മുംബൈയില്‍ പതിവുള്ള തിരക്കൊന്നുമില്ല. ലോക് ഡൗണില്‍ രാജ്യം നിശ്ചലമായപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ താളവും നിലച്ചിരിക്കുന്നു. മനുഷ്യര്‍ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങിക്കൂടിയ ദിനങ്ങളിലൊന്ന്. പവായിലെ ഫഌറ്റില്‍ പതിവുള്ള പ്രഭാതവ്യായാമങ്ങളിലാണ് ജ്യോതി രാമചന്ദ്രന്‍. മലയാളിയുടെ അഭിമാനമായ ജ്യോതി ലാബ്‌സിന്റെ പുതിയ സാരഥി.

മുപ്പത്തിയേഴ് വര്‍ഷം മുമ്പായിരുന്നു ഈ കമ്പനിയില്‍നിന്ന് ഉജാല പിറന്നത്. മുംബൈയില്‍ കെമിക്കല്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന തൃശ്ശൂര്‍ കണ്ടാണശ്ശേരിയിലെ രാമചന്ദ്രന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വെള്ളവസ്ത്രം വൃത്തിയോടെ അലക്കിയെടുക്കാന്‍ കണ്ട ഉപായമാണ് ഉജാലയായി മാറിയത്. അയ്യായിരം രൂപ മുതല്‍ മുടക്കില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ ജ്യോതി ലബോറട്ടറീസ് പതുക്കെ ഇന്ത്യയാകെ വേരുകളുള്ള വലിയ വ്യവസായ സ്ഥാപനമായി മാറുകയായിരുന്നു. അച്ഛന്‍ സ്ഥാപനത്തിന്റെ ചുമതല ജ്യോതിയിലേക്ക് കൈമാറുമ്പോള്‍ അതൊരു തലമുറ മാറ്റം മാത്രമാവുന്നില്ല. ഇന്ത്യയിലെ ഏറ്റവും കുലീനവും ജനകീയവുമായ പാരമ്പര്യ വ്യവസായ കുടുംബത്തിന്റെ തലപ്പത്തെത്തുന്ന വനിതയെന്ന രീതിയില്‍ സ്ത്രീ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന അവസരം കൂടെയാണിത്.

മനസ്സില്‍ നിറയെ ആവേശവും ചുവടുകളില്‍ ഊര്‍ജവുമായി ജ്യോതി പുതിയ കാലത്തെ പ്രതീക്ഷയോടെ നിര്‍വചിക്കുന്നു. 'കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധി എപ്പോള്‍ കഴിയുമെന്ന് പറയാന്‍ പറ്റില്ല. ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ ഇതൊരു മൂന്ന് നാല് മാസം നീളാം. ദിവസവും ആവശ്യമുള്ള ഉത്പന്നങ്ങളാണ് ഞങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും. കുറച്ചുകാലമായി ആരോഗ്യത്തിലും വൃത്തിയിലുമെല്ലാം ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. വൃത്തിബോധം വന്നുകഴിഞ്ഞാല്‍ പിന്നെ അത് മനസ്സില്‍നിന്ന് പോവില്ല. അതുകൊണ്ടുതന്നെ മറ്റ് വ്യവസായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ വ്യവസായത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ല.' അവര്‍ ഭാവിയിലേക്ക് ഉറ്റുനോക്കി.

1983ല്‍ തുടങ്ങിയതാണ് ജ്യോതി ലബോറട്ടറീസ്. ജ്യോതിയുടെ കുട്ടിക്കാലവും ഈ സമയത്തുതന്നെ. അച്ഛനെ സംബന്ധിച്ച് രണ്ടു കുട്ടികള്‍ ഒരുമിച്ച് വളരുന്ന പോലെ, അങ്ങനെ തോന്നിയിട്ടുണ്ടോ

