ഫാദേഴ്‌സ് ഡേയില്‍ എനിക്കറിയാവുന്ന ഏതെങ്കിലും അച്ഛനെക്കുറിച്ച് രണ്ടു വാക്കെഴുതിക്കളയാം എന്ന് കുറേ നേരമായി തല പുകയ്ക്കുന്നു. സ്വന്തം അച്ഛനും, മക്കളുടെ അച്ഛനുമടക്കം ഒരുപാടച്ഛന്മാരെ പരിചയമുണ്ടെങ്കിലും 'ദാ ദിങ്ങനെയാവണം ഒരച്ഛന്‍' എന്ന് ചൂണ്ടിക്കാണിക്കാന്‍ അക്കൂട്ടത്തിലാരുമില്ല.

ഒരു കുട്ടിയുടെ ജനനത്തിലും വളര്‍ച്ചയിലുമൊക്കെ അമ്മയുടെ പങ്ക് വാനോളം പുകഴ്ത്തപ്പെടുമ്പോള്‍ അവഗണിക്കപ്പെടുന്ന 'അച്ഛന്‍പ'ങ്കിനെച്ചൊല്ലിയുള്ള പിതൃരോദനങ്ങള്‍ വാട്‌സാപ്പിലും മറ്റും കറങ്ങിത്തിരിഞ്ഞ് എന്റെ ചെവിയിലും വന്ന് പതിച്ചിട്ടുണ്ട്. സത്യങ്ങളേക്കാള്‍, സങ്കടങ്ങളേക്കാള്‍ കൊതിക്കെറുവുകളും, അവകാശവാദങ്ങളും തന്നെയായിരുന്നു അവിയിലേറിയവയിലും ഉണ്ടായിരുന്നത്.

ഒരു 'ആദര്‍ശ അച്ഛന്‍' എങ്ങനെയാവണമെന്ന് നമുക്കൊന്ന് ചിന്തിച്ചാലോ? ഇതുമായി ബന്ധപ്പെട്ട് ഞാനെന്റെ മകനുമായി സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞ ചില വസ്തുതകളും ക്ലാസിലെ കുട്ടികള്‍ പലപ്പോഴായി പറഞ്ഞിരിക്കുന്ന കാര്യങ്ങളും കൂടി കണക്കിലെടുത്താണ് ഈ കുറിപ്പ്.

നമുക്ക് ഒരു ശരാശരി മലയാളി അച്ഛനിലേക്കു വരാം. അച്ഛനാകാനുള്ള യാതൊരുവിധ പരിശീലനങ്ങളും കൂടാതെയാണ് ഒരു മലയാളി പുരുഷന്‍ അച്ഛനായി പരിണമിക്കുന്നത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമല്ലാതെ അബദ്ധത്തില്‍ അച്ഛനും അമ്മയും ഒക്കെ ആയിപ്പോയവരാണ് ഇന്ന് നാല്‍പതിനോട് അടുത്തവരില്‍പ്പോലും പലരും.

അതിന് മുകളിലുള്ളവരുടെ കാര്യം പിന്നെ പറയാനുമില്ല. പ്രീ മാരിറ്റല്‍ കോഴ്‌സ് എന്നൊക്കെ പേരിട്ടു പല മതസമുദായ സംഘടനകളും നല്‍കുന്ന പരിശീലനങ്ങളിലേറെയും ജീവിതവുമായി ബന്ധപ്പെട്ടവയൊന്നുമല്ലതാനും

അമ്മമാരുടെയും, അമ്മൂമ്മമാരുടെയും, അമ്മായി അമ്മമാരുടെയും പക്കല്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമൊക്കെ  കിട്ടാറുണ്ട്. അതില്‍ പലതും അടക്കം, ഒതുക്കം, അനുസരണ, ആദിയായവയെ പ്രതിപാദിക്കുന്നതാണെങ്കിലും കുഞ്ഞിന്റെ ശാരീരികാവശ്യങ്ങള്‍ക്കുള്ള അറിവുകള്‍ ഏറെക്കുറെ അവിടെനിന്ന്  അവര്‍ക്ക് ലഭിക്കും. ഇപ്പറഞ്ഞ ഒന്നും ആണ്‍കുട്ടികള്‍ക്ക് കിട്ടാറില്ല. അവര്‍ ഒട്ടു തേടാറുമില്ല.

നാല്പതോടടുത്ത ഒരച്ഛഛന്റെ കാര്യമെടുത്താല്‍, കുട്ടിയെ ഉണ്ടാക്കുക ആശുപത്രി ച്ചെലവുകളടക്കമുള്ള ചെലവുകള്‍ വഹിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുക എന്നിവയായാല്‍ ഏറെക്കുറെ തന്റെ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്ന് അയാള്‍ കരുതുന്നു.

