ച്ഛന്‍ നടന്നു തീര്‍ത്തത് ഒരിടത്തും രേഖപ്പെടുത്തി വച്ചിട്ടില്ലാത്ത ദൂരമാണ്. ഭൂപടങ്ങളിലൊന്നും കണ്ടെത്താനാവാത്ത പെരുവഴികളാണ്. അച്ഛന്റെ താരാട്ടുകള്‍ ഇമ്പമില്ലാതെ നിശബ്ദമാക്കപ്പെട്ട ഈരടികളാണ്. കരയാതെ അടക്കിപ്പിടിച്ചു നിന്ന എത്രയോ തേങ്ങലുകളുടെ ആഴക്കടലാണ് അച്ഛന്‍. തോറ്റു പോകുമ്പോഴും വിറയാര്‍ന്ന കൈകള്‍ കൊണ്ട് തോളത്തു തട്ടി അടുത്തതവണ നീ ജയിക്കുമെന്നു ആദ്യം പറഞ്ഞത് അച്ഛനാണ്.

അച്ഛന്‍, ഒരു സമീപനമാണ്, ഇടപെടലാണ്, ആരാലും വിളിച്ചുപറയപ്പെടാത്ത സഹനമാണ്, മുട്ടാതെ തുറക്കപ്പെടുന്ന വാതിലാണ്. പരാജയത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ തോളത്തു വന്നുതട്ടുന്ന കരസ്പര്‍ശത്തിന്റെ പേരാണ് അച്ഛന്‍, അപ്പോള്‍ മാത്രം കണ്ണുനിറയുന്നവനു വീണുകിടന്നു വിതുമ്പാനുള്ള തോളറ്റം.

അച്ഛനു മുന്നില്‍ തലകുനിക്കാത്ത മരങ്ങളില്ല, അച്ഛനു മുന്നില്‍ തുറന്നു വയ്ക്കാത്ത കടകളില്ല, അച്ഛന്‍ യാത്ര ചെയ്യുമ്പോള്‍ വൈകിയോടുന്ന ബസ്സുകളില്ല, അച്ഛന്‍ തൊട്ടാല്‍ നന്നാവാത്ത കൊളുത്തുകളില്ല, വീര്‍ക്കാത്ത ബലൂണുകളില്ല, ഓടിത്തുടങ്ങാത്ത കളിപ്പാട്ടങ്ങളില്ല, ഉദ്ദിഷ്ടകാര്യങ്ങളുടെയെല്ലാം മധ്യസ്ഥതയാണ് അച്ഛന്‍.

എവിടെപ്പോകാനും അച്ഛനു റെഡി ആവാന്‍ അഞ്ചുമിനിട്ടു മതി. എല്ലാവര്‍ക്കും ഒഴിഞ്ഞുകൊടുത്തു ഏറ്റവും അവസാനം റെഡി ആവുന്ന അച്ഛന്‍. അങ്ങനെയാണ് അഞ്ചുമിനിട്ടില്‍ റെഡി ആവാനുള്ള അത്ഭുതവിദ്യ അച്ഛന്‍ പഠിച്ചെടുത്തത്. അമ്മ നനഞ്ഞ മഴകളുടെയെല്ലാം അങ്ങേയറ്റത്ത് അച്ഛന്‍ നനഞ്ഞ വെയിലുകള്‍ ഉണ്ട്. അച്ഛന്റെ നിഴലുകളായിരുന്നു അനുഭവിച്ച തണലുകളെല്ലാമെന്നു വേനലുകള്‍ പറഞ്ഞുതന്നു.

