മലയാളകവിതാമുറ്റത്തെ തറവാട്ടമ്മയായി ബാലാമണിയമ്മയെ വാര്‍ത്തെടുത്ത കരങ്ങള്‍, വിശ്വപ്രസിദ്ധ എഴുത്തുകാരി കമലാദാസിന്റെ 'നിലപാടുകളു'ള്ള അച്ഛന്‍, ഗാന്ധിയന്‍, മാതൃഭൂമിയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍...വി. എം നായര്‍ എന്ന വടക്കേക്കര മാധവന്‍ നായരുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മകളും എഴുത്തുകാരിയുമായ ഡോ. സുലോചനാ നാലപ്പാട്ട്. 

ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തനായ മനുഷ്യന്‍ അച്ഛനായിരുന്നു. ആത്മവിശ്വാസമായിരുന്നു അച്ഛന്റെ മുഖമുദ്ര. ലോകത്ത് നടക്കാത്തതായ ഒന്നുമില്ല എന്നും എന്തും ചെയ്യാന്‍ കഴിയും എന്നുമുള്ള ആത്മവിശ്വാസം ഞങ്ങള്‍ കുട്ടികളിലേക്കും അദ്ദേഹം പകര്‍ന്നു തന്നു.

പുന്നയൂര്‍ക്കുളമൊരു കുഗ്രാമമായിരുന്നു. അവിടെ ബാല എന്നു പേരുള്ള ഒരു കുട്ടിയുണ്ട്, കവിതയൊക്കെ എഴുതും എന്ന് കേട്ടിട്ടാണ് അച്ഛന്‍ ആ കുട്ടിയെത്തന്നെ കല്യാണം കഴിക്കണം എന്ന് നിര്‍ബന്ധം പിടിച്ചത്. അമ്മയെ കണ്ടിട്ടില്ല. ആരോ കേട്ടു പറഞ്ഞ അറിവേയുള്ളൂ. താമസിയാതെ ഒരു സുഹൃത്തിനെയും കൂട്ടി ഗുരുവായൂരില്‍ നിന്നും ഏഴുമൈലോളം നടന്ന് നാലപ്പാട്ടേയ്ക്കു വന്നു ബാലയെ കണ്ടു. ഇഷ്ടായി, കല്യാണത്തിന് സമ്മതം ചോദിച്ചു. 

അമ്മയ്ക്ക് ചെറുപ്പം തൊട്ടേ അപസ്മാരം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമ്മയെക്കൊണ്ട് അടുക്കളപ്പണികളൊന്നും നാലപ്പാട്ടുകാര്‍ ചെയ്യിക്കില്ലായിരുന്നു. പുസ്തകം മാത്രമാണ് കൂട്ട്. അമ്മയെ പെണ്ണുകണ്ട് തിരിച്ചുപോകുമ്പോള്‍ വയല്‍ക്കര വരെ അനുഗമിച്ച കാര്യസ്ഥന്‍ കോന്തുനായര്‍ അച്ഛനോട് പറഞ്ഞു: ''ഈ കുട്ടിയ്ക്ക് ഇങ്ങനൊരു അസുഖണ്ട്, വേണച്ചാ അനിയത്തിയെ നോക്കാം. രണ്ട് വയസ്സിന്റെ വ്യത്യാസമേയുള്ളൂ അവര് തമ്മില്‍.'' നാലപ്പാട്ടിനേക്കാളും സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ടതാണ് അച്ഛന്റെ കുടുംബം. അപ്പോള്‍ അച്ഛന്‍ കാര്യസ്ഥനോട് പറഞ്ഞു, ഈ കുട്ടി തന്നെ മതി. അസുഖമൊക്കെ ഞാന്‍ ചികിത്സിച്ചുമാറ്റിക്കോളാം.

