റ്റലിയിലെ ഒരു തണുത്ത ഡിസംബറിലായിരുന്നു വിരാട് കോലിയുടെ കൊട്ടിഘോഷിച്ച കല്ല്യാണം. പക്ഷേ, ഓരോ ഡിസംബര്‍ രാവും കുത്തുന്ന കുളിരിന്റെ കമ്പളം വിരിക്കുമ്പോള്‍ കോലിയുടെ മനസ്സിലേയ്‌ക്കെത്തുക ഫ്‌ളോറന്‍സിലെ കല്ല്യാണമേളമല്ല. അനുഷ്‌കയുടെ മുഖവുമല്ല. ഡെല്‍ഹിയിലെ ഒരു തണുത്ത ഡിസംബറില്‍  പുറത്തെ മരംകോച്ചുന്ന മഞ്ഞിനേക്കാള്‍ തണുത്തുറഞ്ഞുപോയ അച്ഛന്റെ ചേതനയറ്റ ശരീരമാണ്. തണുത്തു വിറങ്ങലിച്ച ആ ഡിസംബര്‍ പുലരിയില്‍ അച്ഛനരികേ ഉള്ളിലെ വിങ്ങലൊതുക്കി നിര്‍വികാരനായി മരവിച്ചുനിന്ന നിമിഷത്തില്‍ നിന്നാണ് ഇന്നത്തെ വിരാട് കോലിയിലെ അഗ്രസീവ് ക്രിക്കറ്ററുടെ സ്ഫുടം ചെയ്‌തെടുത്ത പിറവിയെന്നു പറഞ്ഞാല്‍ അതിശോക്തിയാവില്ല. ഈ യാഥാര്‍ഥ്യമറിയണമെങ്കില്‍ കണ്ണീരിന്റെ ചൂടിലുറഞ്ഞുപോയ അന്നത്തെ ആ നഷ്ടത്തിന്റെ വിലയറിയണം. ആ പതിനെട്ടുകാരന്റെ അന്നത്തെ സങ്കടത്തിന്റെ ആഴമറിയണം. 

അന്ന് ഇതുപോലുള്ള താരമായിട്ടില്ല പതിനെട്ടുകാരന്‍ വിരാട്. കര്‍ണാടകത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സൂപ്പര്‍ലീഗിലെ ഗ്രൂപ്പ് എ മത്സരത്തിന്റെ രണ്ടാംദിനം വൈകീട്ട് നാല്‍പത് റണ്‍സുമായി മടങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. പുനീത് ഭിഷ്ടിനൊപ്പം മൂന്നാം ദിനം കൂടി ക്രീസില്‍ പിടിച്ചുനില്‍ക്കണം. ടീമിനെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കരകയറ്റണം. വലിയൊരു സ്വപ്നവുമായി കൊടുംതണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയ വിരാടിനെ പക്ഷേ, പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് ഞെട്ടുന്നൊരു വിവരമാണ്. അതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തില്‍ കൂട്ടുണ്ടായിരുന്ന അച്ഛന്‍ പ്രേം കോലി മസ്തിഷ്‌കാഘാതംമൂലം ഗുരുതരാവസ്ഥയിലാണ്. പുലര്‍ച്ചെ തന്നെ കോലി വിളിപ്പാടകലെയുള്ള വീട്ടില്‍ ഓടിയെത്തിയെങ്കിലും അച്ഛന്‍ അവസാനശ്വാസം വലിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.

വിരാടിനെ മാത്രമല്ല, ടീമിനെ മുഴുവന്‍ പിടിച്ചുലച്ചുകളഞ്ഞു അസമയത്ത് രംഗബോധമില്ലാതെ കയറിവന്ന ആ  വാര്‍ത്ത. കര്‍ണാടകത്തിനെതിരേ പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു വിരാട്. അച്ഛന്റെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പോകുന്ന വിരാടിന് പകരം മനസ്സില്ലാമനസ്സോടെയാണ് ചേതന്യ നന്ദയ്ക്ക് പാഡണിഞ്ഞിരിക്കാന്‍ ടീം അധികൃതര്‍ നിര്‍ദേശം നല്‍കിയത്. പക്ഷേ, പിറ്റേന്ന് കാലത്ത് ഞെട്ടുന്നൊരു കാഴ്ചയാണ് അവരെ കാത്തിരുന്നത്. കളിക്ക് തൊട്ടുമുന്‍പ് ഫിറോസ് ഷാ കോട്ലയിലെ ഡ്രസ്സിങ് റൂമില്‍ കണ്ണില്‍ പടര്‍ന്ന നനവ് മറയ്ക്കാന്‍ പാടുപെട്ട്, പാഡണിഞ്ഞ് മുന്നില്‍ വിരാട്. പുലര്‍ച്ചെ രണ്ടു മണിക്ക് മരിച്ച അച്ഛന്റെ സംസ്‌കാരച്ചടങ്ങുകള്‍ പെട്ടന്നു തീര്‍ത്ത് നേരെ ഗ്രൗണ്ടിലെത്തുകയായിരുന്നു. ഉള്ളില്‍ ഇരമ്പുന്ന സങ്കടക്കടലിന്റെ ചെറിയൊരു ലാഞ്ചന പോലും മുഖത്ത് പ്രകടമാക്കാതെ കളിച്ച് സെഞ്ചുറിക്ക് പത്ത് റണ്‍സ് അകലെവച്ച് പുറത്താകുമ്പോള്‍ കോലിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞിരുന്നുവോ? കനലില്‍ കാലുറപ്പിച്ചു പൊരുതിയ ആ ഒരൊറ്റ ഇന്നിങ്‌സ് കൊണ്ട് ടീം വലിയൊരു ആപത്തില്‍ നിന്ന് കരകയറി. 281 മിനിറ്റ് നേരം ക്രീസില്‍ നിന്ന്, 238 പന്ത് നേരിട്ട് അമ്പയറുടെ സംശയാസ്പദമായ ഒരു തീരുമാനത്തില്‍ പുറത്തായി വിരാട് മടങ്ങുമ്പോള്‍ പതിവ് ആഘോഷത്തിനൊന്നും എതിരാളികള്‍ മിനക്കെട്ടില്ല. വീരനായകനായി പവലിയനില്‍ തിരിച്ചെത്തിയ വിരാടിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു ഡെല്‍ഹി താരങ്ങള്‍. ബോളിവുഡ് ലഗാനിലോ ചക് ദേ ഇന്ത്യയിലോ പോലും കാണാത്ത വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് അന്ന് ഫിറോസ് ഷാ കോട്‌ലയിലെ ഡ്രസ്സിങ് റൂം സാക്ഷ്യംവഹിച്ചത്.

