രിക്കലും തീരാത്ത കലഹങ്ങളായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ആ കലഹങ്ങള്‍ എന്തിനെ പറ്റിയുമാവാം. റേഡിയോയുടെ ഒച്ച കൂട്ടി വച്ചു എന്നതുമുതല്‍ വീട്ടിലെ പൂച്ചക്ക് തിന്നാന്‍ കൊടുക്കുന്നതിനെ പറ്റിവരെയാവാം. സിനിമയിലെ കഥാപാത്രങ്ങളെ പറ്റി പറഞ്ഞുപോലും ഞങ്ങള്‍ കലഹിച്ചു. വഴക്കടിച്ചു. പരസ്പരം ഒച്ചയെടുത്തു. 'രണ്ടും കൂടി തുടങ്ങിക്കോ' എന്ന് അമ്മ പരിഭ്രമിക്കും. 'ഒന്ന് മിണ്ടാതിരിക്ക് പപ്പാ, അവള്‍ ചിലക്കട്ടേ' എന്ന് പപ്പയെ ശകാരിക്കും. ഒരാള്‍ പിണങ്ങി ഇറങ്ങിപ്പോവുകയോ കതക് വിലിച്ചടച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതുവരെ വഴക്ക് തുടരും. കതക് വലിച്ചടക്കല്‍ പ്രതി ഞാനാണ്. 'കതക് നിന്റെ കാശല്ല' എന്ന് പപ്പ വീണ്ടും ഒച്ചയെടുക്കും. 'എനിക്ക് കാശുണ്ടാകട്ടെ അപ്പോ കാണിച്ചുതരാം..' എന്ന് ഞാന്‍ പല്ലിറുമ്മും. 

ആ കലഹങ്ങള്‍ക്കെല്ലാം ഇടയിലും ഞങ്ങള്‍ പപ്പയും കൊച്ചുമോളുമായിരുന്നു. പപ്പ പോകുന്ന ദിക്കിലെല്ലാം ബോബന്‍ മോളി കോമിക്കിലെ പട്ടിയെ പോലെ ഞാന്‍ ചുറ്റിപറ്റി നടന്നു. ചിലപ്പോള്‍ ആ നടപ്പിലുമുണ്ടാവും കലഹങ്ങള്‍. ഞാന്‍ നടക്കുമ്പോള്‍ ഒരു ആട്ടമുണ്ടെന്നോ, നേരെ നോക്കി നടന്നില്ലെന്നോ... എന്തെങ്കിലുമൊന്ന് പുള്ളി കണ്ടുപിടിക്കും. പിന്നെ വഴക്ക് വഴിയില്‍ തുടങ്ങും. ആളുകള്‍ കേള്‍ക്കുമെന്ന നാണക്കേടൊന്നും രണ്ടാള്‍ക്കും ഉണ്ടായിരുന്നില്ല. 

കലഹങ്ങള്‍ എത്രയാണെങ്കിലും പപ്പ ഇല്ലാത്ത ലോകത്തെ പറ്റി എനിക്ക് ആലോചിക്കാനാവില്ല. രാത്രി പപ്പ പുറത്ത് പോയി വരാന്‍ വൈകിയാല്‍ കരിയില അനങ്ങുന്ന ശബ്ദം പോലും ഭയപ്പെടുത്തുന്നതായിരുന്നു. എല്ലാ ദിവസവും വൈകിട്ട് പപ്പ അടുത്തുള്ള കവലയില്‍ പോകും. ഞങ്ങളുടെ നാട്ടില്‍ കടയ്ക്കു പോകുക, സിറ്റിക്കു പോകുക എന്നൊക്കെയാണ് അതിനെ പറയുക. അവിടെ പരിചയക്കാരോട് ഒക്കെ മിണ്ടി, ചായക്കടയിലെ ടിവിയില്‍ ഏതെങ്കിലും സിനിമയുടെ അറ്റവും വാലും കണ്ട്( വീട്ടില്‍ ടിവി ഇല്ല, കരണ്ടും), അന്ന് കൊടുത്ത പാലിന്റെ കാശും വാങ്ങി ( ചായക്കടയില്‍ ആയിരുന്നു പാല് കൊടുത്തിരുന്നത്) തിരിച്ചു പോരും. ഒപ്പം നാല് പരിപ്പു വടയോ പഴംപൊരിയോ വടയോ വാങ്ങും ( ഉഴുന്നുവട എനിക്കുള്ളതാണ്.). നാല് ബാറ്ററിയിടുന്ന വലിയ നീളന്‍ ടോര്‍ച്ചും തെളിച്ച് പപ്പ വീട്ടിലേയ്ക്കുള്ള കുന്ന് കയറുമ്പോഴേ താഴെയുള്ള പട്ടി കുരച്ചു തുടങ്ങും. പപ്പ വരുന്നുണ്ടെന്ന് ഞാനറിയുന്ന അലാറമായിരുന്നു അത്. എങ്കിലും എത്താന്‍ എട്ടര- ഒമ്പത് മണിയാകും.

