''നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണിതെന്ന്''-  ഒരു പുരസ്കാര ദാന ചടങ്ങിനിടെ ​ഗ്രേസ് ആന്റണി പറഞ്ഞത് പലർക്കും ഓർമയുണ്ടായിരിക്കും. സ്വന്തം ഭാവി എന്തായിരിക്കുമെന്ന് നമുക്ക് പോലും പ്രവചിക്കാൻ പറ്റാത്ത സ്ഥിതിക്ക് മറ്റൊരാളുടെ ജീവിതത്തിൽ കയറി എങ്ങിനെ ഒരാൾക്ക് അഭിപ്രായം പറയാൻ സാധിക്കും. കുത്തുവാക്കുകളും പരിഹാസങ്ങളും കേൾക്കുമ്പോൾ ചിലർ തകർന്നുപോകും എന്നാൽ മറ്റു ചിലരുടെ ജീവിതത്തിലാകട്ടെ അത് അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജമാക്കും. അങ്ങനെയൊരു കഥയാണ് കുമ്പളങ്ങി നെെറ്റ്സിലെ ഷമ്മിയെ വിറപ്പിച്ച സിമിക്ക് പറയാനുള്ളത്. ​ഈ പെൺകുട്ടിയുടെ സ്വപ്നങ്ങൾ നിറവേറാൻ കട്ടയ്ക്ക് പിന്തുണയുമായി നിന്ന ഒരാളുണ്ടായിരുന്നു പപ്പ, ​ഗ്രേസിന്റെ സ്വന്തം പപ്പ.... പപ്പ മാത്രമല്ല കേട്ടോ അമ്മയും. ഈ പിതൃദിനത്തിൽ പപ്പയെക്കുറിച്ചാണ് കൂടുതൽ പറയേണ്ടത് എന്നതിനാൽ ഈ ദിവസം പപ്പയ്ക്ക് സമർപ്പിക്കുകയാണ് ​ഗ്രേസ്....

Grace Antony Talks about father Mother Family struggle Movies Career dance father's day 2020

സിനിമയെല്ലാം വിദൂര സ്വപ്നമായിരുന്നു. പഠിക്കുന്ന കാലത്തെല്ലാം ആർട്ട്സും സ്പോർട്ടുമായിരുന്നു ഇഷ്ടം. കുട്ടിക്കാലം മുതൽ നൃത്തം പഠിക്കാൻ ആരംഭിച്ചു. പപ്പയും മമ്മയും ചേച്ചിയുമെല്ലാം എന്റെ ആ​ഗ്രഹങ്ങൾക്ക് പിന്തുണയും കരുതലുമായി നിന്നു. ‍ഡാൻസ് മത്സരങ്ങൾക്കെല്ലാം വളരെ ആവേശത്തോടു കൂടി പങ്കെടുക്കാൻ തുടങ്ങി. എന്നാൽ ഇതിനെല്ലാം ഭാരിച്ച ചെലവ്‌ വരുമായിരുന്നു. പപ്പയും അമ്മയും ജോലിക്ക് പോയാണ് ഞങ്ങളെ നോക്കിയിരുന്നത്.

പപ്പയ്ക്ക് ടെയിൻസ് വർക്ക് കോൺട്രാക്ട് എടുത്തു ചെയ്യുന്ന ജോലിയായിരുന്നു. പണ്ടൊക്കെ അപ്പർക്ലാസ് കുടുംബങ്ങളിലാണ് ടെെൽസൊക്കെ വീട്ടിൽ പതിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വർക്ക് ഉണ്ടായിരിക്കുകയില്ല. സാമ്പത്തികമായ പിന്തുണ നൽകുന്നതിന് പപ്പയ്ക്കും അമ്മയ്ക്കും അതുകൊണ്ടു തന്നെ ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ മാനസികമായി അവർ എനിക്കൊപ്പം നിന്നു. ഡാൻസിനു വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വളരെ ചെലവേറിയതായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും എന്റെ പ്രിയപ്പെട്ട അധ്യാപികയായ നിഷ മിസ് (നിഷ സുഭാഷ്) എന്നെ സഹായിച്ചിട്ടുണ്ട്.