ചെറിയ തോതിലുള്ള പിറന്നാളാഘോഷങ്ങള്‍, മാസത്തിലൊരിക്കല്‍ ഒരു ഔട്ടിംഗ്/ ഷോപ്പിംഗ്/ സിനിമ, രണ്ടു മാസത്തിലൊരിക്കല്‍ ഭാര്യവീടു സന്ദര്‍ശനം, ഭാര്യയേയും കുട്ടിയേയും രണ്ടു ദിവസം അവിടെ നില്‍ക്കാന്‍ അനുവദിക്കല്‍, പറ്റിയാല്‍ വര്‍ഷത്തിലൊരിക്കല്‍ 23 ദിവസത്തെ ഒരു വിനോദയാത്ര, ഇത്രയൊക്കെയായാല്‍ അച്ഛന്‍ റോള്‍ പേര്‍ഫെക്ട് ആയി എന്നാണ് അവരുടെ ഉറച്ച ബോധ്യം. ഭൂരിപക്ഷം അമ്മമാരുടെയും ബോധ്യവും മറിച്ചല്ല.

നല്ല അച്ഛനാകണമെങ്കില്‍ ആദ്യം ഒരു നല്ല മകനും പിന്നെ ഒരു നല്ല ഭര്‍ത്താവും ആകേണ്ടിയിരിക്കുന്നു. എന്നാല്‍ നമ്മുടെ അച്ഛന്മാര്‍ പലരും ചെയ്യുന്നത് അവര്‍ക്ക് പറ്റാതെ പോയ മോഹങ്ങള്‍ തങ്ങളുടെ മക്കളിലൂടെ സഫലീകരിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ കുട്ടികള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്.

പലപ്പോഴും രണ്ട് എക്‌സ്ട്രീമുകളില്‍ ആണ് നമ്മുടെ അച്ഛന്മാര്‍ കാണപ്പെടുന്നത്. ഒന്നുകില്‍ അതികര്‍ക്കശക്കാര്‍, അല്ലെങ്കില്‍ കുട്ടികളുടെ എല്ലാ തോന്ന്യാസങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍. രണ്ടും ശരിയായ രീതിയല്ല. ഇതിനിടയിലെവിടെയോ ആണത്.

തങ്ങള്‍ യുവാക്കളായിരിക്കെ നിരക്ഷരരായ മാതാപിതാക്കളെ കണക്കിന് കബളിപ്പിച്ചിട്ടുള്ളവര്‍, എക്കാലവും മക്കളെ സംശയദൃഷ്ടിയോടെ മാത്രം നോക്കുന്നവരാകും. കള്ളം പറഞ്ഞ് മാതാപിതാക്കളില്‍ നിന്ന് പണം പിടുങ്ങിയിട്ടുള്ളവര്‍ സ്വന്തം മക്കള്‍ ഫീസു ചോദിച്ചാലും സംശയിക്കും. പരസ്ത്രീ ഗമനം നടത്തുന്നവരാകട്ടെ തങ്ങളുടെ മക്കളുടെ എതിര്‍ലിംഗ സൗഹൃദങ്ങളെല്ലാം ലൈഗികതയ്ക്കു വേണ്ടിയുള്ളതാണെന്ന് തീരുമാനിക്കും.

ഇതിനെല്ലാം 'കൂട്ടുനില്‍ക്കുന്നവ'ളെന്ന് മക്കളോട് സൗഹൃദത്തിലായിരിക്കുന്ന ഭാര്യയെ പഴിക്കും. എപ്പോഴെങ്കിലും മക്കള്‍ അച്ഛന്റെ തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ''അമ്മേം മക്കളും കൂടി തന്നെ ഒറ്റപ്പെടുത്തി'യെന്ന് വിലപിക്കും. മറ്റു ചിലരുണ്ട് ; തനിക്കൊപ്പം വളര്‍ന്ന മക്കളെ ഇപ്പഴും കൊച്ചു കുട്ടിയായിക്കണ്ട് വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ (കൊച്ചു കുട്ടികളോട് അങ്ങനെയാകാമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇല്ല എന്നു തന്നെ ഉത്തരം) മക്കളെ അംഗീകരിച്ചാല്‍ തങ്ങളുടെ സ്ഥാനം പോകുമെന്നോ, വ്യക്തിത്വത്തിന് ഇ ടിവുതട്ടുമെന്നോ ഒക്കെയാണ് ഇവരുടെ പേടി. മകന്‍ തന്റെ ഭാര്യയ്ക്ക് എന്തെങ്കിലും വാങ്ങണമെങ്കില്‍ അപ്പനോടു ചോദിക്കണം എന്ന അവസ്ഥ! കാല്‍ക്കിഴവന്മാരുടെ കൂട്ട് സ്വത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നവരാണ് മറ്റു ചിലര്‍.

