ഈ കൊറോണ കാലത്ത് തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടിരുന്നത് പ്രവാസികള്‍ ആയിരുന്നു...
അപ്പോഴൊക്കെയും എനിക്ക് പൊള്ളിയിരുന്നു...
എന്റെ ജീവിതത്തില്‍ ഒരു പ്രവാസിയുടെ മണം ഉണ്ടായിരുന്നു...അത് അച്ഛന്റേത് ആയിരുന്നു...

എന്റെ ബാല്യത്തില്‍  അച്ഛന്‍ ഓര്‍മകള്‍ വളരെ കുറവായിരുന്നു... വര്‍ഷത്തില്‍ ഒരിക്കല്‍ കിഴി പോലെ പൊതിഞ്ഞ മിഠായികളുടെ  കെട്ടുകളും പാവ കുഞ്ഞുങ്ങളും സമ്മാനം ആയി കൊണ്ട് വരുന്ന ഒരു മനുഷ്യന്‍...
അച്ഛന്റെ നീണ്ട 22 വര്‍ഷ കാലത്തെ പ്രവാസത്തില്‍ മുങ്ങിപ്പോയതായിരുന്നു എന്റെ ബാല്യത്തിന്റെ 15 വര്‍ഷ കാലം...
ഞാന്‍ ജനിക്കുന്നതിനു മുന്‍പേ മുതല്‍ എന്റെ പത്താം ക്ലാസ്സ് പഠനം വരെ അച്ഛന്‍ പ്രവാസി ആയിരുന്നു...

സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ആയിരുന്നു ജോലി... എനിക്കറിയാം എത്ര മാത്രം ജീവിതത്തെ സമപ്പെടുത്തി കൊണ്ടാണ് ഒരു മനുഷ്യന്‍ തന്റെ നല്ല ജീവിതകാലം അവിടെ ഒറ്റയ്ക്ക്  ജീവിച്ചു തീര്‍ക്കുന്നത് എന്ന്... എന്തിന് വേണ്ടി ആയിരുന്നുവെന്ന്... അതിന്റെ ഉപ്പ് മണം ആണ് ഈ വീടിനെന്ന്...

അച്ഛന്‍.. എനിക്ക് ആവശ്യമാണെന്ന് തോന്നിയ കാലത്ത് കൂടെ ഇല്ലാതെ പോയൊരു മനുഷ്യന്‍ ആണ്....

ആറാം വയസില്‍ സ്‌കൂളിലേക്ക് തിരക്കുള്ള ബസില്‍ കയറിയിറങ്ങി പോകുമ്പോള്‍ തോന്നിയിട്ടുണ്ട് കൊണ്ടുവിടാന്‍ ഒരു മനുഷ്യന്‍ വേണമെന്ന്...
അത് മറ്റ് കുട്ടികള്‍ക്ക് ഉണ്ടാകുമ്പോള്‍ ഉണ്ടാക്കുന്ന നിരാശ രാത്രികാലങ്ങളില്‍ ഏങ്ങലടിപ്പിച്ചു കരയിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു....

ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രം വിളിക്കുന്ന കോളുകള്‍ക്കായി ലാന്‍ഡ് ഫോണിന് കീഴെ അച്ഛന്റെ നീണ്ട ചിരികള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു....
ഫോണിലൂടെ അച്ഛനു സുഖമാണോ എന്ന് ഞാന്‍ ചോദിച്ചിട്ടേയില്ല... അച്ഛന്‍ എന്നാ വരുന്നെന്നു മാത്രം ആയിരുന്നു ഓരോ ആഴ്ചകളിലും ആവര്‍ത്തിച്ചു കൊണ്ടേയിരുന്ന ചോദ്യം...
അച്ഛന്‍ വന്നാല്‍ മാത്രം കാണുന്ന സിനിമകളും കഴിക്കുന്ന ബിരിയാണിക്കും വേണ്ടി കാത്തിരിരുന്ന ഒരു  ചെറുപ്പം ഉണ്ടായിരുന്നു..
ഇപ്പോള്‍  ഓര്‍ക്കുമ്പോള്‍ നിരാശ തോന്നും  ... ചെറിയൊരു ലോകം കാണാന്‍ മറ്റൊരു മനുഷ്യനെ ഒരു വര്‍ഷത്തോളം കാത്തിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ ഓര്‍ത്തു നോക്കൂ... എനിക്ക് എന്നെ പാവം തോന്നാറുണ്ട്..... ആ കാലങ്ങള്‍ക്കൊക്കെ എന്റെ ഡയറിയില്‍ മഞ്ഞ നിറമാണ്...

