്ഷണത്തില്‍ ഇത്തരം കൈയേറ്റങ്ങള്‍ സുകൃതങ്ങളാണെന്ന് എനിക്കറിയാം. എന്നാല്‍, ഞങ്ങളെ ചെറുപ്പം മുതല്‍ക്കേ പഠിപ്പിച്ചിട്ടുള്ളത് ഇവ മനുഷ്യത്വത്തെ തരംതാഴ്ത്തുന്ന നടപടികളാണെന്നാണ്. തന്നിമിത്തം താങ്കളുടെ ആയുധശക്തിക്ക് വിജയംനേടാന്‍ നിര്‍വാഹമില്ല. ഞങ്ങളുടേത് ഒരു പ്രത്യേകാവസ്ഥയാണ്. നാസിസത്തെപ്പോലെത്തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഞങ്ങള്‍ ചെറുക്കുന്നു. വ്യത്യാസമുണ്ടെങ്കില്‍, അത് പരിമാണത്തിന്റെ കാര്യത്തില്‍ മാത്രമാണ്. മനുഷ്യരാശിയുടെ അഞ്ചിലൊരു ഭാഗത്തെ ബ്രിട്ടന്റെ കാല്‍ച്ചുവട്ടിനുകീഴില്‍ കൊണ്ടുവന്നിട്ടുള്ളത് അന്യായമായ മാര്‍ഗങ്ങളിലൂടെയാണ്. അതിനോടുള്ള ഞങ്ങളുടെ എതിര്‍പ്പ് ബ്രിട്ടീഷ് ജനതയെ ദ്രോഹിക്കലല്ല. ഞങ്ങള്‍ അവരെ യുദ്ധരംഗത്ത് പരാജയപ്പെടുത്തുകയല്ല, മാനസാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഞങ്ങളുടേത് ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ആയുധരഹിതമായ ഒരു വിപ്ലവമാണ്.
അവരെ മാനസാന്തരപ്പെടുത്തുന്നതില്‍ ജയിച്ചാലും ഇല്ലെങ്കിലും അക്രമരഹിതമായ നിസ്സഹകരണത്തിലൂടെ അവരുടെ ഭരണം അസാധ്യമാക്കാന്‍ ഞങ്ങളുറച്ചിരിക്കുന്നു. ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരു മാര്‍ഗമാണിത്. പരാജിതരുടെ സ്വമേധയോ, നിര്‍ബന്ധിതരാവുക മൂലമോ ഉള്ള സഹകരണം ഒരളവുവരേയെങ്കിലും ലഭിക്കാതെ ഒരു ജേതാവിന്നും തന്റെ ഉദ്ദേശ്യം നേടാന്‍ സാധിക്കില്ലെന്ന ബോധമാണ് അതിന്റെ അടിസ്ഥാനം. ഞങ്ങളെ അടക്കിഭരിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഭൂമിയും ശരീരവും കീഴടക്കാം. പക്ഷേ, ഞങ്ങളുടെ ആത്മാവിനെ കീഴടക്കാനാവില്ല. ഇന്ത്യയിലെ ഓരോ പുരുഷനെയും സ്ത്രീയെയും കുട്ടിയെയും നശിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് ആദ്യം പറഞ്ഞത് സാധ്യമാവുകയുള്ളൂ. പക്ഷേ, എല്ലാവരും അതുപോലെ ധീരോദാത്തത കാണിച്ചില്ലെന്നു വരാം. ഭയം കാരണം വിപ്ലവത്തിന്റെ നട്ടെല്ല് ഒടിഞ്ഞുപോയെന്ന് വരാം. എന്നാല്‍, ഈ വാദത്തിന് പ്രസക്തിയില്ല. കാരണം ആക്രമണകാരികളുടെ മുമ്പില്‍ മുട്ടുകുത്തുന്നതിനു പകരം അവരോട് യാതൊരു പകയും കൂടാതെ തന്നെ ആത്മത്യാഗം ചെയ്യാന്‍ സന്നദ്ധതയുള്ള ഗണ്യമായ ഒരു വിഭാഗം സ്ത്രീപരുഷന്മാര്‍ ഇന്ത്യയിലുണ്ടെങ്കില്‍, ബലപ്രയോഗത്തിന്റെ മര്‍ദനവാഴ്ചയില്‍ നിന്നുള്ള മോചനമാര്‍ഗം കാട്ടിക്കൊടുക്കാന്‍ അവര്‍ക്ക് കഴിയും. ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതിലുമേറെ അത്തരം സ്ത്രീ പുരുഷന്മാരെ കണ്ടെത്താന്‍ കഴിയുമെന്ന് പറയുമ്പോള്‍ താങ്കള്‍ എന്നെ വിശ്വസിക്കണം. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവര്‍ക്ക് അത്തരം പരിശീലനമാണ് ലഭിച്ചുള്ളത്.