അവിശ്വസനീയതോടെ മാത്രം കേട്ടിരിക്കാവുന്ന ഈയൊരൊറ്റ സംഭവകഥ കൊണ്ട് സംഗ്രഹിക്കാം അഗ്രസീവ്‌നെസ്സിന്റെ ആള്‍രൂപമായ വിരാട് കോലി എന്ന ഇതിഹാസത്തിന്റെ പരസ്പരപൂരകങ്ങളായ കളിയേയും ജീവിതത്തെയും. പഴയ പതിനെട്ടുകാരനില്‍ നിന്ന് ഇന്നത്തെ മുപ്പത്തിയൊന്നുകാരന്‍ നായകനിലേയ്ക്കുള്ള കോലിയുടെ പരിണാമത്തിന്റെ പൊരുളും സിനിമാക്കഥയെ വെല്ലുന്ന ഈയൊരൊറ്റ സംഭവം കൊണ്ടുതന്നെ വരച്ചിടാം നമുക്ക്.

kohli
കോലി അച്ഛനൊപ്പം

ടീമംഗങ്ങള്‍ ഡ്രസ്സിങ് റൂമില്‍ ആശ്വസിപ്പിക്കുമ്പോള്‍ ഉള്ളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു താനെന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഗ്രഹാം ബെന്‍സിങ്ങര്‍ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട് കോലി. 
'അച്ഛന്‍ അവസാനശ്വാസം വലിക്കുന്നത് ഞാന്‍ കണ്ടു. എനിക്കൊന്നും ചെയ്യാനായില്ല. കുടുംബം ആകെ തകര്‍ന്നുപോയെങ്കിലും എനിക്കന്നു കരച്ചില്‍ വന്നില്ല. നിര്‍വികാരനായി അങ്ങനെ ഇരുന്നു. അന്ന് കാലത്ത് തന്നെ ഞാന്‍ കോച്ചിനെ വിളിച്ചുപറഞ്ഞു. എല്ലാം കഴിയട്ടെ. ഞാന്‍ വരുന്നുണ്ട്. എനിക്ക് കളിക്കണം. ഒരു കളി പാതിവഴിയില്‍ ഉപേക്ഷിക്കാനാവില്ലെനിക്ക്. അച്ഛന്റെ അന്ത്യക്രിയകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ സഹോദരന് ഒരു വാക്ക് കൊടുത്തു. അച്ഛന്റെ മോഹം ഞാന്‍ സാക്ഷാത്കരിക്കും. ഒരുനാള്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകതന്നെ ചെയ്യും. അന്ന് മുതല്‍ ക്രിക്കറ്റ് ഒഴികേയുള്ള മറ്റെല്ലാറ്റിനും ജീവിതത്തില്‍ രണ്ടാം സ്ഥാനമേ ഉണ്ടായിട്ടുള്ളൂ. ഇയൊരൊറ്റ സംഭവമാണ് എന്നെ ജീവിതത്തില്‍ കരുത്തനാക്കിയത്. തിരിച്ചടികളില്‍ നിന്നു തിരിച്ചുവരാന്‍ എന്നെ പ്രാപ്തനാക്കിയതും അതാണ്'-അഭിമുഖത്തിത്തിലുടനീളം ഉള്ളിലെ വിങ്ങലടക്കാന്‍ പാടുപെട്ട് കോലി പറഞ്ഞുതീര്‍ത്തു.

അച്ഛന്‍ മരിച്ച ആ ഒരൊറ്റ രാത്രി കൊണ്ട് മകന്‍ ആളാകെ മാറിപ്പോയെന്നാണ് അമ്മ സരോജ് കോലി പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് മുതല്‍ അവന് ഒരുപാട് പക്വത കൈവന്ന പോലെ തോന്നി. ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവിതമെന്ന തിരിച്ചറിവ് ഉണ്ടായതുപോലെ. അവന്‍ അച്ഛന്റെ സ്വപ്നം പിന്തുടരുന്ന പോലെയാണ് തോന്നിയത്. അച്ഛന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു ആവേശമാണ് പിന്നീട് ഓരോ കളിയിലും കണ്ടത്-അമ്മ പറഞ്ഞു.

സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണ് താനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് കോലി. 2006 ഡിസംബര്‍ എട്ടിന് ശേഷമുള്ള കോലിയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ അച്ഛനുവേണ്ടിയുള്ളതായിരുന്നു. ഡല്‍ഹി ഉത്തംനഗറിലെ ഗലികളില്‍ കൂട്ടുകാര്‍ക്കൊപ്പം വെറുതെ പന്തു തട്ടിക്കളിച്ചുകൊണ്ടിരുന്ന മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് രാജ് കുമാര്‍ ശര്‍മയുടെ അക്കാദമിയില്‍ കൊണ്ടുപോയി ചേര്‍ത്തത് അഭിഭാഷകന്‍ കൂടിയായ അച്ഛനാണ്. മകന്റെ പിന്നീടുള്ള ഓരോ വളര്‍ച്ചയിലും അച്ഛന്‍ ഒപ്പമുണ്ടായിരുന്നു. ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ കളിക്കാനുള്ള സൗകര്യം മാത്രം നോക്കിയാണ് പ്രേം മകനെ സേവ്യര്‍ കോണ്‍വെന്റില്‍ ചേര്‍ത്തത്. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാവണം. ഈ കഠിനാധ്വാനത്തിലുള്ള ആത്മവിശ്വാസവും മാത്രമായിരിക്കണം കൈമുതല്‍. അച്ഛന്‍ കുട്ടിക്കാലം മുതല്‍ പകര്‍ന്നുകൊടുത്ത രണ്ട് പാഠങ്ങളാണ് തന്റെ ജീവിതത്തിന്റെ സത്തയെന്ന് പറയും കോലി. മറ്റൊരു സഹായത്തിനും കാത്തുനില്‍ക്കരുതെന്ന ഉപദേശവും നല്‍കിയിരുന്നു പ്രേം കോലി മകന്. പണം കൊടുത്താല്‍ ടീമിലെടുക്കാമെന്ന് ഒരു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയോട് പോയി പണി നോക്കാന്‍ അച്ഛന്‍ പറഞ്ഞ കഥ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയോട് കോലി അനുസ്മരിച്ചത് ഇയ്യിടെയാണ്. മകനെ ടീമിലെടുക്കുന്നുണ്ടെങ്കില്‍ അത് അവന്റെ കഴിവ് മാത്രം മാനദണ്ഡമാക്കിയിട്ടു മതിയെന്ന് താക്കീത് നല്‍കാനും മറന്നില്ല പ്രേം കോലി.

കൈമടക്ക് കൊടുക്കാത്തതുകൊണ്ടോ എന്നറിയില്ല. അക്കുറി വിരാട് ടീമിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ടില്ല. തഴയപ്പെട്ട വിവരമറിഞ്ഞ് ആകെ തകര്‍ന്നുപോയി. കരഞ്ഞുകരഞ്ഞ് നേരം വെളിപ്പിച്ച ആ രാത്രി അവന്‍ ഒരു പാഠം പഠിച്ചു. അച്ഛന്‍ പറഞ്ഞതുപോലെ സെലക്ടര്‍ക്ക് എന്തെങ്കിലും എക്‌സ്ട്രാ കൊടുക്കുകയല്ല. ക്രീസില്‍ എക്‌സ്ട്രാ ഓര്‍ഡിനറിയാവുകയാണ് വേണ്ടത്. അന്നുമുതല്‍ ഇന്നുവരെ ക്രീസിലിറങ്ങിയാല്‍ എക്‌സ്ട്രാ ഓര്‍ഡിനറിയാണ് എല്ലാ അര്‍ഥത്തിലും കോലി. 

