രിച്ചുപോയെന്നു കരുതിയ അച്ഛന്‍ 35 വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്നു. തികച്ചും അപ്രതീക്ഷിതമായി. പക്ഷെ ഓര്‍മ്മകള്‍ നഷ്ടമായിരുന്നു. എന്നിരുന്നാലും അയാള്‍ അച്ഛനെ വീട്ടില്‍ കൊണ്ടുപോയി. മൂന്നര ദശാബ്ദം നഷ്ടപ്പെട്ട അച്ഛന്റെ സ്‌നേഹം... അച്ഛനെ മകനെ പോലെ നോക്കി, 39 ദിവസം കൊണ്ടയാള്‍ തിരിച്ചെടുത്തു. അച്ഛന്‍ അന്യനെ പോലെ അതെല്ലാം നോക്കി നിന്നു. ജീവിതത്തിലെ മറക്കാനാവാത്ത അച്ഛന്‍ അനുഭവം ആയി അയാള്‍ക്കത്. ഫീച്ചറായും ടെലിവിഷന്‍ ഇന്റര്‍വ്യൂ ആയും ഹിറ്റായ സംഭവം ഇനി സിനിമയുമാവുകയാണ്. സിനിമാ പി.ആര്‍.ഒ ആയ അജയ് തുണ്ടത്തില്‍ ആണ് ഈ മകന്‍. അച്ഛന്‍ കെ.പി. നായര്‍ എന്ന പരമേശ്വരന്‍നായര്‍.

സംഭവം ഇങ്ങിനെയായിരുന്നു.
2016 സെപ്റ്റംബര്‍ 16ന് രാവിലെ എനിക്കൊരു കോള്‍. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ്.
''എന്താണ് നിങ്ങളുടെ പേര്''  
''അജയ്.''
അഡ്രസ് ?
മടിച്ചു മടിച്ച് അതും പറഞ്ഞ് കൊടുത്തു.
ശരി ഞങ്ങള്‍ അങ്ങോട്ട് വരുന്നു.
എന്തിനാ ഏതിനാ എന്നൊന്നും പറയാതെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് പോലീസ്. ആകെ ടെന്‍ഷനായി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാലും എന്തിനായിരിക്കുമെന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിരിക്കവെ, പോലീസ് ജീപ്പെത്തി. ജീപ്പ് കണ്ട് പരിസരവാസികളും വന്നു.
''ആരാണ് അജയ്''
''ഞാനാ സാര്‍''
''നിങ്ങളുടെ അച്ഛന്റെ പേര്.''
കെ.പി നായര്‍. പരമേശ്വരന്‍നായര്‍ എന്നാണ് മുഴുവന്‍ പേര്.

ajay
പരമേശ്വരന്‍നായര്‍

''എന്തിനാ അന്വേഷിക്കുന്നേ.. പുള്ളി 2005-ല്‍ മരിച്ചുപോയതാണ്. ഇവിടെ അല്ല അങ്ങ് മലേഷ്യയിലായിരുന്നു.''
 ''പക്ഷെ നിങ്ങളുടെ അച്ഛന്‍ അവിടെ സ്റ്റേഷനില്‍ വന്നിരിപ്പുണ്ട്. ഒന്ന് അവിടെവരെ വരണം.''
-ഞാന്‍ ശരിക്കും ഞെട്ടി.
 പോലീസുകാര്‍ക്കൊപ്പം സ്റ്റേഷനിലേക്ക് പോയി. അകത്തേക്ക് കയറിയതും ദേഹമാകെ  ഒരു വിറയല്‍. ജാലക അഴികള്‍ക്കപ്പുറം അച്ഛന്റ സൈഡ് വ്യൂ.
 അകത്തേക്ക് കടന്നു. എസ്.ഐ ഒന്നു നോക്കി.
ഇത് നിങ്ങളുടെ അച്ഛനാണോ- എസ്.ഐ
''അതേ സാര്‍''
ഞാന്‍ അച്ഛനെ ഒന്നു നോക്കി.
ഹായ്, കൈ ഉയര്‍ത്തി അദ്ദേഹം ഒന്നു വിഷ് ചെയ്തു.
ഞാന്‍ വല്ലാതായി.
പിന്നെ തിരിച്ചും അതുപോലെ വിഷ് ചെയ്തു. നീണ്ട 35 വര്‍ഷത്തിനു ശേഷം ഒരച്ഛന്‍ മകനെ കാണുമ്പോഴുള്ള പ്രതികരണമല്ലിത്. മകന്‍ അച്ഛനെ കാണുമ്പോഴുള്ള പ്രതികരണവും ഇങ്ങനെയല്ല വേണ്ടിയിരുന്നത്,