അച്ഛന് അങ്ങനെയായിരിക്കും. എനിക്ക് പക്ഷേ ആ കാലം അത്ര ഓര്‍മയില്ല. സ്‌കൂളിലായപ്പോഴാണ് കുറച്ചൊക്കെ അത്തരം കാര്യങ്ങള്‍ അറിയാന്‍ തുടങ്ങുന്നത്. എല്ലാത്തിലും ശുഭപ്രതീക്ഷ കാണുന്നയാളായിരുന്നു അച്ഛന്‍. അതുകൊണ്ടാണ് സ്ഥാപനത്തിനും ജ്യോതി എന്ന് പേരിട്ടത്. ജ്യോതി എന്നതിന് പ്രകാശം എന്നും അര്‍ത്ഥമുണ്ടല്ലോ. ഉജാല എന്ന പേരിലും വെണ്‍മ എന്ന അര്‍ത്ഥമുണ്ട്.

ജ്യോതിയുടെ ബാല്യകാലം കേരളത്തിലായിരുന്നോ

ഞാന്‍ ജനിച്ചത് മാത്രം കേരളത്തിലാണ്. ബാല്യമൊക്കെ മുംബൈയിലായിരുന്നു. അന്ന് അച്ഛന്‍ ബിസിനസ് വളര്‍ത്തിയെടുക്കാന്‍ കഷ്ടപ്പെടുന്നതൊക്കെ കണ്ടും കേട്ടുമൊക്കെയാണ് വളര്‍ന്നത്. പക്ഷേ ചെറിയ കുട്ടിയായിരുന്നത് കൊണ്ട് അതൊന്നും അധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല.

പിന്നെ എപ്പോഴാണ് ബിസിനസ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത്

അച്ഛനെ സഹായിക്കണമെന്ന തോന്നല്‍ പണ്ടേയുണ്ട്. പക്ഷേ ബിസിനസിനെക്കുറിച്ച് പിടിയൊന്നുമുണ്ടായിരുന്നില്ല.   കോളേജിലെത്തിയപ്പോഴാണ് അതിനെ കുറച്ച് സീരിയസ്സായെടുക്കുന്നത്. സ്‌കൂള്‍ പ്രായത്തിലേ ഞാന്‍ അച്ഛനുമായി നല്ല അടുപ്പമായിരുന്നു. എപ്പോഴും അച്ഛന്‍ കൂടെ തന്നെ ഉണ്ടാവണമെന്ന് വിചാരിക്കും. അതുകൊണ്ടുതന്നെ ജോലിയില്‍ സഹായിക്കാം എന്നൊക്കെ പറഞ്ഞ് കൂടെത്തന്നെ നില്‍ക്കും. ആ കാലത്തുതന്നെ എനിക്ക് തോന്നിയിട്ടുണ്ട്, ഭാവിയില്‍ ഞാന്‍ ഏതെങ്കിലും ബിസിനസ്സില്‍തന്നെ ഉണ്ടാവുമെന്ന്. പതുക്കെ ആ ആഗ്രഹം തീവ്രമായി. കോളേജൊക്കെ കഴിഞ്ഞപ്പോള്‍ എം.ബി.എ ചെയ്യണമെന്നായി. എല്ലാ അറിവോടും കൂടി ബിസിനസ്സില്‍ വരണമല്ലോ.

എപ്പോഴും വെള്ളപാന്റും വെള്ളഷര്‍ട്ടും ധരിക്കുന്നയാളാണ് അച്ഛന്‍. അത് വൃത്തിയാക്കാന്‍ വേണ്ടിയാണ് ഉജാല ഉണ്ടാക്കിയതെന്നും കേട്ടിട്ടുണ്ട്