പക്ഷേ, അതൊന്നും കാണാന്‍ അച്ഛനുണ്ടായില്ലെന്നു മാത്രം. സ്വപ്നസാഫല്യം പോലെ മകന്‍ ക്രിക്കറ്റിന്റെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രേം കോലിയുടെ അപ്രതീക്ഷിത മരണം. 'ഒരുപാട് കഷ്ടപ്പെട്ട ആളാണ് അച്ഛന്‍. അദ്ദേഹത്തിന് നല്ലൊരു റിട്ടയര്‍മെന്റ് ജീവിതം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്നും അതോര്‍ക്കുമ്പോള്‍ ഉള്ളുനീറും. ഒരു വിങ്ങല്‍ നെഞ്ചില്‍ നിറയും.' കണ്ഠമിടറിക്കൊണ്ട് സുനില്‍ ഛേത്രിയോട് ഇതുംകൂടി പറഞ്ഞു കോലി.

വിധിയുടെ ഈ മാരക ബൗണ്‍സറില്‍ വിരാടിനും കുടുംബത്തിനും ശിക്കും അടിതെറ്റി. സാമ്പത്തിക പ്രയാസങ്ങള്‍ പിടിമുറുക്കി. വാടകവീട്ടിലെ താമസം ദുസ്സഹമായി. കച്ചവടം വഴിമുട്ടുന്ന അവസ്ഥയായി. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഒന്നൊന്നായി കൈവിടുമ്പോഴും അച്ഛന്റെ സ്വപ്നം മാത്രം ഉപേക്ഷിക്കാന്‍ വിരാട് തയ്യാറായില്ല. അവന്‍ അച്ഛന് വേണ്ടി കളിച്ചു. വാശിയോടെ. ആവേശത്തോടെ. ഓരോ പന്തിലും അവന്‍ ദുര്‍വിധിയെ കണ്ടു. അച്ഛനുവേണ്ടി മാരകമായി തന്നെ അതിനെ നേരിട്ടു. വിധിയോടുള്ള രോഷം മുഴുവന്‍ അതിര്‍ത്തികള്‍ ഭേദിച്ച് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടങ്ങളിലേയ്ക്ക് പറത്തിവിട്ട ആ പന്തുകളില്‍ തീര്‍ത്തു. ആ രോഷവും ആക്രമണോത്സുകതയും പിന്നെ അവനെ വിട്ടുപിരിഞ്ഞില്ല ഇന്നോളം. സത്യത്തില്‍ അച്ഛന്റെ പ്രാണന്‍ വേദനയോടെ വിട്ടുപിരിഞ്ഞ അന്നാണ്, വിധിയോടുള്ള ആ വാശിയില്‍ നിന്നാണ് കോലിയിലെ വിശ്വവിജയി ജനിക്കുന്നത്.

sakho

ക്രിക്കറ്റിന് ഒട്ടും വേരോട്ടമില്ല പാരിസില്‍. പക്ഷേ, ഫ്രഞ്ച് തലസ്ഥാനത്തിന്റെ തൊട്ടയല്‍പ്പക്കത്തുള്ള ഗൗട്ട് ഡോര്‍ ഏതാണ്ട് ക്രിക്കറ്റുകാരൻ കോലിയുടേതിന് സമാനമായൊരു ജീവിതകഥയുടെ തനിയാവര്‍ത്തനത്തിന് വേദിയായി. ആഫ്രിക്കന്‍ വംശജര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഈ ലിറ്റില്‍ ആഫ്രിക്കയില്‍ ജീവിച്ചുപോകണമെങ്കില്‍ ഇത്തിരി പേശിബലം തന്നെ വേണമെന്ന് കുട്ടിക്കാലത്തേ പഠിച്ചുവച്ചിരുന്നു മമദൗ സഖോ എന്ന സെനഗല്‍ വംശജന്‍. ഇതേ തന്ത്രം തന്നെ അവന്‍ കൂട്ടുകാര്‍ക്കൊപ്പം തെരുവില്‍ കളിക്കുമ്പോഴും പയറ്റി. ശകാരവും കൈയൂക്കും നിത്യസംഭവമായി, കളിയിലും ജീവിതത്തിലും. ഗൗട്ട് ഡോറിലെ ഇരുണ്ട ഗലികളിലേയ്ക്ക് വഴിതെറ്റിപ്പോകുമായിരുന്ന മകന്റെ തല്ലികൊള്ളിത്തരത്തെ കൈപിടിച്ചു നല്ലവഴിക്ക് ഗതിമാറ്റിയെടുത്തത് അച്ഛന്‍ സൊലൈമാനി സഖോയാണ്. മുന്നിലുള്ള ഗുണ്ടായിസത്തിന്റെ കറുത്ത രാത്രിയെയും ഫുട്‌ബോളിന്റെ നിറമുള്ള പകലിനെയും അച്ഛന്‍ അവന് വേര്‍തിരിച്ചുകാണിച്ചുകൊടുത്തു.

