അപ്പനറിയില്ല, ഈ ഞായറാഴ്ച അച്ഛന്‍മാരുടെ ദിവസമാണെന്ന്. കോട്ടയത്തെ നവജീവന്‍ ട്രസ്റ്റിന്റെ വിശാലമായ മുറിയില്‍ നിരത്തിയിട്ടിരിക്കുന്ന കട്ടിലുകളിലൊന്നില്‍ കുട്ടനെന്ന അപ്പനിരുന്നു.  അരികില്‍  രണ്ട് കൃത്രിമക്കാലുകള്‍.. അത് കുട്ടന്റെ ജീവിതത്തിന് ഇനി  ഊടും പാവും നെയ്യാനുള്ള പ്രധാന ഉപകരണമാണ്. ഞായറാഴ്ച അച്ഛന്മാരുടെ ദിവസമാണെന്നു പറഞ്ഞപ്പോള്‍ കുട്ടനൊന്നു പതറി.. മുഖത്തൊരു വാട്ടം. തന്നെ അപ്പനാക്കിയ മൂന്നു മക്കളുടെ മുഖം മനസ്സിലേക്ക് ഓടിക്കയറി വന്നു.
 
അപ്പന്മാരെപ്പറ്റി വാതോരാതെ മക്കള്‍ പുകഴ്തുന്ന ,ആശംസകളര്‍പ്പിക്കുന്ന ഈ ദിവസത്തില്‍ ,കുട്ടന്‍ നിശബ്ദനാണ്. നെഞ്ചു പൊട്ടി തേങ്ങുന്ന ചില പിതാക്കന്മാരുടെ ദിവസം കൂടിയാണിതെന്ന് ലോകത്തോട് ആരൊക്കെയോ നിശബ്ദം വിളിച്ചു പറയുന്ന ദിവസം.നന്ദികേടിന്റെയും നെറിയില്ലായ്മയുടെയും ഓര്‍മകളില്‍ നിന്ന് രക്ഷപ്പെടാനുള്ള പിടച്ചില്‍ക്കൂടിയാണത്.

62 വയസ്സാണ് കുട്ടന് .കോട്ടയത്തിനടുത്ത്, വൈക്കം കൊതവറ സ്വദേശി. രണ്ടാണ്‍മക്കളും ഒരു മകളും.. ഔസേഫ് എന്ന കുട്ടന്‍ നെഞ്ചത്തു കിടത്തി വളര്‍ത്തി വലുതാക്കിയ മക്കള്‍. അവര്‍ അവ്യക്ത ഭാഷയില്‍ അച്ഛാ എന്ന് കൊഞ്ചി വിളിച്ചതും പിച്ചവയ്ക്കുന്നതും മനസ്സിലെ മായാത്ത ചിത്രം. കൂലിപ്പണികഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ അപ്പന്റെ പലഹാരപ്പൊതിക്കായി വഴിക്കണ്ണുമായി കാത്തിരുന്ന മൂന്നു കുരുന്നുകള്‍.. അവര്‍ വളര്‍ന്നു, മൂന്നു പേരും വിവാഹിതരാണ്, പേരക്കുട്ടികളുമുണ്ട്, പക്ഷേ അവര്‍ക്കാര്‍ക്കും കുട്ടനെ ഇപ്പോള്‍ വേണ്ട.

കുട്ടന്‍ വെറും കര്‍ഷകനായിരുന്നില്ല.എല്ലാ പണികളും ചെയ്യുന്ന മിടുക്കന്‍ തൊഴിലാളിയായിരുന്നു. മുട്ടോളം ചേറില്‍ പാടത്തും ആഞ്ഞു കിളച്ച് പറമ്പിലും എല്ലുമുറിയെ പണി ചെയ്തു. ഇടവേളകളില്‍ കെട്ടിടം പണികള്‍ക്കും പോയി. ഭാര്യയുമായി ചില്ലറ അസ്വാരസ്യങ്ങളുണ്ടായിരുന്നു, പിന്നീട് അകന്നു. പക്ഷേ മക്കളെ നന്നായി സ്‌നേഹിച്ചു, അവരെ സാമ്പത്തികമായി സഹായിച്ചു. നല്ല അടുപ്പവും ഉണ്ടായിരുന്നു.