പക്ഷെ, ഒരു പ്രശ്‌നം ഉണ്ട്. എസ്.ഐ പറഞ്ഞു. ഇദ്ദേഹം മലേഷ്യന്‍ പൗരനാണ്. ആരോ അവിടെ നിന്നും കയറ്റി വിട്ടിരിക്കുകയാണ് എന്നു തോന്നുന്നു, ഇന്നലെ രാത്രി വിമാനത്തില്‍ വന്നതാണ്. ഒരു മാസത്തെ വിസിറ്റിങ് വിസയാണ് കയ്യിലുള്ളത്. കയ്യില്‍ ലഗേജില്‍ നിങ്ങളുടെ കൈതമുക്കിലെ അഡ്രസ്സും മകന്റെ പേരായി നിങ്ങളുടെ പേരും എഴുതിയിരുന്നു. ഓര്‍മകുറവുണ്ടെന്ന് മനസിലായി. ഞങ്ങള്‍ അന്വേഷിച്ച് അന്വേഷിച്ച് വന്നപ്പോഴാണ് നിങ്ങളുടെ നമ്പര്‍ കിട്ടിയത്.

ajay

കൈതമുക്കിലെ വീട് ഞങ്ങള്‍ വിറ്റിരുന്നു. അതുകൊണ്ട് പോലീസ് കുറച്ച് പാടുപെട്ടു. ഇനി വിസ കാലാവധി തീരുംമുമ്പ്  തിരിച്ചയച്ചില്ലെങ്കില്‍ പ്രശ്‌നം ആണ്. വീട്ടുകാരോടൊക്കെ ചോദിച്ചിട്ട് തീരുമാനിച്ചാ മതി. -എസ്.ഐ പറഞ്ഞു. എന്തായാലും ഞാന്‍ അച്ഛനെ കൊണ്ടുപോവാം. ബാക്കി പിന്നെ ആലോചിക്കാം. റൈറ്റര്‍ എഴുതിയ റിപ്പോര്‍ട്ടിലൊക്കെ ഒപ്പിട്ട് ഞാന്‍ അച്ഛനെ ഏറ്റെടുത്തു. ഒരു ഓട്ടോയില്‍ വീ്ട്ടിലേക്ക് പോന്നു.

അവിടെ ഭാര്യയും മക്കളുമെല്ലാം കൗതുകപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു. അവര്‍ അച്ഛനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. പക്ഷെ ഈ അച്ഛന്‍ എന്നോട് ചോദിക്കുന്നത്. 'ഹൂ ആര്‍ യു' എന്നാണ്. 'വേര്‍ ആം ഐ നൗ' എന്ന് അടുത്ത ചോദ്യം. ഞാന്‍ അച്ഛന്റെ ഇളയ മകനാണെന്ന് പറഞ്ഞിട്ടും 'നോ നോ യു ആര്‍ നോട്ട് മൈ സണ്‍..' എന്നെ എന്തിനാ ഇവിടെ പിടിച്ചുവെച്ചിരിക്കുന്നത്. ആ വളവിനടുത്താണ് എന്റെ വീട്. എന്നെ അവിടെ വിടൂ എന്നെല്ലാം പറയുന്നു. ശരീരം കൊണ്ട് തിരുവനന്തപരത്തെത്തിയിട്ടും മനസ്‌കൊണ്ട് കോലാലംപൂരില്‍ തന്നെ. ഓര്‍മ്മകളില്‍ ഇങ്ങിനെയൊരു മകനുമില്ല. 

യാത്രാക്ഷീണം കൊണ്ടായിരിക്കും എന്നാല്‍ ഒന്ന് കിടന്നോട്ടെ എന്നു കരുതി അച്ഛനെ ഞാന്‍ ഷേവ് ചെയ്ത് കുളിപ്പിച്ച് കിടക്കയില്‍ കൊണ്ടു കിടത്തി. ഒരു മൂന്നു മണിക്കൂര്‍ ഉറങ്ങി, എഴുന്നേറ്റിട്ടും അച്ഛന്റെ ഓര്‍മ്മകള്‍ ഉണരുന്നില്ല. ഒടുക്കം ആല്‍ബം കാണിച്ചു. അതിലെ വിവാഹ ഫോട്ടോ കണ്ടപ്പോള്‍ അച്ഛന് അച്ഛനെ മനസിലായി. ഒപ്പമുള്ള സ്ത്രീയെ ചൂണ്ടി ഇതാരാണെന്നായിരുന്നു അടുത്ത ചോദ്യം. അമ്മയെ പോലും തിരിച്ചറിയാത്ത സ്ഥിതിക്ക് പിന്നെ എന്നെ ഓര്‍ക്കാന്‍ ഒരു സാധ്യതയും ഇല്ല. പിന്നെ ഞാനാ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ പോയില്ല. ചേച്ചിയേയും ചേട്ടന്‍മാരെയുമെല്ലാം വിളിച്ചു വരുത്തി. അവരേയും അച്ഛന്‍ തിരിച്ചറിയുന്നില്ല.