ലോകത്തിന്റെ രണ്ടറ്റങ്ങളില്‍ ഇരുന്ന് മനുഷ്യര്‍ പരസ്പരം വേദനകള്‍ പങ്കിടുന്നത്  അറിഞ്ഞിട്ടുണ്ടോ?
ഞാന്‍ അത് കുഞ്ഞിലേ അറിഞ്ഞിട്ടുണ്ട്... അച്ഛനൊരു പനി വന്നാല്‍ ആധി പിടിക്കുന്ന അമ്മയിലൂടെ....
ഒരിക്കല്‍ അച്ഛന്റെ കൈ വലുതായി മുറിഞ്ഞു സ്റ്റിച്ച് ഇട്ടപ്പോള്‍ അതോര്‍ത്തു ഇവിടെ വീട്ടില്‍ പനിച്ച പോലെ ജീവിച്ച ഒരമ്മയും രണ്ട് പെണ്‍കുഞ്ഞുങ്ങളും ഉണ്ടായിട്ടുണ്ട്..
എത്ര മനോഹരമായിട്ടാണ് മനുഷ്യര്‍ പരസ്പരം വേദനകള്‍ പങ്കുവെയ്ക്കുന്നത്..
അതുണ്ടാക്കുന്ന നീലിപ്പുകള്‍ ചെറിയ പ്രായത്തില്‍  താങ്ങാന്‍ പറ്റുന്നതല്ല..

ചെറുപ്പം അമ്മയുടെ ലോകം ആയിരുന്നു ഞങ്ങള്‍ക്ക്... അത് അത്ര ചെറുതല്ല... അമ്മ അനുഭവിച്ച പരിമിതികളുടെ ഇരട്ടി ഞങ്ങളും അനുഭവിച്ചിട്ടുണ്ട്... ഈ വീട്ടില്‍ രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ചു തലയണയ്ക്ക് അടിയില്‍ വലിയ കത്തിയുമായി ഉറങ്ങാന്‍ അമ്മയെ ധൈര്യപ്പെടുത്തിയത് അച്ഛന്‍ ഇല്ലായ്മകള്‍ ആണ്...
ആ കാലത്തുണ്ടാക്കിയ പരിധിക്കുള്ളില്‍ അമ്മ പരിമിതപ്പെടുകയായിരുന്നു...
ഞങ്ങളെ ഊട്ടാനും ഉറക്കാനും പഠിപ്പിക്കാനും  മാത്ര മായിട്ട് അമ്മയുടെ ജീവിതത്തിന്റെ നല്ല കാലം വീട്ടില്‍ തീര്‍ത്തുവല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളിലൊരു കൊളുത്തു വലിയാറുണ്ട്.....
അതാണ് പറഞ്ഞത് അമ്മയുടെ ലോകം അത്ര ചെറുതല്ല....
ആ കാലത്തെ പരിധികള്‍ക്കുള്ളില്‍ ഏറ്റോം മനോഹരമായി ബോള്‍ഡ് ആയി തന്നെ അമ്മ എന്നെ വളര്‍ത്തിയിരുന്നു എന്നാണ്...

