'നവോത്ഥാനം നമുക്കു നല്കിയ ആ വലിയ വെളിച്ചത്തിനു 
മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ടു നാം നടന്നു. 
കഴിക്കരുതെന്നു വിലക്കുണ്ടായിരുന്ന സുഖജീവിതത്തിന്റെ 
പ്രലോഭനഫലങ്ങളൊക്കെ ഒരു കൂസലുമില്ലാതെ നാം തിന്നു തുടങ്ങി. അങ്ങനെ ഹൃദയസംസ്‌കാരത്തിന്റെ പറുദീസയില്‍നിന്ന് 
നാം നിഷ്‌കരുണം പുറത്താക്കപ്പെട്ടു.'

അച്ഛന്റെ ഒപ്പിന് ഒട്ടും സൗന്ദര്യമുണ്ടായിരുന്നില്ല. കെ.ആര്‍.സി.പിള്ള എന്ന് ഒച്ചിന്റെ വടിവില്‍ കട്ടകുത്തിയ അക്ഷരങ്ങള്‍ ഇരട്ടവരയുടെ പാളത്തിനു മീതെ ഇഴയുന്നപോലെ കാണപ്പെട്ട ആ ഒപ്പിനെ എളുപ്പത്തില്‍ അനുകരിക്കാമായിരുന്നു. കരിങ്കല്‍ച്ചീളുകള്‍ തെറിക്കുംപോലെ രണ്ടു കുത്തുകള്‍ ഒച്ചിഴയുന്ന പാളത്തിനു കീഴില്‍ ചാര്‍ത്താന്‍ അച്ഛന്‍ എപ്പോഴും ശ്രദ്ധിച്ചു. പ്രോഗ്രസ്‌കാര്‍ഡുകളില്‍ കള്ളൊപ്പിടുമ്പോള്‍ ആ കരിങ്കല്‍ക്കുത്തുകളെയും കൃത്യമായി ഞാന്‍ പകര്‍ത്തിയിരുന്നു.

കല്ലിങ്കല്‍ രാഘവന്‍പിള്ള മകന്‍ ചന്ദ്രശേഖരന്‍ എന്ന എന്റെ അച്ഛന് കുടുംബപ്പേരിലോ സ്വന്തം പിതാവിന്റെ പേരിലോ അഭിമാനിക്കാന്‍തക്ക ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാകണം, ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരിക്കുക എന്നത് അദ്ദേഹം ഒരു പദവിപോലെയാണ് കൊണ്ടുനടന്നിരുന്നത്. മനുഷ്യനായിരിക്കുക എന്നതില്‍നിന്നു കിട്ടാവുന്ന ആകെയുള്ള ഒരു സ്ഥാനക്കയറ്റമായി കമ്യൂണിസ്റ്റുകാരനായിരിക്കുക എന്ന പദവിയെ തിരഞ്ഞെടുത്ത നൂറുകണക്കിനാളുകളെ ഞാന്‍ എന്റെ കുട്ടിക്കാലത്ത് കടുങ്ങല്ലൂരില്‍ കണ്ടിട്ടുണ്ട്. മൂത്തമകന് സഖാവ് കൃഷ്ണപിള്ളയുടെ പേരിട്ട നേരത്ത് എന്റെ അച്ഛന്റെ മുഖത്തു തെളിഞ്ഞിട്ടുണ്ടായേക്കാമായിരുന്ന അഭിമാനിയുടേതായ ആ വലിയ പ്രകാശം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ യാഥാര്‍ഥ്യത്തിനും ഭാവനയ്ക്കും ഇടയില്‍ ഒരു ചോദ്യം ബാക്കിയാവും- അച്ഛന്റെ ഒപ്പിനെയെന്നപോലെ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റഭിമാനത്തെയും എനിക്ക് അനുകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ദുരൂഹതയുടെ കനംപേറുന്ന ഈയൊരു ചോദ്യത്തിന് ഞാന്‍ പന്ത്രണ്ടു വര്‍ഷം മുന്‍പ് എഴുതിവെച്ച ഉത്തരമായിരുന്നു 'പറുദീസാനഷ്ടം'എന്ന കഥ.

