റ്റയ്ക്ക്, ആരും കാണാതെ വഴിയിലേക്ക് കണ്ണും നട്ടിരുന്ന ഒരു വേനല്‍ക്കാലത്തെയോര്‍മിപ്പിച്ചുകൊണ്ട് അസ്വസ്ഥതപ്പെടുത്തുന്ന ഒരു  ഉഷ്ണക്കാറ്റ് എന്നെ വട്ടമിട്ട് ചെവിയിലേക്ക് മൂളിപ്പറക്കുന്നതുപോലെ തോന്നാറുണ്ട് ഇടയ്‌ക്കൊക്കെ. അപ്പോള്‍ എനിക്ക് ശ്വാസം മുട്ടും, തലയിലൂടെ എന്തോ ഒന്ന് പൊട്ടിയൊലിച്ചിറങ്ങും. തോര്‍ത്തുമുണ്ടുകൊണ്ട് തുടരെത്തുടരെ തുടയ്ക്കും. എങ്ങോട്ടേയ്‌ക്കെങ്കിലും ഒന്നോടിപ്പോവാന്‍ മനസ്സ് വെമ്പും. 

സ്‌കൂളടയ്ക്കുമ്പോള്‍ ഉള്ളിലൊരാന്തലാണ്. എല്ലാകൂട്ടുകാരും മിഠായി വാങ്ങിത്തന്ന് സന്തോഷത്തോടെ പിരിഞ്ഞുപോകുമ്പോള്‍ അമ്മവീട്ടിലായത് കൊണ്ട് എങ്ങോട്ടെങ്കിലും ഒന്ന് കൂടാന്‍ പോകാനുള്ള സ്‌കോപ്പില്ല. കൂട്ടുകാരികളെല്ലാവരും പരീക്ഷയുടെ അവസാനദിവസം തന്നെ കവറ് റെഡിയാക്കി വച്ചിട്ടുണ്ട്. മാമന്റെ വീട്ടില്‍ കൂടാന്‍ പോകാന്‍. സ്‌കൂളടച്ചു കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ മുതല്‍ ഞാന്‍ റോഡിലേക്ക് കാത് കൂര്‍പ്പിച്ച് നില്‍ക്കും. സമയമറിയിച്ചു പോകുന്ന ബസ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറി സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ അമ്മ കാണാതെ, ആരെങ്കിലും വരുന്നുണ്ടോ എന്ന് ഞാന്‍ നോക്കുന്നില്ല എന്ന ഭാവത്തോടെ ഇടവഴിയിലേക്ക് കണ്ണു പായിക്കും. വരുന്നുണ്ടെന്ന് മുന്നേ അറിയിക്കുന്ന അടക്കിപ്പിടിച്ച ചുമയ്ക്കായി കാതു കൂര്‍പ്പിക്കും. ഇല്ല. പകല്‍ വരില്ലല്ലോ. രാത്രിയായിരിക്കും വരിക. ഓട്ടോറിക്ഷ നിര്‍ത്തുന്നോ എന്നാണ് പിന്നെ ഉറങ്ങിപ്പോകുന്നതു വരെ ചെവിയോര്‍ക്കുക. രാത്രിയില്‍ ചുമയ്ക്കില്ല. പകരം സിഗരറ്റ് മണം കോലായിലേക്ക് അടിച്ചു കയറും. പിന്നെ പിടിച്ചുവച്ച ചുമ അകത്തേക്കു കയറി വിക്കും. വന്നാല്‍ ഞാന്‍ എന്തായാലും കൂടെപ്പോകും. 

അയമാട്ട് വീടിന്റെ കിണറ്റിന്‍ കരയില്‍ നിന്നും രാധാസ് സോപ്പിട്ട് തേച്ച് കുളിപ്പിച്ച് തല നന്നായി തുവര്‍ത്തി മേലൊക്കെ അമര്‍ത്തിത്തുടച്ച് അച്ഛന്‍ നീട്ടി മണം പിടിക്കും. 'ഹായ്ച്ച്! സുന്നരി മണം.' അച്ഛന്‍ പിന്നെ കാല് നിലത്തുതൊടാന്‍ സമ്മതിക്കില്ല. എടുത്തുകൊണ്ടുപോയി കോലായിലിരുത്തും. കുഞ്ചിപ്പാനിയില്‍ നിന്ന് ശര്‍ക്കരകാപ്പിയും കുര്‍ബാനിയും. കുര്‍ബാനി എന്ന് ഞാനിട്ട പേരാണ്. മിക്സ്ചറിലെ മണികളില്ലേ അതിന് ഒരു കുഞ്ഞു ചാമ്പക്കയുടെ രൂപം വന്നാല്‍ എങ്ങനെയുണ്ടാവുമോ അതാണെന്റെ കുര്‍ബാനി. 