പത്തേമാരി സിനിമ കണ്ടപ്പോള്‍ തിയറ്ററില്‍ നിന്നും കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയ ഒരു ഞാന്‍ ഉണ്ടായിരുന്നു... അങ്ങനെ കരയിപ്പിച്ചത് അച്ഛന്റെ ജീവിതത്തിന്റെ കനം ഞങ്ങളെയും നീലിപ്പിച്ചത് കൊണ്ടാണ്.....

ഒരു ''സാധാരണക്കാരന്റെ'' നീണ്ട ഇരുപത്തിരണ്ടു വര്‍ഷ കാലത്തെ പ്രവാസ ജീവിതത്തിലെ അതിജീവനം എത്രത്തോളം ആണെന്ന് എനിക്ക് അറിയാം... അങ്ങനെ അയാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണെന്നും...
ആഘോഷങ്ങളിലൊന്നും ഇല്ലാതെ പോയൊരു ചിരി ആയിരുന്നു അച്ഛന്റേത്...
വര്‍ഷത്തില്‍ ഒരു മാസത്തെ ലീവിന് വന്നു പോകുമ്പോള്‍ അച്ഛന്‍ ഉപയോഗിച്ചിരുന്ന ചെരുപ്പ് ഞാന്‍ ഒളിപ്പിച്ചു വെക്കുമായിരുന്നു... അത് കാണും തോറും കണ്ണ് നിറയാതിരിക്കാന്‍...
ചെറുപ്പത്തിലെ മനുഷ്യരുണ്ടാക്കുന്ന  ഇല്ലയ്മകളെക്കുറിച്ച് എനിക്കറിയാം......അതൊരു അച്ഛന്‍ കാലം തന്നതാണ്...

വലിയ ആര്‍ഭാടങ്ങള്‍ ഒന്നും തന്നെ അച്ഛന്‍ എന്ന വാക്കിനു കൊടുക്കുന്നില്ല...
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിരിയാണ് എന്ന് മാത്രം...

വളരും തോറും നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്ന സ്‌നേഹമാണ് അച്ഛന്റേത്... ഇന്നൊരു സങ്കടം വന്നാല്‍ ഓടി പോയി പറയാന്‍ തോന്നിപ്പിക്കുന്ന വിശാലതകള്‍ ഒന്നും അച്ഛന്‍ എനിക്ക് തന്നിട്ടില്ല... അതൊരു വലിയ പോരായ്മ തന്നെയായിരുന്നു... എങ്കിലും 'ജീവിക്കണ്ട' എന്ന് തോന്നിപ്പിച്ച കാലങ്ങളില്‍ 'മരിച്ചു പോകരുതേ' എന്ന് ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന് അച്ഛന്‍ എന്നില്‍ ബാക്കിയാക്കിയിട്ടുണ്ട്....
ആ ബാക്കിയാക്കലുകളില്‍ ഞാന്‍ സ്വയം മരിക്കാതെ തന്നെ അതിജീവിക്കും എന്നുറപ്പാണ്.... ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരുന്ന് ലാന്‍ഡ് ഫോണിലൂടെ പരാതികള്‍ പറഞ്ഞിരുന്ന കുഞ്ഞു കുട്ടിയായി തന്നെ എല്ലാ കാലത്തും ഞാന്‍ അച്ഛനോട് മിണ്ടാതെ മിണ്ടിയിട്ടുണ്ട്...അച്ഛന്റെ ഉത്തരങ്ങള്‍ ഞാന്‍ തന്നെ ഊഹിച്ചെടുത്തിട്ടുണ്ട്... പലപ്പോഴും ഞാന്‍ എന്റെ തോന്നിയ വഴിയിലൂടെ നടന്നിട്ടുണ്ട്... ഇനി അങ്ങോട്ടും...
അപ്പോഴും അപ്പോഴും ആ മനുഷ്യന്‍ കൂടി എന്റെ ജീവിതത്തിന് കാരണമാകുന്നുണ്ടെന്നു മാത്രം.... 

Content Highlights: Father's Day 2020, Jwala shares her memories about her father