വ്യക്തിജീവിതത്തിന്റെ അനതിദീര്‍ഘമായ പ്രയാണത്തിനിടയില്‍ നമ്മള്‍കൂടി പങ്കാളികളായി മാറുന്ന ചില ചരിത്രനിമിഷങ്ങള്‍ ഉണ്ടായേക്കാം. ഒരു കലാകാരനോ കവിക്കോ ആ പങ്കാളിത്തം പകുത്തുകിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പൊതുസമൂഹം അയാളോട് ഇങ്ങനെ ചോദിക്കാറുണ്ട്- അപ്പോള്‍ താങ്കള്‍ എന്തു ചെയ്തു? സാക്ഷാല്‍ വാല്മീകിവ്യാസാദികളെ മുന്നില്‍ക്കിട്ടിയാലും 'അല്ലിഷ്ടാ, പുതിയതൊന്നും എഴുതിയില്ലേ?'എന്നു കുത്താന്‍ കാത്തുനില്ക്കുന്ന നമ്മള്‍ പാവം മലയാളികള്‍ക്ക് കുറച്ചുകൂടി മുന്തിയ അവസരമാകും ഇത്തരമൊരു സവിശേഷഘട്ടത്തില്‍ ലഭിക്കുക (അതെ. താനെന്തു ചെയ്‌തെടോ? എന്നുതന്നെ). അതുകൊണ്ട്, കുണ്ടറവിളംബരം മുതല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വരെയുള്ള സകല ചരിത്രസന്ദര്‍ഭങ്ങളിലും നമ്മള്‍ എഴുത്തുകാരനെ ശ്രദ്ധിക്കുന്നു. അല്ല, അയാള്‍ എന്തുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിച്ചില്ല? (അതുകൊണ്ട് അയാള്‍ക്കെന്തെങ്കിലും നേട്ടം?)
ഈയടുത്തകാലത്ത് എന്നോട് അങ്ങനെ കുറച്ച് ക്രുദ്ധനായി ചോദിച്ച ഒരു നിരൂപകസുഹൃത്തിനോട് ഞാന്‍ പറഞ്ഞു: 'ഉവ്വ്, ഒരു വ്യാഴവട്ടം മുമ്പ്!'അതു സത്യമായിരുന്നു. ആ സത്യത്തിന്റെ പേരായിരുന്നു 'പറുദീസാനഷ്ടം.'

വിശ്വാസം വരാതെ ഇളിച്ചുകൊണ്ട് അയാള്‍, ഗര്‍ഭപാത്രം കൊണ്ടുപോയി കളയുന്ന ഒരമ്മയുടെ കഥയല്ലേ അത് എന്നും എല്ലാ പത്രങ്ങളും ചാനലുകളും ഇരുപത്തിയഞ്ചു മണിക്കൂറും ആവര്‍ത്തിച്ചു കഥിച്ചുകൊണ്ടേയിരുക്കുന്ന സമകാലീനസംഭവവുമായി അതിനെയെങ്ങനെ ചേര്‍ത്തുകെട്ടും എന്നും ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'നല്ല സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നത്, മോശമായ ഒരു സംഹാരം നടക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നതിനെക്കാള്‍ ഹീനമാണെന്ന് ഇനിയും നമ്മള്‍ മനസ്സിലാക്കാത്തതെന്ത്?'

സൃഷ്ടിയെ ആദരിക്കാതിരിക്കുന്നിടത്താണ് ഹിംസ വിത്തുവിതയ്ക്കുന്നതെന്ന് അറിയാന്‍ ത്രികാലജ്ഞാനമൊന്നും വേണ്ട; വെറും മനുഷ്യഹൃദയജ്ഞാനം മതി. ശകാരത്തിന്റെ, കുറ്റപ്പെടുത്തലിന്റെ, ഒറ്റപ്പെടുത്തലിന്റെ, ഒറ്റുകൊടുക്കലിന്റെ, പകതീര്‍ക്കലിന്റെ രാഷ്ട്രീയം നമ്മുടെ ഹൃദയത്തില്‍നിന്നാണ് പൊതുജീവിതത്തിലേക്കു പടര്‍ന്നത്. നാം കരുതുംപോലെ മറിച്ചല്ല. അന്തസ്സുള്ള ഒന്നിനെയും അംഗീകരിക്കില്ലെന്ന് നമ്മുടെ ഉള്ളിലുള്ള ഊച്ചാളി, ശപഥം ചെയ്തു പീഠത്തിലിരിക്കുന്നത് ഓരോ നിമിഷവും നമ്മള്‍ സ്വയം അറിയുന്നു. ഉള്ളിലുള്ള ഊച്ചാളിത്തത്തെ അന്യനില്‍ ആരോപിച്ച് ഓരോ മലയാളിയും ഇളിക്കുന്നു. മഹത്ത്വം എന്ന സംജ്ഞ കാലഹരണപ്പെട്ടുപോയി എന്ന് സ്ഥാപിക്കാന്‍ നമ്മള്‍ തങ്ങളില്‍ത്തങ്ങളില്‍ മത്സരിക്കുന്നു.