അച്ഛമ്മ ഒരിക്കല്‍ അമ്മമ്മയോട് പറഞ്ഞു; ''അയമാട്ടെ പുരയും പറമ്പും വിറ്റേക്ക്...ഓളെയും മക്കളെയും നിങ്ങളങ്ങ് കൂട്ടിക്കോ, അവന്‍ കുറച്ചുകാലം ഇവിടേം നിക്കട്ടേ...''

അയമാട്ടെ പറമ്പു വിറ്റു. അമ്മയും ഞങ്ങളും അത്തോളിക്കു പോന്നു. അച്ഛനോ? അച്ഛന്‍ വന്നോന്നു ചോദിച്ചാല്‍ വന്നില്ല. വന്നില്ലേ എന്നുചോദിച്ചാല്‍ വന്നു. ഇടയ്ക്കും തലയ്ക്കുമുള്ള വരവില്‍ അമ്മയും മഠത്തിലെ പട്ടിയും ഒരുപോലെ മുറുമുറുത്തു. വരുമ്പോള്‍ കൊണ്ടുവരുന്ന ബോണ്ടയും കായപ്പവും തിന്ന് ഞങ്ങള്‍ അച്ഛനോട് പറ്റിനിന്നപ്പോള്‍ അമ്മ ചാടിക്കടിച്ചു. നാളെ തിന്നാന്‍ ഉണ്ട എന്നു പറഞ്ഞ് നെഞ്ചത്തടിച്ചു. അച്ഛന്‍ കമാന്ന് മിണ്ടാതിരിക്കുമ്പോള്‍, ഞങ്ങളുടെ കൈയും നഖവുമൊക്കെ നോക്കുമ്പോള്‍ അമ്മയോട് കലി വരും. ഇയ്യമ്മയ്‌ക്കെന്താ മിണ്ടാണ്ടിരുന്നാല്‍!

പിന്നെ രണ്ടുമാസം കഴിഞ്ഞിട്ടാണ് ഒന്നെത്തി നോക്കുക. ഉണ്ണാതെ ഉറങ്ങാതെ കുളിക്കാതെ തലയിലെ വിയര്‍പ്പ് മാത്രം തോര്‍ത്തുകൊണ്ട് തുടച്ച് അമ്മ തയ്യല്‍ മെഷീനില്‍ പണിയെടുത്തുകൊണ്ടേയിരിക്കും. ഇടയ്‌ക്കൊന്നെണീക്കുന്നത് ആരെങ്കിലും തയ്ക്കാന്‍ കൊണ്ടുവരുമ്പോള്‍ അളവെടുക്കാനാണ്. 

തുന്നല്‍പണിയുണ്ടേല്‍ പിന്നെ പണി വേണ്ട എന്ന് ഉറക്കെപ്പറയുന്നത് വിശക്കുമ്പോളാണ്. ഞാന്‍ കട്ടന്‍ചായ ഉണ്ടാക്കാനും തേങ്ങാ പൊളിക്കാനുമൊക്കെ പഠിച്ചത് ഇടയ്ക്കിടെ അമ്മയ്ക്ക് തേങ്ങാപ്പൂളും കട്ടന്‍ചായയും കൊടുക്കാനാണ്. നാട്ടിലെ കല്യാണങ്ങള്‍ക്കെല്ലാം അമ്മ ഏറ്റവും ഒടുവില്‍ ചൂട്ടും കെട്ടിയാണ് പോയിരുന്നത്. കല്യാണത്തിന് ചുറ്റുവട്ടത്തെ പെണ്ണുങ്ങള്‍ക്ക് ഇടാനുള്ള ബ്‌ളൗസ് മുഴുവന്‍ തയ്ച്ചുതീര്‍ന്നിട്ടുവേണം കല്യാണ വീട്ടില്‍ മുഖം കാണിക്കാന്‍. അമ്മ ഇട്ടിരുന്ന ബ്‌ളൗസ് പലപ്പോഴും കൊടുവമ്പത്തെ ദേവ്യേച്ചീന്റെതായിരുന്നു. അമ്മ പറയും. ''എണേ...നെന്റെ രണ്ട് ബ്ലൗസും അടിച്ച്ണ്ട്. മ്മളേത് തൊട്ടില്ല. ഞാന്‍ കല്യാണപ്പൊരേല്‍ പോയി വന്നിട്ട് നെനക്കിടാം''. ദേവ്യേച്ചിക്കത് ശീലമായി. ''നിയ്യ് ഇട്ടിറ്റ് മത്യെണേ'' എന്ന് ദേവ്യേച്ചിയും പറയും. അതു കൊണ്ടുതന്നെ ദേവ്യേച്ചിയുടെ കുപ്പായം അമ്മ സ്വന്തം അളവിലാണ് തുന്നിയിരുന്നത്.