രക്തബന്ധങ്ങളുടെ ഇഴയടുപ്പത്തിന് കരുത്തു പോരെന്ന് കുട്ടനെ ജീവിതം പഠിപ്പിച്ചത് പക്ഷേ,രണ്ടു വര്‍ഷം മുമ്പാണ്. മഹാപ്രളയ കാലം. കുട്ടന്‍ പണി ചെയ്യുന്ന പാടത്ത് വിത നടക്കുകയാണ്. പ്രളയജലം ഇരമ്പിയെത്തി, പാടം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വെള്ളം മോട്ടോര്‍ വച്ച് അടിച്ചുവറ്റിക്കണം. ഇല്ലെങ്കില്‍ അതു വരെ ചെയ്ത പണിയെല്ലാം പാഴാകും. അതിരാവിലെ മോട്ടോര്‍ പുരയിലേക്ക് പോയതാണ് .ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് കുട്ടന് ഷോക്കേറ്റത് .

ഇനി കുട്ടന്‍ തന്നെ അതേപ്പറ്റി പറയും.
' വെറും ഷോക്കടിക്കലല്ല ,എന്നെ കത്തിച്ചു കളഞ്ഞു. എന്റെ വലതു കൈ ആളി കത്തുന്ന കാഴ്ച. വേദനയൊന്നുമറിയുന്നേയില്ല. ആകെ മരവിച്ചു പോയിരുന്നു രണ്ടു കാലും വെന്തു. പിന്നെ ഞാന്‍ നിലത്തേക്ക് വീണു.ബോധം വരുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്ന്  കിടക്കുകയാണ്.നിരങ്ങി നിരങ്ങികുറേ താഴേക്കു ചെന്നു, രാവിലെയായതിനാല്‍ വഴിയില്‍ ആളനക്കം ഇല്ലായിരുന്നു. വളരെ പാടുപെട്ട്  ഞാനൊരു കൂട്ടുകാരനെ വിളിച്ചു വരുത്തി. അവന്‍ എന്റെ അവസ്ഥ കണ്ട് ഭയന്നു പോയി. ആരേയൊക്കയോ വിളിച്ചു കൂട്ടി. പമ്പുകോണ്‍ട്രാക്ടറുടെ വണ്ടിയില്‍ ഒരു വിധമാണ് എന്നെ എടുത്തു കയറ്റിയത്. കണ്ടവരെല്ലാം പേടിച്ചു പോയി. വലതു കൈയ്യില്‍  മാംസം കത്തിക്കരിഞ്ഞ് അസ്ഥിമാത്രം. വലതു നെഞ്ചിലും ആഴത്തില്‍ പൊള്ളലുണ്ട്. കാലു രണ്ടും  വെന്ത് മാംസപിന്ധം   പോലെയായ എന്നെ കോട്ടയം മെഡിക്കല്‍ കോളജിലാക്കി. എല്ലാം ഉള്ളിലറിയാം, പാതി ബോധം മാത്രം.ഇനി ഒരു തിരിച്ചു വരവില്ലെന്നുറപ്പിച്ചു എല്ലാവരും.. '