പക്ഷേ, ഇക്കഥയാകെ മാറിമറിഞ്ഞത് ഒരൊറ്റ രാത്രികൊണ്ടാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ അച്ഛന്‍ പ്രാണന്‍വെടിഞ്ഞ് പോകുമ്പോള്‍ പതിമൂന്ന് വയസ്സ് മാത്രമായിരുന്നു സഖോയ്ക്ക് പ്രായം. കൊടിയ ദാരിദ്ര്യത്തിലേയ്ക്കാണ് അച്ഛന്റെ മരണം കുടുംബത്തെ തള്ളിയിട്ടത്. കളിച്ചുനടന്ന അതേ തെരുവില്‍ പിച്ചയെടുക്കേണ്ടിവരുന്നത് ഗൗട്ട് ഡോറിലെ നരച്ച രാത്രികൡലെ വിദൂരസ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല സഖോയ്ക്ക്. നാണയത്തുട്ടിരന്ന് അടുത്തുകൂടിയ പയ്യന്‍ പിടിച്ചുപറിക്കാരനാണെന്ന് കരുതി ഒരിക്കല്‍ ഒരു സ്ത്രീ അവരുടെ ബാഗ് ചേര്‍ത്തുപിടിക്കുന്നത് ഞെട്ടലും സങ്കടവും ഉള്ളിലൊതുക്കിയാണ് കണ്ടതെന്ന് ഒരു അഭിമുഖത്തില്‍ സഖോ തുറന്നു പറഞ്ഞിട്ടുണ്ട്. വിശന്നൊട്ടിയ വയറും മുറിവേറ്റ മനസ്സുമായി അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ അച്ഛനെ ഓര്‍ത്തു. ഉറക്കം വരാത്ത ആ രാത്രി അച്ഛന്റെ വാക്കുകള്‍ അവന്റെയുള്ളില്‍ ചുട്ടുപൊള്ളിക്കിടന്നു. ആ പൊള്ളലാറാത്ത മനസ്സില്‍ അന്നവനൊരു തീരുമാനമെടുത്തു. ഇനി ഇങ്ങനെ ജീവിതത്തില്‍ ഒന്നിനുവേണ്ടിയും പിച്ചതെണ്ടില്ല. എനിക്കുള്ളത് പൊരുതിത്തന്നെ നേടിയെടുക്കും. പിറ്റേ ദിവസം തുളവീണ ബൂട്ട് കാലില്‍ കെട്ടിയുറപ്പിച്ച് തെരുവിലേയ്ക്കിറങ്ങുമ്പോള്‍ ഒന്നുകൂടി ഉറപ്പിച്ചു. 
അച്ഛനില്ലാത്ത കുടുംബത്തിന് ഇനി ഞാന്‍ മാത്രമാണ് ആശ്രയം. ഇനിയുള്ള ജീവിതം അതിനാണ്.
പതിനേഴാം വയസ്സില്‍ പി.എസ്.ജി.യെ നയിക്കാന്‍ നിയോഗിക്കപ്പെട്ടതിനെ കുറിച്ചുള്ള പത്രക്കാരുടെ ചോദ്യത്തിന് പതിമൂന്നാം വയസ്സില്‍ കുടുംബത്തിന്റെ നായകനായ ആളാണ് ഞാന്‍ എന്നായിരുന്നു സഖോയുടെ മറുപടി. അതിലും വലിയൊരു ഭാരമൊന്നും പി.എസ്.ജിയുടെ നായകസ്ഥാനത്തിനില്ലെന്നും കൂട്ടിച്ചേര്‍ത്തു അവന്‍. തെരുവില്‍ ഉപേക്ഷിച്ചുപോന്ന തല്ലികൊള്ളിത്തരം പിന്നെ അവന്‍ പുറത്തെടുത്തത് കളിക്കളത്തില്‍ മാത്രമാണ്. പി.എസ്.ജിയുടെയും ലിവര്‍പൂളിന്റെയും ക്രിസ്റ്റല്‍ പാലസിന്റെയുമെല്ലാം സെന്‍ട്രല്‍ ഡിഫന്‍സ് കാക്കുമ്പോള്‍ മാത്രം. അതിന് ഡെയ്‌ലി മിറര്‍ ഒരിക്കല്‍ ഡിവന്‍സീഫ് മാവെറിക്ക് എന്നൊരു വിചിത്രപട്ടം കൂടി ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഓരോ ടാക്ലിങ്ങിലും അവന്‍ അച്ഛനെ ഓര്‍ത്തു. ഗൗട്ട് ഡോറിലെ വറുതിക്കാലമോര്‍ത്തു.

adriano
അഡ്രിയാനോയും അച്ഛനും

സഖോയ്ക്ക് അച്ഛനെ നഷ്ടപ്പെട്ട ഒരു ശൈത്യകാലത്താണ് ലിമയിലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടാനിറങ്ങിയത്. തോല്‍വി ഉറപ്പിച്ചുനിന്ന മഞ്ഞപ്പടയ്ക്ക് തൊണ്ണൂറ്റിമൂന്നാം മിനിറ്റില്‍ ഒരു അത്ഭുതഗോള്‍ കൊണ്ട് ആയുസ്സ് നീട്ടിക്കൊടുത്തത് സ്‌ട്രൈക്കര്‍ അഡ്രിയാനോയാണ്. പിന്നെ ഷൂട്ടൗട്ടിലെ ആദ്യ കിക്ക് കൂടി പിഴവില്ലാതെ അവന്‍ വലയിലാക്കി. മഞ്ഞപ്പട ഏഴാം കിരീടവുമായി ഗ്രൗണ്ടില്‍ ആഘോഷത്തിന്റെ അമിട്ട് പൊട്ടിച്ചപ്പോള്‍ സുവര്‍ണപാദുകം നെഞ്ചോട് ചേര്‍ത്ത് തൊണ്ടയിടറിക്കൊണ്ട് അവന്‍ പറഞ്ഞു:
'ഈ കിരീടം എന്റെ അച്ഛനുള്ളതാണ്. 
ജീവിതത്തിലെ എന്റെ ഏറ്റവും വലിയ ചങ്ങാതി. 
അച്ഛനെ കൂടാതെ ഞാന്‍ ഒന്നുമല്ല.'
പറഞ്ഞുതീരുമ്പോള്‍ വിതുമ്പലടക്കാന്‍ പാടുപെടുകയായിരുന്നു ഒന്‍പതാം നമ്പറിന് പുതിയ പൈതൃകം എഴുതിച്ചേര്‍ത്ത സ്‌ട്രൈക്കര്‍. കണ്ണീരു തുടച്ച് കപ്പും സ്വര്‍ണപാദുകവുമായി ലിമയില്‍ നിന്ന് യാത്രയായ അഡ്രിയാനോയെ ചൂണ്ടി ബ്രസീല്‍ കോച്ച് കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേര അന്നു പറഞ്ഞു:
ഇവനാണ് നാളത്തെ റൊണാള്‍ഡോ. 
ഇവന്‍ നയിക്കും നാളത്തെ ബ്രസീലിനെ. 
ഒരു മൂന്ന് ലോകകപ്പില്‍ കൂടിയെങ്കിലും നമുക്ക് ഇവനെ കാണാം. 

ആ പ്രവചനമൊക്കെ പക്ഷേ, പോസ്റ്റിന് മുന്നില്‍ കണക്റ്റ് ചെയ്യപ്പെടാതെ പോകുന്ന പാസുപോലെ പാഴായി. രോഗശയ്യയിലുള്ള അച്ഛന്‍ മാത്രമായിരുന്നു അഡ്രിയാനോയുടെ മനസ്സില്‍. അച്ഛനുവേണ്ടിയുളള പ്രാര്‍ഥനയായിരുന്നു ഉള്ളില്‍. പക്ഷേ, നെഞ്ചുനീറിയ ആ പ്രാര്‍ഥനകള്‍ക്ക് ഒന്‍പത് ദിവസത്തെ ആയുസ്സേ വിധി അനുവദിച്ചുള്ളൂ. പെറുവില്‍ നിന്ന് മിലാനിലേയ്ക്ക് മടങ്ങിയ അഡ്രിയാനോയെ പത്താം നാള്‍ നാട്ടില്‍ നിന്ന് തേടിയെത്തിയത് ഒരു ഫോണ്‍കോളാണ്. കോലിയെ ഒരു ഡിസംബര്‍ പുലര്‍ച്ചെ തേടിയെത്തിയ കോള്‍ പോലൊന്ന്. അച്ഛന്‍ അല്‍മിര്‍ ലെയ്‌റ്റെ റിബെയ്‌റോ മരിച്ചുവെന്ന അങ്ങേത്തലയ്ക്കലേ സന്ദേശം മുഴുവന്‍ കേള്‍ക്കാനുള്ള ശേഷിയുണ്ടായില്ല അഡ്രിയാനോയ്ക്ക്.

