ങ്ങനെയാണ് സ്‌നേഹത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുക എന്ന് എനിക്കിപ്പോഴും വ്യക്തതയില്ല. ഒന്നാം സ്ഥാനം അച്ഛനായിരിക്കും എന്ന് ഉറപ്പാണ് പക്ഷേ. മഴമാപിനികള്‍ പോലെ സ്‌നേഹമളക്കാന്‍ ഒരു സ്‌നേഹമാപിനി ഉണ്ടായിരുന്നെങ്കിലോ?കയ്യിലെടുത്തുകൊണ്ട് പ്രിയപ്പെട്ടവരെ ഓര്‍ത്താല്‍ സ്‌നേഹം അളന്നുതരുന്ന ഒന്ന്! എങ്കില്‍ അച്ഛനെയോര്‍ത്തുകൊണ്ട് കയ്യിലെടുക്കുന്ന മാത്രയില്‍ അതിസ്‌നേഹത്തിന്റെ അതിര് കാണിച്ചുതരാനാവാതെ തോറ്റുപോയേനെ അത്.
വീട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇപ്പോഴും മൂന്ന് നേരവും ഫോണ്‍ റിങ് ചെയ്യും. ഇന്റച്ഛന്‍ എന്ന് സ്‌ക്രീനില്‍ തെളിയും(അതേ,എന്റെ അച്ഛന്‍) രാവിലെ എണീറ്റോ എന്നും വല്ലതും കഴിച്ചോ എന്നും ചോദിക്കും. ഉച്ചയ്ക്ക് എന്താ വിശേഷം എന്ന്, രാത്രി അച്ഛന്‍ കിടക്കാന്‍ പോവാണ് നാളെ വിളിക്കാം എന്നും. എത്ര വര്‍ഷങ്ങളായി ആ വിളികള്‍ ജീവിതത്തിന്റെ ഭാഗമായിട്ട്. കാള്‍ ലിസ്റ്റില്‍ ഇന്റച്ഛന്‍ മാത്രമുള്ള എത്രയോ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നോ.

ഉപദേശിക്കാനും ആശ്വസിപ്പിക്കാനും അറിയാത്ത അച്ഛനാണ്. മരിക്കാന്‍ ഇവിടാര്‍ക്കാ പേടി എന്ന് വമ്പുപറഞ്ഞിട്ട് ചെറിയൊരു പനി വരുമ്പോഴേക്കും മോളേ, അച്ഛനൊരു സുഖല്ല,എന്താണാവോ എന്ന് വാക്കിലൊരു വേവലാതിക്കടല്‍ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. ഓ, ഒരു അച്ഛനും മോളും എന്ന് അമ്മയും അനിയനും കുശുമ്പ് പറയാറുണ്ട്.

പ്രിയമുള്ളവരോടൊക്കെ ഞാന്‍ ഇടയ്ക്കിടെ ചോദിക്കുന്ന ചോദ്യമുണ്ട്,എന്നെ ഇഷ്ടാണോ എന്ന്. അച്ഛനോട് മാത്രം ഞാനാ ചോദ്യം ഇന്നുവരെ ചോദിച്ചിട്ടില്ല.അക്കാര്യത്തില്‍ എനിക്കൊരു അവ്യക്തതയോ സംശയമോ ഇല്ലാഞ്ഞിട്ടാണ്. പ്രവീണ അര്‍പ്പിത് എന്നല്ലേ പേര് വേണ്ടത് എന്ന് ചോദിക്കുന്നവരോട്, അല്ല, പ്രവീണ നാരായണന്‍ എന്നുതന്നെയാണ് വേണ്ടത് എന്ന് പറയിപ്പിക്കുന്ന ഉറപ്പ്.

അച്ഛന് എന്നോടും എനിക്ക് അച്ഛനോടും ഒരു കാര്യത്തിലും വേണ്ട എന്ന് പറയാന്‍ പറ്റിയിട്ടില്ല. ഒന്നര ലക്ഷം രൂപയോളം ലോണെടുത്ത് ചേര്‍ന്നൊരു കോഴ്‌സ് പകുതി വച്ച് അവസാനിപ്പിച്ചപ്പോള്‍ പോലും അച്ഛന്‍ എതിര്‍ത്തില്ല.അക്കാര്യം പറഞ്ഞ് ആരെന്നെ കുറ്റപ്പെടുത്തിയാലും അത് കഴിഞ്ഞില്ലേ, അവള്‍ക്ക് എന്താണ് വേണ്ടതെന്ന് അവള് തന്നെ തീരുമാനിച്ചോട്ടെ എന്ന് തടയിടും. സ്വന്തം ഇഷ്ടത്തിന് ഒരാളെ ജീവിതപങ്കാളി ആക്കിയപ്പോഴും അച്ഛന്‍ പറഞ്ഞു,അവള്‍ക്കറിയാം,നടക്കട്ടെ....