മക്കള്‍ വന്നതും പോയതും കുട്ടന്‍ അവ്യക്തമായി  അറിയുന്നുണ്ടായിരുന്നു. 70 ശതമാനം പൊള്ളല്‍. രണ്ടു മാസം മെഡിക്കല്‍ കോളേജില്‍ കിടന്നു. വെന്തുപോയ രണ്ടു കാലുകളും മുട്ടിനു മീതെ വച്ച് മുറിച്ചുനീക്കി. കത്തിപ്പോയ കൈ തോള്‍ ചേര്‍ത്ത് മുറിച്ചുമാറ്റി. ഇടതു കൈ മാത്രം ശേഷിച്ച കുട്ടന്‍ കരിയാത്ത വ്രണങ്ങളുമായി ബന്ധുക്കളും സന്ദര്‍ശകരുമില്ലാതെ ആശുപത്രിവാര്‍ഡില്‍ അനാഥനായി കിടന്നു. മക്കള്‍ വരുമെന്നും കാണുമെന്നും സ്വപ്നം കണ്ടത് മിച്ചം. വെറും മാംസപിണ്ഡം മാത്രമായ താന്‍ എല്ലാവര്‍ക്കും ഭാരമാണെന്ന വലിയ തിരിച്ചറിവ്. സാമൂഹ്യ പ്രവര്‍ത്തകനായ പി.യു തോമസിന്റെ 'നവജീവനി'ലേക്ക് തന്നെ മാറ്റണമെന്ന കുട്ടന്റെ ആവശ്യ പ്രകാരമാണ്  ഇവിടെത്തുന്നത്. ഇപ്പോള്‍ രണ്ടു വര്‍ഷം!

കുട്ടന്‍ അപാര ആത്മവിശ്വാസമുള്ളവനാണെന്ന് പരിചരിക്കുന്നവര്‍ പറയുന്നു. മരണത്തെ നേരിട്ട ധെര്യം. ഇപ്പോഴും തനിയെ നിരങ്ങി നീങ്ങാന്‍ മാത്രം കഴിയുന്ന കുട്ടന്‍ ഈ ജീവിതത്തില്‍ കൊതിച്ചത് രണ്ട് കൃത്രിമക്കാലുകള്‍ മാത്രമായിരുന്നു. അത് സ്വന്തമായതോടെ  നടക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. കൃത്രിമക്കാലുകളും ചേര്‍ത്തു പിടിച്ചാണ്  സദാ ഇരിപ്പ്.
'ഇവിടെ എനിക്ക് സുഖമാണ്. വേണ്ട പരിചരണങ്ങളെല്ലാമുണ്ട്, എന്നാലും പുറത്തെ വിശാലമായ ലോകമൊന്നു കാണണമെങ്കില്‍  ഈ  കാലുകള്‍  ഇനിയെനിക്കു വഴങ്ങണം. എന്നിട്ട് ലോട്ടറികച്ചവടം ചെയ്താണെങ്കിലും  ആളുകളുമായി ഇടപഴകാമല്ലോ, കുട്ടന്‍ പറയുന്നു. മക്കള്‍ തിരക്കി വരണമെന്ന അതിമോഹങ്ങളൊന്നും കുട്ടന്‍ ബാക്കി വച്ചിട്ടില്ല. അതൊന്നും പ്രതീക്ഷിക്കരുതെന്നും ജീവിതം പഠിപ്പിച്ചു കഴിഞ്ഞു.
പക്ഷേ,വിളപ്പാടകലെയുള്ള, തന്റെ ചോരയില്‍ പിറന്ന,  ഒരിക്കലും തേടിവരാത്ത, മക്കളെ പറ്റി പറയുമ്പോള്‍ കുട്ടന്റെ വാക്കുകള്‍ക്ക്  ലേശം ഇടര്‍ച്ചയുണ്ടോ? ചിന്താഭാരങ്ങളൊന്നും പുറത്തു കാണിക്കാതെ കുട്ടന്‍  കൃത്രിമക്കാലുകളെ തന്നോട് ചേര്‍ത്തുവച്ചു .
'ഭൂമിയില്‍ ആരും ആര്‍ക്കും സ്വന്തമല്ല .പക്ഷേ ,ഈ കാലുകള്‍ ഇനിയുള്ള എനിക്കു തുണയാകും'. വെന്തുപോകാത്ത മനസ്സു തുറന്ന് കുട്ടന്‍ ചിരിക്കുന്നു..

Content Highlights: family abandoned older father after an accident, Father's day 2020