മഴക്കാലത്തും ജനുവരിക്കാറ്റ് വീശുന്ന കാലത്തുമൊന്നും പപ്പ രാത്രി പുറത്ത് പോകുന്നത് എനിക്കിഷ്ടമായിരുന്നില്ല. പപ്പയില്ലാത്തപ്പോള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പുറത്തെ നിഴലുകളെല്ലാം എനിക്ക് കള്ളന്‍മാരോ പ്രേതങ്ങളോ ആയിരുന്നു. മഴയില്‍ പപ്പ എവിടെയെങ്കിലും വീണ് ഒലിച്ചുപോകുമോ എന്നും വരെ ഞാന്‍ ഭയന്നിരുന്നു. 

കുഞ്ഞുനാളിലെന്നൊക്കെയോ പുറത്ത് പോകാനായി കുളിപ്പിച്ച് നല്ല ഉടുപ്പും കാലില്‍ പൂട്ടീസ് ചെരിപ്പും( കെട്ടുള്ള ഒരു തരം പ്ലാസ്റ്റിക്ക് ചെരുപ്പ്) ഇട്ട് കൂടെ കൂട്ടും. മുറ്റത്തെ ചെടിയില്‍ നിന്നടര്‍ത്തിയ പൂവിതളിന് നടുവില്‍ പേനയുടെ അടപ്പുകൊണ്ട് അമര്‍ത്തി ഒരു വട്ടപ്പൊട്ടും ഒപ്പിക്കും. അത് എത്രനേരം നെറ്റിയില്‍ പറ്റി നില്‍ക്കുമെന്നൊന്നും ഓര്‍മയില്ല. പൂവിതള്‍ പൊട്ടുതൊട്ട എന്റെ ഒരു ഫോട്ടോ പഴയ ആല്‍ബത്തിലെവിടെയോ ഉണ്ട്. 

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ബൈബിള്‍ കഥകള്‍ തിരിച്ചും മറിച്ചും പറഞ്ഞു തരും. ഓരേ കഥതന്നെ പപ്പ സ്വന്തം കൈയില്‍ നിന്നിട്ട പല സംഭവങ്ങളും ചേര്‍ത്താവും പറയുക. ഇപ്പോഴും വേറൊരാളായി മാറി നിന്ന് നോക്കിയാല്‍ എനിക്ക് കാണാനാവും, വെള്ളമുണ്ടും ബാറ്റയുടെ ചെരുപ്പുമിട്ട് കഷണ്ടി കയറിയ ഒരു മനുഷ്യന്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ തോളിലെടുത്ത് നടക്കുന്നത്. മഞ്ഞിലും മഴയിലും വെയിലിലും അക്കാലമെല്ലാം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. 

