ഗാന്ധിമാര്‍ഗ്ഗത്തെ മഹാത്മാവ് തന്നെ 11 ആശ്രമവ്രതങ്ങളില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. 1915-ല്‍ ഇന്ത്യയിലെ തന്റെ ആദ്യ ആശ്രമം സ്ഥാപിക്കുമ്പോഴാണ് അദ്ദേഹം ഇവ ആശ്രമവാസികള്‍ക്കായി വ്യക്തമാക്കിയത്. അവ ആശ്രമവ്രതങ്ങളെന്നും അറിയപ്പെടുന്നു.
അഹിംസാ സത്യമസ്‌തേയ ബ്രഹ്മചര്യമസംഗ്രഹ
ശരീരശ്രമമസ്വാദ സര്‍വ്വത്രഭയവര്‍ജ്ജന
സര്‍വ്വധര്‍മ്മീസമാനത്വ സ്വദേശീ സ്പര്‍ശഭാവന
1.സത്യം
തന്റെ എല്ലാ ദര്‍ശനങ്ങളിലും ഗാന്ധിജി പരമപ്രധാനമായി കണ്ടത് സത്യത്തെയാണ്. സത്യം ദൈവമാണെന്നും ദൈവമാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവശക്തിയായാണ് അദ്ദേഹം സത്യത്തെ കണ്ടത്. സത്യാന്വേഷി ദൈവത്തെയാണ് അന്വേഷിക്കുന്നതെന്നും ആ അന്വേഷണം പൂര്‍ണ്ണലക്ഷ്യത്തില്‍ എത്തിയില്ലെങ്കിലും ആ വ്യക്തി ഈശ്വരനോട് അടുക്കുകയാണെന്നും ഗാന്ധി വിലയിരുത്തി.
2.അഹിംസ
സത്യത്തിന്റെ പ്രായോഗികരൂപമായാണ് ഗാന്ധിജി അഹിംസയെ വിവരിക്കുന്നത്. ഹിംസിക്കാതിരിക്കുക മാത്രമല്ല, ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പരമമാസ സ്‌നേഹം പുലര്‍ത്തുക എന്ന ക്രിയാത്മകരീതിയാണ് ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം. ഈ അഹിംസയെ അദ്ദേഹം സമരായുധമാക്കി വളര്‍ത്തിയെടുത്തു. ഭീരുവിന്റെ അഹിംസയേക്കാള്‍ ധീരന്റെ ഹിംസയാണ് താനിഷ്ടപ്പെടുന്നത് എന്ന് വ്യക്തമാക്കിയ അദ്ദേഹം ഏതൊരു ഹിംസയേയും അഹിംസകൊണ്ട് തോല്പിക്കാമെന്ന് പഠിപ്പിച്ചു.
3.അസ്‌തേയ
ഗാന്ധിജിയെ സംബന്ധിച്ച് ഇത് മോഷ്ടിക്കാതിരിക്കുക എന്ന കേവലധര്‍മ്മം മാത്രമായിരുന്നില്ല. എല്ലാ വിധത്തിലുമുള്ള ചൂഷണത്തെയും അദ്ദേഹം എതിര്‍ത്തു.തന്റെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തുകയും കയ്യേറ്റങ്ങള്‍ ഒഴിവാക്കുകയും അത്യാര്‍ത്തി ശമിപ്പിക്കുകയും ചെയ്യുമ്പോഴാണ് അസ്‌തേയവ്രതം പാലിക്കപ്പെടുന്നത്. ഇത് പുരോഗതിയെ സഹായിക്കുമെന്നും പട്ടിണിയെ കുറയ്ക്കുമെന്നും അദ്ദേഹം യര്‍വാദാ മന്ദിറില്‍ കഴിയുമ്പോള്‍ എഴുതിയിട്ടുണ്ട്.
4.ബ്രഹ്മചര്യ
ശരീരത്തില്‍ ബ്രഹ്മചര്യ അനുഷ്ഠിക്കുക എന്ന സാധാരണ അര്‍ത്ഥം മാത്രമല്ല ഗാന്ധി ഇതുകൊണ്ട് ഉദ്ദേശിച്ചത്. ബ്രഹ്മത്തിലേക്കുള്ള ചര്യ, ഈശ്വരനിലേക്കുള്ള യാത്ര തുടങ്ങിയ സവിശേഷ അര്‍ത്ഥത്തിലാണ് ഗാന്ധിയുടെ ബ്രഹ്മചര്യം. ഈശ്വരസാക്ഷാത്ക്കാരത്തിനു വിരുദ്ധമാവുന്നതെല്ലാം വര്‍ജ്ജിക്കണമെന്നും ഗാന്ധി പറയുന്നു.
5.അസംഗ്രഹ
ആവശ്യമില്ലാത്തതൊന്നും കയ്യടക്കാതിരിക്കുക, അമിതമായ ആര്‍ജ്ജനത്വര വെടിയുക, വര്‍ജ്ജിക്കേണ്ടവ വര്‍ജ്ജിക്കുക എന്നൊക്കെ സാരം. സമ്പത്തുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും പൂര്‍ണ്ണമായി അകന്നുനില്ക്കുക എന്ന് ഗാന്ധി അര്‍ത്ഥമാക്കിയിട്ടില്ല. ഓരോരുത്തര്‍ക്കുമുള്ള സമ്പത്തിനോടുള്ള മനോഭാവവും, വേണ്ടപ്പോഴും വേണ്ടിവന്നാലും അത് വര്‍ജ്ജിക്കാനുള്ള മനോഭാവവും ഇതില്‍പ്പെടുന്നു. ഗാന്ധിയുടെ അപരിഗ്രഹ സിദ്ധാന്തത്തിന് ആധുനിക കാലത്ത് പ്രസക്തിയേറെയാണ്.