അച്ഛന്റെ ദുശീലങ്ങള്‍ മാറ്റാന്‍ എനിക്കേ പറ്റൂ എന്നെല്ലാവരും പറയും.പക്ഷേ വേണ്ട,ചെയ്യരുത് എന്നൊന്നും അച്ഛനോട് പറയാന്‍ പറ്റാറില്ല. ദൗര്‍ബല്യമാണ്,അറിയാഞ്ഞിട്ടല്ല.നിസ്സഹായയാണ് അച്ഛന്റെ കാര്യത്തില്‍ മാത്രം.

ചെറിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ വാങ്ങി കൊടുക്കുന്ന ഷര്‍ട്ടും മുണ്ടും മാത്രമേ അച്ഛന്‍ ഉപയോഗിക്കാറുള്ളൂ.രണ്ട് ജോഡിയില്‍ കൂടുതല്‍ ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ അനാവശ്യമാണ് എന്ന് ചിന്തിക്കുന്ന ഒരാളാണ്.അനിയന്‍ ആദ്യമായി ഒരു ഷര്‍ട്ട് വാങ്ങി കൊടുത്തപ്പോള്‍ നീ വാങ്ങിയാല്‍ ഒന്നും ശരിയാവില്ല,മോള്‍ക്കേ അറിയൂ അതൊക്കെ എന്നും പറഞ്ഞ് അവനെ തളര്‍ത്തിക്കളഞ്ഞു!

ഏറ്റവും പ്രിയപ്പെട്ട ഒരു വാക്കുണ്ട്, അച്ഛന്‍ വിളിക്കുന്നതാണ്.അച്ഛന്റെ കുട്ടി. അച്ഛന്റെ കുട്ടി ഒരു കട്ടന്‍ ചായ ഇട്ടേ, അച്ഛന്റെ കുട്ടി അച്ഛന്റെ കണ്ണട എടുത്തേ... അങ്ങനെയാണ് ഞാന്‍ അച്ഛന്റേതും അച്ഛന്‍ എന്റേതുമായത്.

എങ്ങോട്ടാണ്, എന്നുവരും എന്നൊന്നും പറയാതെ അച്ഛന്‍ പോയ ഒരു കാലത്താണ് ഞാന്‍ ആദ്യമായി ഡിപ്രഷന്‍ അനുഭവിച്ചത്. കുറേ നാളുകള്‍ക്ക് ശേഷം അച്ഛന്റെ ഫോണ്‍ വന്നു അടുത്ത വീട്ടിലേക്ക്. ഓടിക്കിതച്ച് ചെന്ന് ഫോണെടുത്ത ഞാന്‍ ഒറ്റക്കാര്യം മാത്രമേ ചോദിച്ചുള്ളൂ, അച്ഛന്‍ എന്നാ വരാ? കേട്ടുനിന്നവര്‍ അതിശയിച്ചു,അച്ഛനെ കാണാതെ കരഞ്ഞുനടന്ന മോള്‍ക്ക് വേറൊന്നും പറയാനില്ല! അച്ഛനെ കാണുക എന്നതില്‍ കൂടുതല്‍ മറ്റെന്താണ് വേണ്ടത് എന്ന് ഞാനും അതിശയിച്ചു.

ഓര്‍ത്താല്‍, എന്തുമാത്രം സ്‌നേഹിക്കുന്നു എന്ന് പരസ്പരം അറിയാത്ത അച്ഛനും മോള്‍ക്കും എന്തെന്ത് നിറവുള്ള നിമിഷങ്ങളുണ്ട്! ഈ കെട്ടകാലം കഴിയുമ്പോള്‍ ആദ്യം ആരെ കാണും, എന്ത് ചെയ്യും എന്ന് ചോദിക്കൂ... ഞാന്‍ പറയും അച്ഛനെ കാണണം, ഒന്നും ചെയ്യാനില്ല, കാണുക, വീണ്ടും കാണുക. അച്ഛന്റെ കുട്ടിയെ കണ്ടിട്ടെത്ര നാളായി എന്നൊന്നും അച്ഛന്‍ പറഞ്ഞേക്കില്ല. പക്ഷേ മുഖം വിടരും, എന്താ വര്‍ത്താനം എന്ന് ചോദിക്കും. ഓ,എന്ത് അച്ഛാ,ഒന്നൂല്ല ന്ന് ഞാനും പറയും....  സ്‌നേഹമാപിനികള്‍ ഞങ്ങളുടെ മുന്‍പില്‍ തോറ്റുപോവും, ഓ ഒരു അച്ഛനും മോളും!

Content Highlights: Father's Day 2020, father and daughter memories