ഫോണ്‍ അവന്‍ ഹോട്ടല്‍ മുറിയുടെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നെ കൊച്ചുകുഞ്ഞിനെപോലെ അലമുറയിട്ട് കരഞ്ഞു. മുറിയിലുണ്ടായിരുന്ന അര്‍ജന്റീനക്കാരന്‍ ഹാവിയര്‍ സെനറ്റി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആശ്വാസവാക്കുകള്‍ക്കൊന്നും മഹാശോകത്തിന്റെ ഗര്‍ത്തത്തില്‍ നിന്ന്  അവനെ മടക്കിക്കൊണ്ടുവരാനായില്ല. അവന്‍ പിന്നെ സങ്കടത്തില്‍ നിന്ന് കടുത്ത വിഷാദത്തിലേയ്ക്ക് കൂപ്പുകുത്തി. കോലിയെ പോലെ അഡ്രിയാനോ അച്ഛന്റെ ചിതയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതല്ല, ചിറകുകരിഞ്ഞ് ചാമ്പലാവുന്നതാണ് പിന്നീട് ലോകം കണ്ടത്.

കോണ്‍ഫെഡറേഷന്‍സ് കപ്പിലും കോപ്പ അമേരിക്കയിലും സുവര്‍ണപാദുകം നേടി മഞ്ഞപ്പടയുടെ മാന്ത്രിക ചതുഷ്‌കത്തിലൊരാളായി തിളങ്ങിനിന്നയാള്‍, ദി എംപററെന്ന വിളിപ്പേരുമായി ഇന്ററിന്റെ നട്ടെല്ലായി ഇറ്റലിയില്‍ അരങ്ങുവാണയാള്‍ മുപ്പതു വയസ്സെത്തും മുന്‍പ് തന്നെ കത്തിക്കരിഞ്ഞ് വിസ്മൃതിയിലാവുന്നത് അതിശയത്തോടെയും അതിലേറെ നിരാശയോടെയും കണ്ടുനില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ ഫുട്‌ബോള്‍ ലോകത്തിന്.

ആ ഫോണ്‍കോളിനുശേഷം അവന്‍ ഒരിക്കല്‍പ്പോലും പഴയപോലെയായില്ലെന്നാണ് ഇന്ററിന്റെയും അര്‍ജന്റീനയുടെയും നെടുന്തൂണായിരുന്ന ഹാവിയര്‍ സെനറ്റി പില്‍ക്കാലത്ത് പറഞ്ഞത്. 'അയാളെ വിഷാദത്തില്‍ നിന്ന് കരകയറ്റുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമതാണ്. ഇക്കാര്യത്തില്‍ ഞാന്‍ തീര്‍ത്തും പരാജിതനാണ്.' സെനറ്റി ഒരിക്കല്‍ കുറിച്ചു.

ഇന്ററില്‍ നിന്ന് പിന്നീട് സാവോ പോളേയിലേയ്ക്കും ഫ്‌ളമെംഗോയിലേയ്ക്കും റോമയിലേയ്ക്കും കോറിന്ത്യന്‍സിലേയ്ക്കുമെല്ലാം പറന്നുനടന്ന അഡ്രിയാനോ പിന്നെ പഴയ മാജിക്കല്‍ ഫോമിലേയ്ക്ക് മടങ്ങിവന്നതേയില്ല. കൂടുതല്‍ കടുത്ത വിഷാദത്തിലേയ്ക്കായിരുന്നു യാത്ര. കളിയും പരിശീലനവും മുറതെറ്റി. അച്ഛനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഗോളുകള്‍ വിദൂരസ്മൃതികളായി. പാതിരാപാര്‍ട്ടികളിലായി പിന്നെ അഭയം. ആഘോഷരാവിന്റെ എണ്ണം പെരുകി. ആ ലഹരിക്കടലില്‍ അവന്‍ മെല്ലെ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നു. ക്ലബിനും രാജ്യത്തിനും കളിക്കുമ്പോള്‍ തന്നെ വില ക്രൂസെരോയിലെ പഴയ തെരുവുകൂട്ടം വട്ടംകൂടി. പോലീസിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള ഫവേലയിലെ മാഫിയസംഘത്തില്‍ അകപ്പെട്ട പഴയ കൂട്ടുകാര്‍ പതുക്കെ പിടിമുറുക്കി. ഇവരില്‍ ഒരാള്‍ കൊടുത്ത ബൈക്കിന്റെ പേരില്‍ മയക്കുമരുന്ന് കടത്ത് കേസിലും പെട്ടു. സാഹചര്യ തെളിവുകളുടെ അഭാവം കാരണം കുറ്റവിമുക്തനാക്കപ്പെടുമ്പൊഴേയ്ക്കും കരിയറിന്റെ വാലറ്റത്ത് എത്തിക്കഴിഞ്ഞു റൊണാള്‍ഡോയുടെ യഥാര്‍ഥ പിന്‍ഗാമിയെന്ന് ലോകം വാഴ്ത്തിയ സ്‌ട്രൈക്കര്‍. ചിട്ടയില്ലാത്തവനും വണ്ണം വച്ചവനും പരിശീലകരുടെ കണ്ണിലെ കരടായി. എന്നിട്ടും ഇന്ററും ഫ്‌ളെമംഗോയുമെല്ലാം രണ്ടാം വരവിനുവേണ്ടി വാതില്‍ തുറന്നിട്ടു. പക്ഷേ, തിരിഞ്ഞുനടക്കുകയാണ് അഡ്രിയാനോ ചെയ്തത്. ഒരു വാല്‍നക്ഷത്രം പോലെ അഡ്രിയാനോയെന്ന പ്രഹേളിക കത്തിയെരിഞ്ഞുതീരുന്നത് വിശ്വസിക്കാനാവാതെ കണ്ടുനിന്നു ഫുട്‌ബോള്‍ ലോകം. അത്രമേല്‍ വലുതായിരുന്നു റിയോയ്ക്ക് പടിഞ്ഞാറ് ബാരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അല്‍മിര്‍ ലെയ്‌റ്റെ റിബെയ്‌റോവിന് മകനിലുണ്ടായിരുന്നു സ്വാധീനം.

'ഞാന്‍ അനുഭവിച്ച ദുഃഖത്തിന്റെ വ്യാപ്തി എനിക്കേ അറിയൂ. അച്ഛന്റെ മരണം എന്റെ ജീവിതത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഇറ്റലിയില്‍ പെട്ടന്ന് ഞാന്‍ ഒറ്റയ്ക്കായി. സങ്കടവും വിഷാദവും പിടികൂടി. അങ്ങനെയാണ് മദ്യപാനം തുടങ്ങിയത്. അതില്‍ മാത്രമാണ് പിന്നീട് ഞാന്‍ സന്തോഷം കണ്ടെത്തിയത്. കണ്ണില്‍ കണ്ടതെല്ലാം കുടിച്ചു. കുടിച്ചിട്ടു തന്നെ പരിശീലനത്തിനും പോയി.' പഴയൊരു അഭിമുഖത്തില്‍ മറയില്ലാതെ തന്നെ ഉള്ളുതുറന്നു അഡ്രിയാനോ.