ആദ്യത്തെ വായനശാല, ആദ്യത്തെ ഉത്സവപ്പറമ്പ്, ആദ്യത്തെ പള്ളിപ്പെരുന്നാള്‍, ആദ്യത്തെ കാസറ്റുപാട്ട്, അച്ഛന്റെ കൈവിരലില്‍ തൂങ്ങിയാണ് അവിടേക്കെല്ലാം നടന്നുപോയത്. അച്ഛന്റെ തോളത്തിരുന്നാണ് കണ്ടുകണ്മിഴിച്ചത്. അച്ഛന്റെ മടിയിലിരുന്നാണ് പുലരുവോളം ഉറങ്ങാതെ രാവുകളെല്ലാം കണ്ടുതീര്‍ത്തത്, ആകാശത്ത് ആദ്യമായി നക്ഷത്രങ്ങളെ കണ്ടത്. അച്ഛന്റെ ഒക്കത്തിരുന്നാണ് നിര്‍ത്താതെ പൊട്ടാന്‍ തുടങ്ങിയ വെടിക്കെട്ടുകള്‍ക്കു കാതോര്‍ത്തത്, പുലരാന്‍ തുടങ്ങിയ ആകാശം പലനിറങ്ങളില്‍ പലനിലകളില്‍ പൊട്ടിവിടരുന്നത് കണ്ടത്. തിരിച്ചെത്തിയപ്പോള്‍ അമ്മയില്‍ നിന്നും വയറുനിറച്ചു കേട്ടിട്ടും, അടുത്തയാഴ്ച അമ്മാണംകോട് ഉത്സവത്തിനു പോകാമെന്നു ആരുംകേള്‍ക്കാതെ വാക്കുതന്നത്. സാംബശിവനെ കേള്‍പ്പിച്ചു തന്നത്, കെപിഎസിയുടെ നാടകഗാനങ്ങളിലേക്കു വിളിച്ചിരുത്തിയത്, സാംബശിവനെ കാണാന്‍ ഒരു പാതിരാത്രിയില്‍ തിങ്ങിക്കൂടിയ പുരുഷാരത്തിനു പിന്നില്‍ എന്നെയുമെടുത്തു ഏന്തിവലിഞ്ഞു നിന്നത്, അനീസ്യ കേട്ടത്. തിരിച്ചുവരുംവഴി കെടാമംഗലത്തിന്റെ വഴക്കുലയുടെ കാസറ്റ് വാങ്ങിയത്, ചങ്ങമ്പുഴയില്‍ കൊണ്ടുച്ചെന്നെത്തിച്ചത്.

അച്ഛന്റെ ലൈബ്രറി പുസ്തകം ആദ്യമായി വായിക്കാന്‍ തന്നതില്‍ നിന്നും വൈക്കം മുഹമ്മദ് ബഷീറെന്നു വായിച്ചൊപ്പിച്ചത്. സകലവഴികളിലേക്കും കൂട്ടുവന്നത്, എല്ലാ ഇരുട്ടിലും കാത്തുനിന്നത്, എല്ലാവെളിച്ചങ്ങളിലേക്കും വെളിച്ചമായത്. എല്ലാ സദസ്സുകളുടെയും പിന്നില്‍ മാറി ഒതുങ്ങിനിന്നത്. കഥകളുടെ കലവറയില്ലാത്ത ഖനിയായത്, എല്ലാ കൗതുകങ്ങള്‍ക്കും അകമ്പടി നിന്നത്.

വീടിനു പിന്നിലെ നട്ടുവളര്‍ത്തിയ പ്ലാവിനോടും പേരയോടും പനിനീര്‍ച്ചാമ്പയോടും എത്ര തടംകോരിയിട്ടും കായിക്കാത്ത തെങ്ങിനോടും കനിയാത്ത നെല്ലിയോടും അനുസരണയോടെ വളരാത്ത തേക്കിന്റെ ചില്ലയോടും കലഹിച്ചു ആറുസെന്റിന്റെ പച്ചപ്പിനു നടുവില്‍ വലിയ കര്‍ഷശ്രീയാണെന്ന ഭാവത്തില്‍ ഇപ്പോഴും നില്‍ക്കുണ്ടാവും. അന്നു കൂട്ടിക്കൊണ്ടുപോയ വഴികളിലൂടെയൊക്കെ തനിച്ചു നടന്നുപോകുന്നുണ്ടാവും.

Content Highlights: Father's Day 2020, Shibu Gopalakrishnan shares memories with his father