ചെറുപ്പം തൊട്ടേ ഞാന്‍ കാണുന്നതാണത്. വെള്ളവസ്ത്രമിടുന്നത് അച്ഛനൊരു ശീലമായിരുന്നു. ഡ്രസ് മാത്രമല്ല, എന്ത് സാധനമായാലും വെളുപ്പ് തന്നെ വേണം. വീടിന്റെ പെയിന്റ്, വണ്ടിയുടെ നിറം. എല്ലാത്തിലും വെള്ള. ഇതെല്ലാം അച്ഛന്റെ അച്ഛനില്‍നിന്ന് കിട്ടിയതാണ്. വെള്ള വസ്ത്രം ഉപയോഗിക്കുന്നത് കൊണ്ട് അത് നന്നായി സൂക്ഷിക്കാനും ബുദ്ധിമുട്ടായിരുന്നു. ആ സമയത്തുണ്ടായിരുന്ന ഉല്‍പന്നങ്ങളുടെയൊന്നും  വൈറ്റ്‌നെസ് അത്ര ശരിയായിരുന്നില്ല. പലയിടത്തും ഒട്ടിപ്പിടിക്കും. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഉജാലയുണ്ടാക്കിയത്.

നിങ്ങളും വെള്ള വസ്ത്രം ഇടണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നോ

മോളെ, വെള്ള ഉടുപ്പ് ഇട്ടുകൂടേ എന്നൊക്കെ അച്ഛന്‍ ചോദിക്കാറുണ്ടായിരുന്നു. വെള്ള ഉടുപ്പാണെങ്കില്‍ നല്ല ഭംഗിയുണ്ടാവുമെന്ന് പറയും. എന്നാല്‍ നിര്‍ബന്ധമൊന്നുമില്ലായിരുന്നു. കുട്ടികളാവുമ്പോള്‍ നമ്മള്‍ കളര്‍ ഡ്രസ്സല്ലേ ഇടൂ. വെളുത്ത വസ്ത്രം ഇടുമ്പോള്‍ ഒരു പ്രത്യേക ഫീലിങ്ങുണ്ടെന്ന് മനസ്സിലാക്കാന്‍ കുറച്ച് വൈകിപ്പോയി. ഇപ്പോള്‍ പണ്ടത്തേതിനേക്കാള്‍ കൂടുതല്‍ വെള്ള വസ്ത്രങ്ങള്‍ എന്റെ കൈയിലുണ്ട്. അതിന്റെ പ്രതിഫലനം വ്യത്യസ്തമാണ്. നമ്മുടെ വ്യക്തിത്വം തെളിഞ്ഞുകാണാം. ആള്‍ക്കൂട്ടത്തില്‍നിന്ന് വേറിട്ട് നില്‍ക്കാം. വെള്ളയൊരു പ്രീമിയം കളറാണ്. അത് ധരിക്കുന്നവര്‍ക്ക് റിച്ച് ലുക്ക് തോന്നിക്കും.

ബിസിനസിന്റെ തുടക്കകാലത്ത് വെല്ലുവിളികളും ആശങ്കകളുമൊക്കെ നേരിട്ടിട്ടുണ്ട ാവും അച്ഛന്‍. അതേക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ടോ

ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്തതാണെന്ന് ഇടയ്‌ക്കൊക്കെ പറയും. തുടക്കത്തില്‍ ഒന്നും അത്ര എളുപ്പമാവില്ലല്ലോ. ഒരു ഫാക്ടറി ഉണ്ടാക്കാനും സെയില്‍സ് നെറ്റ് വര്‍ക്ക് ഉണ്ടാക്കാനുമൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. എന്നോടിതൊക്കെ പറയാറയു. നീ ഇത് ഏറ്റെടുത്താലും നമ്മളുമായി ബന്ധപ്പെട്ട ആരൊക്കെ ഉണ്ടോ അവരെല്ലാം സന്തോഷമായിരിക്കാന്‍ ശ്രമിക്കണമെന്നും ഉപദേശിക്കും.