നവോത്ഥാനം ഉണര്‍ത്തിത്തന്ന മാതൃതുല്യമായ മനുഷ്യജീവിത പരിഗണനയും കമ്യൂണിസം ഈ മണ്ണില്‍ വാരിവിതറിയ പിതൃതുല്യമായ സനാഥത്വവിചാരവും (നാഥനുള്ള കളരി) കളഞ്ഞുകുളിച്ച ഒരു മലയാളിജീവിതമാണ് കഴിഞ്ഞ ദശകങ്ങളില്‍ നമ്മളെ വന്നു പൊതിഞ്ഞത്. പൊതുജീവിതത്തിലെ നാഥന്മാര്‍ എന്നു കരുതിയവരില്‍ പകരംവെക്കാനില്ലാത്ത അന്തസ്സാരശ്ശൂന്യത നിറഞ്ഞിരിക്കുന്നതായി നാം കണ്ടു. നവോത്ഥാനം നമുക്കു നല്കിയ ആ വലിയ വെളിച്ചത്തിനു മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ടു നാം നടന്നു. കഴിക്കരുതെന്നു വിലക്കുണ്ടായിരുന്ന സുഖജീവിതത്തിന്റെ പ്രലോഭനഫലങ്ങളൊക്കെ ഒരു കൂസലുമില്ലാതെ നാം തിന്നു തുടങ്ങി. അങ്ങനെ ഹൃദയസംസ്‌കാരത്തിന്റെ പറുദീസയില്‍നിന്ന് നാം നിഷ്‌കരുണം പുറത്താക്കപ്പെട്ടു.

സ്വന്തം കഥയുടെ ധ്വനികളെയും വ്യംഗ്യങ്ങളെയും കുറിച്ച് എഴുത്തുകാരന്‍തന്നെ വിശദീകരിക്കുന്നതിനെക്കാള്‍ ഫലിതം ഈ ലോകത്ത് വേറെയില്ല. എങ്കിലും നാലു പേജുകള്‍ മാത്രം ദൈര്‍ഘ്യമുള്ള 'പറുദീസാനഷ്ടം'എഴുതാന്‍ ഞാനെടുത്ത കാലദൈര്‍ഘ്യത്തെക്കുറിച്ച് സൂചിപ്പിച്ചാല്‍ എനിക്കു കഥയെഴുത്തിലുള്ള കഴിവില്ലായ്മയെക്കുറിച്ചെങ്കിലും വായനക്കാര്‍ക്കും നിരൂപകര്‍ക്കും ബോധ്യം വരുമെന്ന തോന്നലില്‍ എഴുതട്ടെ: ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റാറില്‍ ഗര്‍ഭപാത്രം നീക്കുന്ന ഓപ്പറേഷനു വിധേയയാക്കപ്പെട്ട എന്റെ അമ്മയുടെ കഥയാണ് അത് എന്ന് ഞാന്‍ പോലും ആദ്യകാലത്ത് ചിന്തിച്ചുപോയിട്ടുണ്ട്. എന്നാല്‍, ആ കഥ ഞാന്‍ എഴുതുന്നത് പിന്നെയും നാലു വര്‍ഷം കഴിഞ്ഞ് രണ്ടായിരമാണ്ടിലാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതുവര്‍ഷസഹസ്രാബ്ദപ്പതിപ്പിലാണ് അത് അച്ചടിച്ചുവന്നത്. അക്കഥയില്‍ അമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. എന്നാല്‍ 'ആള്‍ക്കൂട്ടത്തിന്റെ അച്ഛന്‍'എന്ന പ്രയോഗത്തോടെ ഇ. എം. എസ്. നമ്പൂതിരിപ്പാടിനെ വെളിച്ചപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തെ ചുറ്റിപ്പറ്റിയാണ് അതിലെ പകുതിയിലേറെ വാചകങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പാര്‍ട്ടിയില്‍ വ്യക്തിക്ക് ഒരു പ്രാമുഖ്യവും വരേണ്ടതില്ലെന്ന നിബന്ധനകള്‍ മറന്ന്, ഒരു സഖാവ് തനിക്ക് ഇ.എം.എസ്സിനെക്കുറിച്ചുള്ള ആദരവിനെ വെളിപ്പെടുത്തുന്നതിങ്ങനെ: 'മഹാമാരിപോലെ എല്ലാ മേശകളിലേക്കും പടര്‍ന്നുപിടിച്ച ആ ചര്‍ച്ചയില്‍നിന്ന് ഭക്തി നിറഞ്ഞുമുഴങ്ങിയ ഒരു വാചകം നരേന്ദ്രന്‍ പ്രത്യേകം പിടിച്ചെടുത്തു: 'ശരിക്കും ഒരവതാരം!'