അമ്മയെ കല്യാണം കഴിക്കാനുണ്ടായ സന്ദര്‍ഭത്തെക്കുറിച്ച് അച്ഛന്‍ ഞങ്ങളോട് പറയുമായിരുന്നു. വിവാഹം കഴിഞ്ഞ് കല്‍ക്കത്തയിലേക്ക് അമ്മയെ കൊണ്ടുപോയി. അവിടെ മൂന്നു പേരെയാണ് ജോലിക്കാരായി അച്ഛന്‍ വെച്ചിരുന്നത്. അമ്മയെക്കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല. എഴുതാന്‍ ഒരു മേശ വാങ്ങിക്കൊടുത്തു. ''കുട്ടി ഇവിടെ ഇരുന്ന് എഴുതിയാല്‍ മതി, ബാക്കിയൊക്കെ മറ്റുളളവര്‍ ചെയ്തുകൊള്ളും'' എന്ന് പറഞ്ഞു. കുട്ടി എന്നായിരുന്നു അമ്മയെ വിളിച്ചിരുന്നത്. അച്ഛന്‍ ഭയങ്കര ശുണ്ഠിക്കാരനായിരുന്നു. അമ്മയ്ക്കും ഞങ്ങള്‍ക്കുമൊക്കെ പേടിയായിരുന്നു. എന്നാല്‍ അതേപോലെ സ്‌നേഹവുമുണ്ടായിരുന്നു. 

കല്‍ക്കത്തയിലെ വോള്‍ഫോക്‌സ് ട്രാന്‍സ്‌പോര്‍ട്ട് എന്ന ബ്രിട്ടീഷ് കാര്‍ കമ്പനിയിലെ മാനേജരായിരുന്നു അച്ഛന്‍. ബംഗാള്‍ വിഭജനം നടന്നകാലമാണ്. അച്ഛനായിരുന്നു ആ കമ്പനിയിലെ ഇന്ത്യനായ അവസാനത്തെ ജനറല്‍ മാനേജര്‍. എന്തു പ്രശ്‌നങ്ങള്‍ക്കും അച്ഛന്റെ കയ്യില്‍ പരിഹാരമുണ്ടായിരുന്നു. നമ്മളില്‍ എന്തെങ്കിലുമൊരു കഴിവ് ഉണ്ടെന്നറിഞ്ഞാല്‍ അത് പരമാവധി പ്രോത്സാഹിപ്പിക്കും. പലപ്പോളും ആമിയോപ്പുവിനായിരുന്നു ആ പ്രശംസ ലഭിച്ചിരുന്നത്. ആമിയോപ്പുവിനോടാണ് അച്ഛന് വാത്സല്യം അധികമെന്ന് തോന്നി ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. മെഡിസിന് പഠിക്കുമ്പോള്‍ അച്ഛന്റെ സ്‌നേഹവും കരുതലും അതേയളവില്‍ ഞാനും അനുഭവിച്ചു. പഠിക്കുന്ന കാലത്തെ പ്രണയപ്രശ്‌നങ്ങളൊക്കെ അച്ഛന്‍ അവസരോചിതമായി പരിഹരിക്കുമായിരുന്നു. 
 
ആമിയോപ്പുവുമായി അച്ഛന്‍ ചില കാരണങ്ങള്‍ക്കൊക്കെ പിണങ്ങിയിരുന്നു. ആമിയോപ്പുവിന്റെ ചില നടപടികളൊന്നും അച്ഛനത്ര രസിക്കാത്തതായിരുന്നു. അച്ഛനെക്കുറിച്ച് ആമിയോപ്പു ഒരു കവിത എഴുതി- Too Late For Making Up. അതിലെ വരികള്‍ ഞാനോര്‍ക്കുന്നു;

Father, it's too late for making up with you.
The time for debates on honour is over now You won, didin't you...
You turned cold on the drawing room Colder then your heart ever was...
Should I have loved you, father
more than I did
That wasn't so easy to do...