വലിയ ക്ലാസിലെത്തിയതോടെ കലോത്സവങ്ങളിൽ കലാതിലക പട്ടം നേടണം എന്നൊക്കെ എനിക്ക് മോഹമുണ്ടായി. എന്നാൽ പല മത്സരങ്ങളിലും വിജയിയെ നേരത്തേ തന്നെ തീരുമാനിച്ചു വച്ചിരിക്കുകയാണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. നമ്മളൊന്നും എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല. കാശ് മുടക്കി സമ്മാനം നേടാനുള്ള പ്രാപ്തിയൊന്നും എനിക്കില്ല. മാത്രവുമല്ല അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന ഉറച്ച ബോധ്യവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്ലസ്ടു ആയപ്പോൾ ഡാൻസ് മത്സരങ്ങൾ വിട്ടു. പകരം നാടകത്തിൽ അഭിനയിച്ചു. ആ നാടകം സ്റ്റേറ്റ് മത്സരത്തിൽ എത്തുകയും മികച്ച നടിക്കുള്ള പുരസ്കാരം എന്നെ തേടിയെത്തുകയും ചെയ്തു. അതിന് ശേഷം ഒരു പ്രൊഫഷണൽ നാടകത്തിൽ അഭിനയിച്ചു. ഡാൻസ് കളിച്ചു ശീലമുള്ളതിനാൽ എനിക്കധികം സ്റ്റേജ് ഫിയറില്ലായിരുന്നു. എന്നാൽ സ്റ്റേജിൽ കയറി ഡയലോ​ഗ് പറയുന്നത് വേറെ അനുഭവമാണല്ലോ. നാടകത്തിൽ അഭിനയിച്ചപ്പോൾ എല്ലാ പേടിയും പമ്പകടന്നു. പിന്നീട് ഡാൻസ് തന്നെ കരിയറാക്കാമെന്ന് കരുതി. അങ്ങനെ നിഷ ടീച്ചറുടെ നിർദ്ദേശ പ്രകാരം കാലടി സർവ്വകലാശാലയിൽ ഭരതാട്യം പഠിക്കാൻ പോയി. സെക്കന്റ് ഇയർ പഠിക്കുമ്പോഴാണ് ഞാൻ ഹാപ്പി വെഡ്ഡിങ്ങില്‍ അഭിനയിക്കുന്നത്. പിന്നെ കുമ്പളങ്ങി നെെറ്റ്സിൽ അഭിയനിച്ചപ്പോൾ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെ ഞാൻ തീരുമാനിച്ചു അഭിനയം തന്നെയാണ് എന്റെ ലോകമെന്ന്...

Grace Antony Talks about father Mother Family struggle Movies Career dance father's day 2020

ഞാൻ ഡാൻസിന് പോകാൻ മടിപിടിച്ച് ഇരുന്ന സാഹചര്യങ്ങൾ ഉണ്ട്. അപ്പോഴൊക്കെ പപ്പ പറയും, വേ​ഗം ചെല്ലൂ, ക്ലാസ് മുടക്കരുതെന്ന്. കഷ്ടപ്പെട്ടിട്ടാണെങ്കിലും പപ്പയും അമ്മയും ഫീസ് തരും. അങ്ങനെ എല്ലാ കാര്യത്തിനും അവർ എനിക്കൊപ്പം നിൽക്കും. പലപ്പോഴും ജോലി മാറ്റിവച്ചിട്ട് പോലും പപ്പ ഡാൻസ് പ്രോ​ഗ്രാമുകൾക്ക് കൂടെ വരാറുണ്ടായിരുന്നു. സിനിമയിൽ എത്തിയതിന് ശേഷം പപ്പയും അമ്മയും മാറി മാറി കൂടെ വരും. പപ്പയുടെ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുമ്പോൾ അദ്ദേഹം പറയും, ഞാൻ ഇപ്പോ സിനിമാ സെറ്റിലാ... അപ്പോൾ കൂട്ടുകാർ ചോദിക്കും; ''ഓ നീയാണോ അഭിനയിക്കുന്നത് മോളല്ലല്ലേ'' എന്ന്. അത് കേൾക്കുമ്പോൾ പപ്പയ്ക്ക് ചിരിവരും. ഇന്നെനിക്ക് വലിയ സന്തോഷം തോന്നുന്നു, അവർ എനിക്ക് വേണ്ടി ചെയ്തു തന്നതിന്റെ ഒരംശമെങ്കിലും  അങ്ങോട്ട് തിരിച്ചു നൽകാൻ സാധിക്കുന്നുണ്ട്. ഇവരെ എനിക്ക് മാതാപിതാക്കളായി നൽകിയതിൽ ദെെവത്തോട് ഞാൻ നന്ദി പറയുന്നു.....

Grace Antony Talks about father Mother Family struggle Movies Career dance father's day 2020

Content Highlights: Grace Antony Talks about father Mother Family struggle Movies Career dance father's day 2020