കഥയുടെ അവസാനം 'അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്റെ തള്ളയില്ലായ്മകളിലേക്ക്'നരേന്ദ്രനെ കാല്‍വെപ്പിച്ചപ്പോള്‍ നമ്മുടെ കാലഘട്ടത്തിലേക്കും തീക്കനല്‍പോലുള്ള നാക്കുകൊണ്ട് നട്ടെല്ലില്‍ നക്കുന്ന ഭയത്തിന്റെ ലോകത്തിലേക്കുമാണ് ഞാന്‍ അയാളെ കൈപിടിച്ച് ഇറക്കിയത്.

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ആ കഥ മാതൃഭൂമിയില്‍ വീണ്ടും അച്ചടിക്കാന്‍ ഒരുങ്ങുന്നതറിയുമ്പോള്‍ ആ കഥയ്ക്ക് അക്കാലത്തു കിട്ടിയ സ്വീകരണത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ വയ്യ. മാതൃഭൂമി സഹസ്രാബ്ദപ്പതിപ്പില്‍ ആ ലക്കം മൂന്നു കഥകളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെ കഥ (ടി. പത്മനാഭന്റെ മരിച്ചില്ല) വന്ന പേജ് നമ്പര്‍ ആറായിരുന്നു. രണ്ടാമത്തെ കഥ (സേതുവിന്റെ അടയാളങ്ങള്‍) തൊട്ടടുത്ത് എട്ടാം പേജില്‍. തൊണ്ണൂറ്റെട്ടു പേജുള്ള ആഴ്ചപ്പതിപ്പിന്റെ എണ്‍പത്തിയെട്ടാം പേജില്‍ മൂന്നാമത്തെ കഥ (സുഭാഷ് ചന്ദ്രന്റെ പറുദീസാനഷ്ടം).

പക്ഷേ, അന്നത്തെ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരന്‍ എനിക്ക് ഇക്കാര്യത്തില്‍ തോന്നിയേക്കാവുന്ന അതൃപ്തിയെ മുഴുവന്‍ മായ്ച്ചുകളഞ്ഞത് കഥ വായിച്ചുകഴിഞ്ഞ ഉടന്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യത്തിലൂടെയായിരുന്നു: 'അല്ല, സുഭാഷ്, ഹോട്ടലില്‍ വെച്ച് മറന്നുവെച്ച ഗര്‍ഭപാത്രം ആരെങ്കിലും ഒരാള്‍ കട്ടെടുത്ത് വീട്ടില്‍ കൊണ്ടുപോയിരിക്കുമല്ലോ. അവിടെച്ചെന്ന് പാത്രം തുറന്നുനോക്കുമ്പോള്‍ കക്ഷി ചമ്മിപ്പോയിട്ടുണ്ടാകുമല്ലേ?'

'അതെയതെ,'ഞാന്‍ മൂഢനെപ്പോലെ ചിരിച്ചുകൊണ്ടു പറഞ്ഞു: 'പാവം!'
ഒരു കലാസൃഷ്ടിയെ തിരിച്ചറിയുന്ന പ്രവൃത്തി, ഹാ കഷ്ടം, നമ്മുടെ സമൂഹത്തില്‍ പത്രാധിപരില്‍ത്തുടങ്ങി പത്രാധിപരില്‍ അവസാനിക്കുന്നു!

ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റ്, എന്റെ അച്ഛന്‍, എഴുപതാം വയസ്സില്‍ അറുപതു വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പുകവലിശീലം പൊടുന്നനേ നിര്‍ത്തി. എഴുപത്തിനാലാം വയസ്സില്‍ പത്രവായന നിര്‍ത്തി. എഴുപത്തിയാറാം വയസ്സില്‍ 'എനിക്കു കാണണ്ട ഈ നായിന്റെ മക്കടെ പേക്കൂത്തുകള്‍'എന്നു പ്‌രാകിക്കൊണ്ട് ചാരുകസേരയില്‍ ഇരുന്നാല്‍ അധ്വാനമൊന്നും കൂടാതെ മുന്നില്‍ കാണാവുന്ന ടിവിയില്‍നിന്നു രക്ഷപ്പെടാന്‍ ഇരിപ്പും കിടപ്പും അകത്തെ മുറിയിലേക്കാക്കി. ജീവിതത്തില്‍ ഒരിക്കല്‍മാത്രം മദ്യപിച്ചിട്ടുള്ള അദ്ദേഹം (അത് ജില്ലാ കൗണ്‍സിലിലേക്ക് ഒരു ഇടതുസ്ഥാനാര്‍ഥിയായി ജയിച്ചപ്പോഴായിരുന്നു. അച്ഛന്റെ രാഷ്ട്രീയജീവിതത്തിലെ ഒരേയൊരു തിരഞ്ഞെടുപ്പുവിജയം) ഞാന്‍ അവസാനനാളില്‍ എന്തും വരട്ടെ എന്നു കരുതി കൊണ്ടുപോയി ക്കൊടുത്ത സ്‌കോച്ചുവിസ്‌ക്കിയുടെ കുപ്പി കണ്ട് കയ്ക്കുന്ന ഒരു ചിരി എനിക്കു നേരേ നീട്ടുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് എഴുപത്തിയെട്ട്. പെണ്ണുപിടിത്തത്തിനും പണസമ്പാദനത്തിനും കൊലപാതകത്തിനും പ്രതിചേര്‍ക്കപ്പെട്ട് സ്വന്തം പാര്‍ട്ടിയുടെ ചില നേതാക്കന്മാര്‍ വാര്‍ത്തയാകുന്നത് കാണാനിരിക്കാതെ അദ്ദേഹം മരിക്കുമ്പോള്‍ എണ്‍പത്.

അച്ഛന്റെ മരണം ഒരു സ്വാഭാവികമരണമായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. ഒരര്‍ഥത്തില്‍ അതും ഒരു രാഷ്ട്രീയകൊലപാതകമായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ അച്ഛന്‍ എന്റെ മാത്രം അച്ഛനായിരുന്നില്ല. മുഴുവന്‍ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെയും അച്ഛനായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ കഥ കാലത്തിന്റെ അച്ഛനെയും സ്ഥലത്തിന്റെ അമ്മയെയും ഒരുപോലെ നഷ്ടപ്പെട്ട ആ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെ പറുദീസാനഷ്ടമായിരുന്നു.

പത്തു വര്‍ഷത്തിനിപ്പുറം, എന്റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖത്തില്‍ പുത്തന്‍ കാറിന്റെ ഡിക്കിയില്‍ ഓട്ടച്ചാക്കില്‍നിന്നു തൂവിയ ചിതാഭസ്മം കണ്ടവനായ എന്നെ നിര്‍ത്തിക്കൊണ്ട് ആ വേദന ഞാന്‍ ഇങ്ങനെ കുറിച്ചുവെച്ചു: 'പ്രിയപ്പെട്ട അച്ഛാ, എല്ലാം കത്തിത്തീരുകയാണല്ലോ. സുഖജീവിതകാമനകള്‍ ജീവിച്ചിരിക്കേത്തന്നെ അച്ഛന്റെ മകനെയും ചാരമാക്കിത്തീര്‍ക്കുന്ന കാലവും വന്നല്ലോ!'

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥയാക്കാനാവാതെ എന്ന പുസ്തകത്തിൽ നിന്ന്)

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights: writer Subhash Chandran shares his memories about his father, father's day 2020