6. ശരീരശ്രമം
കായികാദ്ധ്വാനം ഉള്‍പ്പെടുന്ന ജോലികളെ ഗാന്ധിജി മഹത്തരമായി കരുതി. ഓരോരുത്തരും നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം ഭുജിക്കണം. പ്രവൃത്തിയെ അദ്ദേഹം വ്യക്തിത്വ വികസനവും വിദ്യാഭ്യാസവുമായൊക്കെ ബന്ധിപ്പിച്ചു. ബൗദ്ധിക ജോലികളെയും ജോലിക്കാരെയും കായികാദ്ധ്വാനവുമായി കൂട്ടിയിണക്കാനും ഈ വ്രതം സഹായകമാണ്.
7.അസ്വാദ
മനുഷ്യശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം കിട്ടുന്നത് ഭക്ഷണത്തില്‍ നിന്നാണ്. ഭക്ഷണശീലത്തിന് മനസ്സിനെയും നിയന്ത്രിക്കാനാവും. ദോഷകരമായ ഭക്ഷണശീലത്തില്‍ നിന്ന് പിന്മാറാന്‍ ഗാന്ധിജിയുടെ അസ്വാദവ്രതം പ്രേരണയേകും. ദോഷകരമായ ഭക്ഷണശീലങ്ങള്‍ വെടിഞ്ഞാല്‍ അത് മനസ്സിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് ഗാന്ധിമതം. ശരീരത്തിന്റെ ഇച്ഛകള്‍ക്കും സ്വാദുകള്‍ക്കും മാത്രം കീഴടങ്ങി ജീവിക്കുന്നവര്‍ ഹിംസ്രമൃഗങ്ങളെക്കാള്‍ മോശമായ നിലയിലെത്തും.
8.നിര്‍ഭയത്വം
സര്‍വ്വത്ര ഭയവര്‍ജ്ജനം എന്നാണ് ഗാന്ധിജി ഉപയോഗിച്ച വാക്ക്. ഇത് ജീവിതത്തില്‍ സര്‍വ്വതലസ്പര്‍ശിയാണ്. ഭൂതങ്ങളിലോ, ദാരിദ്ര്യത്തിലോ, ശത്രുവിലോ എന്നല്ല യാതൊന്നിലും തെല്ലും ഭയം പാടില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ക്രൂരതയിലേക്കോ പരുഷഭാവത്തിലേക്കോ ഭയമുള്ളവരെ ദ്രോഹിക്കുന്നതിലേക്കോ ഇത് വളരാന്‍ പാടില്ല.
9.സര്‍വ്വധര്‍മ്മസമഭാവന
എല്ലാമതങ്ങളോടും ആദരവും സമഭാവവും പുലര്‍ത്തണം. സ്വന്തം മതം മാത്രം ശരിയെന്ന ചിന്ത പാടില്ല. ഒരേ സമുദ്രത്തിലെത്തുന്ന വിവിധ നദികളാണ് മതങ്ങള്‍. എല്ലാ മതങ്ങളും സത്യത്തിലേക്ക് നയിക്കുന്ന വ്യത്യസ്ത പാതകളാണ്. എല്ലാമതങ്ങളും തുല്യമാണ്. എല്ലാം സത്യത്തിലേക്ക് നയിക്കുന്നു. ലോകത്തെ പ്രധാന മതങ്ങളുടെയെല്ലാം സാരം ഗ്രഹിച്ച ശേഷമാണ് ഗാന്ധി ഈ നിലപാടിലെത്തിയത്.
10. സ്വദേശി
സ്വന്തം രാജ്യത്തും പ്രദേശത്തും ഗ്രാമത്തിലുമൊക്കെ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ കഴിവതും ഉപയോഗിക്കണം. പ്രാദേശിക ഉല്പന്നങ്ങള്‍ ലഭ്യമാവുമ്പോള്‍ അവയെ അവഗണിച്ച് വിദേശവസ്തുക്കള്‍ ഉപയോഗിക്കുന്നത് അധാര്‍മ്മികവും പാപവുമാണെന്ന് ഗാന്ധിജി പഠിപ്പിച്ചു. സ്വദേശി ഉല്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നാം നമ്മുടെ സമീപത്തെ വ്യക്തിയെ ജീവിക്കാന്‍ സഹായിക്കുകയാണെന്ന് 1919 ഏപ്രില്‍ 20- ലെ യംഗ് ഇന്ത്യയില്‍ ഗാന്ധി വിശദീകരിക്കുന്നു.
11.അയിത്തോച്ചാടനം
എല്ലാവിധത്തിലും മനുഷ്യര്‍ പരസ്പര ആദരവോടെ കഴിയണമെന്നും അയിത്തം ആചരിക്കുന്നത് ദൈവത്തിനെതിരായ പാപമാണെന്നും ഗാന്ധി വിശ്വസിച്ചു. മനുഷ്യന്‍ മറ്റുള്ളവരെ നിന്ദിക്കുന്നതും അകറ്റിനിര്‍ത്തുന്നതും തെറ്റാണ്. തലമുറകളായി അയിത്തത്തിന് ഇരയായവരെ ഗാന്ധി ഈശ്വരന്റെ മക്കള്‍ എന്ന അര്‍ത്ഥത്തില്‍ ഹരിജനങ്ങള്‍ എന്നുവിളിച്ചു. സാമൂഹ്യ പരിഷ്‌ക്കരണത്തിനായാണ് ഗാന്ധി അയിത്തോച്ചാടനം എന്ന ഈ കുരിശുയുദ്ധം നടത്തിയത്.
-തയ്യാറാക്കിയത്: ഡോ.എബി പി.ജോയി
Content Highlights: 11 camndments of Mahatma Gandhi