കഴിഞ്ഞ 50 വര്‍ഷങ്ങളായി ഞങ്ങള്‍ ബ്രിട്ടീഷാധിപത്യം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്. സ്വാതന്ത്ര്യപ്രസ്ഥാനം മുമ്പൊരിക്കലും ഇത്ര ശക്തി പ്രാപിച്ചിട്ടില്ല. ഏറ്റവും പ്രബലമായ രാഷ്ട്രീയകക്ഷി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - ഈ ലക്ഷ്യം നേടാന്‍ ശ്രമിച്ചുവരുന്നു. അക്രമരഹിതമായ ശ്രമങ്ങളിലൂടെ ഞങ്ങള്‍ ഗണ്യമായ വിജയം നേടിയിട്ടുണ്ട്. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും സംഘടിതമായ അക്രമശക്തിയെ - ബ്രിട്ടീഷാധിപത്യം പ്രതിനിധാനം ചെയ്യുന്നത് അതിനെയത്രെ - ചെറുക്കാനുള്ള ശരിയായ മാര്‍ഗം അന്വേഷിക്കുകയാണ്. താങ്കള്‍ അതിനെ വെല്ലുവിളിച്ചു കഴിഞ്ഞു. ജര്‍മനിയുടേതോ, ബ്രിട്ടന്റേതോ ഏതാണ് കൂടുതല്‍ സുസംഘടിതമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
ഞങ്ങള്‍ക്കും യൂറോപ്യന്മാരല്ലാത്ത മറ്റ് ജനവിഭാഗങ്ങള്‍ക്കും ബ്രിട്ടീഷാധിപത്യത്തിന്റെ ഫലമെന്താണെന്ന് നല്ലപോലെ അറിയാം. എന്നാല്‍, ജര്‍മനിയുടെ സഹായം കൊണ്ട് ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ശരിയായി സംഘടിപ്പിക്കുകയാണെങ്കില്‍ ലോകത്തിലെ എല്ലാ അക്രമശക്തികളോടും നിസ്സംശയം കിടപിടിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഞങ്ങള്‍ അക്രമരാഹിത്യത്തില്‍ കാണുന്നത്. അക്രമരാഹിത്യത്തിന്റെ മാര്‍ഗത്തില്‍ പരാജയമെന്നൊന്നില്ല. കൊല്ലുകയോ ദ്രോഹിക്കുകയോ ചെയ്യാതെ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണത്. പണത്തിന്റേയോ, താങ്കള്‍ പരിപൂര്‍ണതയിലെത്തിച്ചുള്ള ശാസ്ത്രത്തിന്റേയോ സഹായം കൂടാതെ അതുപയോഗിക്കാന്‍ കഴിയും.
നശീകരണശക്തി ആരുടേയും കുത്തകയല്ലെന്ന് താങ്കള്‍ മനസ്സിലാക്കാത്തതില്‍ എനിക്കദ്ഭുതം തോന്നുന്നു. ബ്രിട്ടീഷുകാരല്ലെങ്കില്‍, മറ്റേതെങ്കിലും രാജ്യം ഇക്കാര്യത്തില്‍ നിങ്ങളെ കവച്ചുവെക്കുകയും അതേ ആയുധം കൊണ്ട് തന്നെ നിങ്ങളെ കീഴടക്കുകയും ചെയ്യും. താങ്കളുടെ ജനതയ്ക്ക് അഭിമാനത്തോടെ സ്മരിക്കാന്‍ കഴിയുന്ന ഒരു പൈതൃകമായിരിക്കില്ല താങ്കള്‍ വിട്ടേച്ചുപോകുന്നത്. എത്രതന്നെ സമര്‍ഥമായ രീതിയില്‍ നടത്തിയതായാലും ക്രൂരകൃത്യങ്ങളെ സംബന്ധിച്ച സ്മരണ അയവിറക്കുന്നതില്‍ അവര്‍ക്കപമാനം തോന്നും.
