തന്റെ കൗമാരകാലത്തെല്ലാം പരമ്പരാഗത ഗുജറാത്തി വസ്ത്രങ്ങള്‍ക്കപ്പുറം പാര്‍സി തൊപ്പിയും നീണ്ട ഇംഗ്ലീഷ് ജാക്കറ്റുമായിരുന്നു മോഹന്‍ദാസിന്റെ വേഷം.
പതിനെട്ടാം വയസ്സിലാണ് നിയമം പഠിക്കാന്‍ മോഹന്‍ദാസ് കരംചന്ദ് ലണ്ടനിലെത്തിയത്. സതാംപ്ടണില്‍ കപ്പലിറങ്ങുമ്പോള്‍ വെള്ള ഫ്‌ലാനല്‍സ്യൂട്ട് ആയിരുന്നു വേഷം. പാശ്ചാത്യ പ്രലോഭനങ്ങളില്‍ വീണുപോവില്ലെന്ന് ഭാര്യ കസ്തൂര്‍ബയ്ക്കും അമ്മ പുത്ലിബായിക്കും വാക്കുകൊടുത്തിട്ടാണ് മോഹന്‍ദാസ് കപ്പലേറിയത്. എന്നാല്‍, പാശ്ചാത്യവേഷത്തോടുള്ള ഭ്രമം യുവാവ് വിട്ടില്ല. ലണ്ടനില്‍ സ്യൂട്ടുകള്‍ക്കും തൊപ്പികള്‍ക്കും ടൈകള്‍ക്കുമായി അദ്ദേഹം ധാരാളം പണം ചെലവഴിച്ചു. 'പ്ലെയിങ് ദ ഇംഗ്ലീഷ് െജന്റില്‍മാന്‍' എന്നാണദ്ദേഹം പിന്നീട് അതിനെക്കുറിച്ച് പറഞ്ഞത്.
ഷിപ്പിങ് ബിസിനസ് നടത്തുന്ന കത്തിയവാറുകാരന്‍ ദാദ അബ്ദുള്ളയുടെ ദക്ഷിണാഫ്രിക്കയിലെ ബന്ധുവിന് നാട്ടുകാരനായ ഒരു വക്കീലിനെ കിട്ടിയാല്‍ കൊള്ളാമെന്നുപറഞ്ഞതാണ് ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന്റെ തുടക്കം. 23 വയസ്സായിരുന്നു അന്ന്. പാശ്ചാത്യരീതിയിലുള്ള വസ്ത്രമോടിയില്‍, ഇന്ത്യക്കാരനെക്കാള്‍ ബ്രിട്ടീഷുകാരനെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ഹെര്‍മന്‍ പൊള്ളാക്ക് നിരീക്ഷിച്ചിരുന്നു. എന്നാല്‍, കടുത്ത വര്‍ണവെറി പുലര്‍ത്തിയിരുന്നു വെള്ളക്കാര്‍ മോഹന്‍ദാസ് കരംചന്ദിനെ തൊലിയുെട പേരില്‍ നിന്ദിച്ച് തീവണ്ടിയില്‍നിന്ന് ചവിട്ടിപ്പുറത്താക്കി.
ജീവിതത്തിലും വസ്ത്രധാരണരീതിയിലും വഴിത്തിരിവ് അതായിരുന്നു. ബ്രിട്ടീഷ് വസ്ത്രധാരണത്തോട് ഗാന്ധിക്ക് വിരക്തി വന്നുതുടങ്ങി. സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയിലെ ഗുജറാത്തി പണിക്കാരുടെ വേഷമായ വെള്ള കുര്‍ത്തയും ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ദോത്തിയും അദ്ദേഹം ഉപയോഗിച്ചുതുടങ്ങി.
ഗോപാലകൃഷ്ണ ഗോഖലെയുടെ നിര്‍ദേശപ്രകാരം ഗാന്ധിജി ഇന്ത്യയിലെത്തി. രാജ്യത്തുടനീളം നടത്തിയ യാത്രയില്‍കണ്ട മുഴുപ്പട്ടിണിക്കാരായ, നഗ്‌നതമറയ്ക്കാന്‍മാത്രം വസ്ത്രമുള്ള തന്റെ നാട്ടുകാരുടെ അവസ്ഥ അദ്ദേഹത്തെ ഉലച്ചു. 'നഗ്‌നമായ സത്യം' എന്നായിരുന്നു അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. 1921 െസപ്റ്റംബര്‍ 22 മുതല്‍ മഹാത്മജി അവരെപ്പോലെ വസ്ത്രംധരിക്കാന്‍ തുടങ്ങി.
തമിഴ്നാട്ടിലെ മധുരയില്‍വെച്ചായിരുന്നു ആ തീരുമാനം. ലങ്കോട്ടും മുട്ടുവരെമാത്രം മറയുന്ന മുണ്ടും. പിന്നെ ഒരു വെള്ള ഷാളും. മധുരയിലെ പടിഞ്ഞാറന്‍ മാസി തെരുവിലെ 251-ാം നമ്പര്‍ വീട്ടില്‍നിന്ന് രാമനാടിലേക്കുപോവാന്‍ പുറത്തുവന്ന ഗാന്ധിജിയെക്കണ്ട് അനുയായികള്‍ അന്ന് ഞെട്ടി.
വട്ടമേശസമ്മേളനത്തിന്റെ ഭാഗമായി ജോര്‍ജ് അഞ്ചാമന്‍ രാജാവ് ഗാന്ധിജിയെയും പ്രതിനിധി സംഘത്തെയും കൊട്ടാരത്തിലേക്ക് വിരുന്നിന് ക്ഷണിച്ചു. വിരുന്നിലെ വസ്ത്രധാരണത്തിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചെങ്കിലും വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. രാജാവിനെ കാണാന്‍ വേണ്ടത്ര വസ്ത്രം അങ്ങ് ധരിച്ചില്ലല്ലോ എന്ന ചോദ്യത്തിന്, 'രാജാവ് ഞങ്ങള്‍ രണ്ടുപേര്‍ക്കുംവേണ്ട വസ്ത്രങ്ങള്‍ ധരിച്ചിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ
മറുപടി.
Content Highlights: Gandhi the truth