ജീവിതം ഹോസ്റ്റലുകളിലേയ്ക്ക് കുടിയേറിയ കാലം. പഠനത്തിരക്കും പിന്നെ ജോലിത്തിരക്കുമായി ഞാന്‍ വളര്‍ന്നപ്പോള്‍ പപ്പ കുട്ടിയായി. വിളിക്കുമ്പോള്‍ കിട്ടാത്തതിന് പരിഭവിച്ചും പലതവണ വിളിച്ച് ശല്യമെന്ന് തോന്നിച്ചും ആ കുട്ടി വാശിപിടിച്ചു. എങ്കിലും ഒറ്റപ്പെടലുകള്‍ തോന്നി മനസ്സ് മടുത്ത് ഉറങ്ങാതെ നേരം വെളുപ്പിക്കുമ്പോള്‍ ഒരു കോള്‍ ഉറപ്പായും എന്നെ തേടി എത്തിയിരുന്നു. എന്നോടൊരിക്കലും പപ്പ നന്നായി ഉറങ്ങിയോ എന്നതുപോലുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടേയില്ല. പകരം 'പപ്പ ഇന്നലെ എന്തൊക്കെയോ സ്വപ്‌നം കണ്ട് രാവിലെ നിന്നെ വിളിക്കാന്‍ പറഞ്ഞു' എന്ന് അമ്മ വഴി അറിയിക്കും. 'എനിക്കറിയാം നീയും ഇന്നലെ ഉറങ്ങിയില്ല അല്ലേ' എന്ന് പറയാതെ പറഞ്ഞു. ഞാനുറങ്ങാത്ത രാത്രികളില്‍ എവിടെയോ ഉള്ള എനിക്കൊപ്പം പപ്പയും ഉറങ്ങാതിരിക്കും, പേടിപ്പിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ട്, എന്റെ പേര് വിളിച്ച് കരഞ്ഞ്... 

മൂര്‍ഖന്‍ പാമ്പിനെ പോലും ഒറ്റയടിക്ക് കൊല്ലാന്‍ ധൈര്യമുള്ള ആള്‍ക്ക് ഹൃദയത്തിന് ഒരു കുഞ്ഞ് ബ്ലോക്ക് വന്നപ്പോള്‍ എന്തൊരു പേടിയായിരുന്നു. ഡോക്ടറെ കാണാനെല്ലാം  ഒറ്റയ്ക്ക് ബസ് കയറി മൂന്നാല് മണിക്കൂര്‍ യാത്ര ചെയ്ത് തൊടുപുഴക്ക് പോയി, രാത്രി വീട്ടില്‍ അമ്മയും ഞാനും തനിച്ചെന്ന് ഓര്‍ത്ത് യാത്രപാടില്ലെന്ന് ഡോക്ടര്‍ പറയുമ്പോഴും അന്ന് തന്നെ തിരിച്ചെത്തി. അതും അവസാന ബസ്സില്‍. എങ്കിലും പേടി ഉള്ളില്‍ തട്ടിയിട്ടാവാം എന്നെ കൂട്ടി അറിഞ്ഞിരിക്കേണ്ട ഓരോ ഇടങ്ങളിലും പോയത്. ബാങ്ക്, കെ.എസ്.ഇ.ബി ഓഫീസ്, ബി.എസ്.എന്‍ എല്ലിന്റെ ഓഫീസ്, വില്ലേജ് ഓഫീസ്...അങ്ങനെ നടക്കുമ്പോള്‍ പറഞ്ഞു. 'എല്ലാം അറിഞ്ഞിരിക്കേണ്ടേ.. ഇനി ആവശ്യം വന്നാലോ' ശബ്ദത്തിലെ പേടി എനിക്കറിയാമായിരുന്നു. 'ഒന്ന് പോയേ പപ്പാ'  എന്ന് പറയുമ്പോഴും എന്റെ ഉള്ളിലും പേടി നിറഞ്ഞിരുന്നു. എവിടെയെങ്കിലും പോയി വരാന്‍ വൈകിയാല്‍ എന്താ പപ്പാ വരാത്തതെന്ന് ചോദിച്ച് അമ്മയുടെ ക്ഷമ കെടുത്തുക എന്റെ പതിവായി. 

പപ്പക്ക് എന്തെങ്കിലും സംഭവിക്കുമെന്ന പേടിയാണ് ലോകത്തിലെ എന്റെ ഏറ്റവും വലിയ ഭയം.  ഇന്നും ഞാനാലോചിച്ചിക്കാറുണ്ട്, പപ്പയില്ലാതാകുന്ന നിമിഷത്തിലാകും ലോകത്തിലെ മുഴുവന്‍ ഭയങ്ങളും എന്നെ വിഴുങ്ങുന്നതെന്ന്, അക്കാലം ഞാനെങ്ങനെ ജീവിക്കുമെന്ന്....

Content Highlights: Father's day 2020, Father and Daughter memories