തന്നിമിത്തം യുദ്ധം നിര്‍ത്താന്‍ മനുഷ്യരാശിയുടെ പേരില്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. താങ്കളും ബ്രിട്ടനുമായുള്ള എല്ലാ തര്‍ക്കങ്ങളും നിങ്ങള്‍ യോജിച്ചു നിശ്ചയിക്കുന്ന ഒരു രാഷ്ട്രാന്തരീയ കോടതിക്ക് വിടുന്നതില്‍ ഒരു നഷ്ടവും വരില്ല. യുദ്ധത്തില്‍ ജയിച്ചാല്‍ അതുകൊണ്ട് താങ്കളുടെ വാദം ശരിയായിരുന്നുവെന്നര്‍ഥമില്ല. താങ്കളുടെ നശീകരണ ശക്തിയായിരുന്നു കൂടുതലെന്ന് മാത്രമേ അതില്‍ നിന്ന് തെളിയുകയുള്ളൂ. എന്നാല്‍, ഒരു നിഷ്പക്ഷക്കോടതിയുടെ വിധിയാകട്ടെ മനുഷ്യസാധ്യമായേടത്തോളം ആരുടെ നിലപാടാണ് ശരിയെന്ന് തെളിയിക്കും.
എന്റെ അക്രമരാഹിത്യമാര്‍ഗം സ്വീകരിക്കാന്‍ ഞാന്‍ ഓരോ ബ്രിട്ടീഷുകാരനോടും ഈയിടെ അഭ്യര്‍ഥിച്ചത് താങ്കളറിഞ്ഞിരിക്കും. കാരണം ഒരെതിരാളിയാണെങ്കിലും ബ്രിട്ടീഷുകാരുടെ സുഹൃത്താണ് ഞാനെന്ന് അവര്‍ക്കറിയാം. താങ്കള്‍ക്കും താങ്കളുടെ ജനങ്ങള്‍ക്കും ഞാന്‍ അപരിചിതനാണ്. ബ്രിട്ടീഷുകാരോട് ചെയ്ത അഭ്യര്‍ഥന താങ്കളോടും ആവര്‍ത്തിക്കാനുള്ള ധൈര്യം എനിക്കില്ല. ബ്രിട്ടീഷുകാരുടെ കാര്യത്തിലെന്നപോലെ തന്നെ താങ്കള്‍ക്കത് ബാധകമാകില്ലെന്നതുകൊണ്ടല്ല, എന്റെ ഇപ്പോഴത്തെ ആദര്‍ശം കൂടുതല്‍ ലളിതവും കൂടുതല്‍ പ്രായോഗികവും സുപരിചിതവുമാണ്.
യൂറോപ്പിലെ ജനങ്ങളുടെ ഹൃദയങ്ങള്‍ സമാധാനത്തിനുവേണ്ടി വെമ്പല്‍ കൊള്ളുന്ന ഈ വേളയില്‍ ഞങ്ങളുടെ സമാധാനപരമായ പോരാട്ടം കൂടി നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യക്തിപരമായി താങ്കള്‍ക്ക് വളരെ പ്രാധാന്യമുള്ളതായി തോന്നുകയില്ലെങ്കിലും യൂറോപ്പിലെ ബഹുകോടി ജനങ്ങള്‍ സമാധാനത്തിനുവേണ്ടി മൂകരായി മുറവിളിക്കുന്ന ഈ ഘട്ടത്തില്‍ സമാധാനത്തിനായി ഒരു ശ്രമം നടത്തണമെന്ന് താങ്കളോട് ആവശ്യപ്പെടുന്നത് അതിര്‍കവിഞ്ഞ ഒന്നാണോ? അവരുടെ മൂകമായ രോദനം എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. കാരണം എന്റെ കര്‍ണപുടങ്ങള്‍ മൂകരായ ജനലക്ഷങ്ങളുടെ രോദനം കേട്ട് തഴമ്പിച്ചതാണ്. താങ്കളോടും സീഞ്ഞോര്‍ മുസ്സോളിനിയോടും ഒരു സംയുക്താഭ്യര്‍ഥന ചെയ്യണമെന്നാണ് ഞാനുദ്ദേശിച്ചിരുന്നത്. വട്ടമേശ സമ്മേളനത്തിലേക്കുള്ള ഒരു പ്രതിനിധിയായി ഇംഗ്ലണ്ടിലേക്കുള്ള യാത്രാവേളയില്‍ റോമില്‍വെച്ച് ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഇത് ആവശ്യമായ ഭേദഗതികളോടെ തന്നോടുമുള്ള ഒരഭ്യര്‍ഥനയായി അദ്ദേഹം ഗണിക്കുമെന്ന് ഞാനാശിക്കുന്നു.
- താങ്കളുടെ ആത്മാര്‍ഥ സുഹൃത്ത്
എം.കെ. ഗാന്ധി (ഒപ്പ്)
ഗാന്ധി പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം
Content Highlight: Gandhiji's letter to Adolf Hitler