തുച്ഛമായ വരുമാനം മാത്രമുണ്ടായിരുന്ന അല്‍മിര്‍ ഒരുപാട് കഷ്ടപ്പെട്ടാണ് രണ്ട് ആണ്‍മക്കളെ വളര്‍ത്തി വലുതാക്കിയത്. പണിയെടുത്ത് കിട്ടുന്ന കാശ് മുഴുവന്‍ മകന്റെ കളിഭ്രമത്തിനുവേണ്ടി ചെലവിടുകയായിരുന്നു ചെറിയൊരു കമ്പനിയില്‍ മെക്കാനിക്കായിരുന്ന അല്‍മിര്‍. അമ്മ റൊസില്‍ഡ വീട്ടുജോലിയെടുത്തും മുത്തശ്ശി വാന്‍ഡ തെരുവില്‍ പോപ്പ്‌കോണ്‍ വിറ്റുമാണ് വീട് പുലര്‍ന്നത്. പോപ്പ്‌കോണ്‍ വിറ്റുകിട്ടുന്ന കാശെല്ലാം വാന്‍ഡ കൊച്ചുമകന്റെ കളിക്കുവേണ്ടിയാണ് മാറ്റിവച്ചത്.

കളിക്കളത്തിലും പുറത്തും അച്ഛന്‍ അല്‍മിറായിരുന്നു അഡ്രിയാനോയുടെ വഴികാട്ടി. വില ക്രൂസെരോയിലെ തെരുവില്‍ നഗ്‌നപാദനായി പന്തു തട്ടിക്കളിച്ച മകനെ ഫ്‌ളമെംഗോയുടെ യൂത്ത് ക്യാമ്പിലെത്തിച്ചത് അച്ഛനാണ്. ഒരിക്കല്‍ അല്‍മിര്‍ മകനോട് പറഞ്ഞു:
നിനക്ക് വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കാന്‍ എനിക്കാവില്ല. എന്നാല്‍, ഞാന്‍ നിനക്കൊരു ഫുട്‌ബോള്‍ ടീം നല്‍കാം.
അല്‍മിര്‍ മകന് കൊടുത്ത വാക്ക് അക്ഷരംപ്രതി പാലിച്ചു. തന്റെ സമ്പാദ്യമത്രയും അല്‍മിര്‍ ചെലവിട്ടത് മകനു കളിക്കാന്‍ വേണ്ടിയായിരുന്നു. അവന്‍ കളിക്കളത്തില്‍ തിളങ്ങുമ്പോള്‍ ആരും കാണാതെ പട്ടിണി കിടക്കുക പോലും ചെയ്തു നിസ്വനായ ആ അച്ഛന്‍.

ഫവേലയിലെ കുപ്രസിദ്ധ ഗ്യാങ്ങുകളില്‍ നിന്ന് മകനെ വഴിതെറ്റാതെ നടത്തിച്ചതും അല്‍മിര്‍ തന്നെ. സെനറ്റി പില്‍ക്കാലത്ത് പറഞ്ഞതുപോലെ അല്‍മിറിന്റെ മരണശേഷം മാത്രമാണ് ഫവേലയിലെ ക്രിമിനല്‍ സംഘങ്ങള്‍ അഡ്രിയാനോയെ വട്ടമിട്ടു പറക്കാന്‍തുടങ്ങിയത്. ഇതിനുശേഷമാണ് പാതി ഉദിച്ച ആ നക്ഷത്രം പൊലിഞ്ഞുവീണത്.

അച്ഛന്റെ ചിതയില്‍ നിന്നു ചിറകുവിരിച്ചു പറന്ന വിരാട് കോലിയുടെ കഥ അഡ്രിയാനോ കേട്ടിരിക്കാന്‍ വഴിയില്ല. വഴികാട്ടിയായ അച്ഛന്റെ മരണം ജീവിതത്തിന്റെ അവസാന വിസിലാണെന്നു വിശ്വസിച്ച ഈ മുടിയനായ പുത്രന്‍ കേട്ടിരിക്കേണ്ട മറ്റൊരു കഥ കൂടിയുണ്ട്.

sachin
സച്ചിൻ അച്ഛനൊപ്പം

ഫ്‌ളമെംഗോയ്ക്കുവേണ്ടി പ്രൊഫഷണല്‍ ലീഗില്‍ ബൂട്ടുകെട്ടിയിറങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പത്തെ കഥ. ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ്‌വെയെ നേരിടാന്‍ ലെസ്റ്ററിലെത്തിയതാണ് ഇന്ത്യന്‍ ടീം. അസഹ്യമായ പുറംവേദന കാരണം സുഹൃത്ത് അതുല്‍ റാനഡയ്‌ക്കൊപ്പം മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ കോളിങ് ബെല്‍ ശബ്ദിച്ചത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ഭാര്യ അഞ്ജലി. ഒപ്പം അജയ് ജഡേജയും റോബിന്‍ സിങ്ങും. ആ പാതിരാത്രി അഞ്ജലി ലണ്ടനില്‍ നിന്ന് ലെസ്റ്ററിലേയ്ക്ക് വന്നത് നല്ല വാര്‍ത്തയുമായല്ല. അച്ഛന്‍ രമേഷ് തെണ്ടുല്‍ക്കര്‍ മകന്‍ ഒരു ലോകകപ്പ് സ്വന്തമാക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നു. വല്ലാത്തൊരു ഞെട്ടലായിരുന്നു സച്ചിന് ആ വാര്‍ത്ത. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ് ഒപ്പം കഴിഞ്ഞിരുന്ന അച്ഛന്‍ സുഖം പ്രാപിക്കുന്നത് കണ്ടാണ് താന്‍ ഇംഗ്ലണ്ടിലേയ്ക്ക് ടീമിനൊപ്പം പറന്നത്. നിനയ്ക്കാത്ത നേരത്തൊണ് നിമിഷനേരം കൊണ്ട് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞത്.

കാലത്തു തന്നെ മുംബൈയിലേയ്ക്ക് മടങ്ങിയ സച്ചിനെ കൂടാതെ പിറ്റേ ദിവസം ഇന്ത്യ സിംബാബ്‌വെയെ നേരിട്ടു. മൂന്ന് റണ്ണിന് തോല്‍ക്കുകയും ചെയ്തു. മുംബൈയിലായിരുന്നു അച്ഛന്റെ സംസ്‌കാരം. കീശയില്‍ തന്റെ ചിത്രം പേറുന്നൊരു നാണം വച്ചാണ് സച്ചിന്‍ അച്ഛനെ യാത്രയാക്കിയത്. അതൊരു വലിയ കടംവീട്ടലായിരുന്നു. മകന്റെ ക്രിക്കറ്റ്‌മോഹത്തിനുവേണ്ടി ജീവന്റെ ഓരോ അണുവും ചെലവിട്ട അച്ഛനോടുള്ള വലിയൊരു കടപ്പാട്.

സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞ ഉടനെ അമ്മ രജനി വിതുമ്പലടക്കിനില്‍ക്കുന്ന സച്ചിന്റെ അരികിലെത്തി ചോദിച്ചു:
'നിനക്ക് ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങണ്ടെ. ലോകകപ്പ് കളിച്ചുതീര്‍ക്കണ്ടേ?' അമ്മയിലൂടെ കേട്ടത് അച്ഛന്റെ തന്നെ വാക്കുകളാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു സച്ചിന്. പരലോകമുണ്ടെങ്കില്‍ അച്ഛന്‍ അവിടെയിരുന്ന് ആഗഹ്രിക്കുന്നതും ഇതുതന്നെയാവുമെന്ന കാര്യത്തില്‍ ഒട്ടുമുണ്ടായിരുന്നില്ല സംശയവും. മൂന്നാം നാള്‍ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖത്തിന് അവധി നല്‍കി സച്ചിന്‍ വീണ്ടും ഇംഗ്ലണ്ടിലെത്തി. ബ്രിസ്‌റ്റോളില്‍ കെനിയക്കെതിരേ ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങുന്ന ടീമിനൊപ്പം ചേര്‍ന്നു.

ഇനിയുള്ള കഥയാണ് സത്യത്തില്‍ അഡ്രിയാനോ അറിയേണ്ടത്. സൗരവ് ഗംഗുലി പുറത്തായപ്പോള്‍ ബാറ്റേന്തി സച്ചിന്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ വരാനിരിക്കുന്ന മഹാത്ഭുതത്തിന്റെ ചെറുസൂചന പോലുമുണ്ടായിരുന്നില്ല ബ്രിസ്‌റ്റോളില്‍. അര്‍ഥഗര്‍ഭമായൊരു ഗദ്ഗദം മുഴങ്ങിനിന്ന സ്‌റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റ് നിന്നുവരവേറ്റു രമേഷ് തെണ്ടുല്‍ക്കറുടെ മകനെ. ചിലര്‍ക്ക് തൊണ്ടയിടറി. ചിലര്‍ കണ്ണീര്‍ തുടച്ചു. അവര്‍ക്കുള്ള യഥാര്‍ഥ വിരുന്ന് വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ. ഉള്ളിലിരമ്പുന്ന സങ്കടക്കടലിനെ അടക്കി രാഹുല്‍ ദ്രാവിഡിനൊപ്പം സച്ചിന്‍ കത്തിക്കയറിയപ്പോള്‍ അന്നേവരെ കാണാത്തൊരു അത്യപൂര്‍വ വൈകാരികനിമിഷത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. സ്റ്റീവ് ടിക്കോളോയെ മിഡ്ഓഫിലൂടെ പായിച്ച് എണ്‍പത്തിയൊന്നാം പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഉടനെ സച്ചിന്‍ വെണ്‍മേഘങ്ങള്‍ ഒഴുകിനടന്ന ബ്രിസ്‌റ്റോളിലെ തെളിഞ്ഞ ആകാശത്തേയ്ക്ക് ബാറ്റുയര്‍ത്തി. പതിനൊന്നാം വയസ്സ് മുതല്‍ മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് നിഴല്‍പോലെ കൂട്ടുനടന്ന അച്ഛന്‍ ആ മേഘപാളികളിലെവിടെയോ ഇരുന്ന് അത് കണ്ട് കണ്ണീര്‍പൊഴിച്ചിട്ടുണ്ടാകുമോ? കളിയല്ല, കാല്‍പനികതകൂടിയാണല്ലോ ക്രിക്കറ്റ്.  ഇത്തരമൊരു സുന്ദരനിമിഷത്തിന് ഇതിന് മുന്‍പെന്നെങ്കിലും ക്രിക്കറ്റ് ഇതുപോലെ സാക്ഷ്യംവഹിച്ചിരിക്കുമോ? സംശയമാണ്. സച്ചിന്‍ അവിടെയും നിന്നില്ല. 101 പന്തില്‍ നിന്ന് 140 റണ്‍സ് തികച്ച് സെഞ്ചുറി നേടിയ ദ്രാവിഡിനൊപ്പം ടീമിന് 94 റണ്‍സിന്റെ ജയം സമ്മാനിച്ചേ മടങ്ങിയുള്ളൂ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഞാന്‍ ജീവിതത്തില്‍ ഏറ്റവും അധികം വിലമതിക്കുന്ന സെഞ്ചുറി. ഞാന്‍ ഇതെന്റെ അച്ഛന് സമര്‍പ്പിക്കുകയാണ്. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഏറ്റുവാങ്ങി സച്ചിന്‍ ഉള്ളിലെ വിങ്ങല്‍ ഒളിപ്പിക്കാന്‍ പാടുപെട്ട് പറഞ്ഞു. മറ്റൊന്ന്കൂടി പറഞ്ഞു സച്ചിന്‍. സത്യത്തില്‍ അന്നെന്റെ മനസ്സ് പൂര്‍ണമായും കളിയിലുണ്ടായിരുന്നില്ല.

പലരും പ്രതീക്ഷിച്ചപോലെ അക്കുറി സച്ചിനും ഇന്ത്യയ്ക്കും ലോകകപ്പ് സ്വന്തമാക്കാനായില്ല. പക്ഷേ, സച്ചിന്‍ അച്ഛന്റെ മരണത്തിന്റെ സങ്കടക്കാറ്റില്‍ സ്വന്തം സ്വപ്‌നത്തിന്റെ വിക്കറ്റ് കളഞ്ഞില്ല. കൊടിയ വിഷാദത്തെ പിച്ചിന് പുറത്തുനിര്‍ത്തി പിന്നെയും പിന്നെയും കളിച്ചുകൊണ്ടിരുന്നു. സെഞ്ചുറികള്‍ ആകാശത്തേയ്ക്ക് ബാറ്റുയര്‍ത്തി അച്ഛന് സമര്‍പ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാവണം, കാലം സച്ചിനോടും സച്ചിന്റെ പ്രിയപ്പെട്ട അച്ഛനോടും നീതികേട് കാട്ടിയില്ല. ഇന്ത്യയ്ക്ക് മറ്റൊരു ലോകകപ്പ് സമ്മാനിക്കാന്‍ ചരിത്രം കൊല്‍ക്കത്തയ്ക്കും ബെംഗളൂരുവിനും പകരം പന്ത്രണ്ട് കൊല്ലത്തിനുശേഷം മകന്റെ ക്രിക്കറ്റ്ഭ്രാന്തിന്റെ കൈപിടിച്ച് രമേഷ് തെണ്ടുല്‍ക്കര്‍ രാവും പകലും നടന്ന അതേ മുംബൈയെ തിരഞ്ഞെടുത്തതിന് മറ്റെന്ത് കാരണമാവും ഉണ്ടാവുക. ധോനിയായിരുന്നു നായകനെങ്കിലും വാംഖഡെയിലെ ജനസാഗരത്തില്‍ കപ്പ് ഏറ്റവും കൂടുതല്‍ ശോഭിച്ചുനിന്നത് സച്ചിന്റെ കൈകളിലായിരുന്നുവെന്നതൊരു പരമാര്‍ഥം. അത് കാലത്തിന്റെ കാവ്യനീതി. ഈയൊരു സൗഭാഗ്യം പക്ഷേ, സ്വന്തം പ്രതിഭയെ സെല്‍ഫ് ഗോളടിച്ച് നശിപ്പിച്ച അഡ്രിയാനോയ്ക്ക് കനിഞ്ഞുനല്‍കിയില്ല ചരിത്രം. ബ്രസീലിന് സുവര്‍ണപാദുകം കൊണ്ട് ഒരു കോപ്പ അമേരിക്കയും ഒരു കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിക്കൊടുത്ത അഡ്രിയാനോയ്ക്ക് ലോകചാമ്പ്യന്മാരായ 2002ലെ ബ്രസീല്‍ ടീമില്‍ ഇടം നേടാന്‍ പോലുമായിരുന്നില്ലെന്ന് അറിയണം.