ഉജാലയുടെ പരസ്യങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അച്ഛന് പരസ്യങ്ങളോട് വലിയ പ്രിയമായിരുന്നുവെന്ന് തോന്നുന്നു

ഉജാല തുടങ്ങിയ സമയത്ത് നാട്ടിലുണ്ടായിരുന്ന നാടോടിപ്പാട്ടുകളൊക്കെ ചേര്‍ത്തായിരുന്നു പരസ്യം. ആ സമയത്ത് കേരളത്തില്‍ മാത്രമേ ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ കേരളത്തിലാണല്ലോ വളര്‍ന്നത്. അതുകൊണ്ട് മലയാളിയെ നന്നായി അറിയാം. അവിടെ നിന്ന് ഓരോ സംസ്ഥാനത്തേക്ക് വളരുകയായിരുന്നു. അപ്പോള്‍ ഭാഷയ്ക്കും രീതിക്കുമനുസരിച്ച് പരസ്യങ്ങളും മാറിയതാണ്.

father's day

ഇപ്പോള്‍ കമ്പനിയുടെ തലപ്പത്ത് എത്തുമ്പോള്‍ അച്ഛനില്‍നിന്ന് എന്തൊക്കെയാണ് പഠിച്ചത്

ഒന്നാമത്തേത് കഠിനാധ്വാനം. അതിനെക്കുറിച്ച് എത്ര പറഞ്ഞാലും അച്ഛനെ പോലെ കഠിനാധ്വാനം ചെയ്യാന്‍ എളുപ്പമല്ല. അച്ഛന്‍ ഞായറാഴ്ചയടക്കം ഓഫീസില്‍ പോവും. അവധിക്കാലത്ത് ഞങ്ങളെ നാട്ടില്‍ വിട്ടശേഷം അച്ഛന്‍ ബിസിനസ് ആവശ്യത്തിനുള്ള യാത്രകളിലായിരിക്കും. ഒരു ദിവസം പോലും അവധിയെടുക്കില്ല. വീട്ടില്‍ ഇരിക്കുമ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. പിന്നെ ആള്‍ക്കാരുമായി ആത്മബന്ധം സൂക്ഷിക്കണമെന്നും അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന് തൊഴിലാളിയെന്നോ മുതലാളിയെന്നോ ഉള്ള വിവേചനമില്ല. എല്ലാവരെയും ഒരേപോലെ കാണുന്നു. ഞാനാണ് ബിസിനസ് നടത്തുന്നത്, ഞാനാണ് വലിയ ആള്‍ എന്ന രീതിയില്‍ ആരോടും ഇടപെടാറില്ല. നമുക്ക് കൂടെയുള്ളവരെ ആവശ്യമാണ്. അവരെ ഒപ്പം കൊണ്ടുനടക്കുക എന്നതും പ്രധാനമാണ്.

നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ ചെറിയ കാര്യത്തിനൊക്കെ വിഷമം വന്നാല്‍ അച്ഛന്‍ പറയാറുണ്ട് എല്ലാം പോസിറ്റീവായി കാണണമെന്ന്. എന്തുണ്ടെങ്കിലും ശരിയാവുമെന്ന്. അച്ഛനൊക്കെ അനുഭവത്തിലൂടെ പറയുന്നതാണല്ലോ. ആ ഒരു വിശ്വാസമാണ് അച്ഛനെ ഇത്ര ഉയരത്തിലെത്തിച്ചതും.

അച്ഛന്‍ ഏതുല്‍പന്നവും ആദ്യം പരീക്ഷിക്കുന്നത് കേരളത്തിലായിരുന്നല്ലോ. ആ ശീലം ജ്യോതിക്കുമുണ്ടോ

തുടക്കത്തില്‍ ഞങ്ങളുടെ കരുത്ത് കേരളമായിരുന്നു. ഇവിടുത്തെ ഉപഭോക്താക്കള്‍ വിദ്യാഭ്യാസമുള്ളവരാണ്. പെട്ടെന്നൊരു കാര്യം മനസ്സിലാക്കാന്‍ പറ്റുന്നവരാണ്. നമ്മളൊരു ഉത്പന്നത്തിന് ഗുണമുണ്ടെന്ന് പറഞ്ഞാല്‍ അത് ശരിയാണോ എന്നറിയാന്‍ അവര്‍ പരീക്ഷിച്ചെങ്കിലും നോക്കും. നല്ല സാധനമാണെങ്കില്‍ അതിന്റെ വില നോക്കില്ല.