കല്‍ക്കത്തയില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ടാണ് മാതൃഭൂമിയിലെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. കല്‍ക്കട്ടയിലുണ്ടായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍കം ടാക്‌സ് കൊടുത്തിരുന്ന മലയാളിയായിരുന്നു അച്ഛന്‍ എന്ന് കേട്ടിട്ടുണ്ട്. നാട്ടില്‍ വന്ന് എന്നും നടക്കാന്‍ പോവുമ്പോള്‍ കൈയില്‍ അഞ്ച് രൂപയുടെ നോട്ടുകള്‍ കുറേ കയ്യില്‍ കരുതും. തിരിച്ചു വരുമ്പോളേക്കും അതെല്ലാം തീര്‍ന്നിട്ടുണ്ടാകും. വേണ്ടവര്‍ക്കൊക്കെ കൊടുക്കും. മാതൃഭൂമി എറണാകുളം എഡിഷന്‍ തുടങ്ങുന്നത് അച്ഛനുള്ള കാലത്താണ്. മാര്‍ക്കറ്റിങ് നന്നായിട്ടറിയാമായിരുന്നു. അച്ഛന്റെ മാര്‍ക്കറ്റിങ് ക്വാളിറ്റി മാതൃഭൂമിയ്ക്ക് അന്ന് ഗുണകരമായെന്ന് വിശ്വസിക്കുന്നു.

ഒരാഴ്ചയോളം ഓര്‍മയില്ലാതെ കിടന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അപരിചിതരായ കുറേ ആളുകള്‍ വന്നു. അതില്‍ മിക്കവരും പറഞ്ഞത് അദ്ദേഹത്തിന്റെ സഹായഹസ്തങ്ങളെക്കുറിച്ചായിരുന്നു. ഒരു നഴ്‌സ് വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു, സാറാണ് തന്നെ പഠിപ്പിച്ചത് എന്ന്. ഞങ്ങളാരും അതൊന്നും അറിഞ്ഞിരുന്നില്ല. 

ഞാന്‍ പാലക്കാട്ട് വിക്ടോറിയാ കോളേജിലാണ് പ്രീ മെഡിസിന് പഠിച്ചത്. ഒരു കൊല്ലത്തെ കോഴ്‌സാണത്. വെക്കേഷന്‍ കഴിഞ്ഞാല്‍ പുന്നയൂര്‍ക്കുളത്തു നിന്നും പാലക്കാട്ടേയ്ക്ക് കാറില്‍ അച്ഛന്‍ എന്നെ കൊണ്ടുവിടും. ഞാനും അച്ഛനും കൂടി പോകുന്ന വഴിയ്ക്ക് ഒലവക്കോട്ടുള്ള അച്ഛന്റെ സുഹൃത്ത് കെ.പി.ആര്‍ മേനോന്റെ വീട്ടില്‍ കയറും. ഒരു രാത്രി അവിടെയാണ് താമസം. അന്ന് രാത്രി അവിടെ ഒരാള്‍ വന്നു. സ്വാമി നാരായണ്‍ ദാസ് അങ്ങനെയെന്തോ പേരെന്നാണ് എന്റെ ഓര്‍മ. ഒരു സാധാരണ വെള്ള ജുബ്ബയും മുണ്ടും ഒക്കെ ഉടുത്തിട്ട്. സ്വാമി എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. 

നാരായണ സ്വാമിയ്ക്ക് ഒരു പദ്ധതിയുണ്ട്- ഒരാളെ അദ്ദേഹം പഠിപ്പിച്ച് ജോലിയിലാക്കിക്കൊടുക്കും. അങ്ങനെ ജോലി ലഭിക്കുന്ന ആള്‍ അതേപോലെ മറ്റൊരാളുടെ വിദ്യാഭ്യാസച്ചുമതല ഏറ്റെടുത്ത് ജോലിയാക്കിക്കൊടുക്കണം. നാമം ചൊല്ലലും ഭജനയും ഒന്നുമല്ല ആ സ്വാമിയുടെ ലക്ഷ്യം. വിദ്യാഭ്യാസം മാത്രമാണ്. അച്ഛന്‍ സ്വാമിയുടെ ആ ഉദ്യമത്തില്‍ പങ്കാളിയായി. ഒരുപാട് ആളുകളെ പഠിപ്പിച്ചു. അച്ഛന്‍ ആകെ പോകുന്ന അമ്പലങ്ങള്‍ ഗുരുവായൂരും മമ്മിയൂരുമായിരുന്നു. അങ്ങനെ ഭക്തിനിര്‍ഭരമായ ജീവിതമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. 