ajay
അജയ്യും കുടുംബവും അച്ഛന്‍ പരമേശ്വരന്‍ നായര്‍ക്കൊപ്പം

ഞാന്‍ ജനിച്ചതും വളര്‍ന്നതും കോലാലാംപൂരിലെ ബാത്തുകേവിനടുത്തായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും എല്ലാം അവിടെയായിരുന്നു. അന്ന് മലേഷ്യയില്‍ സ്‌ക്കൂളില്‍ ചേര്‍ക്കുന്നത് ഏഴാം വയസിലായിരുന്നു. അതുകൊണ്ട് അമ്മൂമ്മ ഞങ്ങളെ ഓരോരുത്തരേയും അഞ്ചാം വയസില്‍ ഇവിടെ കൊണ്ടു വന്ന് സക്കൂളില്‍ ചേര്‍ത്തു. അച്ഛനും അമ്മയും മൂന്നു വര്‍ഷത്തിലൊരിക്കല്‍ വരും. മൂത്ത ചേച്ചിയുടെ കല്യാണ സമയം ആയപ്പോ ഒരു വര്‍ഷം മുമ്പേ അമ്മ മലേഷ്യയോട് ഗുഡ്‌ബൈ പറഞ്ഞ് നാട്ടിലേക്ക് പോന്നു. കല്യാണം ആയപ്പോ അച്ഛനും വന്നു. കല്യാണം ഗംഭീരമായി നടന്നു. അത് കഴിഞ്ഞ് അച്ഛന്‍ മാത്രം മലേഷ്യയ്ക്ക് പോയി.

പിരിയുമ്പോള്‍ കിട്ടുന്ന കാശ് കൊണ്ട് കേരളത്തില്‍ സെറ്റില്‍ ചെയ്യാമെന്നും പറഞ്ഞായിരുന്നു അച്ഛന്‍ പോയത്. അന്ന് ഞാന്‍ എസ്.എസ്.എല്‍,സിക്ക് പഠിക്കുന്നു. പിന്നെ കത്തും മണിയോഡറുമായി അച്ഛന്റെ സാന്നിധ്യം കുറച്ചുകാലം തുടര്‍ന്നു. പിന്നെ പിന്നെ കത്തുകള്‍ക്ക് മറുപടി കിട്ടാതായി, മണിയോഡറുകള്‍ മുടങ്ങി. അമ്മാവന്‍മാര്‍ അന്യേഷിച്ചപ്പോ പുള്ളി അവിടെ വേറെ കല്യാണം കഴിച്ചെന്നു അറിഞ്ഞു. അമ്മ പിന്നെ സങ്കടത്തിലായി. മിണ്ടാട്ടം കുറഞ്ഞു. ഞാന്‍ പക്ഷെ പിന്നെയും എഴുതി. ഇടയ്ക്ക് മറുപടിയും കിട്ടി. കോളേജില്‍ പഠിക്കുമ്പോ കൂട്ടുകാരൊക്കെ ബൈക്കില്‍ വരുന്നത് കണ്ട് എനിക്കും ഒരാഗ്രഹം. ഒരു ബൈക്ക് വാങ്ങാന്‍ പൈസ അയച്ചുതരാമോ എന്നു ചോദിച്ച് അച്ഛന് വീണ്ടുമെഴുതി. ഒരു ഹോണ്ട ബൈക്ക് ഞാന്‍ കപ്പലില്‍ അയ്ക്കാം എന്നു മറുപടി കിട്ടി. ഞാന്‍ സന്തോഷിച്ചു. കൂട്ടുകാരോടെല്ലാം വീമ്പ് പറഞ്ഞു. എന്നാല്‍ ബൈക്കും വന്നില്ല, കത്തും വന്നില്ല...പിന്നെ ഞാനും അത് മറന്നു.

ഓര്‍മ്മകളിലെ അച്ഛന്‍ അങ്ങിനെ അജയിന്റെ മനസില്‍ നഷ്ടബോധത്തിന്റെ നിഴല്‍ചിത്രങ്ങളായി. ഇടയ്ക്ക് കല്യാണവീട്ടില്‍ വെച്ച് ഒരു ബന്ധു അച്ഛന്‍ മലേഷ്യയില്‍ ഒരു ബൈക്ക് ആക്‌സിഡന്റില്‍ മരിച്ചുപോയെന്ന് എന്നോട് പറഞ്ഞു. അന്ന് കര്‍മ്മങ്ങള്‍ ചെയ്യണമെന്നൊക്കെ ബന്ധുക്കള്‍ പറഞ്ഞെങ്കിലും എന്തോ എനിക്കതിന് തോന്നിയില്ല.

