ല്‍.പി. ക്ലാസില്‍ ഫ്രില്ല് വെച്ച ഉടുപ്പും പൂക്കളുള്ള ചെരുപ്പും ഇട്ടുവന്നിരുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ പാന്റും ഷര്‍ട്ടുമിട്ട് മുടി സൈഡിലേക്ക് ചീകിവെച്ച് സ്‌കൂളില്‍ പോകേണ്ടിവന്ന പെണ്‍കുട്ടി. അന്നൊക്കെ കണ്ണെഴുതാതെയും മുടിയില്‍ പൂ വെക്കാതെയും സ്‌കൂളില്‍ പോയിരുന്ന കുട്ടികളിലൊരാളായിരുന്നു ഞാന്‍. വീട്ടില്‍ ഒരുപാട് പൂക്കളുണ്ടായിരുന്നിട്ടും അച്ഛനൊരിക്കലും ആരേയും കൊണ്ട് പൂ പറിക്കാന്‍ സമ്മതിക്കില്ലായിരുന്നു. ഇന്നും അച്ഛനങ്ങനെ തന്നെയാണ്. ചെടികളില്‍ തന്നെ പൂക്കള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. അച്ഛന് കണ്ണെഴുത്തിനെക്കുറിച്ചോ പൂക്കളുള്ള ചെരിപ്പിനെക്കുറിച്ചോ ഒന്നുമറിയില്ലായിരുന്നു. ആണ്‍കുട്ടികളെപ്പോലെയെന്നുള്ള കളിയാക്കലുകളും അടക്കിചിരികളിലും എന്തുകൊണ്ടാണെന്ന് അന്നെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

അച്ഛനൊരുക്കി വിടുന്നതിലെ അസംതൃപ്തി കൊണ്ടാണ് അഞ്ചാം ക്ലാസു മുതല്‍ സ്വന്തമായി ഉടുപ്പു വാങ്ങാനും ചെരുപ്പുവാങ്ങാനുമെല്ലാം ഞാന്‍ പഠിച്ചത്. ഉടുപ്പു വാങ്ങാന്‍ കൊണ്ടുപോയ പണം സ്‌കൂളില്‍ കൊണ്ടു വന്നതിന് ടീച്ചര്‍ സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചത്. കുട്ടിയുടെ അമ്മയെ വിളിച്ചോണ്ടു വരണമെന്ന ഹിന്ദിടീച്ചറിന്റെ ആവശ്യത്തിന് മുന്നില്‍ മിണ്ടാതെ വിറങ്ങലിച്ച് തലകുനിച്ചു നിന്നുപോയത്. അമ്മ സ്‌കൂളിലേക്ക് വരില്ലെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പേടി കൊണ്ടൊന്നും എനിക്ക് പറയാന്‍ കഴിഞ്ഞില്ല. അമ്മയെന്ന് പറയേണ്ടയിടങ്ങിലെല്ലാം ഞാന്‍ അച്ഛനെന്നും പറഞ്ഞാണ് പഠിച്ചത്. അന്നൊക്കെ ഡാന്‍സ് ക്ലാസില്‍ ചേര്‍ക്കാതിരുന്നതിന്...സ്‌പോര്‍ട്‌സ് മീറ്റ് കാണാന്‍ വരാതിരുന്നതിന്.....മറന്നുപോകുന്ന പുസ്തകളെടുക്കാന്‍ പിന്നാലെ വന്ന് ഓര്‍മ്മിപ്പിക്കാത്തതിന്..... അങ്ങനെ അച്ഛനോടുള്ള പരിഭവങ്ങള്‍ നെഞ്ചില്‍ കനംപിടിച്ചുകിടന്നിട്ടുണ്ട്. ഒന്നിനും എതിര്‍പ്പ് പറയാത്ത, വഴക്കിടാത്ത അധികം സംസാരിക്കാത്ത ആളാണ് അച്ഛന്‍. പക്ഷേ ഒറ്റപ്പെടലിന്റെ  ഉപ്പുകരകള്‍ അച്ഛന്റെയുള്ളില്‍ നീറുന്നത് അന്നൊന്നും എനിക്ക് മനസിലായിട്ടേയില്ലായിരുന്നു. പരിധികളില്ലാത്ത സ്വാതന്ത്യം തന്നാണ് അച്ഛനെന്നെ വളര്‍ത്തിയതെന്നുപോലും തിരിച്ചറിഞ്ഞത് മുതിര്‍ന്നപ്പോഴാണ്. തീരുമാനങ്ങളില്‍ പടച്ചുയര്‍ത്തുന്ന ജീവിതമാണ് നമ്മളെന്ന് പഠിപ്പിച്ചതിന്, ഒറ്റയ്ക്ക് നില്‍ക്കാന്‍ പ്രാപ്തി തന്നതിന് കളിയാക്കലുകള്‍ ചിരിച്ചുതള്ളാന്‍ കരുത്ത് തന്നതിന് ആ നിശബ്ദതയ്ക്ക് ഒരുപാട് സ്ഥാനമുണ്ട്.

അമ്മയെക്കുറിച്ച് അക്കാലത്തൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടേയില്ല. എന്റെയോര്‍മ്മയില്‍ ആദ്യമായി അച്ഛന്‍ അമ്മയെക്കുറിച്ച് സംസാരിച്ചത് ഡിഗ്രി ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആ മൂന്നു വരികളിന്നും ഓര്‍മ്മയിലുണ്ട്. അമ്മയുടെ മരണം ഞങ്ങളേക്കാള്‍ അധികം ബാധിച്ചത് അച്ഛനെത്തന്നെയായിരുന്നു.  ഉച്ചത്തില്‍ സംസാരിക്കുന്ന ദേഷ്യക്കാരനെന്നു പറഞ്ഞിരുന്ന ഒരാളെങ്ങനെയാണ് നിശബ്ദനായിപ്പോയെന്നും പിന്നീടാണറിഞ്ഞത്. ഫ്രില്ലുടുപ്പ് വാങ്ങിത്തരാത്തതിന്...കണ്ണെഴുതിപ്പിക്കാതിരുന്നതിന്, പൂ വെച്ചു തരാതിരുന്നതിന് പണ്ടെപ്പോഴോ തോന്നിയ ഒരുപാട് പരാതികള്‍ അന്നാണൊഴുകിപ്പോയത്. അടുക്കളയില്‍ കറി വെക്കുന്ന, മുറ്റമടിക്കുകയും മീന്‍ മുറിക്കുകയും ചെയ്യുന്ന, സ്വന്തം ഉടുപ്പുകളലക്കുന്ന വ്യക്തിയാണദ്ദേഹം. ഇപ്പോളും അപ്പുറത്ത് വീട്ടില്‍ ആന്റി പറയാറുണ്ട് രണ്ടു പെണ്‍മക്കളേയും സ്നേഹിച്ചു കേടാക്കിയിട്ടല്ലേ....അപ്പോഴും ചിരിച്ചുകൊണ്ട് അച്ഛന്‍ എന്തെങ്കിലും പണി ചെയ്യുന്ന തിരക്കിലാകും.. മനസ് മുറിഞ്ഞു നില്‍ക്കുന്ന നേരങ്ങളില്‍ അച്ഛനെന്ന ആകാശം മതി എല്ലാം നോവുകളെയും നീന്തിത്തോല്‍പ്പിക്കാന്‍... കൈ വിട്ടു നടക്കാനും.

Content Highlights: Father's Day 2020, Sujitha Suhasini speaks about her father