അമ്മയോട് ഒന്നു മുട്ടിക്കിട്ടാന്‍ അച്ഛന്‍ വിശേഷങ്ങളും പറഞ്ഞാണ് വരിക ചിലപ്പോള്‍. അമിതമായി സംസാരിച്ചാല്‍ രണ്ടെണ്ണത്തില്‍ കൂടുതല്‍ അടിച്ചിട്ടുണ്ടെന്ന് അമ്മയ്ക്കറിയാം. പിന്നെ തക്കാളിയും വെണ്ടക്കയുമൊക്കെ മുറ്റത്തെ തൈക്കുണ്ടിലേക്ക് പറക്കുന്നത് കാണാം. ''ഇത്തവണ കുംഭച്ചന്ത നേരത്തേ കഴിഞ്ഞുപോയി. മ്മക്കൊരു കച്ചട്ടി വാങ്ങണ്ടായിനോ?'' അമ്മ കേള്‍ക്കാന്‍ അച്ഛന്‍ ഉറക്കെ ചോദിക്കും. അമ്മ ചിലപ്പോള്‍ ഒന്നയയും ഇല്ലേല്‍ ഗുരുകാരണവന്മാരൊക്കെ പടിയിറങ്ങിപ്പോകുന്ന മറുപടി കൊടുക്കും. 

ഇടയ്ക്ക് ബാലുശ്ശേരി ചന്തയിലെ മീന്‍ മുഴുവന്‍ വാങ്ങി തൂക്കിപ്പിടിച്ചിട്ടുണ്ടാകും. രാത്രി ചിമ്മിണിവെട്ടത്തില്‍ അമ്മയ്ക്ക് നന്നാക്കി മടുക്കുമ്പോള്‍ തേക്കിലയില്‍ അച്ഛന്‍ കുറച്ചെടുത്ത് ടോര്‍ച്ചുമായി ദേവ്യേച്ചിയുടെവീട്ടിലേക്ക് നടക്കും. രാത്രി വൈകി വിളക്ക് വരുമ്പോള്‍ നെറ്റിചുളിച്ച് ദേവ്യേച്ചി ചോദിക്കും ആര് ബാലന്നായരോ? അച്ഛന്‍ തിരിച്ച് ചോദിക്കും തിയ്യനൊറങ്ങ്യോ. മൂപ്പര് കെടന്ന്. സംഭാഷണമവസാനിച്ചു. അച്ഛന്‍ മീന്‍ കൊടുത്ത് തിരിച്ചു പോകും. പിറകേ ഞാനും ഒട്ടിക്കൂടിയിട്ടുണ്ടാകും.

അമ്മയും അച്ഛനും കൊല്ലം കൂടും തോറും റബര്‍ബാന്‍ഡ് വലിച്ചുനീട്ടിയ അറ്റങ്ങള്‍ പോലെ പരമാവധി രണ്ടറ്റത്തെത്തി. ഇനി നടുപൊട്ടാനേയുള്ളൂ.അത് കൊണ്ടുതന്നെ ബാലുശ്ശേരി പോകണം എന്നൊന്നും പറയാന്‍ പറ്റില്ല. മിണ്ടിയാല്‍ അമ്മ കഴുത്തറുത്തുകളയും. ഒറ്റച്ചക്രം തിരിയുന്നതും നോക്കി കുറേ നേരം ഇങ്ങനെ ഇരിക്കും ഞാന്‍. എണ്‍പതുസെന്റീമീറ്റര്‍ നീളമുള്ള തുണി പല കഷ്ണങ്ങളായി വെട്ടുന്നു. ഏകാഗ്രതയോടെയുളള വെട്ടാണ്. പിന്നെ ചെറുതും വലുതുമായ കഷ്ണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നു. ഇടയ്ക്കിടെ അളവ് ബ്‌ളൗസുമായി ഒപ്പിച്ചു നോക്കുന്നു. അമ്മ അന്നം തുന്നുകയാണ്. അതിനിടേല്‍ അച്ഛനെക്കുറിച്ച് മിണ്ടിയാല്‍ പ്രാന്തിളകും. മിണ്ടണ്ട. അമ്മയ്ക്ക് ഒച്ച കേള്‍ക്കുന്നത് ഇഷ്ടമില്ല. തയ്യല്‍ മെഷീന്റെയല്ലാതെ മറ്റൊരു ശബ്ദവും അമ്മ അംഗീകരിക്കില്ല. കരച്ചിലിനും സ്‌കോപ്പില്ല. അമ്മ കരയാറുണ്ടായിരുന്നോ?ഉണ്ട്. അത് പലപ്പോഴും ഞങ്ങളോടുള്ള അലര്‍ച്ചയായി രൂപാന്തരം പ്രാപിക്കലായിരുന്നു പതിവ്.