ajay
അച്ഛന്‍റെ മലേഷ്യയിലെ കുടുംബത്തോടൊപ്പം

ഇപ്പോഴിതാ അച്ഛന്‍ തിരിച്ചെത്തിയിരിക്കുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടയാളെ ആരോ കയറ്റി വിട്ടിരിക്കുന്നു. എന്താണ് പ്രശ്നം, ഒന്നും മനസിലാവുന്നില്ല. എസ്.ഐ പറഞ്ഞ കാര്യം മനസില്‍ കിടന്നു. സുഹൃത്തുക്കളും ബന്ധുക്കളും അത് ഓര്‍മ്മിപ്പിക്കുന്നു. ഇനി എന്താ ചെയ്യാ. അജയ് ആലോചിച്ചു. കമ്മീഷണര്‍ ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. നോര്‍ക്കയില്‍ പോയി വിവരം പറഞ്ഞു. എന്നിട്ടും ഒരു സമാധാനം ഇല്ല. ഒരു മാധ്യമ സുഹൃത്തിനെ വിളിച്ചു ഉപദേശം ചോദിച്ചു. അങ്ങിനെയാണ് ജി.ആര്‍ ഇന്ദുഗോപന്‍ വന്ന് ഒരു ഫീച്ചര്‍ തയ്യാറാക്കുന്നത്. ഓര്‍മ്മയിലെ അച്ഛന്‍, ഓര്‍മ്മ മാഞ്ഞ് എന്ന ടൈറ്റിലില്‍ അത് വന്നു.  വാട്‌സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും അതങ്ങ് വൈറലായി. കോലാലംപൂരില്‍ മലയാളി അസോസിയേഷന്‍ അതേറ്റെടുത്തു. അവര് പോയി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കുടുംബത്തെ കണ്ടുപിടിച്ചു. അജയിനെ വിളിച്ചു. അച്ഛനേയും അജയിനേയും മലേഷ്യയിലേക്ക് കൊണ്ടുപോവാന്‍ ഏര്‍പ്പാടാക്കി. അങ്ങിനെ 39 ദിവസത്തെ തിരുവനന്തപുരം വാസത്തിന് ശേഷം ആ അച്ഛന്‍ മകനോടൊപ്പം മലേഷ്യയിലേക്ക് പറന്നു. സുഹൃത്തും സംവിധായകനുമായ സി വി പ്രേംകുമാറും ഒപ്പം പോയി. അവിടെ പുതിയ പെങ്ങളേയും അച്ഛന്റെ ഭാര്യയേയും കണ്ടു, അവരും മലയാളി ആയിരുന്നു.

അച്ഛനെ അവരെ ഏല്‍പ്പിച്ച ശേഷം എന്തു വിവരവും അറിയിക്കണമെന്ന് പറഞ്ഞ് പഴയ കളിക്കൂട്ടുകാരെയൊക്കെ കണ്ട് കുറച്ച് സ്ഥലങ്ങളും ചുറ്റിയടിച്ച് തിരിച്ചുപോന്നു. പിന്നെ ഇടയ്ക്കിടെ വാട്‌സ്ആപ്പില്‍ മലേഷ്യന്‍ പെങ്ങളെ വിളിക്കും. വീഡിയോയില്‍ അച്ഛനെ കാണും. പക്ഷെ അച്ഛന്‍ മരിച്ച വിവരം അവര്‍ അറിയിച്ചില്ല. മറ്റൊരു സുഹൃത്ത് വഴിയാണ് വിവരം അറിഞ്ഞത്. 2017 ഏപ്രില്‍ 28-നാണ് മരിക്കുന്നത്.

********************
ഇവിടെ തിരുവല്ലത്തിരുന്ന് അച്ഛന് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അജയ് ഓര്‍ത്തു. പണ്ടേ കുടുംബക്കാര്‍ ഈ കര്‍മ്മം ചെയ്യാന്‍ എന്നോട് പറഞ്ഞതാണ്. അന്നൊക്കെ മനസ് പറഞ്ഞു അച്ഛന്‍ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ടെന്ന്. ഒരുപക്ഷെ, കാലം കാത്തുവെച്ചതാവാം ഇങ്ങിനെയൊരു വരവിനും എന്റെ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കിനും...

ഈ സംഭവം അടുത്ത കൂട്ടുകാരോട് പങ്കുവെച്ചപ്പോഴാണ് ഇതിലൊരു സിനിമ ഉണ്ടല്ലോ എന്നു പറഞ്ഞത്. സിനിമാ രംഗത്തെ പലരും അതു പറഞ്ഞു. അങ്ങിനെ ഞാനും ഷിബുവും ചേര്‍ന്ന് സിനിമയാക്കാന്‍ പ്‌ളാന്‍ ചെയ്തു. തിരക്കഥാരചന പുരോഗമിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞിട്ട് തുടങ്ങാനാണ് പ്‌ളാന്‍.