മക്കളെ തോന്ന്യാസങ്ങള്‍ക്ക് തുള്ളാന്‍ വിടുന്ന അച്ഛനാണ് നല്ലയച്ഛന്‍ എന്നല്ല പറഞ്ഞു വരുന്നത്. കൗമാരക്കാരായ കുട്ടികള്‍ക്ക് പ്രിയം അത്തരം അച്ഛന്മാരേയാവും. അവര്‍ക്ക് വിവേകം കുറവാണല്ലൊ. വായ്ക്കുരുചിയുള്ളതും കഴിയ്ക്കാന്‍ ഇഷ്ടമുള്ളതും എല്ലാം ആരോഗ്യത്തിനു നല്ലതല്ല എന്ന പോലെ. എല്ലാ ഇഷ്ടങ്ങളും സാധിക്കുന്നത് നന്മക്കായിരിക്കുകയില്ല. പക്വമല്ലാത്ത തീരുമാനങ്ങളും  പ്രവൃത്തികളും കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ സ്‌നേഹപൂര്‍ണ്ണങ്ങളായ തിരുത്തലുകള്‍ വേണം.

എന്നാല്‍ പ്രായപൂര്‍ത്തിയായതിനു ശേഷമുള്ള, വിവാഹം, മതം, ഉപരിപഠനം, ജോലി, താമസം, കുട്ടികള്‍ വേണോ വേണ്ടയോ ഇതൊക്കെ അവര്‍ തീരുമാനിക്കട്ടെ എന്നും വയ്ക്കണം. ചോദിച്ചാല്‍ മാത്രം അഭിപ്രായം പറയുന്നതാവും ഇക്കാര്യങ്ങളില്‍ നല്ലത്.അപകടത്തിലേക്കാണ് പോകുന്നത് എന്ന് ഉറപ്പുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കലുകളാകാം. അത് വ്യക്തിസ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങളാവാതിരിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടതുണ്ട്. അവന്‍ / അവള്‍ കുട്ടിയല്ലേ ഒന്നും തനിയെ ചെയ്യില്ല എല്ലാത്തിനും ഞാന്‍ വേണം എന്ന് അവര്‍ക്ക് കുട്ടികളായതിനു ശേഷവും പറയുന്ന അച്ഛന്മാരുണ്ടെങ്കില്‍ അവരുടെ മാനസികാരോഗ്യം അടിയന്തിര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാകുന്നു.

ചിലപ്പോള്‍ സുഹൃത്ത്, ചിലപ്പോള്‍ വഴികാട്ടി, ചിലപ്പോള്‍ ഗുരു, മറ്റു ചിലപ്പോള്‍ കൗണ്‍സിലര്‍, ചിലപ്പോള്‍ വെറും ഒരു കേള്‍വിക്കാരന്‍, ഒരു മൂത്ത ജ്യേഷ്ഠന്‍, അനുസരണയുള്ള കുട്ടി ,എന്നിങ്ങനെയൊക്കെ ആവശ്യാനുസരണം മാറുന്നത് നല്ല അച്ഛനാകാനുള്ള മാനദണ്ഡങ്ങളില്‍ ചിലത് മാത്രമാണ്. തന്റെ അമ്മയ്ക്ക് അനുയോജ്യനായ ഒരു പങ്കാളിയും, അച്ഛമ്മയ്ക്ക് നല്ലൊരു മകനും കൂടിയാണെന്ന് നിങ്ങളുടെ കുട്ടികള്‍ക്ക് ബോധ്യപ്പെടുമ്പോഴേ നിങ്ങള്‍ നല്ലൊരു അച്ഛനാകുന്നുള്ളൂ. (കുട്ടികള്‍ വെറും കുട്ടികളല്ല സര്‍, അവരുടെ കണ്ണും, കാതും, ബുദ്ധിയും നിങ്ങളുടേതിനേക്കാള്‍ തുറവിയും സൂക്ഷ്മതയുമുള്ളതാണ്).

അച്ഛന്‍ എന്നാല്‍ പണവും ഉത്തരവാദിത്തങ്ങളും അധികാരവും ശാസനയുമല്ല; സ്‌നേഹവും, കരുതലും, തിരുത്തലും,പരിഗണനയും, വഴങ്ങിക്കൊടുക്കലും ഒക്കെക്കൂടിയ ഒന്നാണ്. കൂട്ടിച്ചേര്‍ക്കാന്‍ ഇനിയുമെത്രയോ ബാക്കി.

Content Highlights: Father's day 2020, geetha thottam writes about what makes a good father