റോഡിലേക്ക് നോക്കാനുളള എളുപ്പത്തിലാണ് ഉപ്പൂത്തിയും പുളിയന്‍മാവും തമ്മിലുള്ള ഇടയില്‍ ഊഞ്ഞാല്‍ കെട്ടിയത്. എട്ടുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ അതിലിരുന്ന് റോഡിലേക്ക് നോക്കി. പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെതന്നെ ചെയ്തു. ചോറ് തിന്നാന്‍ അമ്മമ്മ വടിയെടുത്ത് വന്നു. വിശന്നൊട്ടിയിട്ടും അച്ഛന്‍ വരുമെന്ന വാശിയില്‍ ഇരുന്നു. ആരോടും പറയാതെ തന്നെ അമ്മമ്മ പറഞ്ഞു. ''കുട്ട്യോ, നിയ്യ് ആ കയറിലിരുന്ന്് ഒണങ്ങിപ്പോകും. ഓന്‍ വരാനൊന്നും പോകുന്നില്ല.'' എന്റെ കാത്തിരിപ്പ് അമ്മമ്മ കണ്ടുപിടിച്ചതിലുള്ള ദേഷ്യവും ജാള്യതയും ഒന്നിച്ചു വന്നു. 

എനിക്ക് സ്‌കൂള് പൂട്ടിയത് അച്ഛനറിയൂലെ? അവിടെയുള്ള കുട്ടികള്‍ക്കൊക്കെ പൂട്ടിയിട്ടുണ്ടാവില്ലേ? അമ്മമ്മ പറയുന്നതുകേട്ടു; ''ഇനി രണ്ടുമാസം എന്തു പുഴുങ്ങിക്കൊടുത്താണ് വയറ്റിലെ കത്തല് കെടുത്തുക?'' മെറിറ്റ് മെഷീന്‍ ഏറ്റവും നല്ല തയ്യല്‍മെഷീനാണ്. അവന്‍ ഞങ്ങളെ പട്ടിണിക്കിട്ടിട്ടേയില്ല. ഉമ്മറത്ത്് അച്ഛന്‍ വന്നാലിരിക്കുന്ന സ്ഥലത്തേക്ക് അവനെ നീക്കിയിട്ടത് അമ്മയാണ്. ഒന്നുല്ലേലും ഇരുമ്പല്ലേ. തൊണയായിട്ട് ഇത് മതി. അമ്മ ഇടയ്ക്ക് തളരുമ്പോള്‍ അവന്റെ നെഞ്ചിലേക്ക് തലചായ്ക്കും ഒരു സൂചിപോലും കൈയ്ക്ക് കുത്താതെ അവന്‍ അമ്മയെ നോക്കി, അരിയുണ്ടോ പയറുണ്ടോ എന്നന്വേഷിച്ച് ഇടതടവില്ലാതെ തുണികള്‍ അമ്മയെത്തേടിയെത്തി. അന്നത്തിന്റെ നിറം പലപ്പോഴും പച്ചയും മഞ്ഞയും നീലയും ചുവപ്പുമൊക്കെയായി തോന്നി. 

ഓര്‍മകള്‍ക്ക് അച്ഛന്റെ മണമാണ്. അമ്മയുടെ മെഷീനിന്റെ ശബ്ദമാണ്. ഓരോ നിറങ്ങള്‍ക്കും പയറിന്റെയും പഞ്ചസാരയുടെയും രൂപമാണ്. ഇടയ്‌ക്കെപ്പോളൊക്കയോ മനസ്സ് ആ ഊഞ്ഞാലില്‍ കയറിയിരിക്കുന്നു. അടക്കിപ്പിടിച്ച ആ ചുമ അടുത്തുവരുന്നതും കാതോര്‍ത്ത്.

Content Highlights: Father's Day 2020, Memories of father and childhood