അമ്മയോട് സ്‌നേഹവും ബഹുമാനവുമായിരുന്നു അച്ഛന്. യാത്ര പോകുമ്പോള്‍ കാറിന്റെ ഡോര്‍ അമ്മയ്ക്കായി തുറന്നു കൊടുക്കുക അച്ഛനാണ്. അമ്മ ഇരുന്നു സ്വസ്ഥമാണ് എന്ന് ബോധ്യമായാല്‍ മത്രമേ യാത്ര തുടങ്ങുകയുള്ളൂ. അമ്മയെ ശ്രദ്ധിക്കുന്നതും പരിപാലിക്കുന്നതും കാണേണ്ടത് തന്നെയായിരുന്നു. കുട്ടി എന്നേ വിളിക്കൂ. വിവാഹത്തിന് മുമ്പേ അമ്മ കവിതകളെഴുതുമായിരുന്നെങ്കിലും ഒറ്റയെണ്ണം പോലും പ്രസിദ്ധീകരിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞ് കല്‍ക്കത്തയിലേക്ക് പോകുമ്പോള്‍ അതെല്ലാം അച്ഛന്‍ കൂടെകൊണ്ടുപോയി. അച്ഛന്‍ മുന്‍കയ്യെടുത്താണ് അതെല്ലാം ചേര്‍ത്തുകൂട്ടി സമാഹാരമാക്കുന്നത്.അങ്ങനെയാണ് അമ്മയുടെ ആദ്യകവിതാ സമാഹാരം 'കൂപ്പുകൈ' പുറത്തിറങ്ങുന്നത്. ബാലാമണിയമ്മയെന്ന കവിത്വത്തെ പൊതുധാരയിലേക്ക് കൊണ്ടുവന്നത് അച്ഛനാണ്. 

സമൂഹത്തിലും ഉന്നതതലങ്ങളിലുമൊക്കെ അച്ഛന് നല്ല പിടിപാടുള്ളതുകൊണ്ടാണോ അമ്മയ്ക്കിങ്ങനെ അവാര്‍ഡുകളൊക്കെ കിട്ടുന്നത് എന്നെനിക്കൊരു സംശയമുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് വെറുതേ ഒന്നു നോക്കിയപ്പോള്‍ മനസ്സിലായി, ആദ്യത്തെ മൂന്ന് അവാര്‍ഡുകള്‍ മാത്രമേ അച്ഛനുള്ള കാലത്ത് അമ്മയ്ക്ക് ലഭിച്ചിട്ടുള്ളൂ. പത്മഭൂഷണ്‍, സരസ്വതി സമ്മാന്‍ ഉള്‍പ്പെടെയുള്ള ബാക്കിയെല്ലാ ബഹുമതികളും ലഭിച്ചിരിക്കുന്നത് അച്ഛന്റെ കാലശേഷമാണ്. അത്രയേറെ ഉന്നതിയില്‍ സാഹിത്യം അമ്മയെ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലെ അധ്വാനം അച്ഛന്റെതാണ്. ജൂണ്‍ പതിനേഴിന് അച്ഛന്റെ ജന്മവാര്‍ഷികദിനമായിരുന്നു. അഭിമാനമുണ്ട് വി.എം. നായരുടെ മകളെന്ന നിലയില്‍.

Content Highlights: Sulochana Nalappat Remembers her Father Veteran Journalist VM Nair