വ്യവസായ രംഗത്ത് സ്ത്രീ പുരുഷ വിവേചനം അനുഭവിച്ചിട്ടുണ്ടോ

ചെറുപ്പം മുതലേ അച്ഛന്‍ എന്റെ തലയിലിട്ടൊരു ആശയമുണ്ട്, കഴിവുകളുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒരു വിവേചനവുമില്ലെന്നാണത്. ഇന്ദിരാഗാന്ധിയുടെ ജീവിതമൊക്കെ അതിന് ഉദാഹരണമായി എടുത്തുപറയും. മനസ്സുവെച്ചാല്‍ ആര്‍ക്കും എന്തും സാധിക്കുമെന്ന് പറയും. ഞാനും അതൊക്കെ മനസ്സിലോര്‍ത്താണ് പഠിച്ചത്. പക്ഷേ ഈ ഭാഗ്യമുള്ളവര്‍ എത്രയുണ്ടാവുമെന്നറിയില്ല. എന്നാലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടെ പ്രാധാന്യം കിട്ടുന്നുണ്ട  ല്ലോ.

മുന്നിലുള്ള വലിയൊരു സ്വപ്‌നം

ഇപ്പോ എന്റെ സ്വപ്‌നവും കമ്പനിയുടെ സ്വപ്‌നവും ഒന്നുതന്നെയാണ്. കമ്പനി എന്നത് അച്ഛന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കി കൈയില്‍ തന്നതാണ്. അച്ഛനത് മോളപ്പോലെതന്നെയായിരുന്നു. ഒരു ജന്‍മം മുഴുവന്‍ ഇതിന് വേണ്ടി കഷ്ടപ്പെട്ടു. ഞാന്‍ കുട്ടിയായിരുന്ന കാലത്ത് വീട്ടില്‍ ഫോണൊന്നുമുണ്ടായിരുന്നില്ല. ചില ദിവസങ്ങളില്‍ അച്ഛന്‍ വീട്ടിലെത്താന്‍ വൈകും. അപ്പോഴൊക്കെ പേടിയോടെ വീടിന്റെ വാതില്‍ക്കലേക്ക് അച്ഛനെയും നോക്കി ഇരിക്കാറുണ്ടായിരുന്നു. ആ കാലമൊക്കെ കഴിഞ്ഞ് ഇന്ന് ഇവിടെയെത്തി നില്‍ക്കുന്നു.

ഈ ബിസിനസിന്റെ വളര്‍ച്ചയില്‍ ഒരുപാട് ആള്‍ക്കാരുടെ കഠിനാധ്വാനവും അനുഗ്രഹവുമൊക്കെയുണ്ട്. അത് ഓര്‍മിപ്പിക്കാനാവും, കമ്പനി ഏറ്റെടുക്കുമ്പോള്‍ അച്ഛന്‍ എനിക്കൊരു സമ്മാനം തന്നു. ഞങ്ങളുടെ ജീവനക്കാരായ 1500 ആള്‍ക്കാര്‍ ഒരുമിച്ചെടുത്ത ഫോട്ടോ. അച്ഛന്റെ സമ്പാദ്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു. അച്ഛന്‍ പൊന്നുപോലെ കൊണ്ടുനടന്ന ഈ ജീവനക്കാരെയൊക്കെ ഇനി ഞാന്‍ സംരക്ഷിക്കണമെന്നാണ് അതിലൂടെ പറഞ്ഞുതന്നത്. ആ ഒരു ഉത്തരവാദിത്വത്തിന്റെ നിഴലിലാണ് ഞാനിപ്പോള്‍...'ജ്യോതി ആത്മവിശ്വാസത്തോടെ ചിരിക്കുന്നു. പ്രതീക്ഷകളുടെ വലിയൊരു ലോകം അവര്‍ മുന്നില്‍ കാണുന്നുണ്ട്. 

Content Highlights: Father's Day 2020, jyothy new MD of Jyothy Laboratories open up about her father Ujala Ramachandran