“ഈ പരീക്ഷണങ്ങൾക്കു പൂർണതയുണ്ടെന്ന് എനിക്ക് അവകാശപ്പെടാനാകില്ല. ഒരു ശാസ്ത്രജ്ഞൻ നടത്തുന്ന അവകാശവാദങ്ങളേ എനിക്കുമുള്ളൂ. അങ്ങേയറ്റത്തെ കൃത്യതയോടെയും ദീർഘദൃഷ്ടിയോടെയും സൂക്ഷ്മതയോടെയുമാണ് ശാസ്ത്രജ്ഞൻ പരീക്ഷണങ്ങൾ നടത്തിയിരിക്കുക. ആ പരീക്ഷണങ്ങൾക്കൊടുവിൽ എത്തിച്ചേർന്ന നിഗമനങ്ങൾ സമഗ്രമാണെന്നോ സമ്പൂർണമാണെന്നോ അയാൾ ഒരിക്കലും അവകാശപ്പെടാറില്ല. ആഴത്തിലുള്ള ആത്മപരിശോധനയിൽക്കൂടിയാണു ഞാൻ കടന്നുപോയത്. അതിൽ തെറ്റു പറ്റിയില്ലെന്നോ പൂർണതയിലെത്തിയെന്നോ എനിക്കൊരിക്കലും പറയാനാകില്ല.”- ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെ’ക്കുറിച്ച് ഒരിക്കൽ ഗാന്ധിജി വിശദീകരിച്ചതിങ്ങനെയാണ്.
ഇങ്ങനെയൊരു വിശദീകരണം ഗാന്ധിജിക്കു നൽകേണ്ടിവന്നതിനുപിന്നിൽ ഒരുകാരണമുണ്ട്. അന്നുവരെ പാശ്ചാത്യലോകത്തിനുമാത്രം പരിചയമുള്ള ഒന്നായിരുന്നു ആത്മകഥ. ഒരാളുടെ മത്സരബുദ്ധിയാണ് അയാളെക്കൊണ്ട് ആത്മകഥയെഴുതിക്കുന്നത് എന്നാണു പാശ്ചാത്യ സങ്കല്പം. ഗാന്ധിജിക്കു സ്വന്തം സഹപ്രവർത്തകരിൽനിന്നുപോലും എതിർപ്പ് നേരിടേണ്ടിവന്നു. അതു ഗാന്ധിജിയെ ധർമസങ്കടത്തിലാക്കി. തനിക്കെതിരായ ആരോപണങ്ങൾക്കു മറുപടി പറയാൻ ഗാന്ധിജി പിന്നെ വൈകിയില്ല.
ആത്മകഥയെഴുതാനുള്ള തീരുമാനം ഗാന്ധിജിയിൽനിന്നാണുണ്ടായതെങ്കിലും അതിനു പ്രേരണയായതു ചില സമ്മർദങ്ങളാണ്. എതിർപ്പിന്റെ സ്വരമുയർത്തിയവർ സഹപ്രവർത്തകരാണെങ്കിൽ അതെഴുതാനുള്ള സമ്മർദം ചെലുത്തിയതും സഹപ്രവർത്തകരിൽ ചിലർതന്നെ.
അഴികൾക്കുള്ളിലെ ഗാന്ധിജി
ആത്മകഥയെഴുതാൻ മാത്രം ഏറെ സമയം നീക്കിവെയ്ക്കാനുള്ളത്ര ‘ധാരാളി’യായിരുന്നില്ല ഗാന്ധിജി. അദ്ദേഹത്തിന്റെ ഓരോ നിമിഷത്തിനും ആവശ്യക്കാരേറെയായിരുന്നു. എന്നാൽ 1922-ൽ ആ സമയം വന്നെത്തി. അതിനുതക്കതായ ഒരു സ്ഥലവും അദ്ദേഹത്തിനു ലഭിച്ചു. യേർവാദ ജയിൽ! സത്യാഗ്രഹസമരവുമായി ബന്ധപ്പെട്ട് ഒരിക്കൽ യേർവാദജയിലിലെത്തിയപ്പോഴാണു തന്റെ എഴുത്തിനു പറ്റിയ ഏകാന്തത അവിടെയുണ്ട് എന്നദ്ദേഹം തിരിച്ചറിയുന്നത്.
ഗുജറാത്തിയിൽനിന്ന് ഇംഗ്ലീഷിലേക്ക്
ഗാന്ധിജിയുടെ എഴുത്തൊക്കെയും ഗുജറാത്തിയിലായിരുന്നു. മൂന്നുവർഷത്തിനിടെ എല്ലാ ആഴ്ചയും ഓരോ ഭാഗങ്ങളായി യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു. മഹാദേവ് ദേശായിയാണ് അതിനെ ഗുജറാത്തിയിൽനിന്ന് ഇംഗ്ലീഷിലേക്കു തർജമ ചെയ്തത്. പിന്നീടിത് പുസ്തകമായി. 1927-ൽ ആദ്യ വാല്യവും 1929-ൽ രണ്ടാമത്തേതും. പിന്നീടിത് ഒറ്റ വാല്യത്തിലായി. 170 അധ്യായങ്ങളാണ് അതിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഉപമകളില്ലാത്ത വിറ്റഴിക്കലായിരുന്നു അതിനുണ്ടായത്. അഞ്ചു ഭാഗങ്ങളായാണ് 170 അധ്യായങ്ങളും നൽകിയിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ അഞ്ചുഘട്ടങ്ങളാണവ.
മഹാത്മാഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷകള്‍'വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരട്ട ലജ്ജാഭാരവും ‘മഹാത്മ’യും
ആത്മകഥയെഴുതുമ്പോൾ ഗാന്ധിജിക്ക് ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നിരിക്കണം. തന്റെ പേരിനൊപ്പം ചാർത്തിക്കിട്ടിയിരിക്കുന്ന ‘മഹാത്മ’ പട്ടത്തെ തച്ചുടയ്ക്കുക. അതിന്റെ ഭാഗമെന്നോണം തുറന്നെഴുത്തുകൾക്കു കുറവുവരുത്തിയില്ല അദ്ദേഹം. ‘അച്ഛന്റെ മരണവും എന്റെ ഇരട്ടലജ്ജാഭാരവും’ എന്ന അധ്യായത്തിൽ തുറന്നെഴുത്ത് നടത്തിയ ഗാന്ധിജിക്കു സമാനതകളില്ല. അച്ഛൻ മരണാസന്നനായിരിെക്ക പ്പോലും ഭാര്യയോടുള്ള വിഷയാസക്തിക്ക് ഇരയായിപ്പോയ വ്യക്തിയെന്നാണു ഗാന്ധിജി സ്വയം വിശേഷിപ്പിക്കുന്നത്. റൂസ്സോയുടെ ‘കൺഫഷൻസ്’ പോലുള്ള വിരലിലെണ്ണാവുന്ന ഗ്രന്ഥങ്ങളിൽ മാത്രമാണ് അത്തരത്തിൽ തുറന്നെഴുത്തുകളുണ്ടായത്. ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെ’ക്കുറിച്ചു പാശ്ചാത്യലോകമറിയുന്നത് അമേരിക്കൻ ആഴ്ചപ്പതിപ്പായ യൂണിറ്റിയിലൂടെയാണ്.