christiano
ക്രിസ്റ്റ്യാനോയും അച്ഛനും

കാലത്തിന്റെ കഥയെഴുത്ത് വിചിത്രമാണ്. മക്കള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച പ്രേം കോലിയുടെയും രമേഷ് തെണ്ടുല്‍ക്കറുടെയും അല്‍മിര്‍ ലെയ്റ്റര്‍ റിബെയ്‌റോയുടെയും കണ്ണീര്‍കഥകള്‍ക്കിടയില്‍ അത് ചുവന്ന മഷികൊണ്ട് അടിവരയിട്ട മറ്റൊരു ജീവിതകഥകൂടിയുണ്ട്. ഹൊസെ ഡിനിസ് അവെയ്‌രോയെന്ന അച്ഛനെ കുറിച്ച് പത്രക്കാര്‍ അയാളുടെ മകനോടൊരു ചോദ്യം ചോദിച്ചു. വിചിത്രമായിരുന്നു സെലിബ്രിറ്റിയായ മകന്റെ ഉത്തരം. 
'എനിക്കെന്റെ അച്ഛനെ മനസ്സിലാക്കാനേ കഴിഞ്ഞിരുന്നില്ല. സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചത് അങ്ങനെയൊരു അച്ഛനെയായിരുന്നില്ല.'

ആത്മരോഷത്തിന് മകനെ പഴിക്കാനാവില്ല. കുടിച്ചുകൂത്താടി നടന്ന അവെയ്‌രോ മകന് എന്നും വേദനയും നാണക്കേടും മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. മദ്യലഹരിയില്‍ മകന്റെ പ്രതിഭ അയാളുടെ കണ്ണില്‍പ്പെട്ടില്ല. അച്ഛന്‍ ക്ലബിലെ തോട്ടക്കാരനും അലക്കുകാരനുമെല്ലാമായി ജോലി ചെയ്യുന്നതിന്റെ പേരില്‍ അവന്‍ സഹകളിക്കാരുടെ പരിഹാസപാത്രമായി. ഒടുവില്‍ അവന്‍ വലിയ കളിക്കാരനാവും മുന്‍പ് അയാള്‍ കുടുംബത്തില്‍ നിന്നകന്നു. ലോകം കീഴടക്കിയ അവനെ ഒന്ന് നേരിട്ട് അഭിനന്ദിക്കാന്‍ പോലും കഴിയാതെ പില്‍ക്കാലത്ത് കരള്‍രോഗം വന്ന് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. പക്ഷേ, മകന്‍ 2002ലെ യൂറോകപ്പ് കളിക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ പത്രക്കാരോട് ഹൃദയത്തില്‍ തൊട്ട് ചിലത് പറഞ്ഞു. അന്നയാള്‍ താന്‍ കണ്ടിട്ടും കാണാതെ പോയ അവന്റെ പ്രതിഭയെ വാനോളം വാഴ്ത്തി. അച്ഛന്റെ ഈ വാക്കുകള്‍ പക്ഷേ, മകന്‍ കേള്‍ക്കുന്നത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞാണ്.

ronaldo
അച്ഛന്റെ വാക്കുകൾ കേട്ട് കരയുന്ന ക്രിസ്റ്റ്യാനോ

അച്ഛനോടുള്ള വെറുപ്പ് പണ്ടേ പരസ്യമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന മകന്, പക്ഷേ, ആ രംഗങ്ങള്‍ ടി.വി.യില്‍ നിര്‍വികാരനായി കണ്ടുനില്‍ക്കാനായില്ല. പിയേഴ്‌സ് മോര്‍ഗനുമായി 2019ല്‍ നടന്ന അഭിമുഖത്തിനിടെ ഈ രംഗം കണ്‍മുന്നില്‍ മിന്നിമാഞ്ഞപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് നിയന്ത്രണം വിട്ടുപോയി. അയാള്‍ കുട്ടികളെപ്പോലെ തേങ്ങിക്കരഞ്ഞു. 'ഞാനിത് കണ്ടിട്ടില്ല. എനിക്കിന് വിശ്വസിക്കാനാവുന്നില്ല. കണ്ണീര്‍ തുടച്ച് ക്രിസ്റ്റിയാനോ പറഞ്ഞു. പണ്ട് മൈക്കല്‍ ജാക്‌സന്റേത് പോലുള്ള വീട് വേണമെന്ന് പറഞ്ഞപ്പോള്‍ അസാധ്യമെന്നായിരുന്നു അച്ഛന്റെ മറുപടി. ഇന്നെനിക്ക് അതിലും വലിയ വീടുണ്ട്. പക്ഷേ, അച്ഛനില്ല. കളിക്കളത്തില്‍ വലങ്കാല്‍ ബുള്ളറ്റ് കൊണ്ട് വല തുളച്ച് നെഞ്ചുവിരിച്ചുനില്‍ക്കുന്ന ക്രിസ്റ്റിയാനോയല്ല. ഹതാശനായ ഒരു വെറും മകനാണ് തേങ്ങലിന്റെ നനുത്ത സ്പര്‍ശമുള്ള ഈ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ചില മരണങ്ങള്‍ അങ്ങനെയാണ്. ബാക്കിയാവുന്ന ശൂന്യതയിലാവും ചിലപ്പോഴത് ബന്ധങ്ങളുടെ ആഴം വരച്ചിടുക. സ്‌നേഹത്തിന്റെ വില മാറ്റുരച്ചുനോക്കുക. വേരറ്റ് വീഴുമ്പോള്‍ മാത്രം, വിരിച്ച തണലിന്റെ വിലയറിയിക്കുന്ന മരങ്ങളെ പോലെ. അത് അച്ഛന്മാരുടെ മാത്രം ദുര്യോഗമാവുമോ?

Content Highlights: Virat Kohli Sachin Tendulkar Christiano Ronaldo Adriano Mamadou Sakho Fathers death